This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
ആയിടക്കാണ് വിസിറ്റിംഗ് ഏജന്റ് ഇന്സ്പെക്ഷന് ബംഗ്ലാവില്‍ പിറ്റേന്നു തുടങ്ങുന്ന എസ്റ്റേറ്റ് വിസിറ്റിനു വേണ്ടി വന്നത്. വിസിറ്റിംഗിനു മുന്നോടിയായി ഗ്രൂപ്പിലെ ഓരോ എസ്റ്റേറ്റിലേയും ഫീല്‍ഡ് ജോലിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് അങ്ങേരെ ഏല്‍പ്പിക്കേണ്ടതുണ്ട്. ആ റിപ്പോര്‍ട്ട് എസ്റ്റേറ്റ് മാനേജര്‍ വാസുവിനെ ഏല്‍പ്പിച്ച് ജീപ്പുമായി വിടുകയുണ്ടായി. വിസിറ്റിംഗ് ഏജന്റിനെ എസ്റ്റേറ്റ് മാനേജരുടേയും അസി. മാനേജരുടേയും തലവര നിര്‍ണ്ണയിക്കുന്ന ആളെന്ന നിലയില്‍ എല്ലാവര്ക്കും പേടിയാണ്. ആ മനുഷ്യന്റെ മുമ്പിലേക്കാണ് വാസു റിപ്പോര്‍ട്ടും അടങ്ങുന്ന ഫയലുമായി ചെന്നത് . ജീപ്പില്‍ നിന്നിറങ്ങിയ പാടെ തന്നെ വാസു അവിടെ പോര്‍ട്ടിക്കോയില്‍ ഒരു സിഗരറ്റും പുകച്ച് ഏതോ സ്റ്റേറ്റ്മെന്റ് വായിക്കുന്ന തിരക്കിലിരിക്കുന്ന അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ചിരപരിചിതനേപ്പോലെ തോളത്ത് തട്ടി മുറിക്കാലുറ ധരിച്ചിരിക്കുന്ന ആ മനുഷ്യന്റെ തുടക്കു കയ്യമര്‍ത്തി.
”സാര്‍ ഞാന്‍ വാസു. എടയാടി വാസു. അങ്ങ് മലബാറില്‍ നിന്നാണ്. ഇവിടെ കല്ലാല എസ്റ്റേറ്റ് ഓഫീസിലാണൂ ജോലി. മാനേജര്‍ പറഞ്ഞിട്ട് ഈ ഫയലുമായി വന്നത്”
സ്വതേ ഗൗരവസ്വഭാവം വച്ചു പുലര്‍ത്തുന്ന ആ മനുഷ്യന് ആദ്യം ഒന്നു പകച്ചു പോയി.
‘ ആരാന്നാ പറഞ്ഞേ’
”വാസു. എടയാടി വാസു. എം. ഡി യുടെ നാട്ടുകാരനാണ്”
വാസു പറഞ്ഞ് തീരുന്നതിനു മുന്നേ ഫയലുകള്‍ വാസുവിന്റെ മുഖത്ത്. പിന്നെ തറയില്‍.
അതോടെ വാസു മുറ്റത്ത് കിടന്ന ഫലുകളെടുത്ത് വന്ന ജീപ്പില്‍ തന്നെ കയറി സ്ഥലം വിട്ടു.
വിസിറ്റിംഗ് ഏജന്റിന്റെ ദേഷ്യം പിറ്റേന്നു ഇന്സ്പെക്ഷന് നടക്കുന്ന സമയം മുന്നില്‍ വന്നു പെട്ട മാനേജരോടും അസി. മാനേജരോടും തീര്‍ത്തുവെന്നാണ് പ്രചരിച്ച വാര്‍ത്ത. വാസുവിനു പിന്നെ കുറേ നാള് പ്രത്യേകിച്ചൊരു പണിയുമില്ലാതെ തന്നെ കഴിയേണ്ടി വന്നു. വിശ്വസിച്ച് എന്തു ജോലിയാണൂ ഏല്‍പ്പിക്കുക?
