”അല്ല ഗോപിനാഥന്‍ എന്ന പേരുമായി ബന്ധപ്പെട്ട് ഏതാനും വര്‍ഷം മുന്‍പ് അവിടേ ഒരു പെണ്‍കുട്ടി പുഴയില്‍ ചാടി ജീവനൊടുക്കിയ കഥ ഓര്‍മ്മയില്‍ വന്നു അങ്ങനെ ഒരു സംശയം ”
” ഓ എനിക്കറിയാം അതിലെ വില്ലന്‍ കഥാപാത്രമായിരുന്നു ഞാന്‍. എല്ലാവരും കൂടി വില്ലനാക്കുകയായിരുന്നു. പത്രങ്ങളും പോലീസും എനിക്കങ്ങനെയൊരു പേരുദോഷം സമ്മാനിച്ചു”
”അപ്പോള്‍ ആ കേട്ടതൊക്കെ ? കള്ളക്കഥയാണെന്നാണോ പറയുന്നത്?”
” അര്‍ദ്ധസത്യം മാത്രമാണ് നിങ്ങള്‍ കേട്ടത്. വെളുപ്പിനു ഞാന്‍ താമസിക്കുന്ന ക്വേര്‍ട്ടേഴ്സില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള പുഴക്കടവില്‍ പോയി കുളിക്കുക പതിവുണ്ട്. അന്നവിടെ പുഴക്കരയില്‍ വച്ചീ പെണ്‍കുട്ടിയെ കണ്ട പരിചയമുണ്ട്. പക്ഷെ സൗമിനി അതാണാ കുട്ടിയുടേ പേര്‍. ആ കുട്ടി പുഴയില്‍ ചാടിയുള്ള മരണവുമായി എനിക്കൊരു ബന്ധവുമില്ല. ആളെ പരിചയമുണ്ടെന്നു മാത്രം ”
‘ ഞാന്‍ കേട്ടത് അങ്ങനെയല്ല വര്‍ഷങ്ങളായി നിങ്ങള്‍ പ്രണയബദ്ധരായിരുന്നുന്നെന്നും അവള്‍ ഗര്‍ഭിണയാണെന്നറിഞ്ഞപ്പോള്‍ നിങ്ങള്‍ സ്ഥലം വിട്ടെന്നും ആ മനോദു:ഖത്തില്‍ അവള്‍ ..”
മുഴുവനാക്കാന്‍ സമ്മതിക്കാതെ ഗോപിനാഥന്‍.
” ഞാന്‍ പറഞ്ഞല്ലോ കേട്ടത് അര്‍ദ്ധസത്യം മാത്രമാണെന്ന്. ഒന്നാമത് ഞാനാ സ്കൂളില്‍ രണ്ടുവര്‍ഷമേ ജോലി ചെയ്തുള്ളു കാലടിപ്പുഴയടുത്തുള്ളതുകൊണ്ട് രാവിലത്തെ കുളി അധികവും അഞ്ചുമണി സമയത്ത് ആശ്രമം കടവിലായിരുന്നു . അവിടെ ഏറെക്കുറേ ആ സമയത്തു തന്നെ ആ പെണ്‍കുട്ടിയും വരും. അതാണ് ഞങ്ങള്‍ തമ്മിലുള്ള പരിചയം. പിന്നൊരു ദിവസം കുളി കഴിഞ്ഞുള്ള മടക്കത്തില്‍ നല്ല മഴ വന്നപ്പോള്‍ അവളുടെ കുട എനിക്കു തന്നു. ‘മഴ നനയണ്ട സ്കൂളില്‍ പഠിപ്പിക്കുന്നതല്ലേ, പനി വരും’ അതാണു തുടക്കം”
” പനി എനിക്കു മാത്രമല്ല കുട്ടിക്കും വരില്ലേ? അതുകൊണ്ട് ഒരാള്‍ മാത്രം കുട ചൂടി പോണത് ശരിയല്ല’
” ഇല്ല എനിക്കിതൊക്കെ ശീലമാണ്”
എന്നെ പറ്റി ആ കുട്ടി എല്ലാം മനസിലാക്കിയിരിക്കുന്നു. വാസ്തവത്തില്‍ കാലടി സ്കൂളീല്‍ ജോലിക്കു വന്നതിന്റെ പിറ്റെ ആഴ്ച മുതല്‍ ദിവസേന കാണുന്നതാണ്. പക്ഷെ സംസരിക്കുന്നത് ഇതാദ്യം.
