ഒരു ദേശം കഥ പറയുന്നു അധ്യായം – അറുപത്

 

 

 

 

 

 

 

സിനിമ പുറത്തിറങ്ങിയതോടെ എന്നെ അന്വേഷിച്ച് പല പ്രൊഡ്യൂസര്‍മാരും സംവിധായകരും തിരക്കഥാകൃത്തുക്കളും വന്നെങ്കിലും അവര്‍ക്കൊക്കെ വേണ്ടത് മനസില്‍ കണ്ടു വച്ച ഒരു നടനേയോ നടിയേയോ കേന്ദ്രീകരിച്ച കഥകളായതുകൊണ്ട് ഒന്നും ഫലപ്രദമായില്ല. ഹരിപോത്തനേപ്പോലെ ഒരു പ്രൊഡ്യൂസറും പത്മരാജനേപ്പോലെ ഒരു പുതുമകള്‍ തേടുന്ന ഡയറക്ടറും പിന്നീടെന്റെ സാഹിത്യ സൃഷ്ടികള്‍ തേടി എത്തിയില്ല എന്നതാണ് വാസ്തവം.

മാത്രമല്ല ചിലരോട് പറഞ്ഞ കഥകള്‍ കുറെ മാറ്റങ്ങളോടേ വേറെ ചിലര്‍ സിനിമയാക്കുന്ന പ്രക്രിയയും വന്നു പെട്ടു. ഞാന്‍ കഥ പറഞ്ഞപ്പോള്‍ കേട്ട ഡയറക്ടറായിരിക്കില്ല സിനിമ എടുക്കുക. പറഞ്ഞ കഥയില്‍ കുറെ മാറ്റങ്ങള്‍ വരുത്തിയതുകൊണ്ട് ചോദ്യം ചെയ്യാനും നിവര്‍ത്തിയില്ല. അതോടെ ഈ രംഗത്ത് വരണമെന്ന താത്പര്യം മാറ്റിവച്ചു.

പക്ഷെ സിനിമാരംഗത്ത് വരിക എന്നതിനേക്കാളൂം സാഹിത്യരംഗത്ത് എന്തെങ്കിലും സംഭാവന ചെയ്യണമെങ്കില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജോലി ഉപേക്ഷിച്ചേ പറ്റു എന്നുവന്നതോടെ രാജി വയ്ക്കുക എന്ന തീരുമാനത്തിലെത്തി. ഒരു മാസം പിന്നിട്ടിട്ടും ഒരു തീരുമാനവും അറിയിച്ചില്ലെന്നായപ്പോള്‍ അവിടെ പുതിയ പ്രലോഭനങ്ങള്‍ ഉടലെടുത്തിരിക്കുന്നു.

വോളന്ററി റിട്ടയര്‍മെന്റിനുള്ള ഒരു സ്കീം മാനേജുമെന്റിന്റെ പരിഗണനയിലാണ്. ബോര്‍ഡില്‍ അങ്ങനെ ഒരു നീക്കം അജണ്ടയാക്കി അടുത്ത മീറ്റിംഗില്‍ ചര്‍ച്ചക്കു വരും. മിക്കവാറും ഇങ്ങനൊരു സ്കീം നടപ്പാക്കിയാല്‍ ചില മേഖലകളിലെ ഓവര്‍സ്റ്റാഫ് പ്രോബ്ലത്തിന് പരിഹാരമാകും. മാനേജിംഗ് ഡയറക്ടര്‍ മുന്നോട്ടു വച്ച ആ സ്കീമിന്റെ പേര് ‘ഗോള്‍ഡന്‍ ഷെയ്ക്കാന്റ് സ്കീം’.

