This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
- ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല് (Current)
- ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
- ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്
മുന്‍പൊരിക്കല്‍ അതിരപ്പിള്ളി എസ്റ്റേറ്റില്‍ ഫീല്‍ഡ് ഇന്‍സ്പക്ഷനു പോയ സമയത്തെ വാക് പോരാണു കാരണം. ഒരു ഫയല്‍ പോലും അഗസ്റ്റിന്റെ മേശപ്പുറത്തെക്കു പോകുന്നില്ല. ഒരു കത്ത് പോലും ഡ്രാഫ്റ്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല . ഹെഡ് ഓഫീസില്‍ വരുന്ന പത്രമാസികള്‍ വായിച്ചിരിക്കുക എന്നതു മാത്രം ജോലി. ആ സമയം ജനറല്‍ മാനേജരുള്ളപ്പോള്‍ മറ്റൊരു മുറിയിലും പോകുന്നതിനോ അവിടെ ഓഫീസര്‍മാരും സ്റ്റാഫുമായി ഇടപഴകുന്നതിനോ ഒന്നും സ്വാതന്ത്ര്യമില്ല ചുരുക്കം പറഞ്ഞാല്‍ ഒരു നോക്കുകുത്തി മാനേജര്‍.
യാദൃശ്ചികമായി ഒരു കത്ത് വന്നത് അദ്ദേഹമില്ലാത്ത സമയത്ത് അഗസ്റ്റിന്റെ മേശപ്പുറത്താണ് റീഡയറക്ട് വന്നത് . അതിനു മറുപടിയെന്നോണം പ്ലാനിംഗ് ഓപ്പറേഷന്‍സ് എന്ന പേരില്‍ ഒരു സര്‍ക്കുലര്‍ ഡ്രാഫ്റ്റ് ചെയ്ത് എല്ലാ എസ്റ്റേറ്റുകളിലേക്കും അയച്ചു . തന്റെ പേരില്‍ ഒരു കത്തെങ്കിലും എസ്റ്റേറ്റിലേക്കയക്കാനായാല്ലോ എന്ന ചാരിതാര്‍ത്ഥ്യമായിരുന്നു. എസ്റ്റേറ്റ് വിസിറ്റ് കഴിഞ്ഞെത്തിയ ജനറല്‍ മാനേജര്‍ വിവരമറിഞ്ഞ് ക്ഷുഭിതനായി അഗസ്റ്റിനോടു തട്ടിക്കയറി.
‘ ആരോടു ചോദിച്ചിട്ടീ സര്‍ക്കുലര്‍ ഇറക്കി ?’ ജനറല്‍ മാനേജരുടെ ചോദ്യത്തിനു എം. ഡിയുടെ നോട്ട് കാണിച്ചപ്പോള്‍
‘ സമാനമായ ഒരു സര്‍ക്കുലര്‍ ഇവിടെ നിന്നയച്ചത് താന്‍ കണ്ടില്ലേ ‘ എന്ന ചോദ്യമായി എംഡി.
‘ അങ്ങനെ നോട്ടിടുമ്പോള്‍ നേരത്തെ ഇറങ്ങിയ സര്‍ക്കുലറായിരുന്നു എം ഡിയുടെ മുന്നില്‍ വയ്ക്കേണ്ടത് അല്ലാതെ ഒരേ വിഷയത്തിനു രണ്ടു സര്‍ക്കുലര്‍’ പിന്നീട് ജനറല്‍ മാനേജര്‍ പറഞ്ഞ വാക്കുകള്‍ അഗസ്റ്റിനെ വല്ലാതെ നോവിക്കുന്നതായിരുന്നു.
‘ഓഫീസില്‍ വന്നാല്‍ പോരാ ഫയലുകള്‍ പഠിക്കണം കുറെ നാള്‍ അസി. മാനേജരും മാനേജരുമായി എസ്റ്റേറ്റുകളിലിരുന്നതല്ലേ? എന്നിട്ടും ഈ സെക്ഷനിലെ ബാലപാഠം പോലും അറിയില്ല എന്ന് വന്നാല്‍ ‘
‘സാര്‍ എം ഡി പറഞ്ഞിട്ട് …..’
‘
അപ്പോള്‍ എം. ഡിക്കു മുമ്പിറങ്ങിയ ഈ വിഷയത്തിലുള്ള സര്‍ക്കുലര്‍ കാണിച്ചു കൊടുക്കണം അല്ലാതെ തോന്നിയവാസം കാണിക്കുകയല്ല വേണ്ടത്’
മറ്റുള്ള സ്റ്റാഫിന്റെ മുന്നില്‍ വച്ചുള്ള ഈ അവഹേളനം അഗസ്റ്റിന് ആഴത്തിലൊരു മുറിവായി മാറി.
