ഒരോണ (സ്‌)കിറ്റ്‌

onam

 

‘ആശാനെ ഒരു പരിഹാസ കാവ്യം വേണം.. ഉത്രാടത്തലേന്ന് സമാജത്തിന്‌ അരങ്ങേറാനാ..ചാനലുകളിലൊക്കെ കണ്ടിട്ടില്ലെ..അതു പോലൊരെണ്ണം.. ശരിക്കുമിപ്പം ചാനലുകാരാ പ്രവാസികളെയൊക്കെ ഓണവും വിഷുവുമൊക്കെ ആഘോഷിക്കാന്‍ ഉത്തേജിപ്പിക്കുന്നത്‌.. നമുക്കിപ്രാവശ്യവും കലക്കണം..നാളെക്കഴിഞ്ഞ്‌ ചിങ്ങം ഒന്ന്. ‘
സമാജം പ്രസിഡണ്ട്‌ ജനേട്ടന്‍ ഹസ്തദാനം നല്കിയ ശേഷം കയ്യിലുള്ള സഞ്ചി എനിക്ക്‌ കൈമാറി.

‘ഇതിലെന്താ.. ?’

‘ഓണമല്ലെ..ഒരു കിലോ കുത്തരി..പഞ്ചസാര..ശര്‍ക്കര..അങ്ങനെ ഓണത്തിനുള്ള സകല ഇട്ടവട്ടങ്ങളും ഇതിലുണ്ട്‌..ഏറ്റവുമടിയിലുള്ളത്‌ എന്റെവക നിനക്കൊരു പ്രത്യേക സമ്മാനാ…സ്കിറ്റിന്റെ ഏകദേശ രൂപരേഖയായിക്കഴിഞ്ഞാ നമുക്കൊന്നൊരുങ്ങാം.. പോരെ.. ‘
ജനേട്ടന്റെ ചുണ്ടില്‍ കള്ളച്ചിരി. എന്റെ ചേതനയില്‍ വെള്ളത്തിര.

‘ഓരോ ലാര്‍ജ്‌ പിടിപ്പിച്ച്‌.. ഹരിശ്രീ കുറിച്ചാലോ ജനേട്ടാ.. ‘

‘അതു വേണോ..എല്ലാം കഴിഞ്ഞിട്ട്‌ സാവകാശം പോരേടോ.. ? ‘

‘പോരാ..ഒരുഷാറിന്‌.. ഇപ്പം ചെറുങ്ങനെ മതി.. ‘

പറഞ്ഞു തീരുന്നതിന്‌ മുമ്പ്‌ ആശാന്‍ വെള്ളവും ഗ്ലാസുമായെത്തി.
ഞാന്‍ ലാപ്‌ തുറന്നു. വരമൊഴിയില്‍ വിരലമര്‍ത്തി.

രംഗം – ഒന്ന്

(ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്ത. രംഗത്ത്‌ ഒരാളിരുന്ന് ചീട്ട്‌ എഴുതുന്നു. സൈഡില്‍ ഡോക്ടറുടെ മുറി)

‘എന്താ അസുഖം.. ?

(രോഗിയുടെ കൂടെ എത്തിയ അനുയായികളില്‍ ഒരാള്‍)

‘പുള്ളി ഒന്ന് നന്നായി മിനുങ്ങി..അതിപ്പം പുലിവാലായോ എന്നൊരു സംശയം.. ‘

(അതു കേട്ട്‌ അകത്ത്‌ നിന്നും ഇറങ്ങി വന്ന സീനിയര്‍ സിസ്റ്റര്‍)

‘എന്താ.. എന്താ.. എല്ലാവരും ഉണ്ടല്ലോ..?..ഇപ്പം നിങ്ങ ഇയാളേം കൊണ്ട്‌ അകത്തേക്ക്‌ കയറിച്ചെന്നാല്‍ ഡോക്ടറുടെ നല്ല പുഴുത്തത്‌ കേള്‍ക്കും ..(അനുനയത്തില്‍) തല്ക്കാലം രോഗിയേം കൊണ്ട്‌ എന്റെ മുറിയിലേക്ക്‌ കയറി വാ.. കുറച്ച്‌ നേരം അവിടെ കിടക്കട്ടെ… കെട്ട്‌ മാറുമ്പം തനിയെ എഴുന്നേറ്റ്‌ പോയിക്കോളും…ഡോക്ടറെ കാണേണ്ട ആവശ്യകതയും ചെലപ്പം വേണ്ടി വരില്ലാ.. ‘

‘എഴുതിയെടുത്തോളം എങ്ങനുണ്ട്‌ ജനേട്ടാ.. ‘

ഞാന്‍ ലാപ്ടോപ്പില്‍ നിന്നും കയ്യടര്‍ത്തി ഗ്ലാസ്‌ ഒറ്റവലിക്ക്‌ കാലിയാക്കുന്നതിനിടയില്‍ അഭിപ്രായം ആരാഞ്ഞു.

