This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
പിറ്റേ ആഴ്ച കോട്ടയത്ത് ചെന്നപ്പോള്‍ ഹെഡ് ഓഫീസ് സ്റ്റാഫിന്റെയും ഓഫീസര്മാരുടേയും ഇടയില്‍ ആ കഥ പരന്നു കഴിഞ്ഞിരുന്നു.
ഡ്രൈവര്‍ ജേക്കബ്ബിന്റെ ശമ്പളത്തില്‍ നിന്ന് പഴയ അഡ്വാന്‍സ് തുക പിടിച്ചതിന്റെ ചൊരുക്ക് അയാള്‍ക്ക് സ്വാമിയോടുണ്ടായിരുന്നു.
ജേക്കബിനോടു പറഞ്ഞ കഥ അയാള്‍ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞത് ഇങ്ങനെ.
വൈക്കത്ത് അമ്പലത്തിനെതിരെയുള്ള കായല്‍ക്കരയില്‍ ഒരു ബ്രാഹ്മണന്‍ ഉച്ച സമയത്തെ സൗജന്യ ഭക്ഷണം മുതലാക്കുന്ന പതിവുണ്ട്. ഉത്സവ നാളുകളില്‍ അത് വിഭവസമൃദ്ധമായിരിക്കും . ആദ്യത്തെ പന്തിക്ക് കഴിക്കാന്‍ പറ്റാതെ പോയ പട്ടരുടെ കഥയാണു വൈക്കത്തമ്പലത്തിനു ചുറ്റു പാടും പരന്നിട്ടുള്ളത് .
രണ്ടാമത്തെ ഊണ് വാങ്ങുമ്പോള്‍ ചോറും കറികളും കൂടുതല്‍ വാങ്ങുന്ന സ്വഭാവം ഉണ്ട്. ഊണൂ കഴിക്കാന്‍ ഇലയെടുക്കുമ്പോള്‍ ആ ഇലയോടു കൂടി ബാക്കി വച്ച് ചോറും കറിയും ഒരു തോര്ത്ത് മുണ്ടിലാക്കി ഇല്ലത്തേക്ക് കൊണ്ടു പോകും. ചുരുക്കം പറഞ്ഞാല്‍ ഇല്ലത്ത് ഒരു നേരം മാത്രം ഭക്ഷണം തയാറാക്കിയാല്‍ മതി. ഒരു ഉത്സവ നാളില്‍ പട്ടര്‍ കുളിച്ച് റെഡിയായി വന്നപ്പോഴേക്കും അക്കരെ അമ്പലത്തിലേക്കുള്ള വഞ്ചി പോയിക്കഴിഞ്ഞിരുന്നു. പിന്നീടുള്ള വഞ്ചിയില്‍ ആള്‍ക്കാരേയും കയറ്റി ഇങ്ങോട്ടുള്ള വരവില്‍ ആ വള്ളത്തിലെ ഒരു പരിചയക്കാരനോട് പട്ടരുടെ അന്വേഷണം.
‘ അമ്പലത്തിലെ സദ്യ വട്ടം തുടങ്ങിയോ?”
പട്ടരുടെ പണം മുടക്കാതെയുള്ള ഊണ് അറിയാവുന്ന അയാള്‍ ഒന്ന് ചൊടിപ്പിക്കാന്‍ വേണ്ടി പറഞ്ഞു.
‘ വലിയ പപ്പടം വെളമ്പാന്‍ പോണ കണ്ടേച്ചാ ഞാന്‍ പോന്നെ ‘
‘ ഓ ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല ‘ എന്നു പറയുകയും പട്ടര് കായലിലേക്ക് എടുത്തു ചാടി. നല്ല അടിയൊഴുക്ക് ഉണ്ടായിരുന്നതിനാല്‍ നീന്തലറിയാവുന്ന പലരും ശ്രമിച്ചിട്ടും സ്വാമിയെ കണ്ടെത്താനാവാതെ കുഴങ്ങി. പിന്നെ പിറ്റേന്നാണ് ശവശരീരം കടവില്‍ പൊങ്ങിയത്.
‘വല്യപപ്പടം കിട്ടാഞ്ഞിട്ട് വയ്ക്കം കായലില്‍ ചാടിച്ചത്ത പട്ടരുടെ മോനാ ഈ ഇരിക്കണ കൊച്ചു പട്ടര് ‘
ജേക്കബ്ബിന്റെ ഹെഡ് ഓഫീസിലെ ഈ വിവരണം എല്ലാ നിലയിലും പരന്നതോടെ കുറെ നാളത്തേക്കെങ്കിലും വെങ്കിടി തലകുമ്പിട്ടാണ് നടന്നത്. അയാളുടെ കഷ്ടകാലത്തിന്റെ തുടക്കം അവിടെ നിന്ന് അയിരുന്നു.
