പോകുന്ന വഴിക്കു തടിയന്‍ പറയുന്നുണ്ടായിരുന്നു.
”കഴിഞ്ഞ വര്‍ഷം പോസ്റ്റാഫീസില്‍ സേവിംഗ്സ് അക്കൗണ്ടില്‍ ചേര്‍ക്കാനാണെന്നു പറഞ്ഞ് കയ്യീന്നു ഇരുനൂറു രൂപയും മേടിച്ചുകൊണ്ടു പോയതാ പിന്നെ കണ്ടിട്ടില്ല. ഈയിടെ കണ്ടപ്പോള്‍ കണ്ട ഭാവം പോലും നടിച്ചില്ല. പോസ്റ്റോഫീസുമില്ല അഞ്ചലാഫീസുമില്ല ഇന്നത്തെ കൊണ്ട് എല്ലാം മൊതലാക്കാം’
സതീശന്‍ ഒന്നും അറിയാത്ത മട്ടില്‍ ഊണും കഴിഞ്ഞ് അന്നത്തെ പേപ്പറും വായിച്ച് ഒരു പത്ത് മിനിറ്റ് കഴിഞ്ഞാണ് പോയത്. അപ്പോഴേക്കും കാറിനു മുന്നില്‍ കുറെ ദൂരെ മാറി രത്നവല്ലിയുടെ വീട്ടില്‍ ചെറിയൊരാള്‍കൂട്ടം. ‘ സിനിമാ കാഹള’ ത്തിന്റെ മാത്രമല്ല വേറെയും ഒന്നു രണ്ട് അന്തിപത്രത്തിന്റെ ആള്‍ക്കാര്‍
പ്ലാന്റേഷന്‍ കമ്പനിയുടെ ചെയര്‍മാനും എം. ഡി യുമാണകത്ത് എന്നറിഞ്ഞതോടെ വന്നവരുടെ ഔതുസുക്യം ഏറി.
ആള്‍ക്കാരുടെ ബഹളം തുടങ്ങിയപ്പോള്‍ വീട്ടുടമസ്ഥന്‍ മുന്‍വശത്തെ ഗേറ്റടച്ചു . വീടിനു മുറ്റത്ത് സതീശനും കാറും. സംഭവം കുഴപ്പം പിടിച്ചതാണെനു ചെയര്‍മാനും എം ഡിയും മനസിലാക്കി കാണണം.
വീട്ടിനകത്തു നിന്നു ചെയര്‍മാന്റെ വാക്കുകള്‍.
‘ഇയാളെന്തിനാ ഗേറ്റടച്ചെ ഞങ്ങള്‍ക്കു പോകണ്ടെ?’ എം ഡി തീര്‍ത്തും വിഷണ്ണനായി മുറിക്കകത്ത് അങ്ങോട്ടുമിങ്ങോട്ടു നടക്കുന്നു.
എം. ഡി വീട്ടുടമസ്ഥനെ വിട്ട് സതീശനെ വിളിപ്പിച്ചു. എങ്ങനെയും ഈ ചുറ്റുപാടില്‍ നിന്ന് രക്ഷപ്പെടണം. മുന്‍വശത്ത് ആള്‍ക്കൂട്ടത്തിന്റെ എണ്ണം കൂടുന്നു.
സതീശന്‍ മുറ്റത്തേക്കിറങ്ങി സിനിമാകാഹളംകാരനെ വിളിച്ച് രഹസ്യമായി ഒരു കവറേല്പ്പിച്ചു.
