ഒരു ദേശം കഥ പറയുന്നു – അധ്യായം അഞ്ച്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

padam-5” എന്താണ് താങ്കളുടെ ഉദ്ദേശ്യം? എന്തിനു വേണ്ടിയാണ് എന്റെ ആസ്ഥാനത്തു വന്നത്? അതോ താങ്കള്‍ക്കും എന്റെ പുരുഷനെ എന്നില്‍ നിന്നും ഇല്ലായ്മ ചെയ്തതില്‍ പങ്കുണ്ടോ? അതൊക്കെ എന്തിനു വേണ്ടിയായിരുന്നു? ആ മനുഷ്യനെ ഇല്ലാതാക്കിയതില്‍ നിങ്ങള്‍ക്കും പങ്കുണ്ടെന്നറിഞ്ഞാല്‍ ഇല്ല, വിടില്ല ഒരുത്തനേയും ”

പെട്ടന്നെന്നോണം മുന്നില്‍ വന്ന അവളില്‍ നിന്നും രക്ഷപ്പെടാനായി ഓടാനുള്ള ശ്രമം വിഫലമായതേയുള്ളു. ഇതാ അവള്‍ തൊട്ടടുത്ത്….. ഒന്നു കയ്യനങ്ങിയാല്‍ ഒരു ചുവട് മുന്നോട്ടു വച്ചാല്‍ കണ്ണടക്കുകയേ നിവര്‍ത്തിയുള്ളു അതു തന്നെയാണു ചെയ്തതും.

ഒരു സ്പര്‍ശം തലയില്‍… മുഖത്ത് മൃദുവായ തലോടല്‍.
” ഉറങ്ങു പേടിക്കേണ്ട ഞാന്‍ പ്രേതമോ പിശാചോ അല്ല. നിങ്ങളേപ്പോലെ ഒരു സാധാണ മനുഷ്യന്‍ താങ്കള്‍ വിചാരിക്കുന്നത് പോലെ ചെയ്തത് വേറെയാരോ”
പൊടുന്നനെ ഞെട്ടിയുണര്‍ന്നു. കണ്ടത് ഒരു ദു:സ്വപ്നമായിരുന്നു എന്നോര്‍ത്തപ്പോള്‍ …..

ഇനി , ഇനി എന്താണ് വേണ്ടത്? ഈ അന്വേഷണം ഇവിടെ അവസാനിപ്പിക്കാമെന്നോ?

ഇല്ല അത് ശരിയാകില്ല അന്ത:കരണം പറയുന്നത് പിന്നോട്ട് പോകരുതെന്നാണ്. എന്തിനു വേണ്ടിയാണ് ഇറങ്ങിത്തിരിച്ചത് ? പാതിവഴിയില്‍ ഈ ശ്രമം ഉപേക്ഷിക്കാനോ?

എസ്റ്റേറ്റ് ഓഫീസില്‍ സ്റ്റാഫ് വരുന്നതേയുള്ളു. ഒമ്പതിനു ഓഫീസ് തുറക്കണമെന്നാണ് കമ്പനിയുടെ നിര്‍ദ്ദേശം. പക്ഷെ ഒരിക്കലും ഓഫീസ് കൃത്യ സമയത്ത് തുറന്നതായി അറിയില്ല. ഏതെങ്കിലും ഓണക്കാലത്ത് ജോലിക്കാരുടെ ബോണസും അഡ്വാന്‍സും തയാറാക്കുന്നതിനു മുന്നോടിയായി കുറെ ദിവസം ഓഫീസ് ഒമ്പതു മണിക്ക് മുന്‍പു മാത്രമല്ല വൈകീട്ടു ചിലപ്പോള്‍ രാത്രിയിലും പ്രവര്‍ത്തിക്കാറുണ്ട്.