ആയിടക്കാണ് സ്വാമിയോട് സാമാന്യം നല്ലൊരു തുക ബ്ലേഡ് പലിശക്കു കടം വാങ്ങിയ എഞ്ചിനീയറിംഗ് വിംഗിങിലെ ഒരാള്‍ സ്ഥലം മാറി മലബാറിലേക്കു പോയത്. പ്ലാന്റേഷന്‍ ഏരിയയായി ബന്ധപ്പെട്ടു കിടക്കുന്ന എസ്റ്റേറ്റുകളിലെ എഞ്ചിനീയറിംഗ് വര്‍ക്ക് ഏകോപിപ്പിക്കാന്‍ വന്ന മനുഷ്യന് ആദ്യമൊക്കെ സ്വാമി പൈസ ചോദിക്കുമ്പോള്‍ ‘ ഉടനെ തരാം ‘ എന്ന മറുപടി കൊടുത്തെങ്കിലും പിന്നൊരു തവണ അന്വേഷിച്ചപ്പോള്‍ ഫോണില്‍ കൂടി പറഞ്ഞ വിവരം സ്വാമിയുടെ നെഞ്ചിടിപ്പിക്കുന്നതായിരുന്നു.
‘ തന്ന പലിശ മുഴുവനും കൂട്ടി നോക്ക്. മേടിച്ച തുകയേക്കാളും കൂടുതല്‍ വരുമത്. ഇനി തരാനൊന്നുമില്ല.’
ആളെ നേരിട്ട് കാണാന്‍ സ്വാമി രണ്ട് ദിവസത്തെ അവധിയെടുത്ത് കാസര്‍കോട്ടേക്ക് പോയ സമയത്തായിരുന്നു അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ഫ്ലയിംഗ് സ്വാഡിന്റെ വരവും കൂലങ്കഷമായ പരിശോധനയും. സ്വാമി തിരിച്ചു വെറും കയ്യോടെ മടങ്ങിയ സമയത്താണ് ചീഫ് അക്കൗണ്ടന്റ് ഓഫീസര്‍ പ്യൂണ്‍ വഴി സ്വാമിയുടെ വീട്ടില്‍ വിവരമറിയിച്ചതും നില്‍ക്കക്കള്ളിയില്ലന്നായപ്പോള്‍ പണ്ടം പണയം വച്ചും കടം വാങ്ങിയും തുക ഓഫീസില്‍ കൊടുത്തയച്ച് പോലീസ് കേസില്‍ നിന്നും രക്ഷപ്പെട്ടതും.
സ്വാമിയുടെ വിക്രിയ എസ്റ്റേറ്റിലിരുന്ന കാലത്തും ഉണ്ടായിരുന്നു. ആദ്യമൊക്കെ എല്ലാവരും പാവത്താനാണെന്നു കരുതിയ സ്വാമി പിന്നീട് രണ്ടു വര്ഷം കഴിഞ്ഞ് എസ്റ്റേറ്റിലെ സ്റ്റോര്‍ പര്‍ച്ചേസിംഗ് വിഭാഗത്തില്‍ വന്നതോടെ ചെറിയ തോതിലുള്ള കൃത്രിമം കാണിച്ച് നക്കാപ്പിച്ച കൈക്കലാക്കുമെന്ന് ജീപ്പിന്റെ ഡ്രൈവര്‍മാര്‍ പറഞ്ഞു കേട്ടിരുന്നു. കൂടുതല്‍ പര്‍ച്ചേസിംഗും അങ്കമാലിയിലും കാലടിയിലും നിന്നായിരിക്കും. പെറ്റി പര്‍ച്ചേസിംഗിനൊന്നും ബില്ലുകളുണ്ടാകില്ല. ഇങ്ങനെ വാങ്ങുന്ന സാധനങ്ങളുടെ ബില്ലിലെ തുകയും കൊടുത്ത തുകയും തമ്മില്‍ വ്യത്യാസമുണ്ടായിരിക്കും. വലിയ തുകയൊന്നും ആയിരിക്കില്ല കിട്ടുന്നത്. സാധാരണ സാധങ്ങള്‍ വാങ്ങുന്ന ഡ്രൈവര്‍മാര്‍ക്കു കിട്ടുന്ന വരുമാനമാണ് സ്വാമി അടിച്ചു മാറ്റുന്നത്. അതുകൊണ്ട് ഡ്രൈവര്‍മാര്‍ക്കെല്ലാവര്‍ക്കും സ്വാമിയോടു പകയുണ്ടായിരുന്നു. മാത്രമല്ല എത്ര മണിക്കൂര്‍ സമയമെടുത്താലും ഒരു ചായ പോലും വാങ്ങിക്കൊടുക്കാനുള്ള സൗമനസ്യം സ്വാമി കാണിക്കില്ല. അപ്പോഴാണ് ഡ്രൈവര്‍ സതീശന് സ്വാമിയോടുള്ള പക തീര്‍ക്കാനുള്ള അവ
