ഒരു ദേശം കഥ പറയുന്നു അധ്യായം – അമ്പത്തിയെട്ട്

 

 

 

 

 

 

 

ഇന്റേണല്‍ ഓഡിറ്റിംഗിന്റെ ഭാഗമായി കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലുള്ള കോര്‍പ്പറേഷന്‍ ഗോഡൗണ്‍ സ്റ്റോക്ക് വെരിഫൈ ചെയ്യണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ – ഈ അടുത്ത കാലത്ത് ഓഡിറ്റിംഗ് വര്‍ക്കിന്റെ ഇടക്ക് ഏറെ സന്തോഷിക്കാനുള്ള അവസരമാണു വന്നത് . ആവര്‍ത്തനവിരസമായ ഒരേ ജോലിക്കിടക്കു വ്യത്യസ്തമായ ഒരു ജോലി. ഐലന്റില്‍ ഗോഡൗണ്‍ സ്റ്റോക്ക് വെരിഫൈ ചെയ്യുന്ന സ്വഭാവം മുന്‍പുണ്ടായിട്ടില്ല എന്ന് അന്വേഷണത്തില്‍ ബോധ്യമായി . ഒരു പക്ഷെ മാനേജിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശമാകണം .

ഒരു എറണാകുളംകാരനായതുകൊണ്ട് എനിക്കു ഒന്നോ രണ്ടോ ദിവസം കൊണ്ട് തീര്‍ക്കാവുന്ന പ്രക്രിയ. അട്ടിവച്ച റബ്ബര്‍ ലാറ്റക്സിന്റെ ബാരലുകളും മറ്റും സ്റ്റോക്കിന്റെ അട്ടികളും എണ്ണിതിട്ടപ്പെടുത്തുക എന്നത് അത്രവലിയ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയില്ല . മുമ്പ് ഗോഡൗണ്‍ നടത്തിപ്പ് ഒരു പ്രൈവറ്റ് പാര്‍ട്ടിക്ക് റെന്റിനു കൊടുത്തിരിക്കുകയായിരുന്നു . കഴിഞ്ഞ ബോര്‍ഡ് മീറ്റിംഗില്‍ എന്തിനാണ് കെട്ടിടം ഒരു പ്രൈവറ്റ് പാര്‍ട്ടിയെ ഏല്പ്പിക്കുന്നത് എന്ന ചോദ്യമുയര്‍ന്നു . ഒരു സ്റ്റാഫിനെ അവിടെ പോസ്റ്റ് ചെയ്താല്‍ പോരെ സഹായത്തിനു ഒന്നോ രണ്ടോ അറ്റന്‍ഡര്‍മാരെയും നിയമിച്ചാല്‍ മതിയാകും എന്ന ആശയവുമുണ്ടായി

കോര്‍പ്പറേഷന്‍ തോട്ടങ്ങളില്‍ വിളവെടുപ്പു തുടങ്ങിയപ്പോള്‍ മുതല്‍ സ്വന്തമായി ഒരു കെട്ടിടം ഐലന്റിലുണ്ടെങ്കില്‍ കൊടുമണ്‍, കാലടി ഫാക്ടറികളിലെ ലാറ്റക്സും , മറ്റുല്പ്പന്നങ്ങളൂം സ്റ്റോക്ക് ചെയ്യാന്‍ അവിടെ സ്ഥലം പോരാതെ വരുമ്പോള്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ ഒരു ഗോഡൗണ്‍ ഉണ്ടാകുന്നതുതന്നെയാണു നല്ലതെന്ന അഭിപ്രായം വന്നു . മാത്രമല്ല , ക്ലയന്റ്സിന് എസ്റ്റേറ്റുകളില്‍ നിന്ന് ചരക്കെടുക്കാന്‍ വരുന്നതിനേക്കാള്‍ എളൂപ്പം ഐലന്‍ഡിലെ ഗോഡൗണില്‍ നിന്നെടുക്കുന്നതായിരിക്കും എളുപ്പം.

ഹെഡ് ഓഫീസില്‍ നിന്നും ഇഷ്യു ചെയ്യുന്ന മെമ്മോ പ്രകാരം റബ്ബര്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് റബ്ബര്‍ കൊടുത്ത് ഡെലിവറി അഡ്വൈസ് ഹെഡ് ഓഫീസിലേക്കയക്കേണ്ട ചുമതലയാണ് ഫലത്തില്‍ സ്റ്റാഫിനുള്ളത്. ചിലപ്പോള്‍ റബ്ബര്‍ കയറ്റി അയക്കുന്ന സമയത്ത് തന്നെയാവും എസ്റ്റേറ്റ് ലോറികളീല്‍ ഗോഡൗണിലേക്കുള്ള റബ്ബറുമെത്തുക. രണ്ടൂം ഒരേ സമയത്ത് അറ്റന്‍ഡു ചെയ്യാനുള്ള ബുദ്ധിമുട്ട് പലപ്പോഴും പരാതിയായി ഹെഡ് ഓഫീസിലേക്ക് അയച്ചുവെങ്കിലും അറ്റന്‍ഡര്‍മാര്‍ അതു കൈകാര്യം ചെയ്യട്ടെ എന്ന നിലപാടായിരുന്നു മനേജുമെന്റിന്.

