This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
ഒരു തവണ പിരിവു കൊടുത്തവര്‍ രണ്ടാമതു കൊടുക്കാന്‍ വിമുഖത കാണിക്കും. ഏ. കെ. ജിയുടെ സന്ദര്‍ശന സമയം – അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥലം എമ്മെല്ലെ ഏ. പി. കുര്യന്‍ രൂപം കൊടുത്ത സമര സഹായ പദ്ധതിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ എസ്റ്റേറ്റിലേയും സമര സമിതി കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ഈ സമരസഹായ പദ്ധതി പ്രവര്‍ത്തിക്കുന്നുണെങ്കിലും, ചുരുക്കം ചില സ്ഥലങ്ങളിലെങ്കിലും അവരുടെ സഹായം കിട്ടുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ഈ സഹായം കിട്ടാതെ പോകുന്നവര്‍ കല്ലാല എസ്റ്റേറ്റില്‍ താമസിക്കുന്ന ചുരുക്കം പേര്‍ക്കാണ്.
പലപ്പോഴും സമര സമിതിയംഗങ്ങള്‍ വരുമ്പോള്‍ അവരില്‍ പലരും നാട്ടില്‍ പോയിരിക്കുകയായിരിക്കും. തങ്ങളെ സമരസമിതിക്കാര്‍ തഴയുന്നു എന്നവര്‍ ആവലാതിപ്പെടുന്നു. ചുരുക്കം ചിലരെങ്കിലും ഈ സമരം നീണ്ടു പോകുമ്പോള്‍ ഈ സമരലഷ്യത്തെവരെ എതിര്‍ത്തുകൊണ്ട് മുറുമുറുക്കാന്‍ തുടങ്ങിയിട്ടുണ്ട്. എസ്റ്റേറ്റ് മാനേജര്‍രുടെയടുക്കലും ഫീല്‍ഡ് സ്റ്റാഫിന്റെയടുക്കലും അവര്‍ പരാതികളുമായി എത്തുമ്പോള്‍ അവര്‍ ചെവികൊടുക്കുമെന്നല്ലാതെ അവര്‍ക്കനുകൂലമായി സംസാരിച്ച് പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. പക്ഷെ അസി. മാനേജര്‍ സാമുവല്‍ മാത്രം ആ സമയം തന്റെ വികലമായ മനസ്ഥിതിയില്‍ വിരിഞ്ഞ ചില ആശയങ്ങള്‍ അവരുടെയിടയില്‍ വിളമ്പി. സമരത്തിനെതിരെ തിരിച്ചു വിടാന്‍ ശ്രമിക്കുന്നുണ്ട്. എവിടെയും കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കുക എന്നത് ഒരു പോളിസിയായി കൊണ്ടു നടക്കുന്നയാളാണ് എന്നതിനാല്‍ അയാളില്‍ നിന്ന് വേറൊരു പ്രതികരണം പ്രതീക്ഷിക്കാന്‍ വയ്യ.
തൊഴിലാളി നേതാക്കളായി വരേണ്ടത് തൊഴിലാളികളുടെ ഇടയില്‍ നിന്നാണ്. അയാള്‍ അവരോടു ചോദിച്ചു.
”എന്തുകൊണ്ട് നിങ്ങളുടെ ഇടയില്‍ നിന്ന് നേതാക്കളായി ആരും വരുന്നില്ല? എമ്മെല്ലെ അങ്കമാലിക്കടുത്ത് തുറവൂര്‍കാരന്‍. ഈ അസംബ്ലി മണ്ഡലത്തിലെ നിരവധി കാര്യങ്ങള്‍ക്ക് ഓടി നടക്കേണ്ടി വരും. പോരാത്തതിന് അസംബ്ലി കൂടുമ്പോള്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയെന്നു വരില്ല. ജനറല്‍ സെക്രട്ടറിയായിട്ടുള്ളത് കാലടിക്കാരന്‍ അനന്തന്‍ പിള്ള. അവിടെത്തന്നെ നിരവധി തൊഴിലാളി സംഘടനകളുടെ നേതൃത്വമുള്ളതിനാല്‍ ഇവിടുത്തെ കാര്യം നോക്കാന്‍ എന്തു മാത്രം സമയം കിട്ടും? നിങ്ങളുടെ നേതാക്കള്‍ നിങ്ങളുടെ ഇടയില്‍ നിന്നുള്ളവരാകണം എങ്കിലേ നിങ്ങളുടെ പ്രശ്നങ്ങള്‍ മാനേജുമെന്റിന്റെ മുന്നില്‍, ഫലപ്രദമായി അവതരിപ്പിക്കാന്‍ പറ്റു.”
