This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
കൊടുമണ്‍ ഗ്രൂപ്പില്‍ നിന്നും പിറ്റെ ആഴ്ച ഓഫീസില്‍ വന്നപ്പോള്‍ കാത്ത് കിടന്ന കത്ത് ആകാംഷയോടെ പൊട്ടിച്ചു വായിച്ചപ്പോള്‍ ഉള്ളടക്കം മനസിലായതോടെ ആദ്യം തന്നെ ‘നോ’ പറഞ്ഞ് ഒരു മറുപടി അയക്കുകയാണുണ്ടായത്.
എന്റെ മനസില്‍ നിശ്ചയിച്ചുറപ്പിച്ച പദ്ധതി നടപ്പിലാക്കിയേ തീരു. സ്വന്തമായൊരു സമ്പാദ്യം. അതില്‍ കുറെ കാഷെടുത്ത് വീട്ടില്‍ അത്യാവശ്യം കുറെ ഫര്‍ണിച്ചര്‍, റേഡിയോ ഇതൊക്കെ മനക്കോട്ട കെട്ടിയ പോലെയാകാന്‍ പാടില്ല. എന്റെ ബുദ്ധിമുട്ടുകള്‍ വിശദമായി വിവരിച്ച് കൊണ്ടുള്ള മറുപടി കൊടുത്ത് പിറ്റെ ആഴ്ച വീണ്ടും കൊടുമണ്‍ ഗ്രൂപ്പിലേക്ക് തന്നെ ഓഡിറ്റ് വര്‍ക്കിനായി പോയി.
കത്തയച്ച് ഒന്ന് സമാധാനമായിട്ടിരുന്നതാണ്. വീക്കെന്‍ഡില്‍ ഞാന്‍ ഹെഡ് ഓഫീസില്‍ വരുമെന്നറിയാവുന്ന ജഗന്നാഥന്‍ നായര്‍ എന്നെ കാത്തിരിക്കുന്നു. ആ മനുഷ്യന്റെ ദയനീയ ഭാവം മനസുലക്കുന്നതായിരുന്നു. വീട്ടിലെ ആവശ്യം പറഞ്ഞ് നോക്കിയെങ്കിലും ജഗന്നാഥന്‍ നായര്‍ പിന്‍തിരിയുന്നില്ല.
‘ എന്റെ വീട്ടിലെ ആവശ്യം ഏറെ നാളായി അമ്മ പറയുന്നതാണ് വീടിന്റെ പിന്നാമ്പുറത്തെ ഓടും മറ്റു മാറ്റണമെന്ന്. വിചാരിക്കുന്ന തുകയല്ല വേണ്ടി വരിക. ആ തുക ഉണ്ടാക്കാനുള്ള ബദ്ധപ്പാടിലാണു ഞാന്‍. അത് കൊണ്ട് എന്നെ ഒഴിവാക്കണം’
കൂടുതലൊന്നും പറയാതെ യാത്ര പുറപ്പെടാന്‍ തയാറെടുത്തിരുന്ന മറ്റു ടീമംഗങ്ങളോടൊപ്പം ഹെഡ് ഓഫീസിലെ കാറില്‍ കയറി സഥലം വിട്ടു. സ്വയം വരുത്തി വച്ച വിനക്കു മറ്റുള്ളവര്‍ തൂങ്ങണമെന്ന സ്ഥിതി ഇനിയെങ്കിലും അങ്ങേര് മാറ്റിയേ ഒക്കു . ഇനി ജഗന്നാഥന്‍ നായരുടെ ശല്യം ഉണ്ടാവില്ലെന്നാണു കരുതിയത്. പക്ഷെ അത് വെറുതെ. ഇത്തവണ കത്തയച്ചിരിക്കുന്നത് ജഗന്നാഥന്‍ നായരുടെ ഭാര്യയാണു.
ആരെയും ആകര്‍ഷിക്കുന്ന വടിവൊത്ത കയ്പ്പടയിലെഴുതിയ കത്ത് പക്ഷെ ആ കത്തിന്റെ മനോഹാരിതയല്ല ഉള്ളടക്കത്തില്‍.
