ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്തിയാറ്

 

 

 

 

 

 

 

 

 

കോര ചെയര്‍മാന്റെ കൊച്ചി യാത്രയെ പറ്റി വിശദമായി പറഞ്ഞു കൊടുത്തു. ‍

‘അവിടെ പോയി  കാവല്‍ കിടക്കേണ്ടി വരിക എന്നു പറഞ്ഞാല്‍- . ആദ്യം കക്ഷി ഒറ്റക്കായിരുന്നു ഇപ്പോള്‍ എം. ഡിയും കൂട്ടിനുണ്ട്. ഒരു കണക്കിനു കൂട്ടു കച്ചവടം.’

‘ അതു പൊളിക്കുന്ന കാര്യം ഞാനേറ്റു. താന്‍ അവധിക്കപേക്ഷിക്ക്’

സതീശന്‍ ഇടതുപക്ഷ യൂണീയനിലെ സജീവ പ്രവര്‍ത്തകനായത് മാത്രമല്ല , ഒരിക്കല്‍ താത്ക്കാലികമായി ഒരു പെഴ്സണല്‍ ലോണിന് അപേക്ഷ കൊടുത്തപ്പോള്‍ അത് നിരസിച്ചതിലെ വൈരാഗ്യവും എം. ഡിയോടുണ്ട് . അതേ സമയം അതിരപ്പള്ളിയീലെ വേറൊരു ഡ്രൈവര്‍ക്ക് യാതൊരു ചട്ടവും നോക്കാതെ വേഗം തന്നെ ലോണ്‍ പാസാക്കിക്കൊടുത്തു. എം.ഡിയോടൊപ്പം ചെയര്‍മാനേയും പൂട്ടാനുള്ള അവസരമാണ് വരുന്നത് . ഇത് കളഞ്ഞു കുളിച്ചു കൂടാ.

കോര ഒരാഴ്ചത്തെ അവധിയില്‍ പോകുകയാണെന്നും പകരം തല്‍ക്കാലത്തേക്ക് കോട്ടയംകാരന്‍ തന്നെയായ സതീശന്‍ വരാമെന്നു സമ്മതിച്ചപ്പോള്‍ ചെയര്‍മാന് എതിര്‍പ്പുണ്ടായില്ല. ഹെഡ് ഓഫീസിലെ പേഴ്സണല്‍ സെക്ഷന്‍ വഴി ഉത്തരവിറങ്ങിയപ്പോള്‍ ഇതൊരു സാധാരണ നടപടിക്രമം എന്നാണ് എം.ഡിയും കരുതിയത്. പിന്നത്തെ മട്ടാഞ്ചേരി യാത്രക്ക് ഒരു കോട്ടയംകാരനെ തന്നെ കിട്ടിയത് നന്നായി എന്ന അഭിപ്രായമായിരുന്നെങ്കിലും സതീശന്‍ ഇങ്ങനെയൊരു ട്രിപ്പില്‍ ആദ്യമായി വരികയാണെന്നതിനാല്‍ അയാള്‍ക്ക് വഴി പറഞ്ഞു കൊടുക്കേണ്ട അവസ്ഥ ചെയര്‍മാനും എം ഡിക്കും വന്നു പെട്ടു.

‘ ഇന്നൊരു ദിവസത്തേക്ക് മതി അടുത്ത് ട്രിപ്പിനു ഈ ബുദ്ധിമുട്ടുണ്ടാകില്ല ‘

ഇത്തവണത്തെ ട്രിപ്പിനു ഒരു ട്രാവല്‍ ഏജന്‍സിയുടെ വണ്ടിയെടുക്കാതെ ചെയര്‍മാന്റെ ഔദ്യോഗിക വാഹനം തന്നെയാണെടുത്തത്.

മട്ടാഞ്ചേരിക്കാരിയുടെ വീടിനു മുന്നിലെത്തിയപ്പോള്‍ സതീശന്‍ രണ്ടു പേരോടുമായി പറഞ്ഞു.

