ഏകദേശം മുപ്പതു വര്‍ഷക്കാലം എന്നെ തീറ്റിപ്പോറ്റിയ എന്നിലെ എന്നെ ഏറെക്കുറെ ഇന്നത്തെ നിലയിലെത്തിച്ച സ്ഥാപനത്തോടാണു വിട പറയാന്‍ പോകുന്നത്.വളരെ നാളായി കണക്കുകൂട്ടലുകളായിരുന്നു.വേണോ?വേണ്ടയോ? ഇപ്പോള്‍ യാത്ര പറയാന്‍ പോവുന്നത് വേറെ എന്തെങ്കിലും ലക്ഷ്യമായിട്ടാണോ? അതോ ഒരൊളീച്ചോട്ടം ?
ചോദ്യവുമായി വന്നവരോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളു എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇനിയും ഈ നിലയില്‍ തുടര്‍ന്നാല്‍ ചക്കില്‍ പിടിപ്പിച്ച കാളയേപ്പോലെ ഒരേ ദിശയിലേക്കുള്ള കറക്കം. കറക്കത്തില്‍ എല്ലാം കണ്ടത് തന്നെ ആവര്‍ത്തിക്കുന്നു. ഒരു മാറ്റവുമില്ലാതെ കാലഹരണപ്പെട്ട ഒരുവനായി മാറാനുള്ള സാദ്ധ്യത ഏറെയാണ്, അതിലും ഭേദം സ്വരം നല്ലപ്പഴേ പാട്ടു നിര്‍ത്തുകയാണ്.
പ്ലാന്റേഷന് കോര്‍പ്പറേഷനില്‍ നിന്നും പത്ത് വര്‍ഷം ബാക്കി നില്‍ക്കെ രാജി വയ്ക്കാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തു വന്നപ്പോള്‍ സുഹൃത്തുക്കള്‍ക്ക് പറയാനുള്ളത് ഒന്നു മാത്രം.കാണിക്കുന്നത് ബുദ്ധിമോശമാണ്.ഇവിടുന്നു പോയിട്ട് എന്തു ചെയ്യാനാണ്?പെന്ഷന് കിട്ടില്ലെന്നിരിക്കെ സര്‍വീസ് പൂര്‍ത്തിയാക്കി പോകുന്നിടത്തോളം കാലം വലിയ അലട്ടലില്ലാതെ കഴിയാം ഇനി പുറമെ ഒരു ജോലി കിട്ടുമെന്ന് വച്ചാലും ഇവിടെ കിട്ടുന്ന വരുമാനം കിട്ടുമെന്ന പ്രതീക്ഷയുണ്ടോ?
രാജിവയ്ക്കാനുള്ള മുന്‍കൂര്‍ നോട്ടീസ് ഒരു മാസം മുന്നേ കൊടുത്തപ്പോഴാണ് ഹെഡ് ഓഫീസില്‍ നിന്നും വിലക്കുകള്‍ വരുന്നത്.അധികവും പ്രലോഭനങ്ങളായിരുന്നു.പുതിയ ശമ്പള പരിഷ്ക്കരണം നടത്താനുള്ള ശ്രമം നടക്കുന്നു,ഏറെ നാളായി വിവിധ യൂണിയനുകള്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണ് ചിലപ്പോള്‍ ഏതാനും മാസങ്ങള്‍ക്കകം ഉണ്ടാകും. വേറെ ഒരു ഭാഗത്തു നിന്ന് ഉള്ള വിലക്ക് മറ്റൊരു തരത്തിലാണ്. കൊച്ചിയിലെ ഗോഡൗണീല് പുതിയൊരു തസ്തിക സൃഷ്ടിക്കാന്‍ പോകുന്നു.ഓഫീസര്‍ ഗ്രേഡില്‍ ഇപ്പോള്‍ ഉള്ള സ്റ്റാഫിനും രണ്ടറ്റന്ഡര്മാര്ക്കും പുറമെ സെയിത്സ് വിംഗില്‍.കുറെ വര്‍ഷം സെയില്‍ത്സ് വിംഗ് കൈകാര്യം ചെയ്ത ആളായതു കൊണ്ടു മാത്രമല്ല ഒരു കൊച്ചിക്കാരനായതുകൊണ്ടും ആ തസ്തികയിലേക്ക് വേറൊരു ആളെ വയ്ക്കാനാകില്ല.
പക്ഷ ഈ പ്രലോഭനത്തിലും ഞാന്‍ വീഴില്ല എന്ന നിലപാടണെടുത്തത്.
