This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
രണ്ടാഴ്ച കഴിഞ്ഞ് കാലടി പ്ലാന്റേഷനിലേക്കായിരുന്നു പിന്നത്തെ യാത്ര. ഇപ്പോള്‍ അങ്ങോട്ട് പോകാന്‍ ഒരു താത്പര്യം ഇല്ല എതാണ് വാസ്തവം. ഇനിയും ആ മുഖങ്ങളൊക്കെ കാണേണ്ടി വരിക. കാലടി പ്ലാന്റേഷനില്‍ കൂടുതല്‍ കാലം ജോലി ചെയ്തത് കല്ലാല എസ്റ്റേറ്റിലാണ്. അതുകൊണ്ട് വ്യക്തിപരമായി എല്ലാവരെയും ഏറെക്കുറെ പരിചിതരാണ്.
ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലെ സുകുവിന്റെ വിശേഷം പറച്ചില്‍, കാലടിക്കുള്ള പാണ്ടു പാറ വഴിയുള്ള യാത്രകള്‍, പലപ്പോഴും കശുമാങ്ങ വാറ്റിയുള്ള ഫെനി സേവിക്കലും അതു വഴി കിട്ടുന്ന പുതിയ അറിവുകളും ഓര്‍ക്കുമ്പോള്‍ കുറയൊക്കെ ജോലിയിലെ പിരി മുറുക്കത്തില്‍ നിന്ന് മോചനം ലഭിക്കുന്ന അവസരങ്ങള്‍ ധാരാളം കിട്ടാറുണ്ട്.
അങ്ങനെ വരുമ്പോള്‍ കാലടി ഗ്രൂപ്പിലെ ഓഡിറ്റ് വര്‍ക്ക് കൂടുതല്‍ ആഹ്ലാദം പകരേണ്ടതാണ്. പക്ഷെ പഴയ ഓര്‍മ്മകളൊന്നും ഈ അവസരത്തില്‍ ഒരു സന്തോഷവും പകരുന്നില്ല.
മന:പൂര്‍വമെന്നോണം ഓഫീസുകളിലൊരൊടത്തും പോവാതെ എസ്റ്റേറ്റുകളില്‍ നിന്നും കൊണ്ടു വന്നിരുന്ന കാഷ് ബുക്കും രജിസ്റ്ററുകളും ഐബിയില്‍ ഇരുന്ന് തന്നെ പരിശോധിക്കുകയാണുണ്ടായത്. ഏറെക്കുറെ ഫൈനല്‍ സ്റ്റേജാകുമ്പോള്‍ മാത്രം ഓഫീസുകളിലേക്കു പോയാല്‍ മതി കഴിയുന്നതും കല്ലാല എസ്റ്റേറ്റ് ഒഴിവാക്കുകയും വേണം.
എസ്റ്റേറ്റ് ഓഫീസുകളിലെ മാനേജര്‍മാരും സീനിയര്‍ അസിസ്റ്റന്റുമാരും ഓഡിറ്റ് പാര്‍ട്ടി ഐ ബിയില്‍ വരുമ്പോള്‍ ഇവിടെ വരിക പതിവുണ്ട്. പക്ഷെ ജഗന്നാഥന്‍ നായര്‍ വന്നത് ഒരു തവണ മാത്രം. വന്നപ്പോഴും മുന്നില്‍ പിടി തരാതെ ഒഫീഷ്യല്‍ ഡ്യൂട്ടിയുടെ പേരില്‍ മറ്റ് എസ്റ്റേറ്റുകളീല്‍ നിന്ന് വന്ന മാനേജരുമാരുമായി സമയം ചില വഴിക്കുകയാണുണ്ടായത്. എന്റെ മുന്നിലേക്ക് വന്നത് ഒന്നോ രണ്ടോ തവണ മാത്രം. ഒരു തവണ കല്ലാല എസ്റ്റേറ്റ് മാനേജര്‍ വന്ന് ഒരന്വേഷണം നടത്തി.