ആയിടെയാണൂ എം. ഡി. നാരായണ സ്വാമി അദ്ദേഹത്തിന്റെ മിസ്സിസിനോടൊപ്പം എസ്റ്റേറ്റില്‍ വന്നത്. എസ്റ്റേറ്റ് വിസിറ്റിന്റെ മറവില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടവും ഷോളയാറും പെരിങ്ങക്കുത്തും കാണണമെന്ന മോഹത്തോടെയാണ് മിസ്സിസിനേയും കൂട്ടി വന്നത്. എം. ഡിയുടെ മിസിസ്സിന്റെ ആഗ്രഹപ്രകാരം സഹായത്തിനു വാസുവിനെ കിട്ടിയാല്‍ കൊള്ളാമെന്ന് അറിയിച്ചു. പക്ഷെ വാസു അവരുടെ കൂടെ പോകാന്‍ തയാറല്ല.
”ഞാനില്ല അങ്ങേരുടെ കൂടെ. തൊട്ടതിനും പിടിച്ചതിനും ശുണ്ഠിയെടുക്കും.”
”പക്ഷെ വാസു വരണമെന്നാണ് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ മിസിസ്സിനു എന്തെങ്കിലും ആവശ്യം വരുമ്പോള്‍ വാസു കൂടെ ഉണ്ടാകണമെന്ന് നിര്‍ബന്ധിക്കുന്നു”
മാനേജര്‍ വളരെ നിര്‍ബന്ധിച്ചതിനു ശേഷമാണ് വാസു പോകാന്‍ തയാറായത്. പക്ഷെ ഈ സ്ഥലങ്ങളിലൊന്നും വാസുവിനു പോകേണ്ടി വന്നില്ല. എം. ഡിയുടെ ഭാര്യക്കു ഒരു പനി വന്നതാണ് കാരണം. ആ സമയം കുളീമുറിയില് ചൂടു വെള്ളം കൊണ്ടു വയ്ക്കാനും കഞ്ഞിയും കുരുമുളക് കാപ്പിയും തയാറാക്കാനും വാസുവിന്റെ സേവനം ആവശ്യമായതിനാല്‍ എം. ഡിയുടെ വിസിറ്റ് ഉണ്ടായിരുന്ന രണ്ടു ദിവസവും വാസുവിനു ഐ ബിയില്‍ തന്നെ തങ്ങേണ്ടി വന്നു. എം .ഡി ഒറ്റക്കു തന്നെ മാനേജരേയും കൂട്ടി എല്ലായിടത്തും പോയി. എം. ഡി പോയി കഴിഞ്ഞപ്പോള്‍ വാസു ഒരു വ്യത്യസ്ത പുലര്‍ത്തുന്ന ആളായി മാറി. ആരോടും അധികം മിണ്ടാട്ടമില്ല ജോലി സമയം കഴിഞ്ഞാല്‍ അധികവും മുറിയില്‍ തന്നെ വാതിലടച്ച് ഒറ്റപ്പെട്ട് കഴിയാനാണു ശ്രമിച്ചത്. എന്തു പറ്റി വാസുവിന്? അന്വേഷണത്തില്‍ ഒരു മറുപടിയും വാസുവില്‍ നിന്നുണ്ടായില്ല.
