ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി ഏഴ്

 

 

 

 

 

 

 

രണ്ടു മാസം കഴിഞ്ഞപ്പോള്‍ ശിവദാസന്‍ നായരുടെ മരണത്തെ പറ്റി വെറെ ചില കഥകള്‍ പ്രചരിച്ചു തുടങ്ങി . അയാളുടേത് ഒരു സ്വാഭാവിക മരണമായിരുന്നില്ല . ദേവകിയമ്മയുടെ പണത്തിനും സുഖഭോഗത്തിനും വേണ്ടിയുള്ള ശല്യം മൂലം വന്നു പെട്ട മാനസിക പീഡനം വരുത്തി വച്ച ഒരു ഹൃദയാഘാതം, അതൊരു തരം ആത്മഹത്യ.

ഈ വിവരം പുറത്ത് വിട്ടത് ഡ്രൈവര്‍ നാരായണന്‍നായരാണ്. ഇപ്പോള്‍ അയാള്‍ ദേവകിയമ്മയുമായി ലോഹ്യത്തിലാണ്. പ്രായം അമ്പത് കഴിഞ്ഞെങ്കിലും ഇപ്പോഴും ഒരുങ്ങി വന്നാല്‍ ദേവകിയമ്മയെ കാണാന്‍ ചന്തമുണ്ട്. മാദകത്വം ആ ദേഹത്തു നിന്ന് വിട്ടൊഴിയാന്‍ മടി കാണിക്കുന്നു .

ശിവദാസന്‍ നായര്‍ മരിച്ചതോടെ അവര്‍ സര്‍വസ്വതന്ത്രയായി വിഹരിക്കുന്നു. ഡ്രൈവര്‍ നാരായണന്‍നായര്‍ അത് മുതലാക്കുന്നു. കമ്പിന്‍മേല്‍ തുണി ചുറ്റി കണ്ടാല്‍ വണ്ടി ഓടിക്കുന്നത് നിര്‍ത്തി നോക്കുന്ന സ്വഭാവം അയാള്‍ക്കുണ്ട്. അയാളുടെ അ ദൗര്‍ലഭ്യം ദേവകിയമ്മ പരമാവധി മുതലാക്കുന്നു. ദേവകിയമ്മയുടെ സ്വഭാവ ദൂഷ്യം പുറത്തു വരാന്‍ കാരണം നാരായണന്‍നായര്‍ തന്നെയാണ്.

കഴിഞ്ഞ തവണ അയാളവിടെ ചെന്നപ്പോള്‍ അവര്‍ വാതിലടച്ചു കളഞ്ഞു. കഴിഞ്ഞ തവണ ചെന്നപ്പോള്‍ കൊടുത്ത തുക
തികയാതെ പോയത്രെ. അതും പിന്നെ ഇപ്പോഴെത്തേതും കൂട്ടി കൊണ്ടു വന്നിട്ട് അകത്ത് കയറിയാല്‍ മതിയെന്നു പറഞ്ഞു തിരിച്ചയച്ചു. ഈ വിവരം ദേവകിയമ്മ പറയുമ്പോള്‍ പ്രായപൂര്‍ത്തിയോടടുത്ത മകള്‍ ജനലിനോടു ചേര്‍ന്നു നിന്ന് കരയുകയായിരുന്നത്രെ. ഇതൊക്കെ കാരണം മോഹിനിയുടെ മുഖത്തെ സ്ഥായിയായ ആ പുഞ്ചിരി പാടെ മാഞ്ഞു പോയി. കുറെ കഴിഞ്ഞതോടെ ദേവകിയമ്മ ഞങ്ങളുടെ സ്മൃതി പഥത്തില്‍ നിന്നും മാഞ്ഞുപോയി.

