ഒരു ദേശം കഥ പറയുന്നു അധ്യായം -അമ്പത്തിയഞ്ച്

 

 

 

 

 

 

 

 

 

 

ശങ്കരനാരായണന്‍ യൂണിയന്‍ മാറി . ഹെഡ് ഓഫീസിലേക്കു മാറ്റം മേടിച്ച് പോയതിനു ശേഷം ഏകദേശം രണ്ട് വര്‍ഷക്കാലം കൂടി മാത്രമേ എനിക്കതിരപ്പിള്ളി എസ്റ്റേറ്റില്‍ ഇരിക്കേണ്ടി വന്നുള്ളു. സ്റ്റാഫ് കേഡറില്‍ നിന്നും അഡ്മിനിസ്റ്റ്റേറ്റീവ് വിഭാഗത്തില്‍ ജൂനിയര്‍ അഡ്മിനിസ്റ്റ്റേറ്റീവ് ഓഫീസറായി ഓഫീസര്‍ കേഡറിലുള്ള പ്രമോഷനോട് കൂടി വീണ്ടും സെയില്‍സ് വിഭാഗത്തിലും കുറെ നാള്‍ പേഴ്സണല്‍ സെക്ഷനിലും ജോലി ചെയ്തെങ്കിലും അക്കൗണ്ട്സ് വിംഗില്‍ അധികനാള്‍ ഇരിക്കേണ്ടി വന്നില്ല. കൂടുതലും ഓഡിറ്റ് വിഭാഗത്തിലായിരുന്നു. ആദ്യമാദ്യമൊക്കെ ഓഡിറ്റ് വര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നെങ്കിലും എസ്റ്റേറ്റിലേക്ക് കൂടെകൂടെയുള്ള യാത്രയോടെ ഒരു വിരസത അനുഭവപ്പെട്ടു തുടങ്ങി . ഒറ്റപ്പെട്ടു കിട്ടുന്ന മുഹൂര്‍ത്തങ്ങളില്‍ കുറച്ചൊക്കെ എഴുതുവാനും വായിക്കുവാനുമുള്ള അവസരം ലഭിക്കുന്നുണ്ടെങ്കിലും മനസു തുറന്ന് സ്വസ്ഥമായിരുന്നു എഴുതാനുള്ള അവസരം വളരെ വിരളമായാണു കിട്ടുന്നത്.

എല്ലാ ആഴ്ചയും തിങ്കളാഴ്ച കോട്ടയത്ത് ചെല്ലുമ്പോഴാണ് മനസിനു ഒരു കുളിര്‍മ ലഭിക്കുന്നത്. ശങ്കരനാരായണന്‍ , മധുസൂദനന്‍ , യൂണീയന്‍ സെക്രട്ടറി സോമസുന്ദരന്‍, എതിര്‍ യൂണിയനിലെ സെക്രട്ടറി മാത്യു ഇവരുമായി കുറച്ചൊക്കെ ആശയവിനിമയങ്ങളും അഭിപ്രായങ്ങളും നടത്തുമെങ്കിലും അതൊരിക്കലും ഒരു സംഘര്‍ഷത്തിലേക്കോ വഴക്കിലേക്കോ നീങ്ങാറില്ല. അടിയന്തരാവസ്ഥ പിന്‍വലിച്ചതിന്റെ പിന്നാലെ കോര്‍പ്പറേഷനിലെ ഭരണ രംഗത്തും ചില മാറ്റങ്ങള്‍‍ വന്നു.

ഭരണപക്ഷത്തുള്ളവര്‍ ഇതിനോടകം കരുണാകര പക്ഷമെന്നും ആന്റണി പക്ഷമെന്നും രണ്ടു ഗ്രൂപ്പായി തിരിഞ്ഞതി‍ന്റെ ചില പ്രതിഫലനങ്ങള്‍ വന്നു. ഗ്രൂപ്പുകാരുടെ അതിപ്രസരത്തിലും ഏറെ നാള്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും പരുക്കൊന്നും പറ്റാതെ പിടിച്ചു നിന്നു . പക്ഷെ ആ അവസ്ഥക്കു ആറ് മാസത്തിലേറെ ആയുസുണ്ടായിരുന്നില്ല . അവര്‍ക്ക് പോകേണ്ടി വന്നത് ഏതെങ്കിലും ഗ്രൂപ്പ് മത്സരത്തിന്റെ പേരിലല്ല അവരുടെ സ്വഭാവ വിശേഷങ്ങള്‍ കൊണ്ടാണ്.