‘ എന്നെയും എന്റെ കുട്ടികളെയും അനാഥരാക്കരുത്. അങ്ങേര് വല്ല കടുംകയ്യും ചെയ്യുമോ എന്നാണു എന്റെ പേടി. പലപ്പോഴും ഉറക്കത്തില്‍ പിച്ചും പേയും പറയുന്നു. ചിലപ്പോള്‍ നീണ്ടു നില്‍ക്കുന്ന മൗനം. കുറെ നാള്‍ ലീവെടുക്കാന്‍ പറഞ്ഞിട്ട് അതിനു സാധിക്കുന്നില്ല. ഓഫീസിലെ കാഷ് വൗച്ചറിനു കൃത്യമായ സപ്പോര്‍ട്ടിംഗില്ലാതെ വെറുതെ കാഷ് മേടിച്ചതു കൊണ്ടായില്ല എന്നാണ് എസ്റ്റേറ്റ് മാനേജരുടെ നിലപാട്. മാനേജരുടെ സൗമ്യ മനോഭാവം ഇപ്പോഴില്ല. കാഷ് കടം മേടിച്ച് സേഫിലെ തുക ശരിയാക്കിയതു കൊണ്ടായില്ല, തല്ലികൂട്ടി എഴുതിയ പച്ചക്കറി കടയിലെ തുണ്ടു കടലാസ് പോലത്തെ ബില്ലുകളല്ല വേണ്ടത് എല്ലാം കഴിഞ്ഞിട്ട് വേണം സ്റ്റോര്‍ വെരിഫിക്കേഷന്‍ നടത്താന്‍. മേടിച്ച സാധനങ്ങളോക്കെ അവിടുണ്ടോ എന്നറിയണം ‘
ഇതൊക്കെ താമസിക്കുന്ന ക്വേര്‍ട്ടേഴ്സില്‍ മാനേജര്‍ രാത്രി സമയം ജീപ്പില്‍ കയറി വന്ന് പറയുന്നതോടെയാണ് ഓഫീസിലെ ചുറ്റുപാടുകള്‍ ഞങ്ങളൊക്കെ അറിയുന്നത്, ഇനി സാറിനേ ഞങ്ങളെ രക്ഷിക്കാന്‍ കഴിയു’
‘സാറിനറിയാമല്ലോ എനിക്കു മുന്നു പെണ്‍കുട്ടികളാണ്. ഇളയ ആള് സ്കൂളില്‍ പോയിത്തുടങ്ങിയതേ ഉള്ളു. മൂത്തത് രണ്ടു പേര്‍ക്കും നല്ലൊരു ഡ്രസ് എടുക്കാന്‍ പോലും പറ്റിയിട്ടില്ല. അതിനിടയിലാണ് അങ്ങേരുടെ ധൂര്‍ത്ത്. സാറ് മനസ് വച്ച് സഹായിക്കണം സാറിന്റെ ഒരു കൂടപ്പിറപ്പിന്റെ അപേക്ഷയാണിത് ”
ടീച്ച്റിന്റെ കത്തു കൂടിയായതോടെ എനിക്കെന്റെ ഉറച്ച തീരുമാനത്തില്‍ നിന്നും പിന്നോക്കം പോയേ ഒക്കു എന്ന അവസ്ഥയായി. അവരുടെ കുട്ടികളുടെ കാര്യമാണ് എന്റെ മനസിനെ ഉലക്കുന്നത്.
ജോലി സ്ഥലത്തു നിന്നും നേരെ കാലടിയിലേക്കാണ് പോയത്. പ്ലാന്റേഷനിലെ ബംഗ്ലാവില്‍ രാത്രി കഴിച്ചു കൂട്ടി പിറ്റേന്നു കല്ലാല ഓഫീസിലേക്കു തിരിച്ചു. ജഗന്നാഥന്‍ നായര്‍ ഓഫീസിലില്ല. അന്വേഷണത്തില്‍ ആള് കോണ്ട്രാക്ടറോടു മേടിച്ച പൈസ കൊടുക്കേണ്ട സമയമായതിനാല്‍ അതെങ്ങിനെയെങ്കിലും ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണെന്നറിഞ്ഞു. ജഗന്നാഥന്‍നായരോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി എസ്റ്റേറ്റിനു വെളീയില്‍ പോകുമ്പോള്‍ എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിച്ചവരൊക്കെ ഇപ്പോള്‍ അങ്ങേരെ തിരിഞ്ഞു പോലും നോക്കുന്നില്ല. അതില്‍ ഡ്രൈവറായി കുടെ വരുന്നയാള്‍ വീട്ടില്‍ നല്ല സൗകര്യങ്ങള്‍ ഉള്ളയാളാണ്. വീട്ടുകാരി നാട്ടിന്‍പുറത്ത് സ്വകാര്യമായി ഒരടുക്കള ചിട്ടി നടത്തുന്നുണ്ട്. ആഴ്ച തോറും പത്തു രൂപ വച്ച് നടത്തുന്ന ചിട്ടി രണ്ടു മൂന്നു വര്ഷത്തിനു മേലെയായി അവരീ പരിപാടി നടത്തുന്നുവെന്നറിയാന്‍ കഴിഞ്ഞത്. ഇപ്പോഴവരുടെ കയ്യില്‍ എങ്ങിനെയും മൂവായിരം രൂപ കാണുമെന്നാണ് ഡ്രൈവറുടെ കൂടെ വരുന്നയാള്‍ പറയുന്നത്. ഒരിക്കല്‍ സ്വന്തം വീട്ടുകാരെ പറ്റി ഒരു മദ്യപാന സദസില്‍ പുകഴ്ത്തി പറഞ്ഞത് ഓര്‍മ്മയില്‍ ഇപ്പോഴും വരുന്നു.
