This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
ഇതൊക്കെ കേള്‍ക്കുകയും ആരെങ്കിലുമൊക്കെ പറയുകയും ചെയ്തപ്പോള്‍ ആദ്യമൊക്കെ ചെറിയ ചമ്മലുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു പേരുള്ളതു നല്ലതാണെന്ന തോന്നലില്‍ ആ വിളിയെ അവഗണിച്ചു. ഇന്‍സ്പക്ഷന്‍ ബംഗ്ലാവിലെ ടാപ്പിംഗ് ഇനാഗുറേഷനു ചടങ്ങിനു ശേഷം ഒരാഴ്ച കഴിഞ്ഞില്ല ശശികുമാര്‍ ഓഫീസല് ഒരുച്ച സമയത്ത് വന്നു. ഉച്ച സമയത്ത് എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോയ സമയമായതിനാല്‍ വേറാരും ഇല്ലാത്തതും എന്റെടുക്കല്‍ വരാന്‍ ഒരു കാരണമാണ്.
‘ എന്നെ കഴിയുന്നതും വേഗം ഹെല്‍ത്ത് സെന്ററില്‍ നിന്നും മാറ്റണം ഞാന്‍ ഫീല്‍ഡ് വര്‍ക്കിനു പൊയ്ക്കൊള്ളം ‘
‘ എന്താ ശശികുമാറെ താനീ പറയുന്നെ? താനാണെങ്കില്‍ എസ്. എല്‍. സി വരെ പഠിച്ച ഒരാള്‍. തനിക്കിവിടെ കുറെ നാള്‍ കഴിയാന്‍ പറ്റിയാല്‍ സ്റ്റാഫ് കേഡറിലേക്ക് പോസ്റ്റിംഗ് കിട്ടാന്‍ കാരണമാകും. ആ ചാന്‍സ് താനായിട്ട് ഇല്ലാതാക്കണോ? മറ്റുള്ള തൊഴിലാളികള്‍ക്കൊന്നും തന്നേടത്തോളം വിദ്യാഭ്യാസമില്ല അത് താനറിയണം’
‘ ശരിയാ പക്ഷെ-‘
ശശികുമാറിനു എന്തൊ മനോവിഷമം. കൂടുതലൊന്നും പറയാന്‍ന് താത്പര്യപ്പെടുന്നില്ല.
‘ തനിക്കെന്താ കുഴപ്പം?’
‘ കുഴപ്പം എനിക്കല്ല ആ നേഴ്സിനാ സാറമ്മക്ക് ‘
‘ എന്താ കാര്യമെന്നു തെളിച്ചു പറ എന്നിട്ടൊരപേക്ഷ എഴുതി താ കോട്ടയത്തേക്കയക്കാം. എനിക്കാവുന്നതാണെങ്കില്‍ ചെയ്യാവുന്നത് ചെയ്യാം. പക്ഷെ ഒന്നോര്‍ത്തോ തന്റെ സ്റ്റാഫ് കേഡറിലേക്കുള്ള അവസരമാ താനില്ലാതാക്കുന്നത്’
പിന്നെയും വളരെ നിര്ബന്ധിക്കേണ്ടി വന്നു കാര്യങ്ങള്‍ തുറന്നു പറയാന്‍.,
‘ അവരൊരു സ്ത്രീയല്ല മൃഗമാ നാണമില്ലാത്ത ഒരു ജന്തു ……..’
ശശികുമാര്‍ പിന്നെയും മടിച്ചു നിന്നപ്പോള്‍ പറയേണ്ടി വന്നു.