ഓഫീസ് തുറന്നപ്പോള്‍ ഒമ്പതര കഴിഞ്ഞു. സൂപ്രണ്ട് വന്നത് പിന്നെയും പത്തു മിനിറ്റ് കഴിഞ്ഞാണ്. ഓഫീസില്‍ നിന്നുള്ള ഒരാള്‍ ഇവിടെ വന്നു എന്നതു കൊണ്ടാകാം പലരും പല ന്യായീകരണങ്ങളും നടത്തി. രാത്രി കുറെ നേരം പണി ഉണ്ടായിരുന്നതു കൊണ്ട് വൈകി എന്നാണ് ഓഫീസ് സൂപ്രണ്ടിന്റെ ന്യായീകരണം. വാസ്തവത്തില്‍ ഇങ്ങനൊരന്വേഷണത്തിനല്ല വന്നത് എന്നതു കൊണ്ട് അവര്‍ വൈകിയതോ അവരുടെ ന്യായീകരണങ്ങളോ ഒന്നും കണക്കിലെടുത്തില്ല. വന്ന ആവശ്യം ഒന്നു മാത്രം ഇവിടെ കോണ്ട്രാക്ടര്‍ രാമന്‍കുട്ടി കാട് വെട്ടിത്തെളിക്കാന്‍ കൊണ്ടു വന്ന വര്‍ക്കേഴ്സില്‍ എത്ര പേരെ കോര്‍പ്പറേഷന്‍ ജോലിക്കെടുത്തിട്ടുണ്ട്? അവരുടെ അവസ്ഥ എന്ത്? കോര്‍പ്പറേഷന്‍ വേതന വ്യവസ്ഥകളെന്തൊക്കെയാണ്? ഈ അന്വേഷണത്തിന് ഒരോറ്റ ഉദ്ദേശ്യമേ ഉള്ളു.

ഐബിയില്‍ പണിക്ക് നില്ക്കുന്ന സ്ത്രീ തൊഴിലാളികളുടെ വിലാസവും വിവരങ്ങളും സമ്പാദിക്കുക. കോണ്ട്രാക്ടര്‍ നല്‍കുന്ന വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കുന്നുണ്ടോ അങ്ങനെ വരുമ്പോള്‍ ആ തെലുങ്കത്തിയുടെ വിവരവും ഉണ്ടാകുമല്ലോ.

പക്ഷെ അതൊന്നും വേണ്ടി വന്നില്ല. കോണ്ട്രാക്ട്രറുടെ പണിക്കാരുടെ ലിസ്റ്റ് മേടിച്ചു വയ്ക്കുന്ന സ്വഭാവമില്ല . എഗ്രിമെന്റ് കോണ്ട്രാക്ടറുടെ പേരിലേ ഉള്ളു . അയാളുടെ പണിക്കാര്‍ ആരൊക്കെ അവര്‍ എവിടെ നിന്നും വരുന്നു എന്നുള്ള ഉത്തരവാദിത്വമൊന്നും മാനേജ്മെന്റ് ഏറ്റെടുത്തിട്ടില്ല.

ഓഫീസില്‍ ചെന്നതു കൊണ്ടു മാത്രം കാഷ് വെരിഫിക്കേഷനും അറ്റന്‍ഡന്‍സ് രജിസ്റ്ററും പരിശോധിച്ചു എന്ന് വരുത്തി. അപ്പോഴേക്കും ഫീല്‍ഡ് ഇന്‍സ്പെക്ഷന്‍ കഴിഞ്ഞ് എസ്റ്റേറ്റ് മാനേജര്‍ വന്നു.

”വരുമെന്ന് അറിയിച്ചിരുന്നെങ്കില്‍ ജീപ്പയക്കുമായിരുന്നു ഇവിടം വരെ നടക്കേണ്ടിയിരുന്നില്ല” എന്നു പറഞ്ഞ മാനേജരോട് ഇത്രയുമേ പറഞ്ഞുള്ളു .

”കാലത്തെ ഒരു നടത്തം അതേ ഉദ്ദേശിച്ചുള്ളു. മടക്കം വണ്ടിയിലാകാമല്ലോ”

തിരിച്ചു ഐബിയിലെത്തിയത് ഉച്ചയോടെ . ഉച്ചഭക്ഷണ സമയത്ത് സുകുമാരന്‍ കാലടിയില്‍ പോകുന്ന കാര്യം പറഞ്ഞു. ഐബിയിലെ സാധനങ്ങള്‍ പലതും തീര്‍ന്നു. പച്ചക്കറികള്‍ മാത്രമല്ല കുറെ പലവ്യജ്ഞനങ്ങളും അരിയും പരിപ്പും പാല്‍പ്പൊടിയും ഒക്കെത്തീര്‍ന്നു. ഇന്നാണ് എസ്റ്റേറ്റ് ഓഫീസില്‍ നിന്നും പൈസ കിട്ടിയത്. അരമണിക്കൂര്‍ കഴിഞ്ഞ് മാനേജര്‍ നാട്ടിലേക്കു പോകുന്നുണ്ട് അന്നേരം പോകാമെന്ന് പറഞ്ഞു.

