ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി ആറ്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

 

 

 

 

 

 

 

സര്‍വീസിലിരിക്കെ മരണപ്പെട്ടു പോകുന്നവരുടെ ആശ്രിതര്‍ക്ക് ജോലി നല്കുക എന്ന ഗവണ്മെന്റ് നയം പ്ലാന്റേഷന്‍ കോര്പ്പ‍റേഷനിലും നടപ്പാക്കണം എന്നത് വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ ചിരകാല ആവശ്യങ്ങളിലൊന്നായിരുന്നു. തൊഴിലാളികള്‍ നടത്തിയ സമരകാലത്ത് ഒത്തു തീര്‍പ്പ് വ്യവസ്ഥകളില്‍ ഈയൊരവാശ്യവും മാനേജുമെന്റ് കമ്പനിയില്‍ നടപ്പാക്കാന്‍ തീരുമാനമെടുത്തതിന്റെ ആദ്യ ആനുകൂല്യവും ലഭിച്ചത് കാലടി പ്ലാന്റേഷനിലെ കല്ലാല എസ്റ്റേറ്റിലെ നൈറ്റ് വാച്ചറായിരുന്ന ശിവദാസന്‍ നായരുടെ ഭാര്യ ദേവകിയമ്മക്കാണ്. വിദ്യഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ദേവകിയമ്മക്ക് തൊഴിലാളിയായിട്ടുള്ള നിയമനമേ ലഭിച്ചുള്ളു.

ശിവദാസന്‍ നായര്‍ മരിച്ചു ഏകദേശം ആറ് മാസം കഴിഞ്ഞതിനു ശേഷം മാത്രമാണ് ആ നിയമനം നടന്നുള്ളു . ഒത്തു തീര്പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ മാനേജ്മെന്റ് സമ്മതിച്ചെങ്കിലും ഡയറക്ടര്‍ ബോര്ഡിലെ ഭൂരിഭാഗം അംഗങ്ങളും ഇങ്ങനൊരു നിയമം നടപ്പിലാക്കുന്നതിനോടു എതിരായിരുന്നു. ആശ്രിതനായി വരുന്നയാള്‍ നല്ല പഠിപ്പും യോഗ്യതയും ഉള്ള ആളാണെങ്കില്‍ അയാള്‍ക്ക് ജോലിയിലിരിക്കെ മരിച്ചയാള്‍ ഒരു തൊഴിലാളിയാണെങ്കില്‍ മാത്രമേ നിയമനം കിട്ടുകയുള്ളു. അങ്ങിനെ വരുമ്പോള്‍ അയാള്‍ പിരിയുന്നതുവരെ സര്‍വീസില്‍ തൊഴിലാളിയായി തന്നെ തുടരേണ്ടി വരും.

സ്റ്റാഫ് കേഡറിലേക്ക് ഏറെ ചാന്‍സ് വരുമ്പോള്‍ അയാള്‍ വേറെ അപേക്ഷ കൊടുത്ത് ഇന്റെര്വ്യൂവിനു ഹാജറായി വിജയിച്ചാല്‍ മാത്രമേ ആ പോസ്റ്റില്‍ നിയമനം ലഭിക്കുകയുള്ളു. ഈ വാദം ഉന്നയിച്ച ആള്‍ ബോര്‍ഡിലെ ഒരു ഗവണ്മെന്റു നോമിനിയായിരുന്നു. തൊഴിലാളി പ്രതിനിധികളായി ഡയറക്ടര്‍ ബോര്‍ഡില്‍ വന്നവരും ആദ്യം അതിനെ അനുകൂലിക്കുകയാണുണ്ടായത് . പക്ഷെ തിരിച്ചു തൊഴിലാളി നേതാവായി തോട്ടങ്ങളിലേക്കു വന്നപ്പോള്‍ തൊഴിലാളികളുടെ ശക്തമായ എതിര്പ്പ് നേരിടേണ്ടീ വന്നതിനാല്‍ പിന്നീടവര്‍ക്ക് ആ നയം തിരുത്തേണ്ടി വന്നു. അത്കൊണ്ട് ദേവകിയമ്മക്ക് നിയമനം ലഭിക്കാന്‍ താമസം നേരിട്ടു.

പക്ഷെ ഈ കാലയളവില്‍ അവര്‍ വെറുതെയിരുന്നില്ല. മകളുടെ വിദ്യാഭ്യാസ സഹായത്തിന്റെ പേരില്‍ ഓഫീസില്‍ വന്ന് എല്ലാ മാസവും ഒന്നാം തീയതി തോറും സ്റ്റാഫംഗങ്ങളുടെ കയ്യില്‍ നിന്ന് സംഭാവനയായി കിട്ടുന്ന തുക വസൂലാക്കുമായിരുന്നു. അവര്‍ മുന്നിലെത്തുമ്പോള്‍ ആരും വെറും കയ്യോടെ മടക്കി വിട്ടിരുന്നില്ല.

