പല തവണ സ്വപ്നത്തിൽ വന്ന് എന്റെ ഉറക്കം കെടുത്തുകയും ചെയ്ത പെൺകുട്ടി വെള്ളസാരി , വെള്ള ബ്ലൗസ് മുടി പിന്നിലൊട്ടിട്ട് ഒരു പിന്നെ ഒരു മനുഷ്യസ്ത്രീ.
കൈകൂപ്പി യാത്ര ചോദിക്കാൻ നേരം എനിക്ക് ചോദിക്കേണ്ടി വന്നു .
‘ നമ്മൾ തമ്മിൽ മുൻപ് കണ്ടിട്ടുണ്ട് ‘
‘ എവിടെ വച്ച്’
‘ കാലടി പ്ലാന്റേഷനിലേക്കു പോകുന്ന വഴിയിൽ നിലാവുള്ള രാത്രിയിൽ ഏകദേശം അർദ്ധരാത്രിയോടടുത്ത നേരം ‘
‘ ഞാൻ ഓർക്കുന്നില്ല ഒരു പക്ഷെ ശരിയായിരിക്കാം . മുമ്പവിടെ ഞങ്ങൾക്ക് പാണ്ടുപാറ ഭാഗത്ത് ചെറിയൊരു തോട്ടമുണ്ടായിരുന്നു ഏകദേശം രണ്ടേക്കറോളം വരുന്ന ഭൂമി. അവിടെ ആശ്രമത്തിനോട് ചേർന്ന് എന്റെയച്ഛൻ ഫോറസ്ററ് ഡിപ്പാർട്ടുമെന്റിൽ ജോലിയായിരുന്നു . ഡിവിഷനിൽ ഫോറസ്റ്റിനോട് ചേർന്ന് കുറെ സ്ഥലം മിലിട്ടറിയിൽ നിന്നും വിരമിച്ചവർക്ക് പതിച്ചു കൊടുത്തിരുന്നു മിക്കവരും അത് വിറ്റു. അച്ഛൻ ഒരു കൗതുകത്തിനു മേടിച്ച സ്ഥലം. അവിടൊരു രണ്ടു മുറി വീട് പണിതിരുന്നു. അച്ഛൻ റിട്ടയർ ചെയ്തതിനു ശേഷം വല്ലപ്പോഴും ഞങ്ങളൊക്കെ അവിടെ പോയി താമസിക്കുമായിരുന്നു അങ്ങനുള്ള സമയത്തായിരിക്കണം കണ്ടത്’
‘അന്ന് നിലാവുള്ള സമയത്ത് ദൂരേന്നു കാണുമ്പോൾ ഒരു യക്ഷിയാണെന്നു തോന്നിച്ചു. പക്ഷെ അടുത്ത് വന്ന സംസാരിച്ചതോടെ പേടി മാറി ‘
ഒരു പൊട്ടിച്ചിരി
‘ എന്റീശ്വരാ എന്നെ യക്ഷിയായി കണ്ടുവെന്ന് പറഞ്ഞാൽ ഞാനെന്താണ് പറയുക ? ചോരയൂറ്റി കുടിക്കാൻശ്രമിച്ചു എന്നൊന്നും പറയല്ലേ നല്ല നിലാവുള്ള സമയം റോഡിൽ കൂടി ഞാനെങ്ങനെയൊക്കെ കുറെ ദൂരം നടന്നിട്ടുണ്ട്’
‘ ഇപ്പോഴും ആ സ്ഥലത്ത് പോകാറുണ്ടോ? അന്നെന്നെ വീട് കാണിച്ച് തരാമെന്നു പറഞ്ഞ് പെട്ടന്ന് അടുത്തുള്ള പൊന്തക്കാട്ടിൽ മറഞ്ഞു. ശരിക്കും പേടിച്ചത് അപ്പോഴാ ‘
‘ എങ്കിൽ കേട്ടോളു അച്ഛനറിയാതെയുള്ള യാത്രയായിരുന്നു അത് . വഴിയിൽ ഒരപരിചിതനെ കണ്ടതോടെ ആ സമയത്ത് ഞാനും പേടിച്ചു വീട് കാണിച്ചു തരാമെന്നു പറഞ്ഞ് ഞാൻ പെട്ടന്ന് വീട്ടിലേക്ക് കാട്ടു ചെടികളുടെ മറവിലൂടെ പോയതായിരിക്കണം ഒരപരിചിതനെ പ്രതീക്ഷിക്കാത്ത നേരത്ത് കാണുമ്പോൾ പേടിച്ചല്ലേ ഒക്കു . പിന്നെ എന്റെ വിവാഹമുറച്ചതോടെ ആ സ്ഥലം അച്ഛൻ ആർക്കോ വിറ്റു ഞങ്ങൾ ആലുവായ്ക്കു അടുത്തുള്ള തറവാട്ടിലേക്ക് താമസം മാറ്റി. ഏതായാലും താങ്കളായിരുന്നു ആ കക്ഷി. നമ്മൾ ഇരുവരും പേടിച്ചുവെന്നതാരിക്കും സത്യം അല്ലെ?’
ഞങ്ങൾ തമ്മിലുള്ള സംഭാഷം അൽപ്പം മാറി നിന്ന് കൗതുകത്തോടെയാണ് ഗോപിനാഥൻ നോക്കിക്കണ്ടത്
‘ ശാലിനിയുടെ സാഹസികത പലപ്പോഴും എന്നെയും കുഴപ്പത്തിലാക്കിയിട്ടുണ്ട് .എപ്പോഴെങ്കിലും മൂന്നു നാല് ദിവസം ഒഴിവ് കിട്ടിയാൽ ഏതെങ്കിലും മലയോരപ്രദേശത്തേക്കായിരിക്കും യാത്ര. ഒരു കുട്ടിയായതോടെ അതൊക്കെ നിന്നു. ശാലിനിക്ക് ജോലിയായതോടെ അത്തരം യാത്രകളൊക്കെ ഏറെക്കുറെ നിർത്തിയ മട്ടാണ് ‘
‘അപ്പോൾ കുട്ടിയുടെ കാര്യം പറഞ്ഞല്ലോ എന്തെ ആ കുട്ടിയെ കൊണ്ടുവന്നില്ല ?’
‘മകളാണ് പൂനയിലാണ് പഠിക്കുന്നത് അവധി ദിവസങ്ങളിൽ ഞങ്ങൾ അങ്ങോട്ട് പോകുന്നു. ഇതൊക്കെയാണ്, പഴയ സാഹസിക യാത്രകളൊക്കെ നിന്നു ‘
യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ ഇൻസ്പെക്ഷൻ ബംഗ്ളാവിൽ വച്ച് കണ്ട തമിഴത്തിയെ ഓർമ്മ വന്നു. പിനീട് എസ്റ്റേറ്റിൽ തീ പിടുത്തമുണ്ടായ സമയത്തും തീയണക്കാൻ വന്നവരുടെ കൂട്ടത്തിൽ ഇതേ സാദൃശ്യമുള്ളയാളെയും കണ്ടു. ലോകത്ത് ഒരേ ഛായയുള്ള ഏറെ പേരുണ്ടാകും എന്നാലും അവരായിരുന്നു ഉത്തരം തേടുന്ന ചോദ്യങ്ങൾ പലപ്പോഴും എന്റെ മനസിലേക്ക് കടന്നു വരാറുണ്ട് ഇന്നേവരെ ശരി ക്കുമൊരുത്തരം കിട്ടിയിട്ടില്ലെന്ന് മാത്രം.