This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
ഇപ്പോള്‍ വാസുവും കമ്പനിയില്‍ നിന്നും പുറത്തായിരിക്കുന്നു. വാസുവിനെ പുറത്താക്കിയതല്ല സ്വയം പുറത്താവുകയാണുണ്ടായത് . ലക്ഷക്കണക്കിനു രൂപയുടെ ക്രമക്കേടുകള്‍ വരുത്തിയിട്ടുണ്ടെന്നു വിവരം കിട്ടിയപ്പോള്‍ അതിനെ പറ്റി അന്വേഷിച്ച് വിശദമായൊരു റിപ്പോര്‍ട്ട് കൊടുക്കാന്‍ നിയുക്തനായവന്നെന്നു വരുമ്പോള്‍ വാസു സര്‍വീസില്‍ നിന്നും പുറത്താവാന്‍ ഈയുള്ളവനും കാരണണക്കാരന്‍ ആണ്.
മലബാര്‍ മേഖലയിലെ റീജീയണല്‍ ഓഫീസിലും വാസു ജോലി ചെയ്ത തോട്ടം ഓഫീസുകളിലും കശുമാവിന്‍ തോട്ടങ്ങളിലും – പേരാമ്പ്രയിലും പോയി വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയാറാക്കുക എന്നത് ഭാരപ്പെട്ട ചുമതലയായിരുന്നു . ഈ മനുഷ്യന് ഇത്രമാത്രം തുകക്കുള്ള ഭീമമായ തട്ടിപ്പ് നടത്തുമോ? ഒരു സാധു മനുഷ്യന് ആദ്യമായി കാണുമ്പോള്‍ ചിരപരിചിതനെ പോലെയുള്ള പെരുമാറ്റം. കുടുംബാംഗങ്ങളെപ്പറ്റിയുള്ള അന്വേഷണം. വിടര്‍ന്ന ചിരിയോടെയാണ് സംസാരവും പെരുമാറ്റവും. ഒരു പഞ്ചപാവത്താന്‍. ആ മനുഷ്യനെ പറ്റി എന്തൊക്കെ കഥകളാണ് ഹെഡ് ഓഫീസിലും ആദ്യം ജോലി ചെയ്തിരുന്ന കൊടുമണ്‍ പ്ലാന്റേഷനിലും അവിടുന്ന് മാറ്റം മേടിച്ച് വന്ന കാലടി ഗ്രൂപ്പിലെ കല്ലാല എസ്റ്റേറ്റിലും പിന്നീടൂ മാറ്റം മേടിച്ചു പോയ മലബാര്‍ മേഖലയിലെ ഓഫീസുകളിലും പ്രചരിക്കുന്നത്.
വാസു ആദ്യം ജോലിക്കു ഹാജരാകുന്നത് കൊല്ലം ജില്ലയിലെ കൊടുമണ്‍ പ്ലാന്റേഷന്‍ ഓഫീസിലാണ് കയ്യിലൊരു പെട്ടിയുമായി വിടര്‍ന്ന ചിരിയോടെ ചിരപരിചിതനേപ്പോലെ ഒരാള്‍ ഓഫീസിലേക്കു കയറി വന്നതു തന്നെ ഓഫീസ് സ്റ്റാഫിനെ അമ്പരപ്പിച്ചു . ഓഫീസില്‍ കാലുകുത്തിയ നിമിഷം തന്നെ ജോണ്‍ സാറെന്ന് എല്ലാവരും വിളിക്കുന്ന സീനിയര്‍ ക്ലാര്‍ക്കിന്റെ കൈപിടിച്ച് പിന്നെ തോളത്ത് തട്ടി ഞാന്‍ ഇ വാസു എടയാടി വാസു അങ്ങ് മലബാറില്‍ നിന്നാണ്. ഇവിടെ ജോയിന്‍ ചെയ്യാന്‍ സ്വാമി സാര്‍ പറഞ്ഞിരിക്കുന്നത്.
സ്വാമി സാറെന്നു കേട്ടപ്പോള്‍ ജോണ്‍ സാറും മറ്റ് സ്റ്റാഫംഗങ്ങളും എഴുന്നേറ്റു പോയി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ ആളായി വരുന്നയാളെ ഒരു സാധാരണക്കാരനായി കണ്ടാല്‍ പോരല്ലോ.
