This post is part of the series വായനയും നിരീക്ഷണങ്ങളും
Other posts in this series:

ലോകമെൻപാടുമുള്ള വലതുപക്ഷ വാദികളുടെ സുവർണകാലമാണ് ഇത്. തികച്ചും പാർശ്വവർത്തികളായിരുന്ന അത്തരം നേതാക്കന്മാരും രാഷ്ടീയപാർട്ടികളും വലതുപക്ഷ തരംഗത്തിൽ അധികാരം പിടിച്ചു പറ്റുകയോ ഭരണക്രമങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുകയോ ചെയ്യുന്നുണ്ട്: ബ്രിട്ടനിൽ ബ്രെക്സിറ്റിന്റെ വിജയം, ഇന്ത്യയിൽ മോദിയുടെ തിരഞ്ഞെടുപ്പു വിജയങ്ങൾ, അമേരിക്കയിൽ ടീ-പാർട്ടി മുന്നേറ്റത്തിൽ പാടെ മാറിപ്പോയ റിപ്പബ്ലിക്കൻ പാർട്ടിയുടെ നയങ്ങൾ, ഫ്രാൻസിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വലതുപക്ഷ പാർട്ടികൾക്ക് കിട്ടുന്ന വർദ്ധിച്ച ജനപിന്തുണ തുടങ്ങിയവയൊക്കെ അതിന് ഉദാഹരണങ്ങളാണ്.
അമേരിക്കയിൽ 2008-ൽ ഒബാമയുടെ വിജയത്തോടെ ഉത്ഭവിച്ച ടീ-പാർട്ടി പ്രസ്ഥാനം അദ്ദേഹം പ്രതിധാനം ചെയ്യുന്ന അമേരിക്കയുടെ മാറ്റത്തിനെതിരെയുള്ള വെള്ളക്കാരുടെ ഒരു പ്രതിരോധം ആയിരുന്നു. അമേരിക്കൻ ദേശീയത വെളുത്തവന്റെ മാത്രമാണെന്നും അവർക്ക് മാത്രമാണ് അമേരിക്കയിലെ സമൃദ്ധിയുടെ പ്രധാന ഫലങ്ങൾ അനുഭവിക്കാനുള്ള അവകാശമെന്നും മറ്റുള്ളവരെക്കൊണ്ട് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ടീ-പാർട്ടിക്കാർ ഒബാമയുടെ നയങ്ങളെയും അദ്ദേഹം നയിക്കുന്ന ഡമോക്രാറ്റിക് പാർട്ടിയെയും തെരുവിലും ലെജിസ്ലേറ്റീവ് ചേംബറുകളിലും നേരിട്ടത്. (ഡമോക്രാറ്റിക് പാർട്ടിയുടെ പുരോഗമനനയങ്ങളും അത് അമേരിക്കക്കാർ പൊതുവേ അശ്ലേഷിച്ചതിന്റെ ഫലമായിരുന്നു ഒബാമയുടെ ചരിത്രപ്രധാനമായ തിരഞ്ഞെടുപ്പ് എന്ന് ഇവിടെ ഓർക്കേണ്ടതാണ്.) ഡോണൾഡ് ട്രമ്പിന്റെ രാഷ്ടീയ അരങ്ങേറ്റം വരെ ടീ-പാർട്ടിക്കാർക്ക് ഒരു തലവൻ ഇല്ലായിരുന്നു. ആ വിടവാണ് ട്രമ്പ് അമേരിക്കൻ രാഷ്ട്രീയത്തിൽ നികത്തിയതും, യാതൊരു രാഷ്ട്രീയപരിചയമില്ലെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്റെ എതിരാളികളെ വളരെ എളുപ്പത്തിൽ തോൽപ്പിച്ച് ആ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ആകാൻ അദ്ദേഹത്തിനെ സഹായിച്ചതും.
ബിൽഡറും റിയാലിറ്റി ഷോ നടനുമൊക്കെ ആയി ഡോണൾഡ് ട്രമ്പ് അമേരിക്കയിൽ മൊത്തം അറിയപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനം ഒബാമയുടെ പൗരത്വത്തിന്റെ സാധുതയെത്തന്നെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു. മറ്റൊരു പ്രസിഡന്റിനും നേരിടേണ്ടി വന്നിട്ടില്ലാത്ത അത്തരം സംശയങ്ങൾ ഭൂരിപക്ഷം ആൾക്കാരും തള്ളിക്കളഞ്ഞെങ്കിലും നല്ലൊരു ശതമാനം അമേരിക്കക്കാർ ട്രമ്പ് പറഞ്ഞ കഥ, ഒബാമ അമേരിക്കയിൽ അല്ല ജനിച്ചതെന്ന് (അമേരിക്കൻ പ്രസിഡന്റാവാനുള്ള യോഗ്യതകളിൽ ഒന്നാണ് അവിടെ ജനിച്ചിരിക്കണമെന്ന് – പൗരൻ മാത്രം ആയാൽ പോര), വിശ്വസിക്കുന്നവരാണ്. ട്രമ്പിന്റെ പ്രധാന പിന്തുണയും അത്തരക്കാരിൽ നിന്നാണ്: അധികം വിദ്യാഭ്യാസമില്ലാത്ത വെള്ളക്കാർ; തങ്ങൾക്ക് മുന്‍^ഗണയുണ്ടായിരുന്ന പഴയകാലത്തെയും രീതികളെയും ഒരുതരം ഗൃഹാതുരത്വത്തോടുകൂടി ഓർത്ത് സ്വന്തം കുറവുകൾക്കും പ്രശ്നങ്ങൾക്കും ബാക്കിയുള്ളവരെ പഴിചാരാൻ യാതൊരു മടിയുമില്ലാത്തവർ.