സ്റ്റോക്ക് വെരിഫിക്കേഷനു ചെന്നപ്പോള്‍ അവരുടെ ബുദ്ധിമുട്ടുകളാണ് എന്നെ ആദ്യമേ അറിയിച്ചത് . തീര്‍ച്ചയായിട്ടും ഒരാളെ കൂടി ഇവിടെ നിയമിക്കാനുള്ള ഒരപേക്ഷ തയാറാക്കി തന്നാല്‍ അതില്‍ എന്റെ അഭിപ്രായം കൂടി രേഖപ്പെടുത്തി റെക്കമെന്റ് ചെയ്യാമെന്നറിയിച്ചതോടേ അവര്‍ പരിഭവമൊക്കെ പൂര്‍ണ്ണമായും മറന്ന് എന്നോടു സഹകരിച്ചു .

സ്റ്റോക്ക് വെരിഫിക്കേഷന്‍ ആദ്യതവണയായതുകൊണ്ട് കുറേ മിനക്കെട്ടിരുന്ന് രണ്ടു ദിവസം കൊണ്ട് ആ ജോലി പൂര്‍ത്തിയാക്കി. തെറ്റ് വരാന്‍ പാടില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയുള്ളു.

മൂന്നു ദിവസമാണ് ഞാനീ ജോലിക്കു വേണ്ടി നീക്കി വച്ചെതെങ്കിലും രണ്ടു ദിവസം കൊണ്ട് എല്ലാം തീര്‍ന്നു. എങ്കിലും മൂന്നാം ദിവസം കൂടി വന്ന് സ്റ്റാഫ് മെയിന്റനന്‍സ് ചെയ്യുന്ന രജിസ്റ്ററുകളും ഞാന്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളും ഒത്തു നോക്കി പിന്നെ അവരോടു വിട പറഞ്ഞു . ഇനി ഏതെങ്കിലും മുന്തിയ ഹോട്ടലില്‍ നിന്ന് ഭക്ഷണം എന്നു കരുതി ഐലന്റിലെ ‘കാസിനോ’ ഹോട്ലില്‍ കയറി . ഡൈനിംഗ് ഹാളിലെ ഒരു കോര്‍ണര്‍ സീറ്റാണു തരപ്പെട്ടത്.

ഹാളിലെ സ്പീക്കറിലൂടെ ഒഴുകിയെത്തുന്ന വെസ്റ്റേണ്‍ മ്യൂസിക് ആസ്വദിച്ചുകൊണ്ട് പടിഞ്ഞാറന്‍ കാറ്റിന്റെ തലോടലില്‍ അല്പ്പനേരം കണ്ണടച്ചിരിക്കുകയായിരുന്നു , അപ്പോഴാണ്;

” ഹലോ സര്‍”

കണ്ണുതുറന്നപ്പോള്‍ മുന്നില്‍ വെളുത്തു തടിച്ച് സുഭഗനായ ഒരു മദ്ധ്യവയസ്ക്കന്‍. മുഖത്തെ കണ്ണടയിലൂടെയുള്ള ആ നോട്ടം കണ്ടപ്പോള്‍ ആളെ നേരത്തെ കണ്ടിട്ടുള്ളതാണല്ലോ എന്ന തോന്നല്‍ ആരാണെന്ന് ഓര്‍മ്മകളിലൊക്കെ പരതിയപ്പോള്‍ ഉള്ളിലൊരു മിന്നല്‍ – സ്കോഫീല്‍ഡ് , എക്സ് പി. സി. കെ അസി. മാനേജര്‍ …

അതോടേ അത്ഭുതാഹ്ലാദത്തോടേ , ഒട്ടൊരമ്പരപ്പോടെ അയാള്‍.

” സാര്‍ , ഇവിടെ ?”

” എനിക്കു സന്തോഷമായി . നൗ ഇറ്റ്സ് ഫിഫ്റ്റീന്‍ ഇയേഴ്സ്”

” യെസ് ഐ ലെഫ്റ്റ് പി. സി . കെ ഫിഫ്റ്റീന്‍ ഇയേഴ്സ് ബാക്ക് ആന്‍ഡ് ഹൗ ആര്‍ യു ?”

” അയാം ഫൈന്‍ ഇവിടെ ജോലിയുടെ ഭാഗമായി കമ്പനിയുടെ ഗോഡൗണ്‍ വരെ വന്നു . ദെന്‍ വാട്ട് എബൗട്ട് യു?”

