ഒരു ദേശം കഥ പറയുന്നു – അധ്യായം പതിനാറ്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

”ആള് വെള്ളത്തില്‍ പോയിട്ടുണ്ടെങ്കില്‍ എവിടെയെങ്കിലും പൊങ്ങണ്ടെ?” ഒരാള്‍ ചോദിക്കുമ്പോള്‍ മറ്റെയാളുടെ മറുപടി.

”അതിനാള് ചാടിയിട്ടു വേണ്ടെ പൊങ്ങാന്‍?”

”ആള്‍ നമ്മളേപ്പോലുള്ളവരെ കളിപ്പിക്കാന്‍ വേണ്ടി എവിടെയെങ്കിലും മാറി നടക്കുന്നുണ്ടാകും”

വണ്ടി വരാന്‍ താമസിച്ചതുകൊണ്ട് കുറയൊക്കെ കാര്യങ്ങള്‍ മനസിലാക്കി. ഇന്നും ഇന്നലെയുമുണ്ടായ സംഭവമല്ല പറയുന്നത്. കുറെ ഏറെ നാള്‍ മുമ്പ് നടന്ന സംഭവമാണ്.
കുറെ കടലാസ് മുറിച്ച് വലിയൊരു പക്ഷിയുടെ ചിറകു പോലാക്കി കക്ഷത്തില്‍ വച്ചു കെട്ടി പുഴക്കരെ പറന്ന് പോവാമെന്ന് പറഞ്ഞ് ചാടുകയായിരുന്നത്രെ. പക്ഷെ ചാട്ടം പിഴച്ചിട്ടോ എന്തോ പുഴയിലേക്കു വീണെന്നാ പറയുന്നെ. അക്കാര്യം ഇപ്പോള്‍ ചര്‍ച്ചാ വിഷയമായെന്നു മാത്രം.

അയാളൊരു പുഴയിലേക്കും ചാടിയിട്ടില്ല. അയാള്‍ ചാടാന്‍ വേണ്ടി തിരഞ്ഞെടുത്ത സ്ഥലം നല്ല ഇല്ലിപ്പടര്‍പ്പും ‍കാടും മുള്ളും നിറഞ്ഞ പ്രദേശം. അങ്ങോട്ടാരും പോകില്ല. അവിടെ വലിയൊരു കല്ലിന്റെ പുറത്ത് കയറി നിന്നു ചാടുകയായിരുന്നത്രെ. പക്ഷെ ചാടിയോ ഇല്ലയോ എന്നാര്‍ക്കും അറിഞ്ഞു കൂടാ കണ്ടിട്ടുമില്ല. ‘ കൊണ്ടൂര്‍ കുര്യന്‍’ അതാണയാളുടെ പേര്. അല്പ്പ സ്വല്പ്പം മുഖ ലക്ഷണവും കൈനോട്ടവും ചില്ലറ കണ്‍കെട്ട് വിദ്യയുമായി നടക്കുന്ന ഒരുവന്‍. മുമ്പ് അയാള്‍ പ്ലാന്റേഷനില്‍ വന്ന് കുറെയേറെ പേരുടെ കാശു പിടുങ്ങി തട്ടിപ്പ് നടത്തിയ കഥ കേട്ടിട്ടുണ്ട്. അവിടെ അയാള്‍ ഏറെ നാള്‍ ഒരു ലേബര്‍ റൂമില്‍ താമസിച്ചെന്നും കേട്ടിട്ടുണ്ട്. അയാളെപ്പറ്റിയാണ് സംസാരമെന്നു കേട്ടപ്പോള്‍ കൂടുതല്‍ വിശദമായി അറിയണമെന്നുണ്ടെങ്കിലും അതിനിപ്പോള്‍‍ പറ്റിയ സമയമല്ല എന്ന് ബോദ്ധ്യമുള്ളതു കൊണ്ട് ആ വശത്തേക്കു തിരിഞ്ഞില്ല. രാത്രി വണ്ടിക്ക് എങ്ങനെയും എറണാകുളത്തെത്തുക എന്നതായി ചിന്ത. നാളെ പറ്റിയാല്‍ പ്ലാന്റേഷനിലേക്കു പോണം . കുറെ നാള്‍ ഓഡിറ്റിംഗ് വര്‍ക്ക് നടക്കില്ലന്നതിനാല്‍ ഐബിയില്‍ വച്ച് പോന്ന ഡ്രസ്സും കുറെ പുസ്തകങ്ങളും എടുക്കണം. ഒരു പക്ഷെ സുകുവിനു കുര്യനെ പറ്റി പറയാനുണ്ടാകും.

പിറ്റേന്ന് ഐബിയില്‍ എത്തിയപ്പോള്‍ സുകു അവിടെയില്ല. ചാലക്കുടിയില്‍ വീട്ടില്‍ പോയതാണെന്നു അറിയാന്‍ കഴിഞ്ഞു. ചാര്‍ജ്ജുള്ള അസിസ്റ്റന്റ് സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരാളാണ്. ആരുമായും അത്ര ഇടപഴകുന്ന ആളല്ല. ഡ്രസും പുസ്തകങ്ങളും ബാഗിലാക്കി നേരെ പോസ്റ്റ് ഓഫീസ് കവലയിലേക്കു നടന്നു. ബസില്‍ കയറി അങ്കമാലിക്കോ കാലടിക്കോ പോയി നേരെ എറണാകുളത്തേക്ക് അതായിരുന്നു കണക്കുകൂട്ടല്‍. പക്ഷെ കയറിയ വണ്ടി കല്ലാല ഫാക്ടറിക്കടുത്ത് ചെന്നപ്പോഴേക്കും പണിമുടക്കി എഞ്ചിന്‍ തകരാറ്. ഇനി വൈകിട്ടത്തെ ബസിനേ പോകാന്‍ പറ്റു. ഫാക്ടറിയില്‍ കയറാതെ നേരെ കല്ലാല ഓഫീസിലേക്കാണു ചെന്നത്. ശനിയാഴ്ചയായതിനാല്‍ അവിടെയും എല്ലാവരും വീട്ടില്‍ പോകാനുള്ള തിരക്കായിരിക്കും. പക്ഷെ ഓഫീസില്‍ ഒരേ ഒരാള്‍ മാത്രം. സീനിയര്‍ അസിസ്റ്റന്റ് യാക്കോബ്. നേരത്തെ കുറെ നാള്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്.