വഴിയരികിലുള്ള ഒരു ചാര്‍ത്തില്‍ കയറി നിന്നിട്ടും രക്ഷയില്ല മഴ കൂടി വരുന്നു.
” എനിക്കു പോകണം അച്ഛനിപ്പോ എഴുന്നേറ്റു കാണും കുട സാറെടുത്തോളു നാളെ കാലത്ത് തന്നാ മതി”
”വേണ്ട ഒരാള്‍ മാത്രമായി നനയണ്ട ബുദ്ധിമുട്ടില്ലെങ്കില്‍ നമുക്കൊരുമിച്ചു പോകാം”
പിന്നെ ആ കുട്ടിയുടെ സമ്മതത്തിനു കാത്തു നില്‍ക്കാതെ കുട നിവര്‍ത്തി ഒരുമിച്ചു നടന്നു. ക്വേര്‍ട്ടേഴ്സിനടുത്തെത്തിയപ്പോള്‍ ചോദിച്ചു.
‘ കുട്ടിയുടെ അച്ഛന്റെ പേരെന്താ?’
” അച്ചുതന്‍ നായര്‍ ടൗണില്‍ ഹോട്ടല്‍ നടത്തുന്നു”
അതോടേ എനിക്കാളെ മനസിലായി വല്ലപ്പോഴും ടൗണില്‍ പോകുമ്പോള്‍ ഉച്ചയൂണു കഴിക്കുന്നത് അവിടെയാണ്.
”എനിക്കാളെ അറിയാം ടൗണില്‍ പോകുമ്പോള്‍ ഉച്ചയൂണൂ അവിടെയാണു”
അതായിരുന്നു ഞങ്ങളുടെ ആദ്യ സംഭാഷണം. പിന്നീടു കാണുമ്പോള്‍ ചിരിച്ചെന്നു വരും. സംസാരം വളരെ കുറവ്. ഏകദേശം രണ്ടു വര്‍ഷക്കാലം അവിടെ ജോലി ചെയ്ത സമയത്തെ പരിചയം സുദൃഡമായത് ഒരു തവണ കുളി കഴിഞ്ഞ് മടങ്ങാന്‍ നേരം പറഞ്ഞ വാക്കുകളാണ്.
‘ എനിക്കൊരു കല്യാണാലോചന വരുന്നു. പയ്യന്റെ ആള്‍ക്കാര്‍ പെണ്ണുകാണല്‍ ചടങ്ങിനു വന്നു. എന്തുകൊണ്ടോ ആ കല്യാണം വേണ്ടാന്നു വയ്ക്കണം എന്നുണ്ട്. പക്ഷെ അച്ഛനോടു പറയാന്‍ പറ്റുന്നില്ല ‘
‘ എന്താ പറ്റാത്തെ പയ്യനെന്തെങ്കിലും കുഴപ്പം?’
‘ അതല്ല ആളെ കാണാന്‍ കുഴപ്പമൊന്നുമില്ല എന്നാലും’
‘ എന്താ പറയെണ്ടെ കുട്ടിയുടേ അച്ഛനെ കണ്ട് പരിചയമുണ്ടെന്നല്ലാതെ വേറൊരു അടുപ്പവുമില്ല ‘
പോവാന്‍ നേരം അല്പ്പം സങ്കോചത്തോടേ അവള്‍ പറഞ്ഞു.
‘ സാറ് പറയണം എന്നെന്നും ഞാന്‍ പറയില്ല. ഒന്നാമത് സാറാരാ എവിടുന്നാ എന്നൊന്നും എനിക്കറിയില്ല. പക്ഷെ എന്റെ മനസില്‍……’
പിന്നവള്‍ നടന്നു നീങ്ങി ഒന്നു കൂടി തിരിഞ്ഞു നോക്കി.
‘ എനിക്കൊരു പേരുണ്ട് സൗമിനി. സാറിനി അങ്ങനെ വിളീച്ചാ മതി’
രണ്ടു ദിവസത്തേക്കവളെ കണ്ടില്ല. മൂന്നാം ദിവസം അവളെ വീണ്ടും കണ്ടു. മഴ തകര്‍ത്തു പെയ്യുന്ന സമയത്തു തന്നെ.
കണ്ടപാടെ അവള്‍ പറഞ്ഞു.
”എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ആ കല്യാണാലോചന മുടങ്ങി പോയി”
” എന്താ കാരണം ?”
