ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തി മൂന്ന്

 

 

 

 

 

 

 

ജോര്‍ജ്ജ് വര്‍ഗീസ് ബെഡ്റൂമിലെ അലമാരിയില്‍ നിന്ന് പേഴ്സെടുത്ത് രണ്ടു പേരുടേയും മുന്നില്‍ കുടഞ്ഞിട്ടു .

”നോക്ക് കയ്യിലുള്ളതിത്രയേ ഉള്ളു”

മേശപ്പുറത്തും തറയിലുമായി വീണൂ കിടന്ന തുക എണ്ണി നോക്കിയപ്പോള്‍ ഉദ്ദേശിച്ചതിലും കൂടുതലുണ്ട് പക്ഷെ , ഇതിങ്ങനെ വിട്ടുകൊടുത്താല്‍ ശരിയാകില്ല.

‘ ആകട്ടെ ഒരാളുടെ കാര്യം ഇതുകൊണ്ട് ഒപ്പിക്കാം ഇനി തന്റെയോ?’

‘ അയ്യോ ഞങ്ങളുടെ രണ്ടുപേരുടേയും തൊകയാ തന്നെ. ഇനി കയ്യിലൊന്നുമില്ല’ അഗസ്റ്റിനാണതു പറഞ്ഞത് .

‘ അതു പോരാ ഞങ്ങളു പിച്ചതെണ്ടാനൊന്നുമല്ല വന്നെ പറഞ്ഞ കാശ് തന്നോ – വേഗം വേണം ‘

അഗസ്റ്റിന്‍ പയ്യെ എഴുന്നേറ്റ് ചുവരില്‍ പിടിച്ചു പറഞ്ഞു.

‘ഞാനിവിടല്ല താമസിക്കുന്നത് കുറച്ചു ദൂരെ മാറിയാ. അവിടെ പോയാലും രക്ഷയുണ്ടെന്നു തോന്നുന്നില്ല. ഈ ശനിയാഴ്ച വീട്ടില്‍ പോകാന്‍ വച്ച കാശു കാണും ‘

‘ അത് ശരി പങ്കുകച്ചവടത്തിനു വന്നിട്ട ഒന്നുമില്ലെന്നാണൊ പറയുന്നെ? സമയം പോണൂ വേഗം പറഞ്ഞ് തൊലക്ക് ‘

‘ഒള്ളതാ പറയുന്നെ പത്തു രൂപ പോലും തികച്ചില്ല’

അപ്പോഴാണു മോതിരകണ്ണി അഗസ്റ്റിന്റെ കഴുത്തിലെ മാല ചൂണ്ടിക്കാണിക്കുന്നത്.

‘ ശരി അതൂരി‍ത്താ’

നെഞ്ചിടിച്ച് പോയി തലപൊട്ടി വേദനിക്കുന്നതിനേക്കാളും വലിയ വേദനയാണിപ്പോള്‍.

‘ എന്താടോ ആലോചിക്കുന്നെ? ഇയാളു തന്ന തൊക താനും തരണം ‘

‘ ഒന്നുമില്ല സത്യാ പറഞ്ഞെ’

ആജാനബാഹു പിന്നൊന്നും പറഞ്ഞില്ല അഗസ്റ്റിനെ പിടിച്ചു വലിച്ച് കഴുത്തിലെ മാല ബലമായി ഊരിയെടുത്തു.

‘ ശരി ഇതുകൊണ്ടൊന്നുമായില്ല. ഞങ്ങളിപ്പം പോണു ബാക്കി തൊക രണ്ടു ദിവസം കഴിഞ്ഞു തരണം. പിന്നെ ഇതിന്റെ പേരില്‍ ഞങ്ങള്‍ക്കെതിരെ പോലീസിലെങ്ങാനും കേസു കൊടുക്കാന്‍ പോയാല്‍ – അറിയില്ലെ എന്റെ പെണ്ണുമ്പിള്ളയെയാ വിളീച്ചിറക്കികൊണ്ടു വന്നെ’

‘ വിളിച്ചതല്ല അവളിങ്ങോട്ടു വന്നതാ ‘ ജോര്‍ജ്ജ് വര്‍ഗീസ് തൊഴുകയ്യോടേയാണു പറഞ്ഞത്.

‘ അപ്പോ അവള്‍ തനിയെ വന്നെന്നോ? നിങ്ങള്‍ക്കു കിട്ടീത് പോരെന്നു തോന്നുന്നു. ദാ ഞാനൊന്നു വിളീച്ചു കൂവിയാ അപ്പുറം ലേബര്‍ ലൈനിലുള്ളവരും ഇവിടെ വരും നാറ്റക്കേസാ അതു വേണോ?’

‘ ശരി രണ്ടു ദിവസം കഴിയട്ടെ എവിടുന്നെങ്കിലും കുറെ തൊക കൂടി ഉണ്ടാക്കി തരാം ഇപ്പോ വേറൊന്നുമില്ല’

‘ ശരി ഞങ്ങളു പോണ് പിന്നെ പിച്ചക്കാശുകൊണ്ടൊണു വരണേങ്കില്‍ – അറിയാമല്ലോ വെറുതെ വിടില്ല ‘

മോതിരക്കണ്ണിയേയും കൊണ്ട് അവര്‍ പോയതോടേ രണ്ടു പേരും നെടുതായൊന്നു നിശ്വസിച്ചു.