സാമുവല്‍ ഇങ്ങനെ തന്നോടൊട്ടി നില്ക്കുന്നവരോടൊക്കെ ഇങ്ങനെത്തെ ആശയം കുത്തിത്തിരുകാന്‍ ശ്രമിക്കുമ്പോള്‍ ചിലരെങ്കിലും ഈ മനുഷ്യന്‍ പറയുന്നതില്‍ കാര്യമില്ലേ എന്നു ചിന്തിച്ചു തുടങ്ങി. ഇടഞ്ഞു നില്ക്കുന്ന ഈ തൊഴിലാളി ക്ഷേമസമിതി എന്നൊരു സംഘടനക്കു രൂപം കൊടുത്ത് അവരുടെ പേരില്‍ ഒരു പ്രസ്താവനയിറക്കി ഈ സമരം യാതൊരു ഗുണവും ചെയ്യാന്‍ പോകുന്നില്ല നമ്മളുണരേണ്ടിയിരിക്കുന്നു സമര സഹായ പദ്ധതിയുടെ പേരില്‍ നല്ലൊരു തുക തൊഴിലാളി കണ്‍ വീനര്‍മാരുടെയും അവരുടെ ശിങ്കിടികളുടെയും പോക്കറ്റുകളിലേക്കാണു പോകുന്നത് എന്നും ഒരു ലഘു ലേഖപോലെ അടിച്ചിറക്കി ലേബര്‍ലൈനുകളില്‍ വ്യാപകമായി വിതരണം ചെയ്തു. ഈ നോട്ടീസ് അച്ചടിച്ചിറക്കിയ ക്ഷേമസമിതിയുടെ കണ്‍വീനര്‍മാര്‍ ആരെന്ന് നോട്ടീസില്‍ ഉണ്ടായിരുന്നില്ല. പേരു വച്ചാല്‍ അവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുമോ എന്നൊരു ഭയം അവര്‍ക്കുണ്ടായിരുന്നു.
എങ്ങനെയൊക്കെ ഒളിപ്പിക്കാന്‍ ശ്രമിച്ചാലും തൊഴിലാളി ക്ഷേമ സമിതിയുടെ പിന്നില്‍ ആരാണെന്ന വസ്തുത തൊഴിലാളി സംഘടകളുടെ നേതാക്കളുടെ ചെവിയില്‍ എത്താതിരിക്കില്ല. സാമുവലിനെ ശാരിരികമായി ഹേമദണ്ഡം എല്പ്പിച്ചാലെന്താ എന്ന് ചില ചോദിച്ച് മുന്നോട്ടു വന്നെങ്കിലും അത് വേണ്ട എന്ന നിര്‍ദ്ദേശമാണ് വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറി അനന്തന്‍ പിള്ള നല്കിയത്.
താന്‍ നട്ടു പിടിപ്പിച്ച പുതിയ റബ്ബര്‍ തൈകള്‍ എങ്ങനെയിരിക്കുന്നു എന്നറിയാന്‍ അയാള്‍ ചിലപ്പോള്‍ ഒറ്റക്ക് മറ്റുള്ളവര്‍ കാണാതെ ഫീല്ഡില്‍ പോകുന്നുണ്ട്. എന്തൊക്കെ കുത്തിത്തിരുപ്പുകള്‍ തൊഴിലാളികളുടെ ഇടയില്‍ നടത്തിയാലും താന്‍ മുന്‍ കയ്യെടുത്ത് നട്ട തൈകളുടെ ഇപ്പോഴെത്തെ അവസ്ഥ എങ്ങെനിയിരിക്കുന്നുന്നുവെന്നറിയാന്‍ വെമ്പല്‍ കൊണ്ടു നടക്കുന്ന ഒരു മനസ് അയാള്‍ക്കുണ്ട്.