എസ്റ്റേറ്റിലാകെ വരള്‍ച്ചയുടെ സമയമാണ്. കുടിവെള്ളത്തിനു ക്ഷാമം. കിണറുകളിലെല്ലാം വെള്ളം പാടെ വറ്റി. ഫാക്ടറിക്കടുത്തുള്ള ഒരു വലിയ പാറക്കുളം അവിടെ മാത്രം വെള്ളം സമൃദ്ധമായി കിട്ടും. അവിടെ നിന്നും വെള്ളം ടാങ്കറുകളിലാക്കി ലേബര്‍ ലൈനുകളിലും സ്റ്റാഫ് ക്വേര്ട്ടേഴ്സുകളിലും എത്തിക്കുകയാണൂ പതിവ്. ടാങ്കറുകള്‍ വരുന്ന സമയത്ത് ആരും കാത്തു നില്ക്കാനില്ലെങ്കില് വെള്ളം കിട്ടാതെ വരുന്ന അവസ്ഥയാണ്. അപ്പോഴാണ് എസ്റ്റേറ്റ് മാനേജരുടെ നീര്ദ്ദേശ പ്രകാരം ഒരു ശ്രമമെന്ന നിലയില്‍ തൊഴിലാളികളും സ്റ്റാഫും ചേര്‍ന്ന് കിണറുകളിലെ ജലസ്ത്രോതസുകള്‍ പുനര്‍ജ്ജീവിപ്പിക്കുന്ന മാര്‍ഗം നോക്കുക. ഓഫീസിനടുത്തുള്ള കിണര്‍ വൃത്തിയാക്കുന്ന സമയം രണ്ടു തൊഴലാളികളോടൊപ്പം ഒരോഫീസ് സ്റ്റാഫും വേണമെന്ന് നിര്‍ദ്ദേശം വന്നു. എല്ലാവരും കൂടി വാസുവിന്റെ പേരാണു നിര്‍ദ്ദേശിച്ചത്. പക്ഷെ വാസു മുഖം തിരിക്കുകയാണുണ്ടായത്. വാസു വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ഫീല്‍ഡു വര്ക്കേഴ്സിലൊരാള് ‘ വാസുവേട്ടനുണ്ടങ്കിലേ ഒരുഷാറു കിട്ടുകയുള്ളു’ എന്നു പറഞ്ഞപ്പോള്‍ വാസുവതില് വീണൂ.
രണ്ടു പേര് കിണറ്റിലിറങ്ങി മുകളിലെ തുലാത്തില്‍ പിടിപ്പിച്ച കയറിന്റെ അറ്റത്ത് കെട്ടിയ ബക്കറ്റില്‍ ചെളി നിറച്ച് മുകളിലേക്കുയര്‍ത്തണം വര്‍ക്കേഴ്സ് രണ്ടു പേരും അണ്ടര്‍വെയറോ ലങ്കോട്ടിയോ ധരിക്കുമ്പോള്‍ വാസു മാത്രം മുണ്ടും ഷര്‍ട്ടും ധരിച്ചേ കിണറ്റിലിറങ്ങു. ആ വേഷം മാറാന്‍ അയാള്‍ തയാറല്ല. വാസുങ്ങനെ പറഞ്ഞപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. തുലാത്തില്‍ ബന്ധിച്ച കയറിന്മേല് പിടിച്ച് ചുറ്റണരഞ്ഞാണത്തില് ചവുട്ടി ഇറങ്ങാനുള്ള വാസുവിന്റെ ശ്രമം ഫലിക്കുന്നില്ല കാല് ചുറ്റരഞ്ഞാണത്തില് ചവിട്ടുന്നതിനു മുന്നേ കയര്‍ ആടി ഉലഞ്ഞതിനാല്‍ വാസു പിടിവിട്ട് താഴോട്ട്.
അയ്യോ എന്നുള്ള വാസുവിന്റെ വലിയ വായിലുള്ള ഒച്ച കേട്ട് മുകളിലേക്കു നോക്കിയ പണിക്കാര ന്റെ തോളത്ത് വീണ് അതുകൊണ്ട് പരുക്കൊന്നും പറ്റാതെ അയാള്‍ക്കരുകില്‍ കാലു കുത്തി അല്ലെങ്കില്‍ അടിത്തട്ടിലെ കല്ലിലെവിടെയെങ്കിലും തട്ടി വാസുവിന്റെ കഥ അവിടെ കഴിഞ്ഞേനെ. പിന്നെ വാസുവിനു എങ്ങെനെയെങ്കിലും മുകളിലേക്ക് എത്തിയാല്‍ മതിയെന്നായി. കയറില്‍ തൂങ്ങി തന്നെയാണു മുകളിലേക്കു കയറിയത്. കയറ്റം പകുതി വഴി എത്തിയില്ല അതിനു മുന്നേ വാസുവിനെ വിറയ്ക്കാന്‍ തുടങ്ങി. മരണവെപ്രാളം കാണിക്കുന്ന ശ്വാനനേപ്പോലെ കയറില്‍ കടിച്ചും തൂങ്ങിയും ആടിയ വാസു വീണ്ടും കിണറ്റിലേക്ക്. അയാളെ സശ്രദ്ധം നിരീക്ഷിക്കുകയായിരുന്ന ആളുടെ നീട്ടിയ കയ്യിലേക്ക് ആണ് വാസു വീണത്. എന്നിട്ടും ഉള്ളം കൈ കിണറിന്റെ അരഞ്ഞാണത്തിലുരഞ്ഞു ചോര വരാന്‍ തുടങ്ങി. വാസു വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി. ഏതോ ഗുഹാമുഖത്തു നിന്നും വരുന്ന ആ ശബ്ധം ഭീകരമായ മുഴക്കം സൃഷ്ടിച്ചു. പിന്നീട് ഫീല്‍ഡില്‍ റബ്ബര്‍ കറ ശേഖരിക്കാന്‍ വേണ്ടി സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിച്ചിട്ടുള്ള വലിയ ബക്കറ്റുകളിലൊരെണ്ണം കയറു കെട്ടി താഴോട്ടിറക്കി അതില്‍ വാസുവിനെ കയറ്റിയിരുത്തി മുകളിലെത്തിക്കുകയായിരുന്നു.