വളരെക്കാലമായിട്ട്, പ്രത്യേകിച്ച് റെയ്ഗന്റെ കാലം മുതൽ, റിപ്പബ്ലിക്കൻ പാർട്ടി വാൾ സ്റ്റ്രീറ്റിന്റെയും ധനികരുടെയും പാർട്ടിയാണ്. മുകളിൽ പറഞ്ഞ ട്രമ്പിന്റെ പ്രധാന അണികൾ ആ ഗണത്തിൽ പെടുന്നവരല്ല. പക്ഷേ, പൊതുവേ അവർ ആ പാർട്ടിയെയാണ് പിന്താങ്ങി വന്നിരുന്നത്. ട്രമ്പ് നേതൃത്വം കൊടുത്ത റിപ്പബ്ലിക്കൻ പാർട്ടിയിലെ കലാപത്തിൽ, പാർട്ടിയുടെ വ്യവസ്ഥാപിത നയങ്ങളെ ചോദ്യം ചെയ്യലിൽ, അവർ പങ്കുചേരുന്നതും ട്രമ്പിന് മുന്തൂക്കം ലഭിക്കുകയും ചെയ്യുന്നത് അങ്ങനെയാണ്. പാർട്ടിക്കാരനല്ലാതിരുന്ന ട്രമ്പിന് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടുവാനില്ലായിരുന്നു, പ്രസിഡന്റ് സ്ഥാനാർഥി ആവുക വഴി കൂടുതൽ പ്രസിദ്ധി ട്രമ്പ് ബ്രാന്റിന് നേടിക്കൊടുക്കുകയല്ലാതെ.
പക്ഷേ, റിപ്പബ്ലിക്കൻ പാർട്ടിയിലെ നല്ലൊരു പങ്ക് കാഴ്ചക്കാരായി നിൽക്കുമ്പോൾ ട്രമ്പിന്റെ അനുയായികളുടെ മാത്രം കൊണ്ട് അദ്ദേഹത്തിന് വിജയത്തിന്റെ അടുത്തുപോലും എത്താൻ കഴിയില്ല. അതിന്റെ കൂടെ ഒരു സ്ഥാനാർഥി എന്ന നിലയിൽ ട്രമ്പിനുള്ള വൻ പോരായ്മകൾ അദ്ദേഹത്തിന്റെ പരാജയത്തിന്റെ വലിപ്പം കൂട്ടുകയും ചെയ്യും.
മൊത്തം 538 പേരുള്ള ഒരു ഇലക്ടറൽ കോളേജാണ് അമേരിക്കൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനങ്ങളിൽ നിന്നും ജനസംഖ്യാനുപാതികമായി അതിലേക്ക് അംഗങ്ങളെ അയക്കും. ഒരു സംസ്ഥാനത്തിൽ വിജയിക്കുന്ന സ്ഥാനാർഥിക്കാണ് അവിടത്തെ മൊത്തം അംഗങ്ങളെ ലഭിക്കുക (അതിന്ന് 3 സംസ്ഥാനങ്ങളിൽ ചെറിയ വ്യതാസങ്ങൾ ഉണ്ട്). അതുകൊണ്ട് 270 വോട്ടുകൾ വേണം കേവലഭൂരിപക്ഷത്തിന്. (ഈ തിരഞ്ഞെടുപ്പ് പ്രക്രിയ കാരണം രാജ്യത്ത് ഏറ്റവും കൂടുതൽ വോട്ടു നേടുന്ന സ്ഥാനാർഥി പ്രസിഡന്റ് ആയിക്കൊള്ളണമെന്നില്ല. 2000-ൽ ജോർജ് ബുഷിനേക്കാൾ അൽ ഗോർ 10 ലക്ഷത്തിനടുത്ത് വോട്ടുകൾ കൂടുതൽ നേടിയിരുന്നു.)
ലഭ്യമായ പോളുകളെ ആശ്രയിച്ചുള്ള എന്റെ അനുമാനം ഇപ്പോൾ ഇതാണ്: ഹിലരി ക്ലിന്റൻ 348 വോട്ടുകൾ നേടി വിജയിക്കും. ഏതൊക്കെ സംസ്ഥാനങ്ങൾ ആരൊക്കെ ജയിക്കുമെന്നുള്ള വിശദാംശങ്ങൾ ഇവിടെ കാണാം.
ഈ നിലയിൽ നിന്ന് എന്തെങ്കിലും ചെയ്ത് വിജയത്തിലെത്താൻ ട്രമ്പിന് നേരം വൈകി എന്നാണ് രാഷ്ട്രീയപണ്ഡിതരുടെ നിഗമനം. പക്ഷേ, അത്തരം നിഗമനങ്ങളെ കാറ്റിൽ പറത്തിയാണ് ട്രമ്പ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആയത്. വിജയിച്ചില്ലെങ്കിലും ട്രമ്പ് അമേരിക്കൻ രാഷ്ട്രീയത്തിൽ മാറ്റാനാവാത്ത പല വ്യത്യാസങ്ങളും ചെയ്തു കഴിഞ്ഞു. ഒരു പക്ഷേ, ട്രമ്പ് ഭാവിയിൽ ഓർമ്മിക്കപ്പെടുന്നത് അമേരിക്കയിൽ ഫാഷിസത്തിന്റെ സാധ്യത കാണിച്ചുകൊടുത്ത ഒരാൾ എന്ന നിലയിൽ ആയിരിക്കും.
തുടർന്ന് വായിക്കുക :
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അനുമാനങ്ങൾ – സെപ്തംബർ 8