ഒരു ദിവസം രാവിലെ പത്ത് മണി കഴിഞ്ഞ നേരം. തൊഴിലാളികളുടെ ശ്രദ്ധ എസ്റ്റേറ്റ് ഓഫീസിനു മുന്നിലെ പിക്കറ്റിംഗ് രംഗത്തായിരിക്കുമെന്ന കണക്കുകൂട്ടലില്‍ അയാള്‍ ഫീല്‍ഡില്‍ പുതുതായി നട്ടു പിടിപ്പിച്ച തൈകളുടെ ഇടയിലൂടെ നടക്കുമ്പോഴാണ് ഈ വിവരം മണത്തറിഞ്ഞ കുറെ ആളുകള്‍ അയാളുടെ പിറകെ കൂടുന്നത്. തന്റെ പിന്നില്‍ ആരൊക്കെയോ വരുന്നു എന്നു മനസിലാക്കിയ അയാള്‍ ഫീല്‍ഡില്‍ നിന്നും പുറത്തു കടക്കാനുള്ള ശ്രമമായി. അയാളുടെ പിന്നാലെ കൂടിയ തൊഴിലാളികളുടെ എണ്ണം അഞ്ച്, ആറ് എന്ന തോതില്‍ തുടങ്ങിയത് പത്ത് ,പന്ത്രണ്ട് എന്ന നിലയിലേക്ക് എത്തിയപ്പോള്‍ അവരിലൊരാള്‍ മുന്‍ കയ്യെടുത്ത് അപ്രതീക്ഷിതമായി ഒരു മുദ്രവാക്യം മുഴക്കുകയുണ്ടായി.
” സാമുവല്‍ സാറെ കുള്ളന്‍ സാറെ ധീരതയോടെ നയിച്ചോളു ” അയാള്‍ ഫീല്‍ഡില്‍ നിന്നും വഴിയിലേക്ക് വന്നപ്പോഴേക്കും പിന്നാലെ കൂടിയവരുടെ എണ്ണം കൂടി. പതിനഞ്ചോളം പേര്‍. വല്ലാതെ കിതച്ചു പോയ അയാള്‍ മുന്നോട്ട് പോകാനാവാതെ കുറെ നേരം പാതക്കരുകിലെ മരത്തിന്‍ ചുവട്ടിലിരുന്നു.
‘ നേതാവേ നേതാവേ തളരുത് വാടരുത് ധീരതയോടെ മുന്നേറൂ’
പരിചിതമായ ശബ്ദം കേട്ട് വിളിച്ചു പറയുന്നയാള്‍ ആരെന്നറിയാന്‍ അയാള്‍ തിരിഞ്ഞു നോക്കി. കഴിഞ്ഞയാഴ്ച തന്റെ ക്വേര്‍ട്ടേഴ്സില്‍ വച്ച് കൂടിയ യോഗത്തില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളേയും സമര നേതാക്കളെപ്പറ്റിയും വളരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ച ദേവസിക്കുട്ടി . തോട്ടം പണിക്ക് പുറമെ എസ്റ്റേറ്റതിര്‍ത്തിയില്‍ ഇറച്ചിക്കച്ചവടം കൂടി നടത്തുന്ന – ഉറച്ച ദേഹപ്രകൃതിയുള്ള ആരിലും ഭയം ജനിപ്പിക്കുന്ന തീക്ഷണതയേറിയ കണ്ണുകളും മുഖ ഭാവവുമുള്ള ദേവസിക്കുട്ടി വര്‍ക്കേഴ്സ് യൂണിനെതിരെ ” തൊഴിലാളി ക്ഷേമ സമിതി” എന്ന സംഘടനക്കു രൂപം കൊടുത്തപ്പോള്‍ അതിലെ അംഗങ്ങളായി വന്നവരില്‍ ആദ്യത്തെ പേരുകാരന്‍. അയാളി കൊലച്ചതി ചെയ്യുമെന്നു സാമുവല്‍ കരുതിയില്ല. അയാളാണ് മുഴക്കമുള്ള ശബ്ദത്തില്‍ വിളിച്ചു പറയുന്നത്. സാമുവല്‍ സാറെ കുള്ളന്‍ സാറെ ധീരതയോടെ നയിച്ചോളു”
”ദേവസിക്കുട്ടി നീയല്ലേ എന്റെടുക്കല്‍ വന്ന് പരാതി പറഞ്ഞത്? സമരത്തിന്റെ പോക്ക് ശരിയല്ലെന്ന്. നേതാക്കളില്‍ ചിലരുടെയൊക്കെ പോക്കറ്റുകളിലേക്കാണ് പിരിവെടുത്ത പണം പോകുന്നതെന്ന്”
പക്ഷെ ദേവസിക്കുട്ടി അതൊന്നും കേട്ടില്ല. അയാളുടെ ശബ്ദം ഏറ്റു പറയുന്നവരുടെ എണ്ണം കൂടിയപ്പോള്‍ വീണ്ടും ഉച്ചത്തിലായി.