‘ എന്താ ജഗന്നാഥന് നായരുമായിട്ടുള്ള ഇടപാട് എവിടം വരെ എത്തി? കൊടുത്ത രൂപ തിരിച്ചു കിട്ടിയോ ?’
‘ ഇല്ല അതിനുള്ള സമയമായില്ലല്ലോ പോരാത്തതിന് എന്റെ മുന്നില്‍ വരാന്‍ വളരെ വിമ്മിട്ടമുണ്ടെന്ന് തോന്നുന്നു’
മാനേജരുടെ മുഖത്തൊരു ചിരി.
‘ നിങ്ങളൊക്കെ കരുതുന്ന പോലെ പാവത്താനൊന്നുമല്ല അയാള്‍ പഠിച്ച കള്ളനാണ്. നിങ്ങളേപ്പോലുള്ള ചിലരൊക്കെ സഹായിക്കാനുള്ളതുകൊണ്ടാണ് അയാളിങ്ങണെ ധൂര്‍ത്തടിച്ചു നടക്കുന്നത്. ഇപ്പോഴും ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും ഔട്ടിംഗ് ഉണ്ടെന്നാണ് അറിയുന്നത്. കമ്പനി കൂടാന്‍ ആള്‍ക്കാരുടെ എണ്ണം കുറഞ്ഞെന്നു മാത്രം. ജീപ്പ് വാടകയ്ക്ക് എടുത്തുള്ള പോക്ക് ഇല്ലെന്നു തന്നെ പറയാം’
‘ അപ്പോള്‍ ആള് പഴയപോലെ തന്നെയെന്നാണോ?’
” അതെ സ്വഭാവത്തിനു ഒട്ടും മാറ്റമില്ല മുഖത്തൊരു ചമ്മലോ കുലുക്കമോ ഇല്ല. നിങ്ങളേപ്പോളുള്ളവര്‍ സഹായിക്കാനുണ്ടെങ്കില്‍ അയാള്‍ ഇനിയും ആ നടപടി തുടരും. പക്ഷെ ഞാന്‍ കര്‍ശന നിലപാടെടുത്ത കാരണം ഓഫീസില്‍ പ്രശ്നങ്ങളൊന്നുമില്ല’
മാനേജരുടെ സംഭാഷണം അവിടം കൊണ്ടു നിന്നു.
എസ്റ്റേറ്റ് ജീപ്പ് പോകാന്‍ നേരം അദ്ദേഹം മാനേജരോടൊപ്പം പോവുകയും ചെയ്തു. പക്ഷെ മേടിച്ച തുകയെ പറ്റി ഒരക്ഷരവും മിണ്ടിയില്ല. അപ്പോള്‍ ഇനി തന്നില്ലെങ്കിലും കുഴപ്പമില്ലന്നാണോ
ശനിയാഴ്ച വീട്ടില്‍ പോകാതെ ഐ ബിയില്‍ തന്നെ കൂടി. നാളെ അവിടെ പോയി അയാളെ നേരിട്ട് കാണണം. വര്‍ഷങ്ങളായി കിടന്ന ആഗ്രഹം മാറ്റി വച്ചിട്ടാണ് സഹായിച്ചത്. എന്താണ് നിലപാടെന്ന് അറിയണം.
പക്ഷെ ആളെ അന്വേഷിച്ച് പോകേണ്ടി വന്നില്ല. സന്ധ്യയോടടുത്ത നേരം സുകുമാരന്‍ വന്നു.
‘സാറിനെ കൂട്ടിക്കൊണ്ടു പോകാന്‍ കല്ലാല ഓഫീസില്‍ നിന്നും ഒരാള്‍ വന്നിട്ടുണ്ട് വന്നയാള്‍ ബൈക്കുമായിട്ടാണ് വന്നിരിക്കുന്നത് പോവുന്നൊ?’