എന്നിട്ടും പിടിച്ചു നില്‍ക്കാനൊരു ശ്രമം നടത്തി.
‘ സര്‍ അപ്പോള്‍ എനിക്കെന്താ പണി?’
‘ താന്‍ പോയി എം ഡിയോടു ചോദിക്ക്’
ഈ സീന്‍ കണ്ട പ്യൂണ്‍ ശ്രീധരന്‍ ഇനിയീ കെട്ടിടത്തിന്റെ നാലു നിലയിലും ഫ്ലാഷാക്കും . ഈ പ്യൂണിനുള്ള സ്വാതന്ത്ര്യം പോലും ഇവിടെ തനിക്കില്ലെങ്കില്‍ പിന്നെ എന്തിനു ഇവിടെ നില്‍ക്കണം?
പിറ്റെ ദിവസം അഗസ്റ്റിന്‍ ഓഫീസില്‍ വന്നില്ല. അന്നത്തെ മെയിലില്‍ ഒരു മാസത്തെ സുഖമില്ലാത്ത അവധിക്കുള്ള അപേക്ഷയാണ് വന്നത്. കിട്ടിയപാടെ ജനറല്‍ മാനേജര്‍ റെക്കമന്റ് ചെയ്ത് പേഴ്സണല്‍ സെക്ഷനിലേക്കു വിട്ടു.
ഒരിക്കല്‍ എം. ഡിയോടു ജനറല്‍ മാനേജര്‍ ചോദിച്ചത്രെ.
‘എന്തിനയാളെ എന്റെ സെക്ഷനിലേക്കു വിട്ടു? ഒരു ലെറ്റര്‍ പോലും നേരെ ചൊവ്വെ ഡ്രാഫ്റ്റ് ചെയ്യാന്‍ അറിയാത്ത ഈ മനുഷ്യനെ എന്തിനിവിടെ പ്രതിഷ്ഠിച്ചു? ഫയലുകള്‍ പഠിക്കാനൊരു ശ്രമവും നടത്തുന്നില്ല. ഒരു പ്യൂണ്‍ ചെയ്യേണ്ടുന്ന ജോലി പോലും ഇയാള്‍ ചെയ്യുന്നില്ല. എനിക്കീ മനുഷ്യനെ എന്റെ സെക്ഷനില്‍ വേണ്ട’
എം. ഡി പറഞ്ഞിതിത്ര മാത്രം.
‘ഇനി അയാള്‍ക്ക് ഒരു വര്‍ഷം കൂടിയേ ഉള്ളു സര്‍വീസില്‍ നിന്നും പിരിയുന്നിടം വരെ ഇവിടെ കൂടട്ടെ എസ്റ്റേറ്റില്‍ പോയാലും പ്രയോജനമില്ല’
ലീവ് കഴിഞ്ഞ് വന്ന അഗസ്റ്റില്‍ പിന്നെ പൊങ്ങിയത് കൊടുമണ്‍ ഫാക്ടറിയിലാണ്. ജോര്‍ജ്ജ് വര്‍ഗീസ് ഇതിനോടകം ട്രാന്‍സ്ഫറായി കാലടി ഗ്രൂപ്പിലേക്ക് പോയിരുന്നു ചുരുക്കം പറഞ്ഞാല്‍ ജോര്‍ജ്ജ് വര്‍ഗീസ് എന്ന അസി. മാനേജര്‍ ചെയ്യേണ്ട ജോലി തന്നെയാണ് അഗസ്റ്റില്‍ എന്ന മാനേജരും ചെയ്യേണ്ടി വരുന്നത്. കൊച്ചി ഗോഡൗണിലേക്കയക്കുന്ന ലാറ്റക്സിന്റെയും മറ്റും കണക്കു തയാറാക്കുന്ന ജോലിയാണ് വ്യത്യസ്തമായുള്ളത്. പിന്നീടതിന്റെ സ്റ്റേറ്റ്മെന്റ് തയാറാക്കി ഹെഡ് ഓഫീസിലേക്ക് അയക്കുക എന്നതാണ് ചുരുക്കത്തില്‍ ഒരു ഫാക്ടറി ക്ലര്‍ക്കിന്റെ ജോലിയായിരുന്നു.
അവസാനത്തെ ഒരു വര്‍ഷം ഇങ്ങെനെ ഒരാള്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞു പോയത് ആരുടേയും ശ്രദ്ധയില്‍ പെടാതെ പോയി . സീനിയര്‍ എസ്റ്റേറ്റ് മാനേജരോ, ജനറല്‍ മാനേജരോ ആയി റിട്ടയര്‍ ചെയ്യേണ്ടയാള്‍ക്കാണീ ഗതി വന്നത്.