ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി ഒന്ന്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

പിരിച്ചു വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അതിനുള്ള രേഖാമൂലമുള്ള വിശദീകരണം ഒരാഴ്ചക്കകം ബോധിപ്പിക്കണം. അതാണവരുടെ കയ്യില്‍ കിട്ടിയ കത്ത്. ആ കത്തിന്റെ മറുപടി തയാറാക്കിയത് ടൈപ്പ് ചെയ്തു കിട്ടാനാണ് അയാളുടെ വരവിന്റെ ഉദ്ദേശം.

കേള്‍ക്കുമ്പോള്‍ നിരുപദ്രവമെന്നു തോന്നുന്ന ഒരു സഹായം. പക്ഷെ വലിയൊരു അപകടം പതിയിരിക്കുന്നു. രഹസ്യ സ്വഭാവമുള്ള പല മാറ്ററുകളും ടൈപ്പു ചെയ്തതും ചെയ്യാനുള്ളതും ഇവിടെ മേശപ്പുറത്താണിരിക്കുന്നത്. ഇവിടെ മറ്റുള്ള സ്റ്റാഫംഗങ്ങള്‍ക്കു പോലും പ്രവേശനമില്ല. ആ സമയം സസ്പെന്ഷനില്‍ കഴിയുന്ന ഒരാള്‍ ഇവിടെ കയറിയിറങ്ങിയാല്‍ അവയുടെയൊക്കെ രഹസ്യ സ്വഭാവം കൈവിടും.

രണ്ടു മൂന്നു തവണ അയാള്‍ വന്നപ്പോള്‍ ആദ്യമൊക്കെ വളരെ സൗമ്യമായി തന്നെ നോ പറഞ്ഞ് മടക്കിവിട്ടെങ്കിലും ഒരു സന്ധ്യ കഴിഞ്ഞ നേരത്ത് നല്ല മഴയുള്ള സമയം അയാള്‍ വീണ്ടും വന്നു.

”എന്നെ ഒന്നു സഹായിക്കണം. ഒരഞ്ചു മിനിറ്റ് ഏറിയാല്‍ പത്തു മിനിറ്റ്. ഐ വില്‍ ഫിനീഷ് ദി വര്‍ക്ക്”

”സോറി പറ്റില്ല”

ഈ സമയത്താണ് പ്യൂണ്‍ വരുന്നത്.

ടൈപ്പു ചെയ്ത മാറ്ററുകള്‍ കവറിലാക്കി എസ്റ്റേറ്റ് മാനേജരുടെ ക്വേര്‍ട്ടേഴ്സില്‍ എത്തിക്കണം. ഓഫീസ് സമയം കഴിഞ്ഞുള്ള സമയത്തേ ഇതൊക്കെ സാധിക്കു.

സ്കോഫീല്‍ഡ് പിന്നെയും അവിടെത്തന്നെ നില്‍ക്കുന്നു. അയാള്‍ പോയാലേ തയാറാക്കി വച്ചിരിക്കുന്ന മാറ്ററുകള്‍ കവറിലാക്കി പ്യൂണിനെ ഏല്പ്പിക്കാന്‍ പറ്റു. അല്പ്പം ശബ്ദമുയര്ത്തി തന്നെ പറയേണ്ടി വന്നു.

” യു മേ ഗോ ഐ ഹാവ് ടു ഫിനിഷ് ദിസ് വര്‍ക്ക്. പ്ലീസ് അദര്‍വൈസ്”

ആ വാക്കുകളോടെ അയാള്‍ വിളറി വെളുത്ത മുമ്വുമായി മെല്ലെ മുറി വിട്ടു പോയി. ഈ വിവരം പ്യൂണ്‍ എസ്റ്റേറ്റ് മാനേജരുടെ അടുക്കലെത്തിച്ചു കാണണം. അഞ്ച് മിനിറ്റിനകം അദ്ദേഹം പ്യൂണീനെ വിട്ട് അദ്ദേഹത്തിന്റെ ക്വേര്‍ട്ടേഴ്സിലെത്താന്‍ നിര്‍ദ്ദേശിച്ചു. ഓഫീസ് പിക്കറ്റിംഗ് നടക്കുന്ന സമയമായതിനാല്‍ എന്റെ മുറിയിലാണ് ഓഫീസ് സംബന്ധമായ ജോലികള്‍ എന്നതിനാല്‍ ആരുമറിയാതെ വേണം ഈ പോക്കും വരവും.

ഊഹം ശരിയായിരുന്നു.

”എന്തിനായിരുന്നു സ്കോഫീല്‍ഡിന്റെ വരവിന് കാരണം?”