‘ ബലെ ഭേഷ്‌.. യു ആര്‍ റിയലി ജീനിയസ്‌. പരിണാമഗുപ്തിയാണ്‌ പ്രധാനം.. ‘

‘നമുക്ക്‌ നാളെ തന്നെ റിഹേഴ്സല്‍ തുടങ്ങാലോ അല്ലേ..ലീഡിംഗ്‌ റോള്‍ എനിക്ക്‌ തന്നെ തരണം…അതിനുള്ള കൈക്കൂലി കൂട്യാ ഈ സല്ക്കാ രമെന്ന്‌ നീ നിരീച്ചാലും എനിക്കൊരു ചുക്കുമില്ല.. ഇപ്രാവശ്യം മാവേലി വേഷം എന്തായാലും എന്നെക്കൊണ്ട്‌ കെട്ടാനാവൂലാ.. ‘

‘അതെന്താ.. ?’

‘എന്നെക്കാണുമ്പം സമാജാംഗങ്ങള്‍ അതാ മാവേലി വരുന്നു എന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. ‘

‘അതില്‍ അഭിമാനിക്ക്വല്ലെ വേണ്ട ജനേട്ടാ. ‘

‘എന്നാ ആ ബഹുമാനം തനിക്ക്‌ സ്വയം അങ്ങേറ്റെടുത്തൂടെ.. തന്മ യത്തോടെയുള്ള അവതരണം.. എഴുതുന്നയാള്‍ മര്‍മ്മമറിയുന്നവനല്ലെ.. മനസ്സു വച്ചാ കലക്കാം.. ‘

‘സംഗതി അല്ലേലും കലക്കും.. അതിനായി കൊറേ എമ്പോക്കികള്‍ കെട്ടും പൊട്ടിച്ച്‌ എറങ്ങി തിരിച്ചിരിക്ക്വല്ലേ.. കൂവിയും കുരവയിട്ടും നമ്മെ വാഴിക്കാന്‍.. ഇവനൊക്കെ മലയാളീസ്‌ എന്നു പറയാന്‍ നാണമില്ലേ… ?

ഇനീം അങ്ങനെ കാണിച്ചാല്‍ ഞാന്റെ. തനിനിറം പൊറത്തെടുക്കും.. സമാജത്തീന്നെടുത്ത്‌ അങ്ങ്‌ ദൂരെക്കളയും..പറഞ്ഞേക്കാം.. ‘
നാലാമത്തെ പെഗ്ഗില്‍ ജനേട്ടന്‍ പൂര്‍ണ്ണമായും വീണു. നാവ്‌ വല്ലാതെ കുഴഞ്ഞു.

‘ഇനീപ്പം നെനക്ക്‌ എഴുതാന്‍ പറ്റ്വോടാ പന്ന പന്നീടെ .. ?’

ജനേട്ടന്‍ സോഫയിലേക്ക്‌ മറിയുന്നതിനു മുമ്പ്‌ കണ്ണുകളൊന്ന് വായുവില്‍ ചുഴറ്റി. നിമിഷങ്ങള്‍ക്കുള്ളില്‍ മുക്ര മാതിരിയുള്ള കൂര്‍ക്കം വലി വായുവിലലയടിച്ചു. (ജനേട്ടന്റെ കൂര്‍ക്കം ഒരു താളം പോലെ അണിയറയില്‍ പുരോഗമിക്കവെ) എഴുത്തുകാരന്‍ ഒരു ലാര്‍ജ്ജുകൂടി ഗ്ലാസിലേക്ക്‌ പകര്‍ന്ന് കൊണ്ട്‌ ഇങ്ങനെ വിഭാവനം ചെയ്യുന്നു:
-മദ്യപ്പക തൊട്ടു തീണ്ടാത്ത, കള്ളവും ചതിയും ഒട്ടുമില്ലാത്ത, മലയാള മണ്ണിലേക്ക്‌ ഇനി എന്നാണ്‌ മാവേലിക്ക്‌ ഒരിയ്ക്കലെങ്കിലും കടന്നു വരാനാവുക കാതരമായ കാലമേ… ? അതൊരു പ്രകമ്പനം മാതിരി പ്രേക്ഷക മനസ്സുകളെ അടിക്കടി പൊള്ളിക്കുമ്പോള്‍, (എല്ലാം ഒരു സ്വപ്നം മാതിരി) ക്രമേണ രംഗത്ത്‌ വെളിച്ചം മങ്ങാന്‍ തുടങ്ങുന്നു…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകാര്‍ട്ടൂണ്‍
Next articleഅച്ഛനുണ്ടായിരുന്നെങ്കില്‍
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here