ശിവദാസന്‍ നായരുടെ സഹായം ലഭിക്കാത്ത ആരും അവിടുണ്ടായിരുന്നില്ല എന്നതാണ് പ്രധാന കാരണം. നൈറ്റ് വാച്ചറാണെങ്കിലും പകല്‍ വീട്ടില്‍ കിടന്നുറങ്ങുന്ന സ്വഭാവക്കാരനായിരുന്നില്ല. സ്റ്റാഫംഗംങ്ങള്‍ക്ക് വേണ്ടി റേഷന്‍ വാങ്ങുക, അവരുടെ കുഞ്ഞുങ്ങളെ നേഴ്സറിയിലാക്കുക, ടൗണിലോ മറ്റോ പോകുമ്പോള്‍ എന്തെങ്കിലും വീട്ടു സാമാനങ്ങള്‍ വാങ്ങുക തുടങ്ങി ചേതമില്ലാത്ത കാര്യങ്ങള്‍ അയാള്‍ ചെയ്തിരുന്നു . ഇതൊക്കെക്കൊണ്ടാണ് അയാള്‍ മരിച്ചതിനു ശേഷം ദേവകിയമ്മ ഓഫീസില്‍ വരുമ്പോള്‍ ഈ സഹായം നല്കിയിരുന്നത് . അവരോട് ഏതെങ്കിലും വിധത്തിലുള്ള നീരസം ഉള്ളവര്‍ പോലും സഹായിക്കുന്നത് അവരുടെ കൂടേ വരുന്ന മകള്‍ മോഹിനിയുടെ നിഷ്ക്കളങ്കത വിട്ടുമാറാത്ത പുഞ്ചിരി കാണുമ്പോഴാണ്.

ആറു മാസം കഴിഞ്ഞ് അവര്ക്ക് ജോലിയായതിനു ശേഷവും ഒന്നാം തീയതി തോറും ഓഫീസില്‍ വരാന്‍ മുടക്കം കാണിച്ചില്ല.

‘ ഇനിയും നമ്മളോരോരുത്തരും രൂപ കൊടുക്കുന്നതിലെന്താണു ന്യായം ‘ ഈ ചോദ്യം വന്നത് പ്യൂണ് ശങ്കരന്‍ നായരില്‍ നിന്നാണ്.

‘ ജോലിയില്ലാത്ത സമയം വന്നത് മനസിലാക്കാം ഇപ്പോഴോ- ഇതൊരു മുതലെടുപ്പ്’

സാധാരണ അവര്‍ വരുമ്പോള്‍ സീനിയര്‍ ക്ലാര്‍ക്ക് ജഗന്നാഥന്‍ നായര്‍ എല്ലാവരുടേയും അടുക്കലെത്തും ഓരോരുത്തരും വലുപ്പ ചെറുപ്പമില്ലാതെ പതിനഞ്ച് രൂപാ വച്ചു കൊടുക്കും. പിന്നീട് അങ്ങേരുടെ കയ്യില്‍ നിന്ന് പതിനഞ്ചു രൂപ കൂടി എടുത്ത് പത്തു പേരുടെ തുകയായ നൂറ്റിയന്പതു രൂപ ദേവകിയമ്മയെ ഏല്പ്പിപ്പിക്കുകയാണു പതിവ്. ഇങ്ങനെയൊക്കെ മുറുമുറുത്തെങ്കിലും ശങ്കരന്മായര്‍ പതിനഞ്ചു രൂപ ഇത്തവണയും ജഗന്നാഥന്‍ നായരെ ഏല്പ്പിച്ചു. പക്ഷെ പിറ്റെ മാസവും അവര്‍ ഓഫീസില്‍ വന്നപ്പോള്‍ പ്യൂണ്‍ ശങ്കരനയാര്‍ക്കു പുറമെ പലരും എതിര്‍പ്പു പ്രകടിപ്പിച്ചു. ശങ്കരന്‍ നായര്‍ ഇത്തവണ രൂപ കൊടുത്തില്ല.

‘ ഇല്ല ഞാന്‍ തരുന്നില്ല’ ഉറക്കെയാണു വിളിച്ചു പറഞ്ഞത്. ജഗന്നാഥന്‍ നായര്‍ ഇളിഭ്യനായി. ഓഫീസിലെ ഏക സീനിയര്‍ സ്റ്റാഫെന്ന പരിഗണന പോലും നല്കാതെയാണ് അയാളുടെ എടുത്തടിച്ചപോലുള്ള വര്‍ത്തമാനം .