കൈ പിടിച്ചു കുലുക്കിക്കൊണ്ട് ” ഞാനിവിടുത്തെ എച്ച്. ആര്‍. ഡി ആണ്. തൊട്ടടുത്ത് താമസിക്കുന്നു. ഇവരുടേ ക്വേര്‍ട്ടേഴ്സുണ്ട് ”

” യുവര്‍ ഫാമിലി ”

”ഒണ്‍ലി മൈ വൈഫ് ഈസ് വിത്ത് മീ നൗ . യൂ നോ ഐ ഹാവ് ടു ഡോട്ടേഴ്സ് . എല്‍ഡര്‍ വണ്‍ മാരീഡ് . നൗ അറ്റ് ലണ്ടന്‍ വിത്ത് ഹെര്‍ ഹസ്ബന്‍ഡ് . സെക്കന്റ് വണ്‍ ഈസ് സ്റ്റഡിയിംഗ് നൗ അറ്റ് മദ്രാസ്”

സപ്ലയര്‍ മെനു കാര്‍ഡുമായി വന്നു. അതുനോക്കി ഒരു വെജിറ്റേറിയന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തു.

വര്‍ഷങ്ങള്‍ പിന്നോട്ടു സഞ്ചരിച്ചു. ജീവിതപ്പെരുവഴിയില്‍ നിസഹായനായിപ്പോയ ഒരു സഹപ്രവര്‍ത്തകനെ നിഷ്ക്കരുണം പുറത്തേക്കു പായിക്കുകയായിരുന്നു. അയാളുടേ കണ്ണുനീര്‍, വേദന, അഭ്യര്‍ഥന ഒന്നുമെന്റെ ഉള്ളുലച്ചില്ലല്ലോ. പിന്നീടയോളോട് സൗമ്യമായൊന്നും സംസാരിച്ചുമില്ലല്ലോ. മാനേജ്മെന്റ് ദുരഭിമാനത്തിന്റെ പേരില്‍ പടി കടത്തിവിട്ട അയാള്‍ക്ക് സ്വന്തം വീട്ടുസാമാനങ്ങള്‍ കൊണ്ടു പോകുന്നതിനു പോലും തൊഴിലാളികളുടേ സ്നേഹസഹകരണങ്ങള്‍ മാത്രമേ കിട്ടിയുള്ളു.ആ ആളാണ് മുന്നിലിപ്പോള്‍ … ഇങ്ങനെ.

സായിപ്പിന്റെ അന്നത്തെ പോക്കും എന്റെ നിര്‍ദ്ദയമായ സ്വാര്‍ത്ഥബോധ്യങ്ങളും അലപ്പോഴും എന്നെ കുത്തി നോവിച്ചിട്ടുണ്ട്. എന്നെങ്കിലും എവിടെയെങ്കിലും വച്ചു കാണുമ്പോള്‍ മാപ്പു ചോദിക്കണമെന്നു പോലും തോന്നിയിരുന്ന ഒരു നോവ് എന്നെ അലട്ടിയിരുന്നു . പിന്നെ ഇന്നാണല്ലോ അയാളെ കാണുന്നത്.

ഇപ്പോള്‍ പെട്ടന്ന് ആ ഭൂതകാലനിനവുകള്‍ നിഴല്‍ ചാര്‍ത്തിയ എന്റെ മുഖം കണ്ടിട്ടാവണം സ്കോഫീല്‍ഡ് തുടങ്ങി വച്ചു.

”സര്‍ ഐ നോ യുവര്‍ പൊസിഷന്‍. ആ സമയത്ത് ഞാനവിടെ വന്നത് തെറ്റ് . ഇറ്റ് വാസ് മൈ മിസ്റ്റേക്ക്”

എനിക്കാ മനുഷ്യന്റെ കൈ കുലുക്കി ഇത്രയുമേ പറയാന്‍ കഴിഞ്ഞുള്ളു.


”എനിക്കു കുറ്റബോധമുണ്ടയിരുന്നു ”

ആ മനുഷ്യന്‍ ഒരു സാന്ത്വനമെന്നോണം പറഞ്ഞു.

”ലീവ് ഇറ്റ് സര്‍, ലിവ് ഇറ്റ്. ഐ നോ യുവര്‍ പൊസിഷന്‍ വാസ് ദാറ്റ് മച്ച് ക്രിട്ടിക്കല്‍ അറ്റ് ദാറ്റ് റ്റൈം”

എന്റെയുള്ളിലെ കുറ്റബോധത്തിന്റെ കനല്‍ അണഞ്ഞു തുടങ്ങുകയായിരുന്നു. ഞാനൊരിക്കലും നീതി കാണിച്ചില്ലെന്ന കുറ്റബോധത്തിന്റെ കനലുകളെയാണു സ്കോഫീല്‍ഡ് വാക്കുകള്‍ കൊണ്ട് ഊതിത്തണൂപ്പിക്കുന്നത്.

സ്കോഫീല്‍ഡ് …നിങ്ങളെ എനിക്കിപ്പോഴെന്തിഷ്ടം .. സ്വീകരിക്കപ്പെടുന്ന പ്രായ്ശ്ചിത്തത്തിന്റെ സാന്ത്വനം നിങ്ങളില്‍നിന്നെന്നിലേക്കു സൗരഭ്യം കണക്കെ ഒഴുകിയെത്തുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English