പയ്യെ എഴുന്നേറ്റ് ഒക്കിക്കുത്തിയാണെങ്കിലും നടക്കാന്‍ പറ്റുന്നത് അഗസ്റ്റിനു മാത്രമാണ് അയാള്‍ പയ്യെ കുറച്ചു ദൂരെ മാറിയുള്ള ലേബര്‍ ലൈനിലേക്കു നടന്ന് ജീപ്പ് ഡ്രൈവറെ വിളീച്ചു. ജീപ്പു ഡ്രൈവര്‍ രണ്ടു പേരേയും മംഗലാപുരം ആശുപത്രിയിലേക്കു മാറ്റി. അഗസ്റ്റിനു ഇപ്പോഴും ശരിക്കും തലയുയര്‍ത്തി നടക്കാന്‍ പറ്റില്ല എന്നതുകൊണ്ടാണ് കാസര്‍ഗോഡ് ആശുപത്രികളിലൊന്നും പോകാതെ മംഗലാപുരത്തുള്ള ആശുപത്രിയില്‍ പോയത്.

‘ അജ്ഞാതരായ ഗുണ്ടകളുടെ ആക്രമണത്താല്‍ എസ്റ്റേറ്റു മാനേജരും അസി. മാനേജരും മംഗലാപുരം ആശുപത്രിയില്‍ ” കോട്ടയത്തേക്ക് ഫോണില്‍ വിവരമറിയിച്ചത് ജീപ്പ് ഡ്രൈവര്‍ ആയിരുന്നു. ഏതായാലും അതിനു ഗുണമുണ്ടായി പിറ്റേന്ന് വൈകീട്ടോടെ മാനേജിംഗ് ഡയറക്ടറും പേഴ്സണന്‍ മാനേജരും കശുമാവിന്‍ തോട്ടത്തിലെത്തി . മാനേജര്‍മാരുടെ താതക്കാലിക ചാര്‍ജ്ജ് രണ്ട് ഫീല്‍ഡ് എക്സിക്യൂട്ടീവിനെ ഏല്പ്പിച്ചു നേരെ മംഗലാപുരം ആശൂപത്രിയില്‍ ചെന്ന് വിവരമന്വേഷിച്ചപ്പോള്‍ അഗസ്റ്റിനു മാത്രമാണു സാരമായ പരിക്കുള്ളത്. രണ്ടു പേരേയും കോട്ടയത്തേക്കു കൂട്ടിക്കൊണ്ടു വന്ന് കോര്‍പ്പറേഷനു ടൈഅപ്പുള്ള മെഡിക്കല്‍ സെന്റെര്‍ ആശുപത്രിയിലേക്കു മാറ്റി.

ഒരാഴ്ച ചികിത്സ കൊണ്ട് ജോര്‍ജ്ജ് വര്‍ഗീസിനു ജോലിയില്‍ പ്രവേശിക്കാമെന്നായി. അയാള്‍ക്ക് പിന്നെ കൊടുമണ്‍ ഫാക്ടറിയുടെ ചാര്‍ജ്ജാണൂ കിട്ടിയത്. വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ അഗസ്റ്റിനും ജോലിയില്‍ പ്രവേശിച്ചു. ‘ കമ്പാഷണേറ്റ് ഗ്രൗണ്ടില്‍’ ഹെഡ് ഓഫീസിലാണു പോസ്റ്റിംഗ് ലഭിച്ചത്. തലക്കടി കൊണ്ട് അഗസ്റ്റിന്റെ തലവര മാഞ്ഞുവന്നാണ് പേഴ്സണ്‍ മാനേജര്‍ പറഞ്ഞത്. അദ്ദേഹം രണ്ട് ദിവസം എസ്റ്റേറ്റില്‍ തങ്ങി, അടുത്തൂള്ള പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തെങ്കിലും ഒരിടത്തും പ്രതികളുടെ പേരു പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ കേസു കൊണ്ട് പ്രയോജനമില്ല എന്നു മനസിലായി.

മോതിരക്കണ്ണിയുടെ പേര്‍ ഒരിടത്തും സംശയിക്കുന്നവരുടെ പട്ടികയിലോ സാക്ഷിയായിട്ടോ വരാത്തിടത്തോളം കാലം കേസ് വെറും ചടങ്ങായി മാറുകയേ ഉള്ളുവെന്ന് പേഴ്സണല്‍ മാനേജര്‍ റിപ്പോര്‍ട്ടു കൊടുത്തു . പക്ഷെ രഹസ്യമായി യഥാര്‍ത്ഥ വസ്തുതകള്‍ മനസിലായപ്പോള്‍ അയാള്‍ മനസില്‍ പറഞ്ഞതിങ്ങനെ ‘ ഇവര്‍ക്കീ കിട്ടിയത് പോരായിരുന്നു ‘

അഗസ്റ്റിനു പോസ്റ്റിംഗ് ആയത് ‘ പ്ലാനിംഗ് ആന്‍ഡ് പ്രഡക്ഷന്‍ സെക്ഷനില്‍’ ജനറല്‍‍ മാനേജരുടെ കീഴില്‍ ‘ മാനേജര്‍ ‘ എന്നൊരു തസ്തികയുണ്ടാക്കി ഹെഡ് ഓഫീസിലിരുത്തുകയായിരുന്നു . ഇടക്ക് വീണ്ടും ഒരാഴ്ച ലീവിലും ഇടക്കൊരു ആഴ്ച ആശുപത്രി ചെക്കപ്പും നടത്തി വീണ്ടും പുതിയ ലാവണത്തില്‍ വന്നിട്ടും മുഖത്തൊരു തെളിച്ചവുമില്ല. പ്ലാനിംഗ് ആന്‍ഡ് പ്രൊഡക്ഷന്‍ സെക്ഷനിലെ ജനറല്‍ മാനേജര്‍ , ഇങ്ങനെയൊരാള്‍ തന്റെ കീഴില്‍ പണിയെടുക്കുന്നതായി കണക്കാക്കുന്നില്ല എന്നതാണു വസ്തുത.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here