വിവരം കേട്ടറിഞ്ഞതോടെ ഞാനെടുത്ത നിലപാട് ശരിയാണെന്നു പറഞ്ഞു.
സ്വന്തം മുറിയാണെങ്കിലും മുന്‍വശത്തെ ഡോര്‍ അടച്ചിടണം. ആരെയും കടത്തി വിടണ്ട. എല്ലാം കോണ്‍ഫിഡന്‍ഷ്യലായിരിക്കണം.

അധികം താമസിയാതെ തന്നെ ഉദ്ദേശം രണ്ടാഴ്ചത്തെ കാലയളവ് സ്കോഫീല്ഡിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങി.

സാഹചര്യങ്ങള്‍ ഒരുവനെ കള്ളനാക്കുന്നു. ശുദ്ധനെ ദുഷ്ടടനാക്കി മാറ്റുന്ന പ്രകിയ. പക്ഷെ സ്കോഫീല്ഡ് കൊടുക്കേണ്ട തുക കമ്പനി അനുവദിച്ചത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം കുടുംബത്തിലെ ആവശ്യങ്ങള്‍ക്ക് ചിലവാക്കി എന്നൊതൊഴിച്ചാല്‍ അത് മാനേജുമെന്റിനു അനുഭാവപൂര്‍വം പരിഗണിക്കാവുന്നതേ ഉള്ളു. സര്‍വീസ്സില്‍ നിന്നും പിരിച്ചു വിടാതെയുള്ള നടപടികള്‍ സ്വീകരിക്കാമായിരുന്നു. ജോലിക്കാര്യത്തില്‍ എന്തെങ്കിലും വിട്ടു വീഴ്ച കാട്ടിയിട്ടില്ല. ഏതെങ്കിലും തൊഴിലാളിയുമായി അടിപിടിയോ ഉണ്ടായിട്ടില്ല. തൊഴിലാളി സമരം നടക്കുന്നതിനാല്‍ അദ്ദേഹത്തിന് ക്വേര്‍ട്ടേഴ്സില്‍ നിന്നും പോകാന്‍ നേരം സാധനസാമഗ്രഹികള്‍ കൊണ്ടു പോകാനോ യാത്രയാക്കാനോ ഒരു വാഹനം പോലും കിട്ടിയില്ല. അവസാനം സമരത്തിലേര്പ്പെട്ടിരിക്കുന്ന ചില തൊഴിലാളികള്‍ ആണ് അയാളെ ഇക്കാര്യത്തില്‍ സഹായിച്ചത്. അതും യാതൊരു കൂലിയും വാങ്ങാതെ. ആ തൊഴിലാളികള്‍ കാണിച്ച മന:സ്ഥിതി പോലും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അയാളെ പിരിച്ച് വിടുന്ന പേപ്പര്‍ ശരിയാക്കുന്ന കാര്യത്തില്‍ മാനേജുമെന്റിന്റെ ഭാഗത്ത് നിന്നേ ഒക്കു എന്നതിനാല്‍ മനസിനെ മുറിപ്പെടുത്തിയ ഒന്നായി ഇത്.

ഒരാള്‍ സര്‍വീസില്‍ നിന്നും പോയാല്‍ പിന്നെ ആ മനുഷ്യന്‍ എത്ര വലിയ തെറ്റുകാരനായിരുന്നാലും അയാളെ പറ്റി നല്ല വാക്ക് പറഞ്ഞില്ലെങ്കിലും ചീത്ത വാകുകള്‍ പറയാതിരിക്കുക എന്നതാണ് സാമാന്യ മര്യാദ. പക്ഷെ സ്കോഫീല്ഡ് കാരണം തനിക്കേല്ക്കേണ്ടി വന്ന തിരിച്ചടി ഒരു പകയായി ഇപ്പോഴും മനസില്‍ നീറ്റലുണ്ടാക്കുന്ന സാമുവലിനു അയാള്‍ സര്‍വീസിലുണ്ടോ എന്നതൊന്നും ഇപ്പോള്‍ വിഷയമേ അല്ല. അയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും പോരേണ്ടി വന്നതും അവിടെ നടത്തിയ ക്രമക്കേടുകള്‍ കാരണമാണെത്രെ. അയാളുടെ ഭാര്യയുടെ ധാരാളിത്തം കാരണം പലപ്പോഴും ധാരാളം പണം പലരില്‍ നിന്നുമായി കടം വാങ്ങേണ്ടി വന്നിട്ടുണ്ട്. തൊഴിലാളികളില്‍ നിന്നു വരെ. അതൊന്നും തിരിച്ചു കൊടുക്കാനാവാതെ വന്നപ്പോള്‍ അയാളുടെ ഭാര്യയെവരെ പലരും കടന്നു പിടിച്ചുണ്ടെത്രെ. സാമുവള്‍ ഇപ്പോള്‍ ഓഫീസ് പരിസരത്തു നിന്നും സമരക്കാര്‍ വൈകീട്ടോടെ പിരിഞ്ഞു പോയാല്‍ ഓഫീസ് പരിസരത്ത് വരുന്നവരോട് ഇക്കാര്യം പറഞ്ഞ് സ്വയം തൃപതിയടയാറുണ്ട് . പക്ഷെ ഈ മനുഷ്യന്‍ പല തൊഴിലാളി സ്ത്രീകളേയും കടന്നു പിടിച്ച് തിരിച്ചടിയേല്‍ക്കേണ്ടി വന്ന കഥ അറിയാവുന്നവരെല്ലാം അതൊന്നും ചെവിക്കൊള്ളാറില്ല. അധികം താമസിയാതെ സാമുവലിനെ വീണ്ടും ചില തിരിച്ചടികള്‍ ഏല്ക്കേണ്ടി വന്നു. അതും ഒട്ടും പ്രതീക്ഷിക്കാത്ത ചില മേഖലയില്‍ നിന്നും.

