This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
അന്വേഷണം വിഫലമായി. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കു ഫെനിയുടെ ഉള്ളിലുള്ള എരിച്ചില്‍ തടസമായി. ഒരു തിരിച്ചു പോരലിന്റെ കാരണം കൂടിയായി മദ്യപാനം.
രണ്ടാഴ്ചക്കാലം പിന്നെ കോട്ടയത്തായിരുന്നു . അക്കൗണ്ടന്റ് ജനറല്‍ പാര്‍ട്ടിയുടെ ഓഡിറ്റിംഗ് ഒരാഴ്ചക്കാലമേ നീണ്ടു നിന്നുള്ളു. അവര്‍ക്ക് പിന്നീട് കൊടുമണ്‍ പ്ലാന്റേഷനില്‍ ഒരിന്‍സ്പക്ഷന്‍ ടൂര്‍ ഉണ്ടായിരുന്നതുകൊണ്ട് അവര്‍ മടങ്ങി വരാനായി ഒരാഴ്ചക്കാലം ഹെഡ്ഓഫീസില്‍ തന്നെ തങ്ങി.
എസ്റ്റേറ്റിലെ ഓഡിറ്റ് റിപ്പോര്‍ട്ട് കൊടുക്കേണ്ട ബാദ്ധ്യതയും വന്നു പെട്ടു. സത്യം പറഞ്ഞാല്‍ എസ്റ്റേറ്റില്‍ ഇത്തവണ നടത്തിയത് പാണ്ഡുപാറ ജംഗ്ഷനില്‍ കണ്ട പെണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പിറ്റേന്ന് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലെ ഗാര്‍ഡനില്‍ വച്ചു കണ്ട തൊഴിലാളി സ്ത്രീയുമായുള്ള സാദൃശ്യത്തെകുറിച്ചുള്ള വിവരണങ്ങളാണ്.
അതോടനുബന്ധിച്ച് കോണ്ട്രാക്ടര്‍ രാമന്‍ കുട്ടിയുടെ തൊഴിലാളികളുടെ കണക്കെടുപ്പും അതില്‍ ചിലര്‍ വിവിധ ഡിവിഷനുകളില്‍ അനൗദ്യോഗികമായി ടെമ്പററി തൊഴിലാളികളായി ജോലി ചെയ്യുന്ന സാഹചര്യവും വിവരിച്ചുകൊണ്ടുള്ള ഓഡിറ്റ് റിപ്പോര്‍ട്ടാണ് കൊടുത്തത്.
ഓഡിറ്റിംഗ് വിഭാഗത്തിലെ അക്കൗണ്ട്സ് മാനേജര്‍ക്ക് അതൊരു പുതിയ അറിവായിരുന്നു. ഔദ്യോഗികമല്ലാതെ താല്‍ക്കാലിക തൊഴിലാളികളായി ജോലി ചെയ്യേണ്ടി വരുന്നവരെ പറ്റി അവര്‍ക്ക് കമ്പനി അക്കൗണ്ടില്‍ കൊടുക്കേണ്ടി വരുന്ന വേതനം മൂന്നു മാസം കഴിഞ്ഞാല്‍ അവര്‍ക്ക് ലഭിക്കാന്‍ സാദ്ധ്യതയുള്ള ഇ. എസ്. ഐ ആനുകൂല്യങ്ങള്‍ പ്രൊഫിഡന്‍ ഫണ്ട് ബെനിഫിറ്റുകള്‍ ഇതെങ്ങാനും അക്കൗണ്ട് ജനറല്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ പിന്നത് മതി അവര്‍ക്കതില്‍ പിടിച്ച് തൂങ്ങാന്‍. ഇപ്പോള്‍ മറ്റുള്ള എസ്റ്റേറ്റുകളില്‍ ഇതൊക്കെ നടക്കുന്നുണ്ടോ എന്നറിയേണ്ട ബാദ്ധ്യതയും കമ്പനി ഓഡിറ്റേഴ്സിന്റെ തലയില്‍ പെട്ടു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എസ്റ്റേറ്റില്‍ ഒരിക്കല്‍ പോയിട്ടുള്ള അനുഭവം ഉള്ളതു കൊണ്ടാവാം അവിടെ വേറെയാരേയും വിടാതെ ആ ദൗത്യം വന്നുപെട്ടതെന്നു തോന്നുന്നു. പേരാമ്പ്ര എസ്റ്റേറ്റ് എന്ന് പറയുന്നെങ്കിലും അവിടെ നിന്ന് വീണ്ടും മൂന്നു മൈല്‍ ദൂരെ കക്കയം ഡാമിനടുത്താണ് എസ്റ്റേറ്റ്. എന്നിട്ടും പൊതുജനങ്ങള്‍ക്കും ഗവണ്മെന്റു തലപ്പത്തുള്ളവര്‍ക്കും ആ പേരിനേക്കാള്‍ ഹൃദ്യമായി തോന്നിയത് ‘പേരാമ്പ്ര എസ്റ്റേറ്റ്’ എന്നറിയപ്പെടുന്നതിനാലാവാം അങ്ങനെയൊരു പേരു വന്നു പെട്ടത്. ടൗണിന്റെ പരിസരത്ത് നിന്നും മൂന്നു മൈല്‍ ദൂരെ ഡാം കടന്നു വേണം എസ്റ്റേറ്റിലേക്കു ചെന്നു പെടാന്‍. മുമ്പിവിടെ വന്നപ്പോഴാണ് ഡാമിനടുത്തേക്ക് എസ്റ്റേറ്റ് ഓഫീസ് ഷിഫ്റ്റ് ചെയ്തത്. ഒരു മാസത്തെ കാലയളവില്‍ അവിടുത്തെ ജോലിയെല്ലാം പൂര്‍ത്തിയാക്കി വീണ്ടും ഹെഡ് ഓഫീസിലേക്കു വന്ന് വാര്‍ഷിക കണക്കെടുപ്പിന്റെ ഭാഗമായി കുറെ നാള്‍ ചിലവഴിച്ച് കാലടി ഗ്രൂപ്പിലേക്കു തന്നെ മടങ്ങി വന്നു.