ഇ വാസു എന്നു വീണ്ടും പറഞ്ഞപ്പോള്‍ ഓഫീസിലെ ഒരാള്‍ ” ആഴ്ചപ്പതിപ്പുകളില്‍ കഥയും നോവലും ഒന്നും എഴുതുന്ന വാസുവൊന്നുമല്ലല്ലോ” എന്ന് ചേദിച്ചതേ ഉള്ളു അപ്പോള്‍ വന്ന മറുപടി അതും അല്പ്പം ഗൗരവത്തില്‍.
ഹേയ് അത്തരം വഷളത്തരം എഴുതുന്നവനല്ല. ഞാന്‍ എടയാടി വാസുവാണ്. എന്റെ പേര് ഇ. വാസു എന്നു മാത്രമാക്കരുത്. വാസു എടയാടി അല്ലെങ്കില്‍ എടയാടി വാസു അങ്ങനെയാക്കണം ‘
ശരി എല്ലാം വാസുവിന്റെ ഇഷ്ടം പോലെ എന്ന് ജോണ്‍ സാര്‍ പറഞ്ഞപ്പോഴേ വാസു വീണ്ടും പൂര്‍വസ്ഥിതിയിലേക്കു വന്നുള്ളൂ.
”വാസുവിന്റെ വീട്ടില്‍ ആരൊക്കെയുണ്ട്?”
”എന്റെ വീട്ടില്‍ എല്ലാവരും ഉണ്ട്. അച്ഛന്‍, അമ്മ, അനിയത്തി, ഞാന്‍ മാത്രേ ഇസ്കൂള്‍ ഫൈനല്‍ വരെ പഠിച്ചൊള്ളു”
പിന്നീടൊന്നും കൂടുതല്‍ ചോദിച്ചില്ല. മാനേജിംഗ് ഡയറക്ടറുടെ ആളായതുകൊണ്ട് അല്പ്പം മുന്തിയ പരിഗണന തന്നെ കിട്ടി. പക്ഷെ മൂന്ന് മാസക്കാലം തികച്ചു അവിടിരുന്നില്ല. നേരെ സ്ഥലം മാറ്റം മേടിച്ച് കാലടി പ്ലാന്റേഷനിലേക്ക്.
അവിടെ വന്നപ്പോഴും കൊടുമണ്‍ പ്ലാന്റേഷനില്‍ ജോലിക്ക് ഹാജരായ ദിവസത്തെ സംഭവ വികാസങ്ങള്‍ ആവര്‍ത്തിച്ചു. ചിരപരിചിതനേപ്പോലെ വിടര്‍ന്ന ചിരിയോടെ തോളത്ത് കൈവച്ച് അസി. മാനേജര്‍ സാമുവല്‍ സാറിന്റെ തുടക്ക് കൈവച്ച് അന്വേഷണം.
”സാറെ സുഖം തന്നെയല്ലേ”
ഓഫീസിലെ എല്ലാവരേയും അമ്പരപ്പിച്ച ഒരു സംഭവമായിരുന്നു വാസുവിന്റെ ഈ പ്രവൃത്തി.
ഇനിയും ഇരുപത് വയസു പോലും തികയാത്ത പയ്യനാണ്. പ്രായം കൊണ്ട് മുതിര്‍ന്ന എല്ലാവരും സാമുവല്‍ സാര്‍ എന്നു ബഹുമാനപൂര്‍വം വിളിക്കുന്ന ആളുടെ തുടക്ക് കൈവച്ച് കുശലാന്വേഷണം നടത്തുന്നത്. അങ്ങേരും വല്ലാതായി . ആദ്യത്തെ അമ്പരപ്പ് മാറിയപ്പോള്‍ സാമുവല്‍ സാര്‍ തന്നെ തിരിച്ചു ചോദിച്ചു.
” നമ്മള്‍ തമ്മില്‍ നേരത്തെ എവിടെ വച്ചായിരുന്നു കണ്ടത്?”
സാമുവല്‍ സാറിന്റെ ചോദ്യം എല്ലാവരേയും ചിരിപ്പിച്ചു കളഞ്ഞു.
” അതെന്താ സാര്‍ അങ്ങിനെ ചോദിച്ചത്?”