പിരിഞ്ഞു പോകുന്നതിനു ശേഷമുള്ള കാലയളവിലെ സര്‍വീസ് കണക്കാക്കി പകുതി കാലയളവിലെ വേതനം ഒരുമിച്ചു കൊടുക്കുക. ഇങ്ങനൊരു സ്കീം നടപ്പില്‍ വരുന്നെന്നു കേട്ടപ്പോള്‍ രാജി വയ്ക്കാനുള്ള ജീവനക്കാരുടേ എണ്ണം ഏറി. കൂടുതലും ഫീല്‍ഡ് ഓഫീസര്‍മാര്‍. രാജിക്കത്ത് നേരത്തെ കൊടുത്തതാണെങ്കിലും ഈ സ്കീം നടപ്പാകുമോ എന്നറിഞ്ഞിട്ടു പോരേ മുന്നോട്ട് പോകുന്നതെന്നാണ് ചിലരെങ്കിലും ചോദിക്കുന്നത്.

വിവരമറിഞ്ഞപ്പോള്‍ വീട്ടിലും വിലക്ക്. എങ്കിലും ജോലിക്കു വീണ്ടും പോകാനൊരു വൈമുഖ്യം. അവകാശപ്പെട്ട ലീവെടുത്ത് വീട്ടിലിരിക്കാമെന്നു വച്ചാലും ചോദ്യങ്ങളുയരുന്നു. ഏതായാലും രാജി തീരുമനം പിന്നീടൊരവസരത്തിലേക്കു മാറ്റി വച്ചത് നന്നായെന്നു പിന്നീടുള്ള അനുഭവത്തില്‍ മനസിലായി.

ജോലിയില്‍ വീണ്ടൂം ചെന്നപാടേ കിട്ടിയ നിര്‍ദ്ദേശം ഐലന്‍ഡിലെ സ്റ്റോക്ക് വെരിഫിക്കേഷന്‍ ഒന്നു കൂടി നടത്തണം. മൂന്നു മാസം മുമ്പ് സ്റ്റോക്ക് വെരിഫിക്കേഷന്‍ നടന്നതാണെങ്കിലും ഒരു വര്‍ഷാവസാന ക്ലോസിംഗ് സ്റ്റേറ്റ്മെന്റ് എടുക്കുന്നതിന് വെരിഫിക്കേഷന്‍ ആവശ്യമാണ്. ഇത്തവണ ജോലി വളരെ എളുപ്പമായിരുന്നു. എസ്റ്റേറ്റില്‍ നിന്നും ലാറ്റക്സിന്റെ വരവ് കുറഞ്ഞിരിന്നു. ടാപ്പിംഗ് റെസ്റ്റ് കൊടുക്കേണ്ട സമയമായതിനാല്‍ രണ്ടാഴചക്കാലം ഫാക്ടറി പ്രൊഡക്ഷന്‍ കുറവായിരിക്കും. ഒരു ദിവസത്തെ ജോലിയേ ഉണ്ടായിരുന്നുള്ളു. അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തോടേ ഗോഡൗണീല്‍ പുതിയൊരു ഓഫീസറോ ,സ്റ്റാഫോ വരാനിടയുണ്ടെന്നും നിങ്ങളൂടെ ജോലി കുറെക്കൂടി എളൂപ്പമാകുമെന്നും ജോലിക്കാരെ അറിയിച്ചപ്പോള്‍ അവര്‍ക്കൊരു സന്തോഷവാര്‍ത്തയായിരുന്നു അത്.

സ്റ്റോക്ക് വെരിഫിക്കേഷനും കഴിഞ്ഞ് സ്റ്റേറ്റ്മെന്റും തയാറാക്കി ഹെഡ് ഓഫീസിലേക്കുള്ള കവറിലാക്കി അവരെ ഏല്പ്പിച്ചു. ഇന്നത്തെ ജോലി തീര്‍ന്നല്ലോ എന്ന സമാധാനത്തോടേ പുറത്തിറങ്ങി നേരെ കാസിനോ ഹോട്ടലില്‍ തന്നെ കയറി. സ്കോഫീല്‍ഡിനെ കാണുക എന്നത് ലക്ഷ്യമല്ല.