‘സാര്‍ ഞാനിന്നു ഒന്നും കഴിച്ചില്ല കുറച്ചപ്പുറം മാറിയുള്ള ഒരു ഹോട്ടല്‍ ഇങ്ങോട്ടു തിരിയുമ്പോള്‍ കണ്ടിരുന്നു. അവിടെപ്പോയി വല്ലതും കഴിച്ചിട്ടേ വരു’

‘അതിനെന്താ താനൊരു മണിക്കൂര്‍ കഴിഞ്ഞു വന്നാ മതി ആട്ടെ കഴിക്കാന്‍ രൂപ വല്ലതും കയ്യിലുണ്ടോ?’

‘വേണ്ട എന്റെ കയ്യിലുണ്ട് ‘

ചെയര്‍മാനും എം.ഡിയും വീടിനകത്തേക്ക് കയറിയപ്പോള്‍ സതീശന്‍ കാര്‍ അവളുടെ വീടിനു മുമ്പില്‍ തന്നെ പാര്‍ക്ക് ചെയ്ത് ഒരു വിളിപ്പാടകലെ ഉള്ള ഹോട്ടലിലേക്കു നടന്നാണു പോയത്.

ഹോട്ടലിലെത്തിയപ്പോള്‍ ഹോട്ടലുടമയ്ക്കു അറിയേണ്ടത് ആ കാറിലുള്ളവാരെക്കൊയാണെന്നാണ്.

‘പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും എം ഡി യും ആണെന്നറിഞ്ഞപ്പോള് ‍അടുത്ത ചോദ്യം.

‘അവര്‍ക്കെന്താ രത്നവല്ലിയുടെ വീട്ടില്‍ കാര്യം? ഇപ്പോ ഇതു പല തവണയായല്ലോ?’

‘ഓ അതൊന്നും എനിക്കറിയില്ല. ഞാനാദ്യമായിട്ടു വരുവല്ലെ?’

‘ ഓ എന്നാ കേട്ടോ ആദ്യമെന്തോ ചില്ലറ കറക്കണ പരിപാടിയായിരുന്നു ഒരു ചട്ടക്കാരിയാ രത്നവല്ലീന്നാ പേര് മകളൊരാളുള്ളത് വെളിയിലാ പഠിക്കുന്നത്. ഇപ്പോ അവളും കെട്ടിയോനും മാത്രേ ഉള്ളു. കെട്ടിയോന്‍ പ്രൊഡക്ഷന്‍ കണ്ട്റോളര്‍ എന്നൊക്കെയാ കേള്‍ക്കുന്നെ’

പിന്നെ സതീശന്‍ വരാനുണ്ടായ കാരണം പറഞ്ഞു. അവസാനം അപേക്ഷയുടെ മട്ടില്‍ പറഞ്ഞു.

‘ഞാന്‍ പറഞ്ഞത് രഹസ്യമായിട്ടിരിക്കണം. എന്റെ കഞ്ഞിയില്‍ പാറ്റയിടല്ലേ അവിടെ ഞങ്ങളുടെ കമ്പനിയുടെ എന്തെങ്കിലുമിടപാടാണെന്ന ഞാന്‍ കരുതിയത്’

‘ ഓ എന്തെടപാട് ആട്ടെ അവിരിപ്പം അവിടുണ്ടല്ലോ അല്ലെ?’

‘ ഒണ്ട് അവരെ അവിടെ ആക്കിയിട്ടല്ലേ ഞാനിങ്ങോട്ടു പോന്നെ’

പിന്നയാള്‍ അല്പ്പനേരം ഗൗരവത്തിലായിരുന്നു.

‘കൊറെ നാളായി അവളെ പൂട്ടാനെന്താ പണീന്ന് ഞങ്ങള്‍ നോക്കുവാരുന്നു ഇന്നു ശരിയാക്കിയേക്കാം’