ഒരു രാഷ്ട്രീയക്കാരെനെന്നതിലുപരി ഗാന്ധിയനെന്നും സേവദള്‍ പ്രവര്‍ത്തകനെന്നും അറിയപ്പെടുന്ന ചെയര്‍മാന്‍ രാഷ്ട്രീയത്തിനുമപ്പുറം സമൂഹത്തിലുള്ള പലരുമായും ഇടപെടേണ്ട അവസരം വരാറുണ്ട്. ഇവരില്‍ നല്ലൊരു പങ്കും സ്ത്രീകളായ സേവാദള്‍ പ്രവര്‍ത്തകരാണ്. ഇവരില്‍ ചിലരോടുള്ള ചെയര്‍മാന്റെ മമത, കൂറെന്നതിനേക്കാള്‍ ഒരു വിധേയത്വമായിട്ടാണ് പലരും കാണുന്നത് . പ്രതിപക്ഷ പാര്‍ട്ടിയേക്കാള്‍ ഭരണകക്ഷിയിലുള്ള പലരുടേയും എതിര്‍പ്പുകളാണ് അയാളെ ഏറെ അലട്ടുന്നത്.

ഒരു സേവാദള്‍ പ്രവര്‍ത്തക ചെയര്‍മാനെ കാണാന്‍ വരുന്നത് ഉദ്യോഗസ്ഥരുടെ ഇടയില്‍ മാത്രമല്ല അയാളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയിലും ചില കുശുകുശുപ്പുകള്‍ക്ക് കാരണമാകാറൂണ്ട്. ആ സമയം ചെയര്‍മാനെ കാണാനായി വരുന്ന എസ്റ്റേറ്റില്‍ നിന്നുള്ള പാര്‍ട്ടിയോട് ബന്ധപ്പെട്ട തൊഴിലാളികള്‍, മറ്റു ചില രാഷ്ടീയ പ്രവര്‍ത്തകരും പലപ്പോഴും ആളെ കാണാതെ മടങ്ങുന്നു. ഇത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല പാര്‍ട്ടി യോഗങ്ങളില്‍ പരസ്യമായി തന്നെ പലരും ചോദ്യം ചെയ്തു തുടങ്ങി. കോര്‍പ്പറേഷനിലെ ഭരണത്തില്‍ സേവദള്‍ പ്രവര്‍ത്തകയ്ക്കു എന്തു കാര്യം?

താങ്കള്‍ കമ്പനിയുടെ ചെയര്‍മാനോ അതോ വേറെ വല്ലതുമോ? കമ്പനി ആവശ്യത്തിനു ബോര്‍ഡ് മീറ്റിംഗില്‍ വയ്ക്കേണ്ട വിഷയങ്ങളെ കുറിച്ച് ഉദോഗസ്ഥക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനോ വിശദീകരണം നല്‍കാനോ ആളെ കിട്ടുന്നില്ല എന്നു വന്നാല്‍ ?

