This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
കുഴപ്പങ്ങളുടേ നിജസ്ഥിതി പുറത്തു വന്നത് ലേബര്‍ ലൈനിന്റെ സമീപത്ത് താമസിക്കുന്നവര്‍ എസ്റ്റേറ്റ് മാനേജരുടെ അടുത്ത് പരാതിയുമായി ചെന്നപ്പോഴാണ്. പാത്രിരാത്രി സമയം പത്രോസും അന്നമ്മയും തമ്മില്‍ ഉള്ള ബഹളം കാരണം സ്വൈര്യജീവിതം സാദ്ധ്യമാകുന്നില്ല എന്നതാണ് അവരുടെ പരാതി. ഇതൊന്നും രണ്ടും ദിവസമല്ല ദിവസവും ഒഴിയാബാധപോലെ അരങ്ങേറുന്നു.
പത്രോസിനെയും അന്നമ്മയേയും പരാതിക്കാരായ തൊഴിലാളികളേയും മാനേജര്‍ മാറി മാറി ക്രോസ് ചെയ്തപ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ വസ്തുത വെളീച്ചത്തു വന്നത്. നവോമിയുടെ വിശദീകരണവും കേട്ടതോടെ മാനേജര്‍ ക്ഷുഭിതനായി.
‘ എടോ താനൊരു മനുഷ്യനാണോ? മൃഗങ്ങളുടെ സ്വഭാവമാണല്ലോ തനിക്ക്. ഇതു ഞാന്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ നിങ്ങള്‍ കെട്ടിയോനും കെട്ടിയോളും അഴിയെണ്ണും.’
അമ്പു പെരുന്നാളീന്റെയന്ന് നവോമി പള്ളിയില്‍ പോയ സമയം അസിസ്റ്റന്റു മാനേജര്‍ അന്നമ്മയുടെ ഒത്താശയോടെ തങ്ങളുടേ മുറിയില്‍ വന്നെന്നും, നവോമിയെ കിട്ടാതായപ്പോള്‍ അയാളെ പിണാക്കാതിരിക്കാന്‍ പകരം രണ്ടു ദിവസം അന്നമ്മ അഗസ്റ്റിനുമൊരുമിച്ചു കഴിയേണ്ടി വന്നെന്നും പറയുമ്പോള്‍ പോലും അന്നമ്മക്കൊരു വൈക്ലബ്യവും ഉണ്ടായിരുന്നില്ലെന്നും നവോമിയെ ഞെട്ടിച്ചു. പതോസും ഇതിനൊക്കെ കൂട്ടു നിന്നെത്രെ. ആ പത്രോസാണ് ഇപ്പോള്‍ അന്നമ്മയെ ചീത്ത പറയുന്നത്.
എന്തുകൊണ്ട് അഗസ്റ്റിന് ഏഴെട്ടു മാസം മുന്‍പ് മാനേജിംഗ് ഡയറക്ടര്‍ ഐബിയില്‍ ക്യാമ്പ് ചെയ്തപ്പോള്‍ ഒറ്റക്കു കാണാന്‍ പോയെതെന്നു മാനേജര്ക്കു വ്യക്തമായത് ഇപ്പോള്‍ മാത്രം.
ഏതായാലു മാനേജരുടെ ഭീഷണി ഫലിച്ചു. പത്രോസും അന്നമ്മയും തമ്മിലുള്ള ബഹളം കുറഞ്ഞു. കോണ്‍വെന്റില്‍ കുശിനിപ്പണിക്കു പോകുമായിരുന്ന പെണ്മക്കളില്‍ ഒരാളുടെ കല്യാണം പള്ളിക്കാരുടേ സഹായത്തോടെ നടന്നു എസ്റ്റേറ്റില്‍ വല്ലപ്പോഴും ഇലട്രീഷ്യനായി വരുമായിരുന്ന ജോസുകുട്ടിയുമായി അടുപ്പത്തിലാകാന്‍ നവോമിക്കു സാധിച്ചത് എസ്റ്റേറ്റ് മാനേജരുടെ ഒത്താശയും കാരണമായി. അത് പിന്നീട് നവോമിയുടെ കഴുത്തില്‍ മിന്നു കെട്ടിനു കലാശിച്ചു.
നവോമി കല്യാണശേഷം ജോസുകുട്ടിയുടെ വീട്ടിലേക്കു പോയി അപ്പന്‍ മരിച്ചപ്പോള്‍ പോലും എസ്റ്റേറ്റിലേക്കു വന്നത് ആള്‍ക്കാര്‍ എന്തു വിചാരിക്കും എന്നു കരുതി മാത്രം അമ്മച്ചിയോടു സംസാരിച്ചു.
അമ്മച്ചിയുടെ ഇളയ സന്തതി വളര്‍ന്നു വലുതായതോടെ ചുറ്റു പാടുമുള്ളവര്‍ക്കു പറഞ്ഞു നടക്കാന്‍ ഉള്ള വക കിട്ടി. അസി . മാനേജരുടെ തനിപ്പകര്‍പ്പ്. പക്ഷെ പോഷഹാകാരക്കുറവുകൊണ്ട് ആളൊട്ടു ക്ഷീണിച്ച മട്ടാണ്. അഗസ്റ്റിന്റെ മൂക്കിനു വലതു വശത്തുള്ള മറുക് തെളീഞ്ഞു വന്നതോടെ ‘ജൂനിയര്‍ അഗസ്റ്റിന്‍’ എന്നാണൂ സമീപത്തു ലേബര്‍ ലൈനില്‍ താമസിക്കുന്നവര്‍ വിളീക്കുന്നത്.
വര്‍ഷങ്ങളെത്ര കഴിഞ്ഞു പത്തോ, പന്ത്രണ്ടോ. ഏതായാലും സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന നവോമിയും ജോസും കുഞ്ഞും മനസിനു പകരുന്നത് കുളിര്‍മയാണ്. ഇല്ലായ്മയുടേയും വല്ലായ്മയുടേയും നടുവില്‍ നിന്നൊരു മോചനം.
നവോമിയുമായി പിരിയാന്‍ നേരം ജോസിനോടു പറഞ്ഞു.
‘ ഇവള്‍ തനിക്ക് ഒരു മുതല്‍ക്കൂട്ടാണ്. തന്റെ കുടുംബം ഇവളെ കൊണ്ട് രക്ഷപ്പെടും ‘
കൈകൂപ്പി പിരിയാന്‍ നേരം നവോമി പറഞ്ഞു.
‘സാറിനെ പറ്റി ഞാനെല്ലാം പറഞ്ഞിട്ടുണ്ട്. അന്ന് അയാളുടെ അതിക്രമത്തില്‍ നിന്നും രക്ഷപെടാന്‍ സാറെന്നെ മുറിക്കകത്ത് പൂട്ടിയിട്ട് ഓഫീസില്‍ പോയ കഥ. സാറിനോട് ജോസേട്ടനു മതിപ്പേ ഉള്ളു’
പ്ലാന്റേഷന്‍ കാലത്തെ ജീവിതാനുഭവങ്ങള്‍ പകര്‍ത്തുമ്പോള്‍- നവോമിയെ കുറിച്ചുള്ള വിവരണങ്ങളെഴുതുമ്പോള്‍- ഏറെ തിളക്കമുള്ള വരികളായിരിക്കും എഴുതാനാകുക.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം -നാല്പ്പത്തൊന്പത്