‘ ശശികുമാര്‍ അവരൊക്കെ ഉച്ചയൂണു കഴിഞ്ഞു വരണേനു മുന്നേ പറഞ്ഞു തീര്‍ക്ക് അടുത്താഴ്ച കോട്ടയത്തു പോണെനു മുന്നേ തന്റെ അപേക്ഷ അവിടെ ഓഫീസില്‍ ഏല്പ്പിക്കാം. താനിവിടില്ലാതെ വേറെ എങ്ങോട്ടാ മാറ്റം വേണ്ടതെന്ന് വച്ചാല്‍ അങ്ങോട്ടു മാറ്റം തരാന്‍ പറയാം. ഒരു പക്ഷെ തനിക്കീ ഗ്രൂപ്പ് വിട്ട് കൊടുമണ്ണിലോ മറ്റോ പോകേണ്ടി വരും’
ശശികുമാറിനു ഒരാത്മവിശ്വാസം വന്ന പോലെ. എന്നോടു പറയുന്ന കാര്യങ്ങള്‍ വേറെ ആരും അറിയില്ല എന്ന വിശ്വാസത്തിലാകാം എല്ലാം തുറന്നു പറഞ്ഞു.
കഴിഞ്ഞ രാത്രിയിലും അവര്‍ക്ക് പുറം വേദനയും കാലുവേദനയുമാണെന്നു പറഞ്ഞ് എന്നോട് ഒരോയ്മെന്റ് പുരട്ടി ചൂട് പിടിക്കാന്‍ പറഞ്ഞു. അവിടുത്തെ അറ്റന്‍ഡര്‍ എന്ന നിലയില്‍ ഞാനതു ചെയ്തു. ആദ്യം പുറത്ത് പുരട്ടാന്‍ പറഞ്ഞു അതു ചെയ്തു ഒന്നോ രണ്ടൊ പ്രാവശ്യമല്ല പല തവണ അതാവര്ത്തിച്ചു . എനിക്കിനി വയ്യ വീട്ടില്‍ അനിയത്തി പത്താം ക്ലാസില്‍ പഠിക്കുന്നു അച്ഛന്‍ ചെറുപ്പത്തില്‍ പോയി അമ്മ അതിരപ്പിള്ളി എസ്റ്റേറ്റില്‍ പണിക്കു പോണൂ ഞങ്ങടെയീ വരുമാനം കൊണ്ടു വേണം കുടുംബം കഴിയാന്‍ അനിയത്തി നന്നായി പഠിക്കുന്ന കൂട്ടത്തിലാ അവള്‍ക്ക് ഇനിയും പഠിക്കണമെന്നാണ് അതുകൊണ്ടാ ഞാന്‍ പിടിച്ചു നില്ക്കണെ അറ്റന്‍ഡര്‍ പണി വേണ്ട. ഫീല്‍ഡ് വര്‍ക്കാണേലും മതി. എനിക്കിവിടെ തൊടരാന്‍ വയ്യ ‘
സാധാരണയായി ഇങ്ങനൊരുത്തി സര്‍വസമ്മതയായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരവസരത്തിനു വേണ്ടി കാത്തിരിക്കുന്നവരാണൊരോരുത്തരും. സാമുവലോ മറ്റോ ആയിരുന്നെങ്കില്‍.
ശശികുമാറിനെ പിന്‍തിരുപ്പിക്കാന്‍ നോക്കി. ഇല്ല, അയാള്‍ വഴങ്ങുന്നില്ല.
‘ എടൊ താനായിട്ട് പെട്ടതല്ലല്ലോ, ശരി ഏതായാലും കോട്ടയത്ത് പോകുമ്പോള്‍ തന്റെയീ അപേക്ഷ ഞാന്‍ കൊടുത്തോളാം. ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍ എന്തെങ്കിലും വഴി കണ്ടോളും ‘
എന്റെ മുന്നില്‍ നിന്നു പോയ ശശികുമാര്‍ പിന്നെ അവധിയെടുത്ത് അമ്മയുടെ അടുക്കല്‍ അതിരപിള്ളിയിലേക്കാണു പോയത്.
ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഗവണ്മെന്റ് സര്‍വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്ന ഒരാള്‍. ആള്‍ നിരുപദ്രവകാരിയാണെങ്കിലും ഈ മാതിരി കാര്യങ്ങള്‍ കിട്ടിയാല്‍ ഒന്നിനു ഒന്‍പതു വച്ച് പൊലിപ്പിച്ചു പറയുന്ന ഒരാള്‍. അധികം താമസിയാതെ തന്നെ ശശികുമാറിനെ അതിരപ്പള്ളി ഗ്രൂപ്പ് ഹോസ്പിറ്റലിലേക്കു മാറ്റിക്കൊണ്ടുള്ള ഓര്‍ഡര്‍ ഇറക്കി. പക്ഷെ അതിനു മുന്നെ തന്നെ സാറാമ്മയുടെ എസ്റ്റേറ്റിലെ ചെയ്തികളെ പറ്റി തന്റെ മുന്നില്‍ വന്നു പെടുന്ന ഓരോരുത്തരെയും പൊലിപ്പിച്ച് പറയൂന്നതായിരുന്നു അയാള്‍ക്ക് കൂടുതല്‍ താത്പര്യം.
ഈ വാര്‍ത്ത ഹെഡ്ഡ് ഓഫീസില്‍ ചൂടുളള ഒരു വാര്‍ത്തയായതിനു പുറമെ എസ്റ്റേറ്റിലെ ഡിവിഷനുകളിലും ചര്‍ച്ചാ വിഷയമാകാന്‍ അധിക ദിവസം വേണ്ടി വന്നില്ല. വെല്‍ഫെയര്‍ ഓഫീസറുടെ വിടുവായിത്തം അവിടം കൊണ്ടും നിന്നില്ല. കാലടി പ്ലാന്റേഷനിലേക്ക് ഔദ്യോഗിക പരിപാടിയുടെ പേരില്‍ ഒരു സന്ദര്‍ശനം നടത്താന്‍ പദ്ധതിയിട്ടു. ഹെല്‍ത്ത് വിംഗിലെ എല്ലാ സ്റ്റാഫിനേയും ഗ്രൂപ്പ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും എസ്റ്റേറ്റ് മാനേജര്മാരും പങ്കെടുക്കുന്ന ഒരു കോണ്‍ഫറന്‍സ് ഇന്‍സ്പക്ഷന്‍ ബംഗ്ലാവില്‍ വച്ചു നടത്താനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തത്. ലഷ്യം ഒന്നു മാത്രം സാറാമ്മയെ നേരില്‍ കാണുക.
പക്ഷെ ആ കോണ്‍ഫറന്‍സ് നടക്കുന്നതിനു മുന്നേ തന്നെ സാറാമ്മക്കു കാലടി ഗ്രൂപ്പില്‍ നിന്നും സ്ഥലം മാറി പോകേണ്ടി വന്നു ശശികുമാറുമായുള്ള സാറാമ്മയുടെ കഥ ഇതിനോടകം കാലടി ഗ്രൂപ്പില്‍ മാത്രമല്ല എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ടു വരുന്ന കോണ്ട്രാക്ടര്‍മാരുടെ ഇടയിലും ഒരു രഹസ്യമായി മാറി. പക്ഷെ ഇതുകൊണ്ടൊന്നും സാറാമ്മ കുലുങ്ങിയില്ല.
പക്ഷെ സാറാമ്മ അടിയറവ് പറഞ്ഞത് അപ്രതീക്ഷിതമായി വന്നു പെട്ട ഒരു സംഭവത്തെ തുടര്‍ന്നായിരുന്നു.
ഒരിക്കല്‍ ആംബുലന്‍സില്‍ ഒരു രോഗിയേയും കൊണ്ട് ചാലക്കുടിയില്‍ പോകുന്ന വഴി സാറാമ്മയും കയറി. പറ്റുമെങ്കില്‍ ചെറിയൊരു ഷോപ്പിംഗ് അത് മാത്രമായിരുന്നു ഉദ്ദേശ്യം. പോകുന്ന വഴി ശശികുമാര്‍ താമസിക്കുന്ന ലേബര്‍ ലൈനിനു മുന്നിലെത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് ഡ്രസ് മാറാനെന്ന പേരില്‍ അയാളുടെ ലേബര്‍ ലൈനിനു മുന്നില്‍ വണ്ടി നിര്‍ത്തി. യാത്ര മന:പൂര്‍വമെന്നോണം അതിലെയാക്കിയതായിരുന്നു. ലക്ഷ്യം ഒന്നു മാത്രം, ശശികുമാറിനെ കല്ലാല ഹെല്‍ത്ത് സെന്ററില്‍ നിന്ന് പോരാന്‍ കാരണക്കാരിയായ കഥാപാത്രത്തെ അവിടെയുള്ളവര്‍ക്ക് പരിചയപ്പെടുത്തുക.