മൂന്നാഴ്ചക്കാലം മിക്കവാറും ദിവസങ്ങളില്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ കഴിഞ്ഞെങ്കിലും ഒരിക്കെലെങ്കിലും രാമന്‍കുട്ടിയുടെ പണിക്കാരിയെ കാണാന്‍ പറ്റിയില്ല. ഒരിക്കല്‍ സുകുവിനോടന്വേഷിച്ചപ്പോഴാണ് അവളെ പറഞ്ഞു വിട്ട കാര്യം അറിയാനിട വന്നത്.
”സാറിവിടെ നിന്നും പോയ ആഴ്ച അവസാനത്തോടെ അവളെയും മറ്റു താല്‍ക്കാലിക ജീവനക്കാരെയും എല്ലാം പറഞ്ഞു വിട്ടു. സാറിന്റെ കണക്കു പരിശോധനയും എസ്റ്റേറ്റ് ഓഫീസില്‍ അതിനെക്കുറിച്ചുള്ള അന്വേഷണവും വന്നതോടെ ഇനി അവരെ വച്ച് പൊറുപ്പിക്കണ്ട എന്നൊരു തീരുമാനത്തിലേക്ക് മാനേജര്‍ നീങ്ങി. ഒരു പക്ഷെ നാലഞ്ച് മാസങ്ങള്‍ കൂടി അവര്‍ റോളീലുണ്ടായിരുന്നെങ്കില്‍ പിന്നവര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടി വന്നെങ്കിലോ എന്നു ഭയന്നായിരുന്നു ആ പിരിച്ചു വിടല്‍. മാത്രമല്ല പ്രധാനപ്പെട്ട യൂണിയന്‍കാരെല്ലാം അതൊക്കെ കുത്തിപ്പൊക്കി പ്രശ്നമുണ്ടാക്കുമോ എന്ന ഭയവും മാനേജരുടെ ഭാഗത്ത് ഉണ്ടായി. ഇനി അഥവാ എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രം അവരെ എടുക്കും പിന്നെ ജോലി തീരുന്നതോടെ പറഞ്ഞു വിടും”
സുകു അങ്ങനെ പറഞ്ഞതോടെ പാണ്ഡുപാറയില്‍ കണ്ട യുവതിയെ കുറിച്ചുള്ള അന്വേഷണം വേണ്ടെന്നു വയ്ക്കണോ എന്ന ആശയകുഴപ്പത്തിലായി. എങ്കിലും കാലടിക്കോ അങ്കമാലിക്കോ എങ്ങാനും പോവുന്നെങ്കില്‍ അതിനെ പറ്റി ഒരന്വേഷണം നടത്തണം . എങ്കിലും അതിനെ പറ്റി മൂന്നാഴ്ചക്കാലത്തിനിടക്കു ഒരിക്കലെങ്കിലും അങ്ങനെയൊരവസരം കിട്ടിയില്ല. ജോലിത്തിരക്കു തന്നെ കാരണം. പലപ്പോഴും രാവിലെ തുടങ്ങുന്ന വാര്‍ഷിക ക്ലോസിംഗ് വര്‍ക്ക് അവസാനിക്കുന്നത് രാത്രി രണ്ടു മണിക്ക്. വീണ്ടും രാവിലെ ഒന്‍പതു മണിയോടെ ജോലി തുടങ്ങുകയായി. എസ്റ്റേറ്റ് ഓഫീസുകളില്‍ നിന്നുള്ളവരുടെ വരവും കൂടിയാകുമ്പോള്‍ പലപ്പോഴും ഒരു കലഹ സ്വഭാവം വന്നു പെടാറുണ്ട്. അതിരപ്പിള്ളി എസ്റ്റേറ്റിലെ അക്കൗണ്ട്സ് തന്നെയാണ് കൂടുതലും പ്രശ്നമുണ്ടാക്കുന്നത്.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു അധ്യായം – ഒന്‍പത്