“സമയം ആറു മാണി കഴ്ഞ്ഞു. വേഗം എഴുനേൽക്കൂ. ബസ്സ് ഇപ്പോൾ വരും തയ്യാറാകേണ്ടേ” ഈ അവധിക്കാലത്തും കൊച്ചു വെളുപ്പാൻ കാലത്ത് ഇത് കേൾക്കുന്നത് കുട്ടികൾക്ക് എത്ര മാത്രം അസഹ്യമായിരിയ്ക്കും!
വേനൽക്കാല അവധി എന്ന് കേൾക്കുമ്പോൾ നമ്മളിൽ ഓടി വരുന്ന ഓർമ്മകൾ എത്ര വർണ്ണശബളമാണ് . മാർച്ച് അവസാനം കൊല്ലപരീക്ഷ കഴിയുന്ന ദിവസത്തിന്റെ ആ സന്തോഷം ഒരുപക്ഷെ വേറൊരു ജീവിതാനുഭവത്തിനും സമ്മാനിയ്ക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. ‘പോയിരുന്നു പഠിയ്ക്ക്’ എന്ന ശാസന ഇല്ലാതെ മനസ്സുനിറയെ കളിയ്ക്കാൻ ലഭിയ്ക്കുന്ന ഒരു അവധികാലം. പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിയ്ക്കുമ്പോൾ തന്നെ അവധികാലത്ത് എന്തുചെയ്യണം, എങ്ങിനെ ചെലവഴിയ്ക്കണം എന്നതിനെക്കുറിച്ച് ദിവാസ്വപ്‌നം കാണാറുണ്ട്. പരീക്ഷ അവസാനിച്ച അടുത്തദിവസം തന്നെ ഓലത്തുമ്പുകൾ ചേർത്തൊരു കുട്ടിപുര തീർക്കണം, കൂട്ടുകാരുമൊത്ത് വീടുകളിയ്ക്കണം, ആ കൊച്ചു വീട്ടിൽ പ്ലാവിലകുത്തി പാത്രങ്ങൾ തീർക്കണം, മണ്ണുകുഴച്ചതും, പച്ചിലകളും, പൂക്കളും വച്ച് വിഭവങ്ങൾ ഉണ്ടാക്കണം. മുറ്റത്തെ പുളിമാവിൽ അച്ഛനെ വശീകരിച്ച് ഊഞ്ഞാൽ ഇടുവിയ്ക്കണം. അതിലിരുന്നു കൂട്ടുകാർ ആട്ടിത്തരുമ്പോൾ ആകാശം വരെ ഉയർന്നുപൊങ്ങി കുട്ടുകാരെ തന്റെ ധീരത കാണിയ്ക്കണം . പാടത്ത് പടർന്നുപന്തലിച്ച് കിടക്കുന്ന കായ്കറികൾ പൊട്ടിയ്ക്കാൻ അച്ഛനുമൊത്ത് പോകണം. എരിവെയിലിൽ തളരുന്ന ചെടികൾക്ക് അച്ഛൻ വെള്ളം തേവുമ്പോൾ ചാലിലൂടെ ഒഴുകുന്ന വെള്ളത്തിൽ കടലാസു വഞ്ചി ഇറക്കണം. കുന്നിനുമുകളിലെ പാറയിൽ കൂട്ടുകാരുമൊത്ത് പാറയിൽ തല്ലിപ്പൊളിച്ച പച്ചമാങ്ങ ഉപ്പുചേർത്ത് കഴിയ്ക്കണം. വിഷു അടുക്കെ കശുമാവിൻ പലവർണ്ണത്തിൽ അരമണി പോലെ പഴുത്ത് നിൽക്കുന്ന കശുവണ്ടി പറിയ്ക്കണം. പറമ്പിൽ അങ്ങിങ്ങായി നിൽക്കുന്ന മാവിൽ നിന്നും പൊഴിയുന്ന മാങ്ങ പെറുക്കികൊണ്ടുവന്നു മുറിച്ച് ഉപ്പും മുളകുമിട്ടു കഴിയ്ക്കണം, എല്ലാ പ്ലാവിലും മൂത്തു നിൽക്കുന്ന ചക്ക പഴുത്തുവോ എന്ന് പരിശോധിയ്ക്കുന്നതിനായി അണ്ണാറക്കണ്ണനുമായി ഒരു മത്സരം വേണം, പല മരങ്ങളിലായി കറുത്ത മുന്തിരിയെ തോൽപ്പിക്കുമാറ് കണ്ണെഴുതി നിൽക്കുന്ന