അന്ന് വാസു മുറിയില്‍ കഴിഞ്ഞു കൂടി. ആരെയും കാണാന്‍ കൂട്ടാക്കാതെ വാതിലടച്ച് തഴുതിട്ട് അകത്തു തന്നെ കഴിഞ്ഞു. ആരും ശല്യപ്പെടുത്തരുതെന്ന് മാനേജര്‍ പറഞ്ഞതിനാല്‍ അയാളെ പിന്നീടാരും അന്വേഷിച്ചില്ല. പക്ഷെ സന്ധ്യയായതോടെ വാസുവിന്റെ മുറി പുറത്തു നിന്നും പൂട്ടിയ നിലയിലാണ് കണ്ടത്. എല്ലായിടത്തും അന്വേഷിച്ചെങ്കിലും ആരും അയാളെ കണ്ടില്ല. എസ്റ്റേറ്റിലെ ചെക്ക് പോസ്റ്റില്‍ കാവല്‍ നില്ക്കുന്ന വാച്ചര്‍ ഓഫീസിലെ ഒരാള്‍ സന്ധ്യ കഴിഞ്ഞപ്പോള്‍ അത് വഴി വന്ന ഒരു കൂപ്പ് ലോറിയില്‍ കയറിയെന്ന വാര്‍ത്ത പറയുന്നതതോടെയാണ് വാസു വെളിയില്‍ പോയെന്നറിയുന്നത്. അയാള്‍ ആ സമയം പരിഭ്രാന്തനായിരുന്നെത്രെ. അയാളെങ്ങോട്ടാണ് പോയത്? വീട്ടിലേക്കോ അതോ ഏതെങ്കിലും സുഹൃത്തിന്റെയടുത്തോ .അയാള്‍ക്കിവിടെ ആരാണൂ സുഹൃത്തായിട്ടുള്ളത്? ഇവിടെ വന്ന ഒരു മാസക്കാലം കൊണ്ട് ശുദ്ധഗതിക്കാണെങ്കിലും എല്ലാവരുടെയും വെറുപ്പു പിടിച്ച് പറ്റിയെന്നതാണു വാസ്തവം. ആദ്യത്തെ ഒരാഴ്ചക്കാലം കൊണ്ട് തൊഴിലാളികളുടെ സുഹൃത്തായി മാറിയ അയാള്‍ ഒരിക്കല്‍ സ്നേഹാധിക്യം മൂലം ഒരു സ്ത്രീയുടെ തോളത്ത് കൈ തട്ടിയതോടെ ആ സ്ത്രീയുടെ കൂടെ വന്ന ഭര്‍ത്താവ് ഇതു കണ്ട് രംഗം വഷളായി പിന്നയാള് പറഞ്ഞ വാക്കുകള്‍ സഭ്യതയുടെ അതിര് വരമ്പ് ഭേദിക്കുന്നതായിരുന്നു.