സരം വന്നത്
ഉച്ച കഴിഞ്ഞ നേരത്താണ് സ്വാമി സ്റ്റോര്‍ പര്‍ച്ചേസിംഗിനു പോകുന്നത് പതിവു പോലെ വാങ്ങേണ്ട സാധനങ്ങള്‍ വാങ്ങിയ സമയത്താണ് സതീശന്‍ പറയുന്നത് ജീപ്പിന്റെ സ്റ്റെപ്പിനി ടയര്‍ നിറയ്ക്കണം സ്വാമിയെ സാധങ്ങള്‍ വാങ്ങിയ കടയിലിരുത്തി ടയര്‍ നിറക്കാന്‍ പോയ സതീശന്‍ തിരിച്ചെത്തിയത് സന്ധ്യ കഴിഞ്ഞ നേരം. പിന്നെയും കുറെ നേരം സമയമെടുത്തിട്ടാണ് സതീന്‍ തിരിച്ചു പോകാനായി ജീപ്പെടുക്കുന്നത്. ടയറിന്റെ സ്റ്റെപ്പിനിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല എന്നതാണു സത്യം. മാര്‍ക്കറ്റിനടുത്തുള്ള ചാരായ ഷാപ്പില്‍ പോയി നന്നായൊന്നു മിനുങ്ങിയിട്ടാണു സതീശന്‍ വന്നത് . കാലടിക്കു പോകുന്നതിനു മുന്നേ ഉച്ച ഭക്ഷണം കഴിച്ചതല്ലാതെ ഈ നേരം വരെ സ്വാമി ഒന്നും കഴിച്ചിട്ടില്ല. വണ്ടിയെടുത്ത് കണ്ണീമംഗലം ജംഗ്ഷന്‍ കഴിഞ്ഞതേയുള്ളു വളരെ പയ്യെയാണു പോകുന്നത്.
”എന്തു പറ്റി ജീപ്പിനു?”
” സ്വാമി എന്തോ കുഴപ്പമുണ്ട് പുള്ളിംഗ് പവര്‍ ഇല്ലെന്നു തോന്നുന്നു”
” എന്നാലും എപ്പോ എത്താന്‍ പറ്റും? ഒരു തുള്ളി വെള്ളം പോലും കഴിച്ചിട്ടില്ല. വല്ലാത്ത വിശപ്പും ദാഹവും”
”സ്വാമിക്ക് കാലടീന്ന് ചായയോ കാപ്പിയോ കഴിച്ചു കൂടായിരുന്നോ? ആര്‍ക്ക് വേണ്ടിയാ ഇങ്ങനെ പട്ടിണി കെടക്കണെ? പെണ്ണും പെടക്കോഴിയുമൊന്നുമില്ലല്ലോ”
വണ്ടി ഏറെക്കുറെ പാണ്ടു പാറ ഭാഗത്തേക്ക് എത്തുന്നതേ ഉള്ളു. വളരെ സാവകാശത്തിലാണു നീങ്ങുന്നത്. പെട്ടന്നൊരു ഇടിവെട്ടലും മിന്നലും. മഴ കുറെശെ പെയ്യുന്നുണ്ട് കാറ്റടിക്കുന്നുണ്ട് അതോടെ വണ്ടി നിന്നു.
”ഇനി കൊറെ കഴിഞ്ഞിട്ട് പോവാം. പൊടി മഴയാണെങ്കിലും ഗ്ലാസില്‍ വെള്ളം വീണ് കാണാന്‍ പറ്റില്ല”
സ്വാമിയൊന്നും മിണ്ടിയില്ല ഇത് മന:പൂര്‍വം വരുത്തുന്ന താമസമാണെന്ന് സ്വാമിക്ക് ബോദ്ധ്യമായി.