‘ എന്താ നൂറുലുയോ ? നൂറു രൂപ വേണേ ഞാനങ്ങോട്ടു തരാം പണ്ട് ഞാനവള്‍ക്ക് കൊടുത്ത ഇരുനൂറു രൂപ അവള്‍ മറന്നു കാണും ഇപ്പോ അതൊന്നുമല്ല വിഷയം ഞങ്ങള്‍ക്ക് നിങ്ങടെ ചെയര്‍മാനെയാ കാണേണ്ടെ. കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം വേണ്ടെന്നു വച്ചില്ലല്ലല്ലോ? പിന്നെന്താ ഇപ്പം സിനിമ പിടുത്തം ? അതോ അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ ചെയര്‍മാനും എം ഡിയും സ്ഥാനം പോയാലോ എന്നു കരുതി സിനിമാപിടുത്തത്തിനു തുടങ്ങുവാണോ? ഞങ്ങള്‍ക്ക് സത്യാവസ്ഥ അറിയണം. ഞങ്ങള്‍ രൂപാ മേടിക്കാന്‍ വന്നതല്ല ‘
ഇതിനിടയില്‍ വീട്ടുടമസ്ഥന്‍ ഒരു കഷണ്ടിക്കാരന്‍ ടീ ഷര്‍ട്ടും കൈലിയുമാണു വേഷം – മുറ്റത്തേക്കു വന്നു.
” നിങ്ങള്‍ക്കെന്താ അറിയണ്ടേ?”
” ഇയാള്‍ എന്തിനാ ഇവിടെ നില്‍ക്കുന്നെ? പെണ്ണുമ്പിള്ളയെ കൂട്ടിക്കൊടുത്തിട്ട് ഇവിടെ വട്ടം ചുറ്റണത് എന്തിനാ? മോളൊരുത്തി പോണ്ടിച്ചേരിയില്‍ പഠിക്കണില്ലേ അവളാണേ പറയണ തൊക കിട്ടും അല്ലാതെ ഈ തൈക്കിളവിയെ കിട്ടീട്ടെന്ത് കിട്ടാനാ ?’
സംഭവം ഇങ്ങനെ ഉരുത്തിരിയുമെന്ന് സതീശനും കരുതിയില്ല. ചെയര്‍മാന്റെയും എം ഡി യുടേയും ഇങ്ങോട്ടുള്ള വരവ് ഇവരൊക്കെ നേരത്തെ കണ്ടുവച്ചതാണ് . അനുകൂലമായ സന്ദര്‍ഭം വന്നപ്പോഴായിരിക്കും സത്യസ്ഥിതിയറിയാനുള്ള പേരിലെന്ന ഈ വരവ്. ചിലരുടെ കയ്യില്‍ ക്യാമറയുമുണ്ട്.
സതീശനെ ചെയര്‍മാന്‍ വീണ്ടും വിളിപ്പിച്ചു. പത്തു മിനിറ്റ് കഴിഞ്ഞ് വന്ന അയാള്‍ ഗേറ്റില്‍ കൂടി നിന്ന ആറു പേര്‍ക്കും ഓരോ കവറേല്പ്പിച്ചു. ഒരു പക്ഷെ അവരുദ്ദേശിച്ചതിനേക്കാളും കൂടുതല്‍ തുക കവറിലുണ്ടായിരിക്കണം. എങ്കിലും ക്യാമറ കയ്യിലുള്ള രണ്ടു പേര്‍ വീട്ടുമുറ്റത്തു കിടന്ന കാറിന്റെയും ഡ്രൈവറുടേയും ഫോട്ടോ എടുത്തു കഴിഞ്ഞിരുന്നു. വീണ്ടും പത്തു മിനിറ്റു കഴിഞ്ഞേ ആള്‍ക്കൂട്ടം പിരിഞ്ഞു പോയൊള്ളു.
പക്ഷെ പിറ്റേന്നത്തെ എറണാകുളത്തു നിന്നും മട്ടാഞ്ചേരിയില്‍ നിന്നുമിറങ്ങുന്ന ഈവനിംഗ് ഡൈലിയില്‍ വന്ന വാര്‍ത്ത ഇങ്ങനെ.