ഇതിനിടയിള്‍ കൊടുമണ്‍ പ്ലാന്റേഷനില്‍ നിന്ന് പോരാനുള്ള കാരണവും ഇവിടെ എത്തിയിരുന്നു. വാസു അന്നു താമസിച്ചിരുന്ന മുറിയുടെ തൊട്ടു മുന്നിലുള്ള ഫീല്‍ഡിലെ അസി. മാനേജരുടെ ക്വേര്‍ട്ടേഴ്സിലെ മുറിയില്‍ ചെന്നു കയറിയ സംഭവം. അസി. മാനേജര്‍ ഭരണക്ഷിയുടെ ഒരുന്നത രാഷ്ട്രീയ നേതാവിന്റെ ആളായിരുന്നതുകൊണ്ട് എസ്റ്റേറ്റ് മാനേജര്‍ വരെയുള്ളവര്‍ അല്‍പ്പം ഭയപ്പാടോടെയാണു അയാളെ കണ്ടിരുന്നത്. അങ്ങനെയുള്ള ഒരാളുടെ മുറിയിലേക്കാണ് വാസുവിന്റെ അപ്രതീക്ഷിതമായ കടന്നു ചെല്ലല്‍. എസ്റ്റേറ്റിന്റെ അതിര്‍ത്തിയിലുള്ള ഒരു പ്രൈമറി ഹെല്‍ത്ത് സെന്റെറിലെ ഒരു നഴ്സുമായുള്ള വിഹാരരംഗത്തിന്റെ പാരമ്യത്തിലാണ് വാസുവിന്റെ കടന്നു ചെല്ലല്‍. അസി. മാനേജര്‍ വിളറി വെളുത്തുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. അല്‍പ്പ സ്വല്പ്പം ചട്ടമ്പിത്തരവും രാഷ്ട്രീയ സ്വാധീനവുമുള്ള, അയാള്‍ വാസുവിന്റെ കാലുപിടിച്ചില്ലെന്നേയുള്ളു. ഈ വിവരം ആരോടും വിളിച്ചു കൂവരുതെന്ന് അയാള്‍ക്ക് പറയേണ്ടി വന്നു. പിന്നീടയാളുടെ ഭരണക്ഷിയിലുള്ള സ്വാധീനം മൂലം വാസുവിനെ കാലടി പ്ലാന്റേഷനിലേക്കു സ്ഥലം മാറ്റിച്ചു.
വാസുവിന്റെ ഇങ്ങോട്ടുള്ള വരവിന്റെ കാരണം അറിവായതോടെ ശുദ്ധഗതിക്കാരെനെന്നു കരുതിയ ഇയാളെ പേടിക്കേണ്ടി വരുന്നല്ലോ എന്നായി . ഇപ്പോള്‍ എവിടെയും ഒരു ശല്യക്കാരന്.
എസ്റ്റേറ്റ് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ നിന്നും കൂപ്പ് ലോറിയില്‍ കയറിപ്പോയ അയാള്‍ മൂന്നാം ദിവസമാണ് കയ്യിലൊരു കവറും പിന്നീട് ബാഗില്‍ നിന്നെടുത്ത വലിയൊരു പായ്ക്കറ്റ് ചോക്ലേറ്റുമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ചോക്ലേറ്റ് പാക്കറ്റ് പൊട്ടിച്ച് ഓഫീസിലുള്ളവര്‍ക്കും പിന്നീട് അവിടെ ഓരോ ആവശ്യത്തിനായി വരുന്നവര്‍ക്കും ഒക്കെ വിതരണം ചെയ്തു.
വാസുവിനു മലബാറില്‍ പുതുതായി തുടങ്ങിയ ഉത്തരമേഖല റീജിയണല്‍ ഓഫീസിലേക്ക് മാറ്റമായിരിക്കുന്നു. ആ നിയമന ഉത്തരവാണ് കവറില്‍ . ഏതായാലും ഇവിടെ നിന്നും പോവുകയാണല്ലോ എന്ന ആശ്വാസത്തില്‍ വച്ചു നീട്ടിയ ചോക്ലേറ്റ് കഴിക്കുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളു.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു -അധ്യായം – ഇരുപത്തിയേഴ്