ഇടക്കൊന്നു മയങ്ങിയോ എന്നു സംശയിക്കുമ്പോഴാണ് ജീപ്പിനു മുന്നില്‍ റോഡരുകില്‍ ഒരു സ്ത്രീ രൂപം. അവള്‍ നടന്നടുത്ത് വന്നപ്പോള്‍ അത് സ്ത്രീയോ പുരുഷനോ എന്ന് പറയാന്‍ പറ്റാത്ത വിധം ഒരാള്‍. ഉള്ളില്‍ വാറ്റുചാരായം ഉണ്ടേങ്കിലും സതീശന്‍ പോലും അല്പ്പം പേടിച്ചു പോയി. സ്വാമി സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ചു ‘ ആണ്ടവാ കാപ്പാക്കണെ’
അരമണിക്കൂര്‍ നേരം ജീപ്പനക്കാനാകാതെ ഇരുന്നു. പെട്ടെന്നെന്നോണം രൂപം അപ്രത്യക്ഷമായി.
”സതീശാ കുപ്പിയില്‍ വെള്ളമുണ്ടോ? വല്ലാത്ത ദാഹം”
”ഇനി ഇപ്പം വെള്ളമെവിടുന്നാ? കുപ്പിയിലല്പ്പം വാറ്റു ചാരായമുണ്ട്. ഈ തണുപ്പത്ത് അത് നല്ലതാ”
എന്തും വരട്ടെ എന്നു കരുതി സ്വാമി കുപ്പിയിലുള്ളത് അതേ പടി അകത്താക്കി. സകലചരാചരങ്ങളും ചുറ്റിനും നൃത്തമാടുന്നു. ജീപ്പ് വട്ടം കറങ്ങുന്നു. ഭൂമിയും കറങ്ങുന്നു. ബലമായി മുന്‍വശത്തെ കമ്പിയില്‍ പിടിച്ചു കണ്ണടച്ചു. ഇതിനിടയില്‍ സതീശന്‍ വണ്ടിയെടുത്തു. പുള്ളിംഗ് പവര്‍ തിരിച്ചു കിട്ടിയതു പോലെ. അരമണിക്കൂര്‍ നേരം കൊണ്ട് ജീപ്പ് എസ്റ്റേറ്റ് ഓഫീസിലെത്തി.
അന്നത്തോടെ സ്വാമി ഒരു തീരുമാനമെടുത്തു. ഇനി സ്റ്റോറാവശ്യത്തിനു വേണ്ടി ഒരിടത്തേക്കും ഇല്ല. അന്നത്തെയാ പാവത്താനായ വെങ്കിടി പിന്നാരുടെയൊക്കെയോ കാലു പിടിച്ചാണ് കോട്ടയത്തേക്ക് സ്ഥലമാറ്റം വാങ്ങിയത്. പിന്നീടാണു വിവാഹം. അതോടെ സ്വാമിയുടെ ജീവിതം സുഖലോലുപതയിലേക്കു സാവകാശം നീങ്ങി. കൊണ്ടു വന്ന സ്ത്രീ അങ്ങനൊരു തരക്കാരിയായിരുന്നു. വിശേഷ ദിവസങ്ങളില്‍ അണിഞ്ഞൊരുങ്ങാന്‍ മാല, മൂക്കുത്തി, വള ഇതൊന്നുമില്ലാതെ പറ്റില്ല. സ്വാമിക്കു പിടിച്ചു നില്ക്കാന്‍ പറ്റാത്ത വിധമാണ് ഭാര്യയുടെ ആവശ്യങ്ങള്‍. ജീവിത പങ്കാളിയുടെ ആഗ്രഹങ്ങള്‍ സാധിച്ചെടുക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടം. അക്കൗണ്ട് വിംഗില്‍ ചാര്‍ജെടുത്തതോടെ അതിനുള്ള മാര്‍ഗം സാവകാശം കണ്ടെത്തി. ചീഫ് അക്കൗണ്ടന്റ് ഓഫീസര്‍ കൃഷ്ണമൂര്‍ത്തിയുടെ വഴി വിട്ട ആനുകൂല്യങ്ങള്‍ സ്വാമിക്ക് ഈ പതനത്തിന്‍ ആക്കം കൂട്ടി.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം ഇരുപത്തിയഞ്ച്