” ഇതാ ഇതാ ഞങ്ങടെ നേതാവ് കുള്ളനാണേലും കാര്യപ്രാപതിയുള്ളയാള്‍ പാരവയ്ക്കാനും കുതികാല്‍ വെട്ടാനും മിടുക്കന്‍. നമ്മുടെ നേതാവ് തളരരുത് വാടരുത് ധീരതയോടെ നയിച്ചോളൂ”
തൊട്ടപ്പുറം റോഡരുകില്‍ ബസ്സ് കാത്ത് നിന്ന ചിലര്‍ കൗതുകരമായ കാഴ്ച കണ്ട് എത്തി നോക്കി . സമരം നയിക്കുന്നത് കോര്‍പ്പറേഷനിലെ അസി.മാനേജര്‍ സാമുവല്‍ സാര്‍. പിന്നാലെയുള്ള തൊഴിലാളികളുടെ എണ്ണം കൂടീക്കൂടി വരുന്നു. ദേവസിക്കുട്ടി പറയുന്ന വാക്കുകള്‍ വളരെ ആവേശത്തോടെ അവര്‍ ഉച്ചത്തില്‍ ഏറ്റു പറയുന്നു.
ബസു വരാന്‍ ഇനിയും സമയമുണ്ടെന്നെറിയാവുന്ന അവരും ഈ ജാഥയുടെ പിന്നാലെ കൂടി. അതോടെ മുദ്രാവാക്യം വിളിയുടെ രീതി മാറി. പിന്നെപ്പറയുന്ന ഓരോ വാക്കുകളായിരുന്നു.
” തൊഴിലാളികളെ തമ്മിലടിപ്പിക്കാന്‍ അവസരം കാക്കുന്ന കുള്ളാ ധീരതയോടെ നയിച്ചോളൂ ഞങ്ങളൊക്കെ പിന്നാലെ. സായിപ്പിനെതിരെ പാര പണിത ക്ഷുദ്രജീവി നേതാവേ
നേരമില്ലാ നേരത്ത് ലൈനുകളില്‍പ്പോയി പെണ്ണുങ്ങളുടെ അളവും വളവും തപ്പണ ആഭാസാ നീയാ ഞങ്ങടെ നേതാവ്”
അയാളുടെ സ്വകാര്യ ജീവിതത്തിലെ കറുത്ത വശങ്ങള്‍ മുദ്രാവാക്യങ്ങളില്‍ കടന്ന് വന്നപ്പോള്‍ അണികളായി കൂടിയവരില്‍ ഒന്നു രണ്ട് സ്ത്രീ തൊഴിലാളികളും കടന്നു വന്നു. അതോടെ അയാള്‍ തളര്‍ന്നു പോയി. റോഡരുകിലെ കലുങ്കിലിരുന്നു പോയ അയാളോടൊപ്പം ഒന്നു രണ്ട് പേരും കൂടി.
” തളരരുത് വാടരുത് സാമുവല്‍ സാറെ തളരരുത് ഇനിയും ഇനിയും കുത്തിത്തിരുപ്പുകള്‍ പാരവയ്പ്പുകള്‍ പണിയേണ്ടേ? എന്താണേലും എടുത്തോളു ഞങ്ങളുണ്ട് പിന്നാലേ”
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം മുപ്പത്തി മൂന്ന്
Click this button or press Ctrl+G to toggle between Malayalam and English