”ശരിക്കുമറിയില്ല എന്റെ കണക്കുകൂട്ടല്‍ ശരിയാണെങ്കില്‍ കല്യാണം കഴിഞ്ഞാല്‍ പയ്യന്‍ ഇവിടെ തന്നെ താമസിക്കണമെന്ന് അച്ഛന്‍ പറഞ്ഞു കാണും. ഞാനൊരേയൊരു മകള്‍. ഞാന്‍ പോയാല്‍ അച്ഛന്‍ ഒറ്റക്കാകുമെന്നും വീട്ടുകാര്യങ്ങള്‍ നോക്കാന്‍ അച്ഛന്റെ കാലശേഷം ആരുമുണ്ടാകില്ലെന്നും പറഞ്ഞു കാണും. അങ്ങയാണു ചുറ്റുപാടുമുള്ളവര്‍ പറഞ്ഞു കേട്ടത്”
ഇത്തവണ മഴ പെയ്തപ്പോള്‍ അവളെ ചേര്‍ത്തു നിര്‍ത്തി നടക്കാന്‍ എനിക്കൊരു സങ്കോചവുമുണ്ടായില്ല .അവളും എതിര്‍പ്പു കാണിച്ചില്ല. ക്വേര്‍ട്ടേഴ്സിലേക്ക് ഞാന്‍ മടങ്ങാന്‍ നേരം അവള്‍ പറഞ്ഞു.
” എനിക്കെന്നും സാറിന്റെ കൂടെ ഇങ്ങനെ നടക്കണമെന്നാഗ്രഹമുണ്ട് എന്റെ പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടുകാണും. അതുകൊണ്ടാകാം ആ കല്യാണാലോചന മൊടങ്ങിയെ ഇനി സാറാണ്..”
ഇത്തവണ സൗമിനിയോടു ഞാനാണു പറഞ്ഞത് .
”എനിക്കുമൊരു പേരുണ്ട് ഗോപിനാഥന്‍. ഇനി അങ്ങിനെ വിളീച്ചാല്‍ മതി ”
”ഗോപിയേട്ടാ എന്നു വിളിക്കാനൊരു സുഖമുണ്ട് എനിക്കിഷടമായി ”
കൂടുതലൊന്നും പറയാതെ അവള്‍ മടങ്ങി.
രണ്ടു ദിവസം കൂടിയേ സൗമിനിയെ എനിക്കു കുളിക്കടവില്‍ കാണാന്‍ പറ്റിയുള്ളൂ. എനിക്കു സംസ്കൃതം എം. എ യ്ക്കു കേരളാ യൂണിവേഴ്സിറ്റിയില്‍ പഠിക്കാനുള്ള സെലക്ഷന്‍ കിട്ടി. ആശ്രമം സ്കൂളീലെ ജോലി രാജി വച്ചു. രാവിലെ സൗമിനിയെ കുളീക്കടവില്‍ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു.
” ഇനി നമ്മള്‍ തമ്മില്‍ ഒരു പക്ഷെ നാളെ കൂടിയേ കണ്ടെന്നു വരു എനിക്കു കൂടുതല്‍ പഠിക്കാനുള്ള സൗകര്യത്തിനു വേണ്ടി ഞാന്‍ തിരുവനന്തപുരത്തേക്കു പോകുന്നു”
മഴ പെയ്യുന്നില്ലെങ്കിലും കയ്യിലുള്ള കുട നിവര്‍ത്തി അവള്‍ എന്റെ അരികിലേക്കു നീങ്ങി. വിക്ഷുബ്ധമായ വികാരത്താല്‍ അവള്‍ വീര്‍പ്പടക്കുന്നു. പുഴക്കരയില്‍ നിന്നും ക്വേര്‍ട്ടേഴ്സിലേക്കു ഞങ്ങള്‍ ഒരുമിച്ചു നീങ്ങി. എങ്ങനെ അവളെ ആശ്വസിപ്പിക്കണമെന്നറിയാതെ ഒരു വിങ്ങല്‍ ഉള്ളീല്‍.
പിരിയാന്‍ നേരം ഞങ്ങള്‍ ആലിംഗബദ്ധരായി. എന്റെ ദേഹഥ് മുഖമമര്‍ത്തിക്കൊണ്ടു പറഞ്ഞു.
” എന്റേത് അതിരു കടന്ന മോഹമായിരുന്നു. ആഗ്രഹിക്കാനല്ലേ പറ്റു അവകാശപ്പെടാന്‍ അര്‍ഹതയില്ലല്ലോ”