ഏതായാലും പൊയ്ക്കളയാം ഇവിടെ വച്ച് മറ്റുള്ളവരുടെ മുമ്പില്‍ വച്ച് സംസാരിക്കാനുള്ള മടികൊണ്ടായിരിക്കണം എസ്റ്റേറ്റ് ക്വേര്‍ട്ടേഴ്സിലേക്ക് ചെല്ലാനായി ആളെ അയച്ചത്. കിട്ടുമെന്ന ധാരണ ഇപ്പോഴില്ല എങ്കിലും എന്നു കിട്ടുമെന്നു അറിയാനെങ്കിലും പറ്റും.
പക്ഷെ എല്ലാ പ്രതീക്ഷയും തകിടം മറിഞ്ഞു ജഗന്നാഥന്‍ നായര്‍ അച്ഛനെയും അമ്മയേയും കൊണ്ട് നാട്ടില്‍ പോയിരിക്കുന്നു. ഇനി തിങ്കളാഴ്ച ഉച്ചയോടെ എത്തു.
ടീച്ചര്‍ക്ക് സ്കൂളുള്ളതു കൊണ്ട് പോവാന്‍ പറ്റിയില്ല. വിവരം കേട്ടതോടെ മനസ് പിടഞ്ഞു. എന്ത് ഭാവിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഈ ക്ഷണം. അതും സന്ധ്യ കഴിഞ്ഞ നേരത്ത്.
”സാറെ സാറിനെ ബുദ്ധിമുട്ടിച്ചതിലുള്ള വിഷമം എങ്ങനെ പറഞ്ഞു തീര്‍ക്കുമെന്നറിയില്ല. ഒരു കപ്പ് കാപ്പി പോലും തരാനുള്ള അവസ്ഥയായിരുന്നില്ല അന്ന്. സാറിന്റെ വൈകീട്ടത്തെ ഭക്ഷണം ഇന്നിവിടെ നിന്നാവാം”
എന്തുകൊണ്ടോ ടീച്ചറുടെ ക്ഷണം നിരസിക്കാനാണ് തോന്നിയത്.
”ഏയ് അതൊന്നും വേണ്ട. വൈകിട്ടത്തെ ഭക്ഷണം സുകു അവിടെ റെഡിയാക്കി വച്ചിട്ടുണ്ട്. ഇന്നിവിടെ ഞാന്‍ മാത്രമേ ഉള്ളു. അത് വേസ്റ്റാക്കാന്‍ പറ്റില്ല. മാത്രമല്ല ഞാനവിടെ ചെന്നിട്ടു വേണം സുകുവിനു പോകാന്‍. പിന്നെ ജഗന്നാഥന്‍ സാറില്ലാതെ ഇവിടെ നിന്ന് ഞാന്‍ ഭക്ഷണം കഴിക്കുന്നത് ശരിയല്ല”
എന്റെ പ്രതികരണം ടീച്ചര് പ്രതീക്ഷിച്ചതല്ല എന്ന് ആ മുഖഭാവം വിളിച്ചു പറയുന്നുണ്ട്.
‘ സാറിനിനി ഇന്നിവിടെ നിന്നും പോകാന്‍ പറ്റുമെന്നു തോന്നുന്നില്ല. രാത്രി വണ്ടി കടന്നു പോയി. ബൈക്കുകാരന്‍ കാലടിയിലാണു താമസം. അയാള്‍ സാറിനെ ഇവിടെ കൊണ്ടു വന്നിട്ട് പോയിക്കഴിഞ്ഞു. ഇന്നിവിടെ കൂടുകയേ നിവര്‍ത്തിയുള്ളു. ആദ്യം ഇത്തിരി കാപ്പി കുടിക്കാം പിന്നെയാവാം ഭക്ഷണം”
ദേഷ്യം ഇരച്ചു കയറി. എനിക്കെന്നെ തന്നെ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയായി.