എനിക്കെതിരെ സ്ഥാനം പിടിച്ചയാള്‍ ഒറ്റനോട്ടത്തില്‍ ഒരു ബുദ്ധിജീവിയാണെന്നു തോന്നലുളവാക്കും. അല്പ്പം നരച്ചു തുടങ്ങിയ വെട്ടിയൊതുക്കിയ താടിയും മുടിയും ചാരനിറമുള്ള പാന്റും ഷര്‍ട്ടും. പക്ഷെ അതിനേക്കാളേറെ എനിക്ക് അയാളെ ശ്രദ്ധിക്കാന്‍ കാരണമായത് അയാളുടെ കയ്യിലെ പുസ്തകമാണ്. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണമടങ്ങിയ പുസ്തകം. എന്തോ ആലോചനയിലിരുന്ന ആ മനുഷ്യനോട് ‘ഞാനീ പുസ്തകമൊന്നു നോക്കിക്കോട്ടെ’ എന്നു ചോദിച്ചതേ ഉള്ളൂ.

‘അതിനെന്താ ബുക്കെടുത്തുകൊള്ളു ‘എന്നു പറഞ്ഞു. പുസ്തകം കയ്യില്‍ കിട്ടിയപ്പോള്‍ ആളെ ഒന്നു പരിചയപ്പെട്ടില്ലല്ലോ എന്നു കരുതി ഞാനെന്റെ പേരു പറഞ്ഞു. ഇപ്പോള്‍ കമ്പനിയുടെ കാലടി പ്ലാന്റേഷനില്‍ പോവുന്നതാണ് ഇവിടെ ഐലന്റിലുള്ള ഞങ്ങളുടെ ഗോഡൗണിലെ സ്റ്റോക്ക് വെരിഫിക്കേഷന്‍ കഴിഞ്ഞുള്ള മടക്കമാണ്.

കാലടിപ്ലാന്റേഷന്‍ എന്നു കേട്ടതോടേ ആള്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി. ഒരു ഭാവവ്യത്യാസം ആ മുഖത്ത്

‘കാലടിക്കടുത്ത് എവിടാണൂ പ്ലാന്റേഷന്‍’?

‘ആറേഴു കിലോമീറ്റര്‍ ദൂരം വരും ‘

‘ഞാനവിടെ കാലടിയിലെ ആശ്രമം സ്കൂളീല്‍ കുറെ നാള്‍ അദ്ധ്യാപകനായിരുന്നു. ഉദ്ദേശം രണ്ടു വര്‍ഷക്കാലം’

ആശ്രമം ഹൈസ്കൂളെന്നും അദ്ധ്യാപകനെന്നും കേട്ടപ്പോള്‍ മനസിലുയര്‍ന്ന ആകാംക്ഷ ചോദിക്കേണ്ട വന്നു.

‘പേര്?’

‘ ഗോപിനാഥന്‍’ തലശേരിയിലാണൂ വീട് ‘

ഗോപിനാഥന്‍ എന്ന പേരും ആശ്രമം സ്കൂളെന്നും എന്നു കേട്ടതോടെ ഇപ്പോള്‍ അസ്വസ്ഥനായത് ഞാനാണ്.

മുമ്പ് കാലടിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന അച്ചുതന്‍ നായരുടെ മകളുമായി പ്രണയത്തിലായി, അവള്‍ ഗര്‍ഭിണിയായതോടെ ഒരു മുന്നറിയിപ്പും നല്കാതെ സ്ഥലം വിട്ടയാള്‍. അതെ അതിയാള്‍ തന്നെ. അവള്‍ പിന്നെ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. ആ മനുഷ്യന്‍ ഇപ്പോള്‍ ബുദ്ധിജീവി ചമഞ്ഞ് തന്റെ മുമ്പിലിരിക്കുന്നു. ആ ആള്‍ തന്നെയോ ഇത് ?

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English