ഒരു ദേശം കഥ പറയുന്നു – അധ്യായം ആറ്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

novel-6രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കാന്‍ നേരം സുകുമാരന്‍ അച്ചുതന്‍ നായരുടെ മകള്‍ പുഴയില്‍ കാണാതായതില്‍ പിന്നെ കാലടിയില്‍ പരന്ന കഥ പറഞ്ഞു.

കാലടി സ്കൂളിലെ ഒരദ്ധ്യാപകനുമായുള്ള പ്രണയത്തിന്റെ കഥയാണ് സുകുമാരന്‍ പറഞ്ഞത്.

വെളുപ്പിനെ പുഴക്കടവില്‍ കുളിക്കാന്‍ നേരം കണ്ടൂ മുട്ടാറുള്ളതും അവര്‍ തമ്മിലുള്ള സൗഹൃദം പിന്നീട് അഭിനിവേശമായി മാറിയതും പുഴക്കടവില്‍ കുളിക്കാന്‍ ആള്‍ക്കാര്‍ എത്തുന്നതിനു മുന്‍പുള്ള ഈ സംഗമം വളരെ ചുരുക്കം പേര്‍ക്കു മാത്രം അറിയുന്ന കഥ, പെണ്കുട്ടിയുടെ തിരോധനത്തിനു ശേഷമാണ് മറ്റുള്ളവര്‍ അറിയുന്നത്. പലരും പലതും പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്നും അദ്ധ്യാപകന്‍ കാല് മാറി എന്നും രക്ഷയില്ലെന്നു കണ്ടപ്പോള്‍ പെണ്‍കുട്ടി പുഴയില്‍ ചാടി ജീവനൊടുക്കുകയായിരുന്നു എന്നുമാണു കഥ. പെണ്‍കുട്ടി പുഴയില്‍ വീണ ദിവസം മുതല്‍ സ്കൂളിലെ‍ സാറ് രണ്ടു മൂന്നു ദിവസം സ്ഥലത്തില്ലായിരുന്നു. പലര്‍ക്കും സംശയമുണ്ടാകാന്‍ കാരണം അതാണ്. അങ്ങോട്ട് തിരിച്ചു വന്നതു കൊണ്ടു മാത്രം രക്ഷപ്പെട്ടു നില്ക്കുന്നു. പോരാത്തതിന് ജഡം കണ്ടു കിട്ടാത്തതുകൊണ്ട് ഒന്നും പറയാന്‍ പറ്റുന്നില്ല.

എന്തുകൊണ്ടോ ഈ കഥ വിശ്വസിക്കാന്‍ പറ്റുന്നില്ല. പെണ്‍കുട്ടിയുമായുള്ള അദ്ധ്യാപകന്റെ ബന്ധം ആരെങ്കിലും ചോദ്യം ചെയ്തില്ലിന്നിരിക്കുമോ?

”ഇല്ല സാര്‍ അങ്ങേരെ തൊടാന്‍ പറ്റില്ല. മഠാധിപതിയുടെ ആശ്രമം വക സ്കൂള്‍. പോലീസിലുള്ള സ്വാധീനം പിന്നെങ്ങനെ കേസ്സുണ്ടാകാനാ”

ഇവിടെ ഇങ്ങനെ ഒറ്റക്കു കഴിയുന്നത് ഓരോന്നും മനസിലേക്കു കയറി വരുന്നു. ഇന്നിനി രാത്രി എന്തണാവോ ഉണ്ടാവുക. കിടന്നു ഉറങ്ങാനാകുമോ?

കാട്ടിലൂടേയാണു യാത്ര ഇപ്പോള്‍ ലഷ്യബോധമൊന്നുമില്ലാത്ത യാത്ര അവസാനിക്കുന്നിടത്താണ് അന്വേഷിക്കുന്ന വീട്. അവിടം മാത്രം കാട് വെട്ടിത്തെളിച്ചതു പോലെ കാണും. കുറെ കൃഷി വീട്ടു മുറ്റത്ത് വാഴ, രണ്ടു തെങ്ങിന്‍ തൈകള്‍ . മുറ്റത്തു നിന്നു വെളിയിലേക്കു കടക്കുന്ന ഭാഗത്ത് രണ്ട് വശങ്ങളിലുമായി പടര്‍ന്നു പന്തലിച്ച ചെടികള്‍ ഇതാണു പറഞ്ഞു തന്ന വീടിനെ പറ്റിയുള്ള വിവരണങ്ങള്‍ ഈ വീട്ടിലേക്കാണു യാത്ര.
എന്തിനു ഈ വീട്ടിലേക്കു പോവുന്നത് ? ആരെ കാണാന്‍ ? അതൊന്നു ചിന്താ വിഷയമേ ആയിരുന്നില്ല. വീടിനെ ലഷ്യം വച്ച് പോവുക അവിടെ ചെല്ലുമ്പോള്‍ നീയെന്തിനു വേണ്ടി അങ്ങോട്ടു പോകുന്നുവെന്നതിന്റെ സൂചന കിട്ടും അത്രയേ പറഞ്ഞുള്ളു.