‘ ഒരു പൊതു മേഖലാ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഇപ്പോള്‍ ഒരു സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരിയിലെ ഒരു സേവാദള്‍ പ്രവര്‍ത്തകയായിരുന്ന ആളെത്തേടി കൂടെ കൂടെ വരുന്നു സിനിമയില്‍ അവര്‍ക്കൊരു പ്രധാന വേഷമുണ്ടെന്നാണു പറയുന്നത് . അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെപ്പെട്ടേക്കും എന്ന ധാരണയിലാകണം പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടുന്നത്. ആരുടെ കഥയാണ് സംവിധായകന്‍ ആര്‍ എന്നീ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിനിമയില്‍ രത്നവല്ലിയുടെ വേഷമെന്ത് എന്ന ചോദ്യത്തിനും മറുപടി കിട്ടിയിട്ടില്ല’
എറണാകുളത്ത് നിന്ന് ഇറങ്ങുന്ന പത്രത്തില്‍ ചെയര്‍മാന്റെയും രത്നവല്ലിയുടെയും ഫോട്ടോ സഹിതം വാര്‍ത്ത കൊടുത്തിരുന്നു.
പിറ്റെ ആഴ്ച ഇറങ്ങിയ സിനിമാകാഹളത്തിന്റെ ഫ്രണ്ട് പേജില്‍ തന്നെ വാര്‍ത്ത . അതോടൊപ്പം ‘മുമ്പ് ഇടുക്കിക്കാരിയായിരുന്ന ഇപ്പോള്‍ കൊച്ചിയില്‍ കൂവപ്പാടത്ത് താമസമാക്കിയ ഇടക്കു പോസ്റ്റ് ഓഫീസ് ഏജന്റായി ജോലി ചെയ്ത രത്നവല്ലിയാണു മുഖ്യ വേഷം ചെയ്യുന്നത്’
സിനിമാകാഹളത്തിന്റെയും അന്തിപത്രത്തിന്റേയും കോപ്പികള്‍ കോട്ടയത്തെ ഓഫീസിലേക്ക് മറ്റു പത്രങ്ങളോടൊപ്പം എത്തി. എല്ലാ പ്രധാനപ്പെട്ട ഓഫീസര്‍മാര്‍ക്കും കോപ്പികള്‍ കിട്ടിയെന്നാണു അറിയാന്‍ കഴിഞ്ഞത്.
ആരോപണങ്ങളെ ധാരാളം നേരിട്ടിട്ടുള്ള ചെയര്‍മാന് ഈ മാതിരി സംഭവങ്ങള്‍ പുത്തരിയല്ലെങ്കിലും തന്റെ ചെയര്‍മാന്‍ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായി. പക്ഷെ തന്റെ രാഷ്ട്രീയ ഭാവി ഇപ്പോള്‍ തുലാസിലായിരിക്കുന്നതാണ് ഏറെ അലട്ടുന്നത്. ഭരണ കക്ഷിയിലെ രണ്ടു ഗ്രൂപ്പുകാരും ചെയര്‍മാനെ കയ്യൊഴിഞ്ഞുവെന്നാണ് പ്രചരിച്ച വാര്‍ത്തകള്‍. പക്ഷെ എം. ഡിയുടെ കാര്യമാണ് ഏറെ കഷ്ടമായത്. കമ്പനിയുടെ സെക്രട്ടറിയായി തുടക്കമിട്ട് ജനറല്‍ മാനേജരായി, അവിടെ നിന്നും എം ഡി ആകുകയായിരുന്നു. അത്ര സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നില്ല എങ്കിലും രാഷ്ട്രീയ സ്വാധീനവും ഭരണ സ്വാധീനവും എപ്പോഴുമുണ്ടായിരുന്നതുകൊണ്ട് പടി പടിയായി കയറി എം. ഡി ആവുകയായിരുന്നു.