” ഞാനും വരുന്നു. ഇവിടിങ്ങനെ ഒറ്റക്ക് കുത്തിയിരുന്ന് മടുത്തു. ഇത്തി കാറ്റും വെളീച്ചവും കിട്ടുമല്ലോ”

മാനേജര്‍ വന്നപ്പോള്‍ പിന്നൊന്നും ആലോചിക്കാന്‍ നിന്നില്ല. മാനേജരോടൊപ്പം ജീപ്പില്‍ കയറി. മടക്കം നീലീശ്വരം നടുവട്ടം വഴി കണ്ണിമംഗലം കൂടി കടന്ന് പാണ്ടു പാറ വഴിയാകാം അതായിരുന്നു ലക്ഷ്യം.

” എന്തു പറ്റി മറ്റുള്ളവര്‍ക്ക്?” മാനേജരുടെ അന്വേഷണത്തിനു മറുപടി ഒരു വാക്കിലൊതുക്കി.

”വണ്ടിയില്ല വര്‍ക്ക് ഷോപ്പിലാണെന്നാ കേട്ടത്”
യാത്രയിലുടനീളം മാനേജര്‍ പേരാമ്പ്ര തോട്ടത്തിലായിരുന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങളാണു വിളമ്പിയത്. നക്സലൈറ്റ് ആണെന്ന സംശയത്തില്‍ കോഴിക്കോട്ടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി രാജനെ കക്കയം പോലീസ് ക്യാമ്പില്‍ കൊണ്ടു പോയി കൊലപ്പെടുത്തി കക്കയം ഡാമിലേക്ക് പെട്രോളൊഴിച്ച് കത്തിച്ചു തള്ളിയതു വരെ സംസാരത്തില്‍ കടന്നു വന്നു. അപ്പോള്‍ പൊടുന്നനെ പാണ്ടു പാറയിലെ വഴിയരുകില്‍ മറഞ്ഞ സ്ത്രീ രൂപം മനസിലേക്കു കടന്നു വന്നു.

മാനേജര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു. എല്ലാത്തിനും ഇടക്കു മൂളി, അല്ലെങ്കില്‍ അങ്ങനെയോ അതെയോ എന്നൊക്കെ പറയാനേ കഴിഞ്ഞൊള്ളു. ഇന്നലെ സ്വപ്നത്തില്‍ കണ്ടവള്‍ പറഞ്ഞത് അവളുടെ‍ കമിതാവിനെ കൊക്കയിലേക്കു തള്ളിയിട്ടെന്നാണ്. പാണ്ടു പാറയില്‍ കണ്ടവളും സ്വപ്നത്തില്‍ കണ്ടവളും ഒന്നു തന്നെയോ?

ജംഗ്ഷനിലുള്ള അച്യുതന്‍ നായരുടെ ഹോട്ടലില്‍ കറി ഭക്ഷണം കഴിക്കാമെന്ന മോഹം വെറുതെയായി. രണ്ടു മാസത്തിലേറെയായി ഹോട്ടല്‍ നിറുത്തിയിട്ട്. അയാളുടെ മകളുടെ ദുരന്ത മരണമാണ് കാരണം. പുഴയില്‍ കുളിക്കാന്‍ പോയ അവള്‍ തിരിച്ചു വന്നില്ല. പുഴയിലെ ചുഴിയില്‍ പെട്ട് മരണമടയുകയായിരുന്നു. അതോടെ നായര്‍ ഹോട്ടല്‍ വേണ്ട എന്നു വച്ചു.
മടക്കത്തിനു മുമ്പ് കവലയില്‍ കയറി ഭക്ഷണം കഴിച്ചു. ഐബിയിലെ ആവര്‍ത്തന വിരസമായ ഭക്ഷണത്തില്‍ നിന്ന് മോചനത്തിനു വേണ്ടിയുള്ള ശ്രമം വെറുതെയായി. ഊണൂ കഴിച്ചെന്നു വരുത്തി അത്രയേ ഉള്ളു. സുകുമാരനും ജീപ്പ് ഡ്രൈവര്‍ക്കുമൊന്നും ആ പ്രശ്നമില്ലെന്നു തോന്നി. രണ്ടാമതും ചോറും കറികളും വാങ്ങി കഴിക്കുന്നു.