യാത്ര പൂര്‍ത്തിയാക്കാനായോ? ഇല്ലെന്നാണ് കരുതേണ്ടത്. കാട് വെട്ടിത്തെളിച്ച ഭാഗമോ വീടോ ഒന്നും കാണാന്‍ പറ്റിയില്ല. വീട് കണ്ടാലല്ലേ ഇതിനെയൊക്കെ പറ്റി പറയാന്‍ പറ്റു. വഴി അവസാനിച്ചുവെന്ന് തോന്നിയിടത്തൊന്നും ഇതു കണ്ടില്ല. വഴി അവസാനിക്കുമ്പോള്‍ ചെറിയൊരു പുഴയാണു കാണുന്നത്. പുഴയിലെ പാറക്കല്ലുകള്‍ തെളിഞ്ഞു കാണാം. വെള്ളമധികമില്ല എന്നതിന്റെ സൂചന അതില്‍ നിന്നറിയാം. ഒരു പക്ഷെ ഈ പുഴ കടന്നക്കരെ ചെല്ലുമ്പോഴാകും പറഞ്ഞു തന്ന വീട് കാണാന്‍ പറ്റു. പിന്നതിനുള്ള ശ്രമമായിരുന്നു.

പുഴയിലേക്കിറങ്ങി തെളിഞ്ഞു കണ്ട പാറക്കെട്ടുകള്‍ ചവുട്ടി വേണം നടന്നു പോകാന്‍. അനായാസേന കടക്കാമെന്നു കരുതിയതു തെറ്റി. ഓരോ കാല്‍ വയ്പ്പിലും അടിയൊഴുക്കിന്റെ ശക്തിയില്‍ വേച്ചു പോകുന്നു. പുഴയിലറങ്ങാന്‍ നേരം ബലമുള്ള ഒരു കമ്പെടുക്കേണ്ടതായിരുന്നു. ഇനി തിരിച്ചു കയറി കമ്പെടുക്കാനുള്ള സമയമില്ല. സന്ധ്യയാകുന്നതിനു മുമ്പേ പുഴ കടക്കണം.

എല്ലാം വിഫലം. പെട്ടന്നെന്നോണം മാനം കറുത്തു. ചെറിയ തോതില്‍ മഴ പെയ്തു തുടങ്ങി. അതോടെ യാത്ര ദുഷ്ക്കരമായി. പുഴയുടെ നടുഭാഗം വരയേ എത്തിയിട്ടുള്ളു. ഇരുട്ടുന്നതിനു മുന്നേ പുഴക്കക്കരെ എത്തണമെന്നായിരുന്നു ലഷ്യം.

മഴ പെയ്തു തുടങ്ങിയതോടെ മാനം പെട്ടന്നിരുളാന്‍ തുടങ്ങി.

വെള്ളം തീര്‍ത്തും ഇല്ല എന്നു തോന്നിയ ഭാഗത്താണ് വലതു കാല്‍ വച്ചത് പെട്ടന്നെന്നോണം പുറകോട്ട് ചാഞ്ഞു. വലതു കൈ കുത്തി വീണതുകൊണ്ട് തലയടിച്ചില്ല . പക്ഷെ എഴുന്നേറ്റപ്പോഴേക്കും വലതു കാലിലെ ചെരുപ്പ് തൊട്ടടുത്തുള്ള കുഴിയില്‍. കുനിഞ്ഞെടുക്കാന്‍ നിവൃത്തിയില്ല. ചിലപ്പോള്‍ കുഴിയിലാകും വീഴുക. കൈയ്യോ തലയോ തല്ലി വീണാല്‍ ഓര്‍ക്കാനേ വയ്യ. മറ്റേ കാലിലെ ചെരിപ്പുകൂടി ഉപേക്ഷിക്കുകയേ വഴിയുള്ളു. കയ്യിലുള്ള ഡയറിയും പിടിച്ചുകൊണ്ട് മുന്നോട്ട് നടക്കുക ദുഷ്ക്കരമാണ് അതും പുഴയിലേക്കെറിഞ്ഞു.