കോര്‍പ്പറേഷനിലെ പിന്നത്തെ ബോര്‍ഡ് മീറ്റിംഗ് തിരുവനതപുരത്തു വച്ചായിരുന്നു. ബോര്‍ഡ് മെമ്പര്‍മാര്‍ എല്ലാവരും കക്ഷി ഭേദമെന്യേ ചെയര്‍മാനേയും എം. ഡിയേയും കടന്നാക്രമിച്ചപ്പോള്‍ അവര്‍ക്കു പ്രതിരോധിക്കാനാകാതെ പോയി.
കഷ്ടകാലം വരുമ്പോള്‍ ഒന്നിനു പുറകെ ഒന്ന് എന്ന രീതിയിലായിരുന്നു ചെയര്‍മാന്റെ കുടുംബ ജീവിതത്തില്‍ വന്നു പെട്ടത്. ഒരു ഡല്‍ഹി യാത്ര കഴിഞ്ഞു വന്നപ്പോള്‍ല്‍ കേള്‍ക്കുന്ന വാര്‍ത്ത
മകള്‍ അദ്ദേഹത്തിന്റെ കാര്‍ ഡ്രൈവരുടെ കൂടെ ഒളിച്ചോടിയിരിക്കുന്നു.
അവളെവിടെ പോയി? കൂട്ടുകാരികളോട് അന്വേഷിക്കുക എന്നാല്‍? കോളേജിലെ കൂട്ടുകാരികളുടെ അന്വേഷണമൊക്കെ വഴിമുട്ടി എങ്കിലും വേണ്ടപ്പെട്ട ചിലരെയൊക്കെ രഹസ്യമായി ചുമതലപ്പെടുത്തി. വാര്‍ത്ത പരസ്യമാകാതിക്കാന്‍ ചില മുന്‍ കരുതലുകളൊക്കെ എടുത്തെങ്കിലും പാര്‍ട്ടി വൃത്തങ്ങളൊലൊക്കെ ഇതു പാട്ടായി കഴിഞ്ഞിരുന്നു.
‘ഓരോ ദിക്കില്‍ പോയി ഒരുമ്പട്ടവളുമാരുടെ കൂടെ കിടക്കുമ്പോള്‍ അന്വേഷിക്കണം മകളൊരുത്തി പ്രായമായി വരുന്നെന്നു ‘
ഒരാഴ്ചത്തെ തിരോധാനത്തിനു ശേഷമാണ് മകളൂടെ വരവ്.
അപ്പോഴാണു ഭാര്യയുടെ ചോദ്യം.
‘എവിടെയെല്ലാം കറങ്ങിയെടീ പോയെടുത്തു വച്ചെങ്ങാനും നിന്റെ അപ്പനെ കണ്ടിരുന്നോ?’
പിന്നെയും ഒരാഴ്ച പോലും വേണ്ടി വന്നില്ല പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു ചെയര്‍മാനോട് പാര്‍ട്ടി തന്നെ സ്ഥാനം ഒഴിയാനാവശ്യപ്പെട്ടു. എം. ഡി കമ്പനി ഉദ്യോഗസ്ഥനായതിനാല്‍ പിരിച്ചു വിടാന്‍ ചട്ടം അനുവദിക്കുന്നില്ലാത്തതിനാല്‍ ഒരു മാസത്തെ ലീവില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ചെയര്‍മാന്റെയും എം ഡിയുടേയും ചാര്‍ജ്ജ് തത്ക്കാലം അഗ്രി. കള്‍ചറല്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ വഹിക്കാനാന്‍ ഏര്‍പ്പാടു ചെയ്തു. ഒരു സെന്റോഫോ ആരവങ്ങളോ ഇല്ലാതെ രണ്ടു പേരും ഒപ്പം പടിയിറങ്ങേണ്ടി വന്നു.
കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ കമന്റ്.
”ശുദ്ധികലശം നടത്തേണ്ടതാണ് ചാണകവെള്ളമെങ്കിലും തളിച്ചാല്‍ നന്നായിരുന്നു.”
Click this button or press Ctrl+G to toggle between Malayalam and English