”അല്ലാ താനൊരു പയ്യന്‍. ഓടി വന്ന് എന്റെ തുടക്കു കൈവച്ചിങ്ങനെ ചോദിക്കുന്ന കണ്ടപ്പോള്‍ നേരത്തെ തന്നെ നമ്മളറിയുമായിരുന്നെന്ന് ”
വാസു വല്ലാതെ വിഷണ്ണനായി. അത് വരെ മുഖത്തുണ്ടായിരുന്ന ചിരിയും പ്രസാദവും പോയ് മറഞ്ഞു. സാമുവല്‍ സാര്‍ പിന്നെയും തുടര്‍ന്നു.
”അല്ല ഞാന്‍ ചോദിച്ചെന്നേ ഉള്ളു. എന്റെ പെണ്ണും പിള്ള പോലും എന്റെ നല്ല കാലത്ത് ഇങ്ങനെ തുടക്ക് കൈവച്ചിട്ടില്ല. ഞാനൊരു പെണ്ണായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.”
സീനിയര്‍ ക്ലര്‍ക്ക് ഇടപെട്ട് ജോയിനിംഗ് റിപ്പോര്‍ട്ട് എഴുതാനാവശ്യപ്പെട്ടതുകൊണ്ട് ആ സീനവിടെ അവസാനിച്ചു.
പക്ഷെ വാസുവിന്റെ ജീവിതത്തിലെ വിചിത്രസ്വഭാവമുള്ള പരമ്പരകള്‍ക്ക് മുന്നോടിയായിരുന്നു അന്നത്തെ ആ സംഭവം.
ഓഫീസില്‍ ഓരോ ആവശ്യത്തിനായി വരുന്ന എസ്റ്റേറ്റ് തൊഴിലാളികളോട് കുശലാന്വേഷണം നടത്താനും വീട്ട് വിശേഷം തിരക്കാനും വാസു മറന്നില്ല. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും സ്ത്രീ തൊഴിലാളികള്‍ക്ക് ഈയൊരന്വേഷണം ധാരാളം മതിയായിരുന്നു. അവര്‍ക്ക് വാസുവിനോടു മതിപ്പു കൂടാന്‍. മറ്റുള്ള സ്റ്റാഫംഗങ്ങളെല്ലാം ഗൗരവഭാവത്തില്‍ അവരവരുടെ ജോലിക്കാര്യം മാത്രം നോക്കി മേശപ്പുറത്ത് വച്ച ഫയലിലും രജിസ്റ്ററിനു മുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വാസുവിന്റെ ഈ അന്വേഷണം പലപ്പോഴും അവര്‍ക്കു വിനയായി മാറാറുണ്ട്.
അപ്പനും അമ്മക്കും സുഖമല്ലെ? അനിയത്തിക്കും വിശേഷമൊന്നുമില്ലല്ലോ ഇങ്ങനെയൊക്കെ ചോദിക്കുന്ന വാസുവിനെ അവര്‍ തങ്ങളിലൊരാളായി മാത്രം കണ്ടു. അത് മൂലം വാസുവിനെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടി. ഉച്ചയാകുന്നതോടെ ടാപ്പിംഗ് തൊഴിലാളികളുടെ ജോലി തീരും ഫീല്‍ഡ് വര്‍ക്ക് രണ്ടു മണീ വരെയാണു ജോലി. അത് കഴിഞ്ഞാല്‍ അവരില്‍ ചിലരും ഓഫീസില്‍ വരികയായി. ഓഫീസിലെ പൊതുവെയുള്ള ശാന്ത സ്വഭാവത്തിനു മാറ്റം വന്നു തുടങ്ങി . ശബ്ദമുഖരിതമെന്നു പറഞ്ഞു കൂടെങ്കിലും കൃത്യമായ ജോലിയില്‍ ഏര്‍പ്പെടുന്ന, പ്രത്യേകിച്ച് എസ്റ്റേറ്റ് അക്കൗണ്ട് തയാറാക്കുന്നിടത്തും ബഡ്ജറ്റ് പ്രിപ്പറേഷന്‍ പോലുള്ള ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്കും വാസു തൊഴിലാളി അന്വേഷണ – വിശേഷം പറച്ചിലുകള്‍ പല രീതിയിലും ബുദ്ധിമുട്ടുണ്ടാക്കിത്തുടങ്ങി.