‘ എന്തു ഭാവിച്ചുകൊണ്ടാ നിങ്ങള്‍? നിങ്ങളൊരു ടീച്ചറായതുകൊണ്ടും എന്നേക്കാള്‍ രണ്ടോ മൂന്നോ വയസു മൂപ്പുള്ളതുകൊണ്ടും ഞാന്‍ ബഹുമാനത്തോടെയേ കണ്ടിട്ടുള്ളു. ഇതിപ്പോള്‍ ജഗന്നാഥന്‍ നായരില്ലാത്ത ഈ സമയത്തുള്ള സത്ക്കാരം എന്തിനു വേണ്ടിയാണ്?’
ഒച്ച ക്രമത്തിലധികമായി പോയെന്നു കുറച്ചു മാറിയാണെങ്കിലും ലേബര്‍ ക്വേര്‍ട്ടേഴ്സിലുള്ളവര്‍ കേള്‍ക്കുമോ എന്നു ഭയപ്പെട്ടിട്ടാവാം ടീച്ചര്‍ ഓടി വന്ന് വായ് പൊത്തി. ഇതും അപ്രതീക്ഷിതമായ ഒരു പ്രവൃത്തി. സര്‍വ്വശക്തിയും ഉപയോഗിച്ച് ഞാനൊരു തള്ളു തള്ളീ. ടീച്ചര്‍ ചുമരിനോട് ചേര്‍ന്ന് തലയിടിച്ച് നിലത്ത്. അതോടെ ഞാനബദ്ധത്തിലായി. എങ്കിലും എന്റെ ദേഷ്യം അപ്പോഴും നിയന്ത്രിക്കാനായില്ല വീണ്ടും ചീത്ത വിളീക്കാനൊരുങ്ങിയതായിരുന്നു ഞാന്‍. പക്ഷെ അവര്‍ ബോധമറ്റ് തറയില്‍
ദൈവമേ എന്തു പറ്റി അവര്‍ക്ക്? വല്ല അപകടവും…. ഭയന്നിട്ടാണെങ്കിലും വിളിച്ചു .
മങ്ങിക്കത്തുന്ന വൈദ്യുതി വെളിച്ചമേ ഉള്ളു. രാത്രി സമയം എസ്റ്റേറ്റുകളിലെല്ലായിടത്തും വോള്‍ട്ടേജ് പ്രശ്നം കാരണം ഇലട്രിക് പോസ്റ്റിലെ വെളീച്ചം പോലും മങ്ങിയ അവസ്ഥയായിരിക്കും.
മുറിയില്‍ കരുതലെന്നവണ്ണം ഒരു ചിമ്മിനി വിളക്ക് കത്തിച്ച് വച്ചിരിക്കുന്നത് കൊണ്ട് ടീച്ചറുടെ അവസ്ഥയെന്തെന്നറിയാന്‍ കഴിഞ്ഞു.
പയ്യെ അടുക്കളയില്‍ കയറി പൈപ്പിലെ വെള്ളമെടുത്ത് മുഖത്ത് ശക്തിയായി കുടഞ്ഞു.
സമാധാനമായി, പയ്യെ അവരെ താങ്ങി നടത്തി അകത്തെ മുറിയിലെ കട്ടിലില്‍ കിടത്തേണ്ട ജോലി കൂടി ഏറ്റെടുക്കേണ്ടി വന്നു.
അഞ്ചു മിനിറ്റു നേരം കഴിഞ്ഞവര്‍ എഴുന്നേറ്റു. ദേഹത്തു നിന്നും ഊര്‍ന്നു പോയ സാരി നേരയാക്കി പയ്യെ ചുവരില്‍ പിടിച്ചു മുന്‍ വശത്തെ മുറിയിലേക്കു വന്നു.
മനസിന്റെ തുടികൊട്ട് എനിക്കു തന്നെ പേടിപ്പെടുത്തുന്ന വിധം ഉച്ചത്തിലാണെന്നു എന്റെ തോന്നല്‍. ഞാനും വല്ലാതെ വിയര്‍ത്തു പോയി.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – 41
Click this button or press Ctrl+G to toggle between Malayalam and English