ഞാവൽ പഴങ്ങളെ രുചിച്ച് ഏതാണ് ഏറ്റവും സ്വാദ് എങ്കിൽ അത് പറിച്ച് നാടൻ മുന്തിരി എന്നും പറഞ്ഞു കഴിയ്ക്കണം, കൊയ്ത്തുകഴിഞ്ഞു വിശാലമായി കിടക്കുന്ന പാടത്ത് പന്തുകളിയ്ക്കണം, വിഷുവിന്റെ അവസരത്തിൽ പൂക്കളും കാഴ്കളും വച്ച് കണിയൊരുക്കിയും വായ്കൊണ്ടു പടക്കം പൊട്ടിച്ചും വിഷു ആഘോഷിച്ചു കളിയ്ക്കണം,,രക്തവർണ്ണപൂക്കളാൽ ഹൃദയം തുറന്നുകാണിയ്ക്കുന്ന പൂമരക്കൊമ്പിൽ കൂവുന്ന കുയിലിനെ അനുഗമിച്ച് ദേഷ്യം പിടിപ്പിയ്ക്കണം. കുറച്ചുദിവസം തന്റെ ബന്ധുവീട്ടിൽ പോയി കുട്ടികളുമായി കളിയ്ക്കണം, തിരിച്ചു വരുമ്പോൾ അവരെ വീട്ടിൽ കൊണ്ടുവന്ന തന്റെ കൂട്ടുകാർക്കെല്ലാം പരിചയപ്പെടുത്തണം, ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിനോദങ്ങളാൽ മനസ്സിനും ശരീരത്തിനും ഒരു പിരിമുറുക്കങ്ങളും ഇല്ലാത്തതായിരുന്നു ഞാൻ ഓർക്കുന്ന വേനൽക്കാല അവധി.
ആധുനിക മാതാപിതാക്കൾക്ക് വെറുമൊരു ഉപയോഗശൂന്യമായ കാര്യങ്ങളായും, നേരംപോക്കുമായും മാത്രമേ ഇതിനെയൊക്കെ കാണാൻ കഴിയു. എന്നാൽ ഇതിൽ നിന്നും പുതിയ തലമുറയ്ക്ക് ഒരുപാട് കാര്യങ്ങൾ പഠിയ്ക്കാനുണ്ടെന്നു പറയുന്നത് എത്രമാത്രം അംഗീകരിയ്ക്കാനാകുന്ന കാര്യമാണെന്നറിയില്ല. എങ്കിലും കുട്ടിപുരകെട്ടി വീടുകളിയ്ക്കുമ്പോൾ മാതാപിതാക്കൾ കുട്ടികൾക്ക് കൈമാറുന്ന കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഉത്തരവാദിത്വങ്ങൾ, കടമകൾ, ബന്ധങ്ങൾ, ബഹുമാനം എന്നി കുടുമ്പത്തിന്റെ അടിസ്ഥാന ഘടകനകളെ കുറിച്ച് ഒരു പുനരവലോകനം തന്നെ കുട്ടിപുരയിൽ അരങ്ങേറുന്നു. മണ്ണുകുഴച്ച് ഇലകളും പൂക്കളും പറിച്ചുനടക്കുന്നതിലൂടെ കുട്ടികൾക്ക് പ്രകൃതിയുമായി ഒരു നേരിട്ടുള്ള ബന്ധമുണ്ടാകുന്നു, ബന്ധുവീടുകളിൽ പോയി താമസിയ്ക്കുന്നതിലൂടെ പരസ്പര ബന്ധങ്ങളും മാനുഷിക മൂല്യങ്ങളും മനസ്സിലാക്കുന്നതിനോടൊപ്പം ഉറ്റവരെയും, വേണ്ടപ്പെട്ടവരെയും, അവരുമായി കാത്ത് സൂക്ഷിയ്ക്കേണ്ട മാനസിക അടുപ്പങ്ങളെക്കുറിച്ചും കുട്ടികൾ ബോധവാന്മാരാകുന്നു. ആഘോഷങ്ങൾ കൊണ്ടാടി കളിയ്ക്കുന്നതിലൂടെ നമ്മുടെ സംസ്കാരത്തെ, പൈതൃകത്തെ കുട്ടികൾ മനസ്സിലാക്കുന്നു. മനസ്സു തുറന്നു കളിയ്ക്കുന്നതിലൂടെ ശരീരത്തിനുവേണ്ട വ്യായാമവും ലഭിയ്ക്കുന്നു.