ചോദ്യങ്ങള്‍ ചോദിക്കുന്നവരുടെ കുട്ടത്തില്‍ ബോര്‍ഡിലെ പാര്‍ട്ടി പ്രതിനിധികളും പ്രതിപക്ഷ പാര്‍ട്ടികളുടെ തൊഴിലാളി പ്രതിനിധികളും കടന്നു വരുന്നു എന്നായപ്പോള്‍ ചെയര്‍മാന്റെ രഹസ്യ നിര്‍ദ്ദേശം വഴിയാകണം സേവാദള്‍ പ്രവര്‍ത്തകയുടെ കൊച്ചിയില്‍ നിന്നുള്ള സന്ദര്‍ശനം കുറഞ്ഞു . പക്ഷെ പിന്നീടവരെ കാണാന്‍ പോകുന്നത് ചെയര്‍മാന്റെ ഒരു ജോലി പോലെ ആയി മാറി. ആ സമയം ചെയര്‍മാനു വേണ്ടി കോര്‍പ്പറേഷന്‍ അനുവദിച്ചിട്ടുളള കാറെടുക്കാതെ ഏതെങ്കിലും ട്രാവല്‍ ഏജന്‍സിയുടെ കാര്‍ ഉപയോഗിക്കന്‍ തുടങ്ങി. ഡ്രൈവര്‍ മാത്രം കോര്‍പ്പറേഷന്റെ ആളായിരിക്കും. ഒരു കമ്പനി കാര്‍, അതിന്റെ ചെയര്‍മാന്‍ ഒരു സാധാരണക്കാരിയെ കാണാന്‍ വേണ്ടി ഏറെ ദൂരം ഓടുക എന്നത് ഒരു ദുരാരോപണത്തിനു കാരണമാവുമല്ലോ എന്ന ഭീതിയാണ് ഇങ്ങനെയൊരു മാറ്റത്തിനു കാരണം. പക്ഷെ ഇവിടെ ചെയര്‍മാന്‍ മട്ടാഞ്ചേരിക്കാരിയുടെ വീട്ടില്‍ പോകാനുള്ള വഴി ചോദിക്കുന്നത് കോട്ടയത്തെ ഹെഡ് ഓഫീസ് ‍ ഡ്രൈവര്‍ കോര . അതോടെ വണ്ടിയിലെ ആളെ അവര്‍ ശ്രദ്ധിക്കുന്നു. പാര്‍ട്ടിയിലെ അറിയപ്പെടുന്ന ഒരു നേതാവാണെന്നായപ്പോള്‍ അവരുടെ ഔസുക്യമേറി .ഇയാളും ഈ സ്ത്രീയും തമ്മിലുള്ള ബന്ധമെന്ത്? ഡ്രൈവര്‍ കോരയോട് ഈ ചോദ്യം രണ്ടു മൂന്നു തവണ ഓരോരുത്തരും ചോദിക്കുമ്പോള്‍ ഈ യാത്ര ഒഴിവാക്കാനുള്ള മാര്‍ഗമാണ് ഡ്രൈവര്‍ കോര നോക്കിയത്. മടക്കത്തില്‍ ചെയര്‍മാനെ പാലായിലും, എം ഡിയെ കോട്ടയത്തും കൊണ്ടു വിടാനായി വന്നപ്പോള്‍ അവിടെ വച്ച് എസ്റ്റേറ്റ് ഡ്രൈവര്‍‍ സതീശനെ കണ്ടു മുട്ടിയതോടെ കോരയുടെ ബുദ്ധി അയാള്‍ക്കു യുക്തമെന്നു തോന്നുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു.

‘ തനിക്കീ ചെയര്‍മാന്റെ ഡ്രൈവര്‍ പണി കുറെ നാളത്തേക്കു ഏറ്റെടുക്കാമോ?’ അയാളുടെ ചോദ്യം.

‘ എന്താ കോരെ തനിക്കീ മനുഷ്യനെയും മടുത്തോ അങ്ങേര്‍ മാത്രമല്ലല്ലോ ഇപ്പോള്‍ എം ഡിയും കൂട്ടിനില്ലേ
ജോലി വച്ച് മാറാനാണെങ്കില്‍ മ്യൂച്ചല്‍ ട്രാന്‍സ്ഫറിനു അപേക്ഷ കൊടുത്താലോ?’

സതീശന്റെ പ്രതികരണം കേട്ടപാടെ കോര പറഞ്ഞു.

‘ മ്യൂച്ചല്‍ ട്രാന്‍സ്ഫര്‍ കിട്ടിയാലും എനിക്കുടനെ എസ്റ്റേറ്റിലേക്കു പോയാല്‍ കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ വീട്ടിലാളില്ലാതെ വരുന്നു. ആ ബുദ്ധിമുട്ടോര്‍ത്താ ഞാന്‍ ചോദിച്ചെ’

‘അങ്ങനെയാണെങ്കില്‍ മ്യൂച്ചല്‍ ട്രാസ്ഫര്‍ വേണ്ടെന്നു വയ്ക്കാം തനിക്കു കുറെ നാളത്തേക്കു അവധിയെടുത്താല്‍ പോരെ വണ്ടിയോടിക്കാന്‍ തല്‍ക്കാലത്തേക്കു ഞാനുണ്ടാകുമെന്നു പറഞ്ഞാല്‍ മതി ആട്ടെ കക്ഷിയെങ്ങിനെ? ‘

കോര ചെയര്‍മാന്റെ കൊച്ചി യാത്രയെ പറ്റി വിശദമായി പറഞ്ഞു കൊടുത്തു. ‍

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here