ചന്ദ്രികാ ചിറ്റ്സിന്റെ ഉടമയുമായി വ്യക്തിപരമായി അടുപ്പമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സഹായിക്കുന്നതിന് അയാള്‍ക്ക് പരിമിതികള്‍ ഏറെയുണ്ട്. കാലടിയിലും പരിസരത്തുമുള്ള കച്ചവടക്കാരാണധികവും. ഒരോ ലേലത്തിനും കൂടുതല്‍ പങ്കാളികളായി വരുന്നവര്‍ കച്ചവടാവശ്യത്തിന് വേണ്ടി ലേലത്തില്‍ പങ്കെടുക്കുവാന്‍ വരുമ്പോള്‍ അവരുദ്ദേശിച്ചതിലും കുറെ കുറവ് വന്നാലും ലേലത്തില്‍ പിടിച്ചെന്നിരിക്കും. ഇവിടെ അത്യാവശ്യക്കാരനായത് കൊണ്ട് എങ്ങനെയും ചിട്ടി പിടിച്ചേ ഒക്കു എന്നായി. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു കിട്ടിയ തുക മൂവായിരം മാത്രം. കിട്ടിയ തുകയില്‍ രണ്ടായിരം മാത്രം ജഗന്നാഥന്‍ നായര്‍ക്കു കൊടുത്തു. ആയിരം രൂപയെങ്കിലും ഫിക്സഡ് ഡെപ്പോസിറ്റ് കിടക്കട്ടെ എന്ന് തീരുമാനിച്ചു. റേഡിയോ വാങ്ങലൊക്കെ പിന്നത്തേക്കു മാറ്റി .
ടീച്ചറെയാണു തുക ഏല്പ്പിച്ചത്. ടീച്ചറോട് പറഞ്ഞിതിത്രമാത്രം.
‘ടീച്ചറൊരാള്‍ ഇടപെട്ടതുകൊണ്ടു മാത്രം ഞാനീ തുക തരുന്നത്. ഇനിയെങ്കിലും അങ്ങേരെ ഒന്നു കണ്ട്രോള്‍ ചെയ്യണം. ഞാനേറെ നാളായിട്ട് അങ്ങേരോടൊപ്പം ഒരു കമ്പനിയിലും പോകാറില്ല. പക്ഷെ അങ്ങേരുടെയീ കൂട്ട് ഉപേക്ഷിക്കാന്‍ പറയണം. കുറെയൊക്കെ കാര്ക്കശ്യ നിലപാടെടുത്തില്ലെങ്കില്‍ കുട്ടികളുടെ ഭാവിയാണു അപകടത്തിലാകുന്നത്’
പറഞ്ഞു തീരുന്നതിനു മുന്‍പ് അപ്രതീക്ഷിതമായി അത് സംഭവിച്ചു. ടീച്ചര്‍ കുനിഞ്ഞെന്റെ കാല് തൊടുന്നു.
‘ഹേയ് എന്താണീ കാണിക്കുന്നത്’
എന്നേക്കാള്‍ രണ്ടൊ മൂന്നോ വയസിന്റെ മൂപ്പുണ്ടാകും പോരാത്തതിനു ഒരു ടീച്ചറും. അവര്‍ എന്റെ കാല്ക്കല്‍ വീഴുക എന്നു പറഞ്ഞാല്‍ വേഗം അവരെ പിടിച്ചു മാറ്റി സ്ഥലം വിടാനാണു ശ്രമിച്ചത്. അപ്പോഴും അപ്രതീക്ഷിതമായ ഒരു സംഭവം. അവരെന്റെ ദേഹത്തേക്കു ചാഞ്ഞു വിതുമ്പിക്കരയുന്നു.
‘ ക്ഷമിക്കണം എനിക്കു പിടിച്ചു നില്ക്കാനാവുന്നില്ല. സാറൊന്ന് ആ മനുഷ്യനെ പറഞ്ഞു മനസിലാക്കണം. പുറമെ വേറെ പലതും കേള്‍ക്കുന്നു’
ഈ സമയത്ത് കുത്തി നോവിക്കണ്ട എന്നു കരുതി വേഗം യാത്ര പറയുകയാണുണ്ടായത്.
‘കാപ്പി കുടിച്ചിട്ടു പോകാം ‘
‘ വേണ്ട സമയമില്ല ‘
എങ്ങനെയും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി. നാളെ എങ്ങനെയെങ്കിലും കൊടുമണ്ണീലെത്തണം. ഈ ആഴ്ച കൊണ്ട് അവിടുത്തെ വര്‍ക്ക് തീര്‍ക്കണം.
യാത്രയിലുടനീളം മനസിലൊരു പോറല്‍. ഒരദ്ധ്യാപിക എന്നെക്കാളും രണ്ടോ മൂന്നോ വയസിനു മൂപ്പുള്ളവര്‍ അവരാണ് എന്റെ കാല്‍ തൊട്ട് വന്ദിക്കുന്നതും. ദേഹത്തേക്കു ചാഞ്ഞതു മന:പൂര്‍വമല്ലെങ്കില്‍ പോലും ഈ പ്രവൃത്തി യാതൊരു ന്യായീകരണവും അര്‍ഹിക്കുന്നില്ല.
ആദ്യമായി കയ്യില്‍ കിട്ടിയ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് അന്യാധീനപ്പെട്ടു പോയിരിക്കുന്നു. .
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം നാല്‍പ്പത്
Click this button or press Ctrl+G to toggle between Malayalam and English