ഏറ്റവും അവസാനമാണ് മാനേജിംഗ് ഡയറക്ടറെ കാണുന്നത്. ഇപ്പോള്‍ പോകണമെന്നുണ്ടോ എന്താണ് ഇത്രയും വര്‍ഷം സര്‍വീസ് ബാക്കി നില്‍ക്കെ രാജി വയ്ക്കുന്നത്?അദ്ദേഹത്തെ എന്റെ മാനസികാവഥ പറഞ്ഞ് തൃപ്തിപ്പെടുത്താനെനിക്കാവില്ല സാഹിത്യരംഗത്തുള്ള എന്റെ സംഭാവനകള്‍ വളരെ പരിമിതമാണെന്നും, ജോലിയിരുന്നുകൊണ്ട് അതിന് സാദ്ധ്യമാവില്ലെന്നും ഉള്ള കാര്യം ഞാനെങ്ങിനെ ഇദ്ദേഹത്തോടു പറയണം? ഏതായാലും അദ്ദേഹം ഒന്നും മാത്രം പറഞ്ഞു.കുറച്ചു കൂടി കാക്കുക രാജിക്കത്ത് അസി. പേഴ്സണല്‍ മാനേജരെ ഏല്‍പ്പിച്ചിട്ട് പോകുകയായിരുന്നു.
അപ്രതീക്ഷിതമായിരുന്നു ആ വീക്കെന്‍ഡില്‍ കിട്ടിയ സന്ദേശം.എന്റെ ഒരു കഥ സിനിമയാകുന്നു.ആളെ നേരിട്ടു കാണണമെന്നുള്ള ഒരു സന്ദേശം ഭാര്യ എന്നെ ഏല്‍പ്പിച്ചു. ഹരി പോത്തന്,പക്ഷെ എവിടെ വച്ച് കാണണമെന്നു പറയുന്നില്ല. ഹരി പോത്തന് തിരുവനന്തപുരം എന്നു കേട്ടപ്പോള്‍ തന്നെ ഞാന്‍ ആളെ തിരിച്ചറിഞ്ഞു.അശ്വമേധം , തുലാഭാരം തുടങ്ങി കുറെ നിലവാരമുള്ള ചിത്രങ്ങളെടുത്ത ഫിലിം പ്രൊഡ്യൂസര്‍ . പതിനൊന്നാം തീയതി രാവിലെയുള്ള മദ്രാസ് തിരുവനന്തപുരം മെയിലില്‍ കയറി ഹരി പോത്തന്റെ വീട്ടിലെത്തി.
കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നത് പ്രതാപ് പോത്തന്.പല സിനിമകളിലും കണ്ടിട്ടുള്ളതുകൊണ്ട് ഞാന്‍ ആധാരണയില് ബ്രദര്‍ അറിയിച്ചതനുസരിച്ചു വന്നതാണ് എന്നു പറഞ്ഞപ്പോള്‍ ബ്രദറല്ല ഞാനാണ് വിവരം അറിയിച്ചത് ,ഞാനാണു ഹരി പോത്തന് എന്നു പറഞ്ഞ് സ്വീകരിച്ചു.
ഒരു വര്‍ഷം മുന്‍പ് ഞാനെഴുതിയ കോട്ടയം മനോരാജ്യം വാരികയിലെ നോവലൈറ്റ് ‘ ശത്രുവിന്റെ മരണം ‘ അതിന്റെ കുറെ ഭാഗം താന്‍ അടുത്ത് നിര്‍മ്മിക്കുന്ന ‘ അപരന്’ എന്ന സിനിമയിലേക്ക് വേണ്ടി ഉപയോഗിക്കുന്നു.തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് പത്മരാജനാണ്.’ പ്രയാണം’ എന്ന സിനിമക്കു തിരക്കഥ എഴുതി സിനിമാരംഗത്തേക്കു വന്ന പ്രശസ്ത സാഹിത്യകാരന്റെ സൃഷ്ടിക്കാണ് എന്റെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം മനസു കുളിര്‍ക്കുന്ന വാര്‍ത്ത. ഒരാളുടെ തെമ്മാടിത്തം നിറഞ്ഞ പ്രവൃത്തികളുടെ ഫലം അനുഭവിക്കുന്നത് വേറൊരാള്.മുഖസാദൃശ്യം ഒരു പോലെ ആയതാണു കാരണം.എന്റെ കഥയില്‍ നായകനും പ്രതിനായകനും ഒരിക്കലും കണ്ടു മുട്ടുന്നില്ല. ഞാനെഴുതിയ കഥയനുസരിച്ചാണ് , ആ ട്രെന്‍ഡ് സ്വീകരിച്ചാണ് പത്മരാജന് വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ അപരന് എന്ന കഥയുടെ ടൈറ്റില്‍ സ്വീകരിച്ച് സിനിമയാക്കിയത്. സിനിമ സാമാന്യം വിജയം കൈവരിച്ചതോടേ ജയറാമിനു സിനിമയില്‍ നല്ലൊരു മേല്‍വിലാസമുണ്ടാക്കാന്‍ കഴിഞ്ഞു.