അച്യുതന്‍ നായരുടെ ഹോട്ടലിന്റെ കഷ്ടകാലം നാലഞ്ചു മാസം മുന്‍പ് താലൂക്കാഫീസില്‍ നിന്നും വന്ന തഹസീല്‍ദാരേയും രണ്ട് ശിപായിമാരേയും ഊണ് കൊടുക്കാതെ എഴുന്നേല്പ്പിച്ച് വിട്ടതോടെയാണെന്നാണ് സുകുമാരന്റെ ഭാഷ്യം.

മിച്ച നെല്ലളക്കാന്‍ വന്നവരായിരുന്നു. തങ്ങള്‍ക്ക് മിച്ച നെല്ലില്ലെന്നും ഹോട്ടലിന്റെ ആവശ്യത്തിനു തന്നെ കിട്ടുന്നില്ലെന്നും പറഞ്ഞിട്ടും അവര്‍ വഴങ്ങിയില്ല. അറ പൂട്ടി സീല്‍ ചെയ്ത് പോവുകയായിരുന്നു. ഉച്ച കഴിഞ്ഞ നേരത്ത് തഹസീല്‍ദാരും ശിപായിമാരും ഊണ് തേടി വന്നത് അച്യുതന്‍ നായരുടെ ഹോട്ടലില്‍.

കാലത്ത് തന്റെ വീട്ടില്‍ വന്ന് പത്തായം സീല്‍ ചെയ്തവരെ കണ്ടതോടെ , പിന്നീട് സുകുമാരന്‍ പറഞ്ഞ കഥ കുറെ അതിശയോക്തി കലര്‍ന്നതാണെങ്കിലും നര്‍മ്മം പുരണ്ടതായിരുന്നു.

” എഴുന്നേല്‍ക്കടാ അവിടുന്ന് അന്നം മുട്ടിക്കാന്‍ വന്നവര്‍ക്ക് മൃഷ്ടാന്നം വേണം അതും ചക്കാത്തിന്. സര്‍ക്കാരുദ്യോഗസ്ഥരല്ലേ കാശ് മേടിച്ചാല്‍ പിന്നെയീ ഹോട്ടലു പൂട്ടിക്കില്ലേ?”

പകച്ചു പോയ തഹസീല്‍ദാരും ശിപായിമാരും എഴുന്നേല്‍ക്കാനല്പ്പം വൈകി. ഇങ്ങനെയൊരു സ്ഥിതി വിശേഷം അവര്‍ പ്രതീക്ഷിച്ചില്ല. മുന്‍പിലിരുന്ന ഇല ഓരോന്നും അച്യുതന്‍ നായര്‍ തന്നെ പെറുക്കിയെടുത്തപ്പോള്‍ അവര്‍ ധൃതിയില്‍ സ്ഥലം വിട്ടു.
വീണ്ടും ഇന്‍സ്പക്ഷന്‍ ബംഗ്ലാവില്‍ എത്തുമ്പോഴേക്കും എസ്റ്റേറ്റ് ഓഫീസില്‍ നിന്നും വന്ന ഒരു കത്ത് മേശപ്പുറത്തു കിടന്നിരുന്നു. ഹെഡ് ഓഫീസില്‍ അക്കൗണ്ട് ജനറലിന്റെ ഓഡിറ്റ് ടീം വന്നതിനാല്‍ കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗത്തിന്റെ സേവനം അവിടെ ആവശ്യമുണ്ട്. ഈ ആഴ്ച ഓഡിറ്റ് ടീം വരുന്നില്ല.

അത്ര മാത്രമേ പറയുന്നുള്ളു. താനും കൂടി അങ്ങോട്ട് ചെല്ലണമെന്നോ അവരുടെ കൂടെ കൂടണമെന്നോ പറയുന്നില്ല. ഇന്നിനി തിരിച്ചു പോകാനും പറ്റില്ല. ഇനിയുള്ള ബസ്സ് രാത്രിയിലേ ഉള്ളൂ. അതിനു പോയാല്‍ രാത്രി എവിടെയെങ്കിലും തങ്ങേണ്ടി വരും. ഇന്നും ഇവിടെ തന്നെ കഴിച്ചു കൂട്ടാന്‍ തീരുമാനിച്ചു.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English