കയ്യിലൊന്നുമില്ലാതെ മുന്നോട്ടു നടക്കാമെന്ന മോഹം വെറുതെയായി. മഴ മുറുക്കെ പെയ്തു തുടങ്ങിയതിനാല്‍ പലപ്പോഴും കാലെവിടെ എടുത്തു വയ്ക്കണമെന്ന് അറിയുന്നില്ല. തെളിഞ്ഞു കണ്ട പാറക്കല്ലിന്‍ മേല്‍ ചവുട്ടിയാല്‍ ഇനിയും തെന്നിയാലോ മഴ കുറയുമോ എന്നറിയാന്‍ അല്പ്പനേരം നിന്നു. പക്ഷെ അടുത്ത നിമിഷമറിഞ്ഞു അതപകടമാണ്. മുറുക്കിപ്പെയ്യുകയാണെങ്കില്‍ മുന്നോട്ടുള്ള യാത്ര ദുഷ്ക്കരമായിത്തീരും.
കാലെടുത്തു വച്ചതേ ഉള്ളു ദിഗന്തം പൊട്ടുമാറുള്ള ഒരിടി മുഴക്കം… മിന്നല്‍…. പിന്നെ കണ്ണു തുറന്നപ്പോള്‍ കട്ടിലിനു താഴെയാണു കിടക്കുന്നത്. തട്ടിപിടഞ്ഞെഴുന്നേറ്റു. കണ്ട സ്വപ്നത്തിന്റെ‍ ഞെട്ടിക്കുന്ന ഭീകരത ഓര്‍ക്കുമ്പോള്‍ കിടു കിടാ വിറക്കുന്നു. പുഴയുടെ നടുക്കുള്ള പാറക്കല്ലിന്‍ മേല്‍ തട്ടിയുള്ള വീഴ്ചയും ഇന്നലെ കണ്ട സ്വപ്നവും ഇതുപോലെയായിരുന്നു. ഇതെന്തിന്റെയെങ്കിലും സൂചനയാണൊ?

ജനാല തുറന്നതോടെ തണുത്ത കാറ്റും കുടെ മഴത്തുള്ളികളും മുറിയിലേക്ക് അടിച്ചു കയറി. വേഗം തന്നെ ജനല്‍ ചേര്‍ത്തടച്ച് കുറ്റിയിട്ടു. പുറത്തെ പാത്തിയില്‍ നിന്ന് വെള്ളം മുറ്റത്തോട്ട് പതിക്കുന്ന ശബ്ദം. സമയം മൂന്നു മണി കഴിഞ്ഞതേ ഉള്ളൂ. മൂടിപ്പുതച്ച് മഴയത്ത് കിടന്നുറങ്ങുന്നതിന്റെ സുഖം കിട്ടുമോ എന്ന് കണ്ടറിയണം. ഇല്ല ഉറക്കം പോയിട്ട് കിടക്കാന്‍ പോലും പറ്റുന്നില്ല.

കണ്ട സ്വപ്നങ്ങളോരോന്നും പരസ്പരം ബന്ധിപ്പിക്കാനാണ് തോന്നുന്നത് . പാണ്ഡുപാറ ഭാഗത്ത് കാട്ടിലേക്കു മറഞ്ഞ യുവതി, അത് സ്വപ്നമായിരുന്നില്ല എന്നിട്ടും വിശ്വസിക്കാന്‍ പറ്റുന്നില്ല അവളെവിടെ പോയി?

അന്നു കണ്ട സ്വപ്നം. തന്റെ പുരുഷനെ ഇല്ലാതാക്കിയവനെ അന്വേഷിച്ച് നടക്കുന്ന സ്ത്രീയായിരുന്നു.

രാത്രി സാന്ത്വനപ്പെടുത്താന്‍ വന്നയാള്‍, അയാള്‍ ആരാണ് ? ഇവിടെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ തോട്ടപ്പണിക്ക് നില്‍ക്കുന്നവളും രാത്രി പാണ്ഡുപാറയില്‍ കണ്ടവളും തമ്മിലുള്ള സാമ്യം തമ്മിലുള്ള സാദൃശ്യം. പുഴയില്‍ കുളിക്കാന്‍ പോയി കാണാതായ അച്യുതന്‍ നായരുടെ മകളും.

ആരാണ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടത്?

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English