‘ സാറിനെ ഈ സമയത്ത് പ്രതീക്ഷിച്ചില്ല ഒരു ചായ പോലും മേടിച്ചു കൊണ്ടു വരാന്‍ ഇവിടാരും ഇല്ല. ഒന്നാമത് ശനിയാഴ്ചയായതിനാല്‍ ഉച്ചകഴിഞ്ഞ നേരം പലരും നേരത്തെ തന്നെ പോയി ഒന്നു രണ്ടു പേര്‍ ഫയര്‍ ഓപ്പറേഷന്‍സ് നടക്കുന്ന ബൗണ്ടറിയിലേക്കു ജീപ്പില്‍ പോയി ഓഫീസില്‍ വൈകീട്ടു വരെ ഒരാളെങ്കിലും വേണമെന്നുള്ളത് കൊണ്ടു മാത്രം ഞാനിവിടെ തങ്ങി. ഇപ്പം ഓഫീസിലും സ്റ്റാഫും പ്യൂണും എല്ലാം ഞാന്‍ തന്നെ. അഞ്ചരയുടെ പെരുമ്പാവൂര്‍ക്കുള്ള വണ്ടിയില്‍ പോവാനേ പറ്റു’

‘എനിക്കും ധൃതിയില്ല ഞാന്‍ വന്ന വണ്ടി ബ്രേക്ക് ഡൗണായി ഫാക്ടറി പരിസരത്തുണ്ട് വൈകീട്ടേ ബസ് ഒള്ളു എന്നതുകൊണ്ട് ഇങ്ങോട്ടു പോന്നെന്നു മാത്രം’

വര്‍ത്തമാനം പറയാന്‍ ഒരാളെ കിട്ടിയ സന്തോഷത്തിലാണു യാക്കോബ്. പല വിശേഷങ്ങളും പറഞ്ഞ കൂട്ടത്തില്‍ ഇന്നലെ മലയാറ്റൂര്‍ പള്ളിത്താഴത്ത് വച്ച് കുണ്ടൂര്‍ കുര്യന്‍ പുഴക്കു മീതെ പറക്കാനായി ചിറകു വച്ചു കെട്ടി ചാടിയ കഥ പറഞ്ഞത് വിവരിച്ചപ്പോഴാണ്

‘അയാളൊരു പുഴയിലേക്കും ചാടിക്കാണില്ല. ആള്‍ പുഴയില്‍ ചാടാനാണെനു പറഞ്ഞ് പുഴത്തീരത്തുള്ള കാടും മുള്ളുമൊക്കെയുള്ള ഒരു പാറയിടുക്കിലേക്ക്, അവിടെ നിറയെ പാമ്പിന്റെ ശല്യമുണ്ടെന്നാ പറയുന്നെ. പക്ഷെ കുര്യനു അതൊന്നും പേടിയില്ല. അയാളവിടെ ചെന്ന് വലിയൊരു കല്ല് പുഴയിലേക്ക് വലിച്ചെറിഞ്ഞ് മുള്‍പ്പടര്‍പ്പിലൂടെ നീങ്ങി നടന്നു പോയെന്നാ പറച്ചില്‍. ആള്‍ പുഴയില്‍ വീണൂ മരിച്ചെന്നു വരുത്താനായി അയാള്‍ കാട്ടിയ ഒരഭ്യാസം. അന്വേഷിച്ച് പോയ പലരും ആളെ കാണാഞ്ഞ് അങ്ങനെയാ ധരിച്ചിരിക്കുന്നത്’

‘പോലീസിലറിയിച്ചില്ലെ?’

‘ആരു പോകും പിന്നതിന്റെ പുറകെ സ്റ്റേഷനും കേസന്വേഷണവുമായി നടക്കാന്‍ ആരും മെനക്കെട്ടില്ല. പക്ഷെ കുറെ നാള്‍ കഴിഞ്ഞ് അയാളെ മാളയില്‍ വച്ച് ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നത് കണ്ടെന്നു പറയുന്നു. മാളയിലെ പാമ്പുമ്മേക്കാട് മനക്കലെ നാഗക്ഷേത്രത്തില്‍ വഴിപാടിനു പോയ ഒരാളാണത്രെ കണ്ടത് ശരിയാണോന്നറിയില്ല’

‘അയാള്‍ രണ്ടു മൂന്നു കൊല്ലം മുമ്പ് ഈ തോട്ടത്തില്‍ വന്നിരുന്നെന്ന് കേട്ടിട്ടുണ്ട് എന്തെങ്കിലും അറിയാമോ ?’

‘ഓ അതൊരു രസമുള്ള കഥയാ സാറിനു പോകാന്‍ ധൃതിയൊന്നുമില്ലല്ലോ അഞ്ചരയുടെ വണ്ടിക്ക് നമുക്കൊരുമിച്ചു പോകാം. അങ്ങേയറ്റം വരെ പറഞ്ഞിരിക്കാന്‍ ഒരു വിഷയമായി’

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here