വാസുവിനെ അന്വേഷിച്ചു വരുന്ന സ്ത്രീ തൊഴിലാളികളുടെ കൂട്ടത്തില്‍ ചിലപ്പോള്‍ അവരുടേ കുട്ടികളെയും കൊണ്ടു വരുന്നവരുണ്ടാകും. അവരോട് കുട്ടികളുടേ ഭാഷയില്‍ കൊഞ്ചിപ്പറയാനും കവിളത്തും നെറ്റിയിലും ഒക്കെ തൊടാനും വേണ്ടി വന്നാല്‍ അവരില്‍ ചിലരെ എടുത്തു ഒക്കത്തു വയ്ക്കാനും സമയം കണ്ടെത്തും. കുട്ടിയെ തിരികെ കൊടുക്കുമ്പോള്‍ കുട്ടിയുടെ അമ്മയുടെ തോളത്തോ കവിളത്തോ ഒന്നു തലോടാനും മറക്കാറില്ല. ഇവയൊക്കെ സൃഷ്ടിക്കുന്ന ശബ്ദ കോലാഹലങ്ങള്‍ ഓഫീസിന്റെ അന്തരീക്ഷം സുഗമമായി ജോലി ചെയ്യുന്നവര്‍ക്ക് പല ബുദ്ധിമുട്ടുകളുമുണ്ടാക്കുന്നുണ്ട്. പക്ഷെ അവരൊക്കെ ഒന്നും മിണ്ടാതിരിക്കുന്നത് വാസു മാനേജിംഗ് ഡയറക്ടറുടെ ആളാണെന്ന പരിഗണനയില്‍.
വാസു ജോയിന്‍ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞില്ല.
ഓഫീസില്‍ വേറെയും പ്രശ്നങ്ങള്‍ ഉടലെടുക്കുകയായി. ആദ്യത്തെ പ്രശ്നം ഡെസ്പാച്ച് സെക്ഷനിലെ മേരിക്കുട്ടി ഓഫീസ് മാനേജരുടെ മുന്നില്‍ അവതരിപ്പിച്ചതോടെയാണ്.
”സാര്‍ എന്നെ ഡസ്പാച്ച് സെക്ഷനില്‍ നിന്നും മാറ്റണം. ഞാന് സാര്‍ ജോലി ചെയ്യുന്ന ഈ മുറിയിലെ ഏതെങ്കിലും സെക്ഷനില്‍ ജോലി ചെയ്തോളാം”
”എന്താ മേരിക്കുട്ടി എന്താ കാരണം ?”
”അയാള്‍ ആ വാസു ചില സമയം മറ്റുള്ളവരുടെ മുന്നില്‍ വച്ചു തന്നെ എന്റെ തോളത്ത് പിടിക്കുകയും ചിലപ്പോള്‍ തുടക്കും കവിളത്തും കൈവയ്ക്കുകയും ചെയ്യുന്നു. എന്റെ ഹസ്ബന്റ് ഇതറിഞ്ഞാലുള്ള പുകില്‍ ഓര്‍ക്കാനേ വയ്യ. സ്വതേ എന്നോട് കയര്‍ക്കുന്ന സ്വഭാവമുള്ള ആ മനുഷ്യന് ഇതും കൂടി അറിയുമ്പോള്‍” മേരിക്കുട്ടിക്ക് മുഴുവനാക്കാന്‍ പറ്റിയില്ല.
ഏങ്ങലടിക്കുന്ന മേരിക്കുട്ടിയെ ഒരു പ്രകാരത്തില്‍ നോക്കട്ടെ എന്നു പറഞ്ഞ് മടക്കിയയക്കുകയായിരുന്നു. മേരിക്കുട്ടിയെ ഓഫീസ് മാനേജരുടെ അടുക്കല്‍ ടൈപ്പിംഗ് സെക്ഷനിലേക്കു മാറ്റി. മാനേജരുടേയും ഓഫീസ് സംബന്ധമായും ഉള്ള ലെറ്ററുകള്‍ ടൈപ്പ് ചെയ്യുന്നത് മാനേജരുടെ മുറിയോടു ചേര്‍ന്നുള്ള ഹാളിലായതിനാല്‍ ഇങ്ങോട്ട് വാസു അധികം വരാറില്ല. പക്ഷെ വാസുവിനെ ഏതു ജോലി ഏല്പ്പിക്കാന്‍ പറ്റും?
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം ഇരുപത്തിയാറ്