എന്നാൽ ഇന്ന് അവധിക്കാലത്തെ, സ്‌കൂളുകളും, ട്യൂഷൻ സെന്ററുകളും മറ്റു സ്ഥാപനങ്ങളും ഒരു ചാകരയായി എടുക്കുന്നുവോ! വേനൽക്കാല അവധിയ്ക്കായി കാത്തിരിയ്ക്കുകയാണ് അവധിക്കാല കോച്ചിങ്ങ് ക്ലാസ്സുകളും, ട്രെയിനിങ് സെന്ററുകളും, ക്യാമ്പുകളും. അവധിക്കാലങ്ങളിൽ കുട്ടികൾ വെറുതെ കളിച്ചു സമയം കളയുന്നു എന്ന് ചിന്തിയ്ക്കുന്ന ചില മാതാപിതാക്കൾ, ജോലിയ്ക്കുപോകുന്ന മാതാപിതാക്കളാണെങ്കിൽ അവധിക്കാലങ്ങളിൽ പകൽസമയത്ത് കുട്ടികളെ എവിടെ വിടും എന്ന് വ്യാകുലപ്പെടുന്നു, ചിലരാണെങ്കിൽ പ്രത്യേകിച്ചും സിറ്റികളിൽ അവധികാലത്ത് കുട്ടികൾ വെറും നാല് ചുവരുകൾക്കുള്ളിൽ എന്ത് ചെയ്യും എന്നോർക്കുന്നു. ഇതിനെല്ലാം മറുപടിയാണ് സ്കൂളുകളും മറ്റു സ്വകാര്യ സംഘടനകളും നടത്തുന്ന വേനൽക്കാല പരിശീലന ക്‌ളാസ്സുകൾ. ഇത്തരം ക്‌ളാസ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ കുട്ടികളെ കൊണ്ട് പോകുന്നതിനും കൊണ്ടുവരുന്നതിനും വാഹനസൗകര്യങ്ങളും, ഭക്ഷണവും ഏർപ്പാടുചെയ്യുന്നു. ഇത്തരം സംവിധാനങ്ങൾ വീണ്ടും വീണ്ടും കുട്ടികളിൽ വിശ്രമത്തിലും ഭക്ഷണകാര്യങ്ങളിലും നിഷ്കർഷ അടിച്ചെൽപ്പിയ്ക്കുന്നു . ഇത് കുട്ടികൾക്ക് മാനസികമായും ശാരീരികമായും സ്കൂളിലിനേതുപോലെ പിരിമുറുക്കം നല്കുകയല്ലേ?
ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ഓടികളിയ്ക്കാനോ, പൂപറിയ്ക്കാനോ ഉഞ്ഞാലാടാനോ മതിയായ താല്പര്യമുണ്ടോ? ജനിച്ചു വീഴുന്ന കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ മൊബയിൽ ഫോൺ ഉപയോഗിയ്ക്കുന്ന ഈ ഇലക്ട്രോണിക് യുഗത്തിൽ, കുട്ടികൾക്ക് കളിയ്ക്കുന്നതിലും താല്പര്യം മൊബയിൽ ഫോണിലും, കംപ്യുട്ടറിലും ലാപ്ടോപ്പിലും സമയം ചെലവഴിയ്ക്കുന്നതിലും, വിവിധ ചാനലുകളിൽ പ്രക്ഷേപണം ചെയ്യുന്ന കാർട്ടുൺ പരിപാടികൾ കണ്ടിരിയ്ക്കുന്നതിലുമാണ്. യാതൊരു വ്യായാമവും ഇല്ലാതെ ചടഞ്ഞു കൂടി സമയം കഴിയ്ക്കുന്ന യുവതലമുറയെ അവധിക്കാല ക്ലാസ്സുകൾ എന്ന് പറഞ്ഞെങ്കിലും ഒരൽപം വ്യായാമം ചെയ്യിപ്പിയ്ക്കാം എന്ന് കരുതുന്ന മാതാപിതാക്കളെ കുറ്റപ്പെടുത്താനാകുമോ?
വെക്കേഷൻ ക്ലാസ്സെന്നും പരിശീലനമെന്നും പറഞ്ഞു വേനൽക്കാല അവധിയിൽ നടത്തുന്ന കോഴ്‌സുകൾക്ക് പിന്നിൽ കച്ചവട അഭിരുചിയുണ്ടെങ്കിലും ഈയിടെയായി കുട്ടികൾക്ക് ഉപയോഗപ്രദമാകണമെന്ന നല്ല ഉദ്ദേശത്തോടു കൂടിയ ചിലത് ശ്രദ്ധയിൽപ്പെട്ടു. അവയിൽ ചിലത് തിങ് എക്‌സ്‌പ്ലോർ ക്രിയേറ്റ് (think explore create – ഇത് കുട്ടികളിലെ ക്രിയാത്മകതയെ പുറത്തുകൊണ്ടുവരുന്നതിനു വേണ്ടിയുള്ളത്), ആഫ്രിക്കൻ ഡ്രം (African drum – കുട്ടികളിൽ അമിതമായ ഉർജ്‌ജത്തെ നിയന്ത്രിയ്ക്കുന്നതിനു), റേഡിയോ ജോക്കി (Radio Jockey – കുട്ടികളിലെ വാക്ചാതുരി വികസിപ്പിയ്ക്കുന്നതിനും, ആശയങ്ങളെ വ്യക്തമാക്കുന്നതിനുമുള്ള, ആത്മവിശ്വാസം നൽകുന്നതിനും) വേർഡാഹോളിക് മൈൻഡ് ഫീൽഡ് (wordaholic mind field – കുട്ടികളിലെ ഭാഷാസ്വാധീനം വർദ്ദിപ്പിയ്ക്കുന്നതിനു) എന്നിവയാണ്.
ഈ അവധികാലം, വേനൽക്കാല ക്ലാസ്സുകളിൽ ചെലവഴിച്ചും, മൊബയിൽ ഫോണിലും, കംപ്യുട്ടറിലും ലാപ്ടോപ്പിലും സമയം ചെലവഴിച്ചും മാത്രം കളയാതെ, മുത്തശ്ശിക്കഥകളുടെ മധുരം നുണഞ്ഞും, മണ്ണും, ഇലയും, പൂക്കളുമായി പ്രകൃതിയോട് ചേർന്ന് കളിച്ചുല്ലസിച്ചും, മാംചുവടുകൾക്ക് ജീവൻ പകർന്നും ചെലവഴിച്ച് നിങ്ങളും അവധിക്കാലത്തിന്റെ ഓർമ്മ തൊട്ടിലിൽ താലോലിയ്ക്കാൻ ആഹ്ലാദകരമായ ഈ വേനൽ അവധി ചെലവഴിയ്ക്കണം എന്ന് ഓരോ കൊച്ചുകൂട്ടുകാരോടും, അതിനുള്ള അവസരം അവർക്കൊരുക്കി കൊടുക്കണമെന്ന് ഓരോ മാതാപിതാക്കളോടും ഞാൻ അപേക്ഷിയ്ക്കട്ടെ.