ജഗന്നാഥന്‍ തന്റെ സീറ്റില്‍ വന്നിരുന്ന് മേശവലിപ്പില്‍ നിന്ന് തന്റെ ശമ്പളത്തില്‍ നിന്നും പതിനഞ്ചു രൂപ കൂടി എടുത്ത് ദേവകിയമ്മക്കു കൊടുത്തു.

അടുത്ത തവണ ദേവകിയമ്മ വന്നപ്പോള്‍ ആരും പിരിവു കൊടുക്കാന്‍ തയാറായില്ല. ജഗന്നാഥന്‍ തന്റെ ശമ്പളത്തില്‍ നിന്നും പതിനഞ്ചു രൂപ എടുത്ത് കവറിലിട്ട് ദേവകിയമ്മയെ ഏല്പ്പിച്ചു

കവറിനകത്തെ തുക എത്രയെന്നു കണ്ടപ്പോള്‍ ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും പിന്നീടവരുടെ തനിസ്വഭാവം പുറത്തു കാട്ടി.

‘ അതു ശരി അങ്ങേരുണ്ടായിന്നപ്പോള്‍ തെക്ക് വടക്ക് നടത്തിച്ചോരെല്ലാം ഇപ്പോ നെറികേടു കാണിക്കുന്നു. മരിച്ചു കഴിഞ്ഞാല്‍ ഓരോരുത്തരുടേയും കാര്യം ഇത്രയേയുള്ളു. കുഴിമാടത്തില്‍ വന്ന് ഇച്ചിരി കണ്ണീര് തൂവും പിന്നെ പയ്യപ്പയ്യെ മറക്കും’

ഇതുവരെ ഇതെല്ലാം നോക്കി കണ്ട് കൊണ്ടിരുന്ന ശങ്കരന്‍ നായര്‍ രംഗത്തു വന്നു. അയാളുടെ അമര്‍ഷം വാക്കുകളായി പുറത്തു വന്നു.

‘ അങ്ങേര് പോയാലെന്താ? നിങ്ങടെ കാര്യം ശരിയായില്ലെ? റിട്ടയര്‍ ചെയ്യാന്‍ ഒരു വര്ഷം പോലും വേണ്ടാത്ത സമയത്താണ് ശിവദാസന്‍ നായര്‍ പോയത്. ഇക്കഴിഞ്ഞ ജൂണ്‍ കഴിഞ്ഞായിരുന്നെങ്കില്‍ നിങ്ങള്‍ക്കീ ജോലി കിട്ടുമായിരുന്നോ? ‘

അതോടെ ആശ്രിതരായവരുടെ ഫയല്‍ നോക്കുന്ന സഹദേവന്‍ രംഗത്തു വന്നു.

‘ സര്‍വീസിലിരിക്കെ മരിച്ചു പോയവരുടെ ആശിതക്കാരുടെ കേസ് വേറെയും രണ്ടു മൂന്നെണ്ണമുണ്ട്. പലതും രണ്ടൂം മൂന്നും കൊല്ലം കഴിഞ്ഞ കേസുകളാണ്. അവരുടെയൊക്കെ കേസുകള്‍ മാറ്റി വച്ചിട്ടാണ് നിങ്ങളുടെ കേസ് പ്രത്യേകമായെടുത്തത് ഈ ജോലി നിങ്ങള്‍ക്ക് ശരിയാക്കിതന്നത്. അത് ശിവശങ്കരന്‍ നായരോടുള്ള സ്നേഹം കൊണ്ടാ അല്ലാതെ നിങ്ങടെ തൊലി വെളുപ്പ് കണ്ടിട്ടല്ല’

ദേവകിയമ്മയും വിട്ടു കൊടുത്തില്ല.

‘ അപ്പോ തൊലി വെളൂത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ജോലി കൊടുക്കണമല്ലോ ദുഷ്ടക്കൂട്ടങ്ങള്’

പിന്നെ ദേവകിയമ്മ ജഗന്നാഥന്‍ നായരേല്പ്പിച്ച പതിനഞ്ചു രൂപയുടെ കവര്‍ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് കലി തുള്ളിപ്പോയി.

‘ പതിനഞ്ചു ഉലുവ നിങ്ങളയാളെക്കൊണ്ട് ഉടുതുണി വരെ കഴുകിച്ചിട്ടുണ്ട്’

ഇത്രയുമായപ്പോഴേക്കും കൂടെയുണ്ടാടായിരുന്ന മോഹിനി കരയാന്‍ തുടങ്ങി. അതൊരു പൊട്ടിക്കരച്ചിലിന്റെ വക്കുവരെ യെത്തുമെന്നയാപ്പോള്‍ അവളുടെ പുറത്ത് ആഞ്ഞടിക്കാനും അവര്‍ മടിച്ചില്ല. ആ പോക്കിലും അവര്‍ എതൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here