പിന്നെ തടിയന്‍ പുറത്തിറങ്ങി സിനിമ കാഹളത്തി‍ന്റെ ഓഫീസില്‍ കയറി അല്പ്പനേരം കഴിഞ്ഞ് വന്നത് തന്റെ അസിസ്റ്റന്റ് എന്നു പറയുന്ന ഒരാളേയും കൊണ്ട്. തടിയന്റെ നേര്‍വിപരീതമായ ഒരാള്‍. അവന്റെ മുഖത്തെ കള്ളച്ചിരിയും നോട്ടവും കണ്ടാലറിയാം ആളൊരു സൂത്രശാലിയാണെന്ന്. സിനിമാകാഹളത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്ററാണെന്നു പറഞ്ഞാണു പരിചയപ്പെട്ടത്. കയ്യില്‍ തലേ ആഴ്ചത്തെ വീക്കിലിയുടെ കോപ്പി ഉണ്ട്. സിനിമയില്‍ ചാന്‍സ് തേടി വന്നവള്‍ ഇപ്പോള്‍ കൊച്ചി പട്ടണത്തില്‍ അങ്ങനൊരു വാര്‍ത്ത മുന്‍പ് കൊടുത്തത് വീക്കിലിയിലുണ്ട്.

‘ഈ വാര്‍ത്ത കൊടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് കൂടുതലറിയില്ലായിരുന്നു. ഇപ്പം കൊറയൊക്കെ കിട്ടിയിട്ടുണ്ട്. വിശ്വസിക്കാന്‍ പറ്റിയത്. ഇനി ചേട്ടന്‍ കൂടി സഹകരിച്ചാ അടുത്ത ലക്കം പൊടി പൊടിക്കും ‘

ഇങ്ങനെ തടിയന്‍ പറയുന്നതു കേട്ടപ്പോള്‍ സതീശന്‍ വല്ലാത്ത ആശയകുഴപ്പത്തിലായി. ഇവരെ ഇവിടെ കണ്ടത് അബദ്ധമായോ ? തന്റെ ലോണിന് വേണ്ടിയുള്ള അപേക്ഷ തള്ളിക്കളഞ്ഞതിലുള്ള ദേഷ്യം തീര്‍ക്കണമെന്നേ ഉണ്ടായിരുന്നുള്ളു. ചെയര്‍മാനെ പറ്റിയും അയാളുടെ പല ഇടപാടുകളെയും പറ്റി നേരത്തേ തന്നെ കേട്ടിരുന്നു. കഴിഞ്ഞയാഴ്ച കോര പറഞ്ഞപ്പോള്‍ മാത്രമാണ് ഈ മട്ടാഞ്ചേരി യാത്ര എന്തിനു വേണ്ടിയാന്നറിയുന്നത്. ഇപ്പോള്‍ കൂട്ടിനു എം ഡിയും ഉണ്ടെന്നു അറിഞ്ഞപ്പോള്‍ എന്നാല്‍ രണ്ടിനേയും ഒരു പാഠം പഠിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളു. പക്ഷെ സംഭവം വഷളാകുമോ എന്നു ഭയപ്പെടുന്നു.

പിന്നെ സതീശനും മൊയ്തീന്‍ – അതാണാ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പേര്- ഒരരമണിക്കൂര്‍ സംഭാഷണം . എല്ലാം കഴിഞ്ഞപ്പോള്‍ മൊയ്തീന്റെ മുഖത്തൊരു തെളീച്ചം. അയാള്‍ തിരിഞ്ഞ് തടിയനോട് പറഞ്ഞു.

‘ ആശാനേ നമ്മുടെ ഫോട്ടോഗ്രാഫറെ ഒന്നു വിളീക്കാമോ നല്ല ചൂടുള്ള സാധനം‍ തടയും ചട്ടക്കാരിയുടെ വീടിനു മുന്നിലേക്കു വരാന്‍ പറ’തടിയന്‍ വലിയ ഉത്സാഹത്തിലായിരുന്നു.

‘അയാളീപ്പം ഇങ്ങോട്ട് വരും മൊയ്തീന്‍ അങ്ങോട്ടു പൊയ്ക്കോ’

പിന്നീട് സതീശന്റെ നേരെ തിരിഞ്ഞ് ‘ കൂടെ പോകണ്ട ഞങ്ങള്‍ കാരണം അനിയന്‍ വെള്ളത്തിലാകണ്ട അനിയനിതൊന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല ‘

അപ്പോഴേക്കും ഒരു കാമറയുമായി ഫോട്ടോഗ്രാഫര്‍ വന്നു. തടിയനും ഫോട്ടോഗ്രാഫറും മൊയ്തീന്റെ പിന്നാലെ രത്നവല്ലിയുടെ വീട്ടിലേക്ക് നടന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here