രണ്ടു വര്‍ഷക്കാലം കഴിഞ്ഞു പോയി. ഒരിക്കല്‍ ബസ്റ്റോപ്പില്‍ വച്ച് അവരെ കണ്ട പ്യൂണ്‍ ശങ്കരന്‍ നായര്‍ പറഞ്ഞത് ആദ്യം കണ്ടപ്പോള്‍ മനസിലായില്ല എന്നാണ്. വലിയൊരു മരത്തിന്റെ ഇടയില്‍ കൂടി വലിച്ചെടുത്ത പോലെത്തെ ശരീരം. ആകെ വശം കെട്ടു പോയ ഒരു രൂപം. അതോടെ നാരായണന്‍ നായരും അവരെ കയ്യൊഴിഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസാവസാനം ദേവകിയമ്മ ഓഫീസില്‍ വന്നു കയ്യിലൊരു പായ്ക്കറ്റുമായിട്ട്. മുന്നില്‍ വന്നു നില്ക്കുന്നത് ദേവകിയമ്മയാണെന്ന് മനസിലായത് അവരുടെ ശബ്ദം കേട്ടതുകൊണ്ടു മാത്രമാണ്. അത്രമാത്രം മാറ്റം ആ മുഖത്തും ശരീരപ്രകൃതിക്കും വന്നു പെട്ടു.

 

”മോളു പാസായി ഫസ്റ്റ് ക്ലാസുണ്ട് അതിന്റെ സന്തോഷത്തിനാ”

അങ്ങനൊക്കെ അവര്‍ പറഞ്ഞെങ്കിലും നീട്ടിയ കയ്യിലെ പാക്കറ്റ് വാങ്ങാന്‍ ആരും ഉത്സാഹം കാണിച്ചില്ല. രണ്ട് വര്‍ഷം മുന്‍പ് ഈ ഓഫീസ് വരാന്തയിലുണ്ടായ പുകില്‍ ആരും മറന്നിട്ടില്ലല്ലോ.

അവസാനം പ്യൂണ്‍ ശങ്കരനായര്‍ തന്നെ നിസഹായയായി നില്ക്കുന്ന അവരുടെ രക്ഷക്കെത്തി. അയാള്‍ പാക്കറ്റ് വാങ്ങി എല്ലാവര്ക്കും വിതരണം ചെയ്തു.

‘ മോളെ ഇനി പഠിക്കാന്‍ വിടണൊണ്ടോ?’ ശങ്കരനായര്‍ ചോദിച്ചു .

അയാളുടെ നേരെ അല്പനേരം നോക്കി നിന്നിട്ട് അവര്‍ പൊട്ടിക്കരയുകയാണുണ്ടായത്. പിന്നെ ഏങ്ങലടിച്ച് കൊണ്ടു തന്നെ അവര്‍ സ്ഥലം വിട്ടു.

ആ പൊട്ടിക്കരച്ചിലിന്റെ കാരണം താമസിയതെ തന്നെ ഓഫീസിലും ചുറ്റു പാടും പരന്നു. ഇപ്പോള്‍ മോള്‍ അമ്മയോടു ചോദിക്കുന്നു

‘ഇനി കൂടിയാല്‍ രണ്ട് വര്‍ഷം, അതോടെ അമ്മ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്യും പിന്നെന്തു ചെയ്യും? ഇനി ഞാനും അമ്മയേപ്പോലെയാകണോ?’

മോളുടെ ചോദ്യത്തിന്റെ സൂചന ഒന്നു മാത്രം. അമ്മ ജോലിയിലിരിക്കെ മരിച്ചാലെ മോള്‍ക്ക് ജോലി തരപ്പെടു. റിയട്ടയര്‍ ചെയ്തു കഴിഞ്ഞിട്ടുള്ള മരണത്തിനു ശേഷം ആശ്രിതര്ക്കു ജോലി കിട്ടാനുള്ള വകുപ്പില്ല.

അവസാനം അത് തന്നെ സംഭവിച്ചു. ദേവകിയമ്മയുടെ ദുര്‍മരണം ഒരു വാര്‍ത്തയായി പുറത്ത് വന്നു. വിഷം ഉള്ളില്‍ ചെന്നാണെത്രെ മരണപ്പെട്ടത്.

മരണത്തിന്റെ ഓര്‍മ്മയും ഒച്ചപ്പാടും പാടേ വിട്ടൊഴിയുന്നതിനു മുന്നേ തന്നെ രണ്ടു മാസം കഴിഞ്ഞൊരു ദിവസം മോഹിനി ജോലിക്കുള്ള അപേക്ഷയുമായി ഓഫീസില്‍ വന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here