ഡ്രൈവര്‍ ‘ ഞാനെന്റെ മുറിയില്‍ പോയിട്ടു വരാമെന്നു’ പറഞ്ഞ് മുങ്ങി. ആംബുലന്‍സില്‍ ഇരിക്കുന്ന സ്ത്രീയെ കണ്ടതോടെ ലൈനിലെ താമസക്കാരായ സ്ത്രീ തൊഴിലാളികള്‍ പുറത്തു ചാടി.
‘ എന്തു ഭാവിച്ചാടി നീയിവിടെ കറങ്ങുന്നത്? നീ ഞങ്ങടെ ശശിക്കുട്ടനെ അവിടെ നിന്നും ഓടിച്ചു. എന്തു ഭാവിച്ചോണ്ടാ ഇങ്ങോട്ട് എഴുന്നുളളത്ത് ?’
നിര്‍വികാരതയോടെ ഒരു കുലുക്കവുമില്ലാതെ തുറിച്ച മിഴികളൊടെ തന്റെ സീറ്റില്‍ ഒതുങ്ങിയിക്കുമ്പോഴാണ് ലേബര്‍ ലൈനില്‍ നിന്നും ഒരുവന്റെ വരവ്.
അയാളുടെ നാവില്‍ നിന്നുള്ള അസഭ്യവര്‍ഷങ്ങളുടെ ഒരു ഘോഷ യാത്രയായിരുന്നു പിന്നീട്.
ഏറെ കാലത്തിനു ശേഷം ആദ്യമായി സാറാമ്മ പൊട്ടിക്കരഞ്ഞു .
മിലിട്ടറി സര്‍വീസില്‍ മുട്ടാളന്മാരായ പട്ടാള ഉദ്യോഗസ്ഥരുടെ ഇടയില്‍ കഴിഞ്ഞപ്പോള്‍ പോലും കുലുങ്ങാത്തയാളാണ്. ഇന്നേവരെ ഇങ്ങനത്തെ ഒരു അനുഭവം ഉണ്ടായിട്ടില്ല. പെട്ടന്നു തന്നെ ഡ്രൈവര്‍ വേഷം മാറി വന്ന് വണ്ടിയെടുത്തതിനാല്‍ സാറാമ്മ അവിടെ നിന്നും രക്ഷപ്പെട്ടെന്നു മാത്രം . വണ്ടി ഏറെ ദൂരം പിന്നിട്ടപ്പോഴേ സാറാമ്മക്കു ശ്വാസം നേരെ വീണൊള്ളു.
അന്ന് ചാലക്കുടിയില്‍ വച്ച് ഡ്രൈവറോട് നൂറു രൂപയും വാങ്ങി തെക്കോട്ടുള്ള ഒരു ബസില്‍ കയറിപ്പോയ സാറാമ്മ പിന്നെ പ്ലാന്റേഷനിലേക്കു തിരിച്ചു വന്നില്ല. സാറമ്മയെ പിന്നീടാരും കണ്ടവരും ഇല്ല. അതുവരെയുള്ള ശമ്പളം വാങ്ങാനോ താമസിച്ച മുറിയില്‍ നിന്നും വസ്ത്രങ്ങളൊ ബാഗോ എടുക്കാനോ ഒന്നിനും വന്നില്ല. രാജിക്കത്തും നല്കിയില്ല. അനുമതിയില്ലാതെ ഹെല്‍ത്ത് സെന്ററില്‍ നിന്ന് പോയതിനു വീട്ടഡ്രസില്‍ അയച്ച രജിസ്റ്റ്റേഡ് കത്ത് ആള് സ്ഥലത്തില്ല എന്ന കവറിന്റെ പുറത്തെ കുറിപ്പോടെ മടങ്ങി വന്നു.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി ആറ്
Click this button or press Ctrl+G to toggle between Malayalam and English