തോട്ടം മേഖലയിലെ സമരം ഒരു മാസക്കാലം പിന്നിടുന്നു. തൊഴിലാളികള്‍ ചിലരൊക്കെ അല്ലറ ചില്ലറ പണികള്‍ക്കൊക്കെ പോയിത്തുടങ്ങി. കാലടി പ്ലാന്റേഷനിലെ നല്ലൊരു വിഭാഗം തൊഴിലാളികള്‍ പ്രത്യേകിച്ചും അതിരപ്പിള്ളി വെറ്റിലപ്പാറ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍, കൊല്ലം, കൊട്ടാരക്കര, നെടുമങ്ങാട് പ്രദേശങ്ങളില്‍ നിന്നു വരുന്നവരാണ്. അവര്‍ക്ക് പ്ലാന്റേഷനു പുറത്തുള്ള സ്ഥലങ്ങളുമായുള്ള ബന്ധം വളരെ പരിമിതമാണ്. ആതുകൊണ്ട് പുറം പണികള്‍ കിട്ടുക ദുര്‍ലഭമായിരിക്കും. നേരെ മറിച്ചാണ് കല്ലാല എസ്റ്റേറ്റിലുള്ളവര്‍ അധികവും എസ്റ്റേറ്റിനു തൊട്ടടുത്തുള്ളവര്‍ അതു കൊണ്ട് സമരകാലത്ത് കുറെപേര്‍ക്കെങ്കിലും വീട്ടിലോ സമീപപ്രദേശങ്ങളിലോ എന്തെങ്കിലും ജോലികള്‍ക്കു പോകാന്‍ പറ്റിയെന്ന് വരും. സമരം നീണ്ടു പോകുമ്പോള്‍ അര്‍ധപട്ടിണിയിലും അപസ്വരങ്ങളും ആകുമ്പോള്‍ അവര്‍ എസ്റ്റേറ്റിലെ സ്വകാര്യ ജീവിതത്തെ വരെ ബാധിച്ചുവെന്ന് വരാം. ആവശ്യത്തിനും അത്യാവശ്യത്തിനും അവര്‍ മാനേജുമെന്റിനോടുള്ള പക തീര്‍ക്കുന്നത് ഇപ്പോള്‍ പ്രായോഗികമായി ജോലിയൊന്നുമില്ലാതെ എസ്റ്റേറ്റില്‍ കഴിയുന്ന സ്റ്റാഫംഗങ്ങളോടാണ്. സമരസഹായ ഫണ്ടിന്റെ പേരില്‍ പിരിവെടുത്ത് തൊഴിലാളി നേതാക്കള്‍ വരെ ഇടപെട്ട് രൂപം കൊടുത്തിട്ടുള്ളതിനാല്‍ കുറയൊക്കെ ആശ്വാസം അവര്‍ക്കു ലഭിക്കുന്നുണ്ട്. നാട്ടിന്‍ പുറത്തു നിന്ന് ഉല്പ്പന്ന പിരിവുകളായും പണമായും സ്വീകരിച്ച് തൊഴിലാളികളുടെ ലയിനുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ എത്ര നാള്‍ എത്രനാളിങ്ങനെയുള്ള സഹായം ലഭിക്കും?

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here