ഓര്‍മ്മപ്പെരുന്നാള്‍

സാധാരണ വിമാനങ്ങളുടെ മൂന്നിരട്ടി വേഗത്തിലും ഉയരത്തിലും ശത്രുരാജ്യത്തിന്റെ റഡാറില്‍ പെടാതെ പറന്നു , 50 ടണ്‍ വരെയുള്ള മാരക ബോംബുകളെ , 100 % ലക്ഷ്യത്തിലേക്കു തൊടുക്കാന്‍ സാധിക്കുന്ന , ഒന്നിനു 70 കോടിയോളം വിലമതിക്കുന്ന സിംഗിള്‍ സീറ്ററും ഡബിള്‍ സീറ്ററുമായ 80ലേറെ ഈഗിള്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചു സൈന്യം നടത്തിയ പൊടുന്നനെയുള്ള ആക്രമണത്തില്‍ ശത്രുരാജ്യത്തിന്റെ കുണ്ടൂര്‍ വനമേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന 25 ഓളം വരുന്ന ഭീകര , തീവ്രവാദ സംഘടനാ കേന്ദ്രങ്ങളെ നിശ്ശേഷം ഉന്മൂലനം ചെയതു , അത്തരം പ്രവര്‍ത്തനങ്ങള്‍ക്കും അതിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കും ശക്തമായ താക്കീത് നല്കി ,മേലില്‍ അത്തരം ഭീകരത രാജ്യത്തിനും ജനങ്ങള്‍ക്കും ഭീഷണിയാവില്ലെന്നു ഉറപ്പു വരുത്തി , പിന്നീടു അതിനു പ്രതികാരം ചെയ്യാനായി രാജ്യാതിര്‍ത്തി ലക്ഷ്യമാക്കി കുതിച്ചെത്തിയ എതിര്‍ സൈന്യത്തിന്റെ കര, നാവിക , വ്യോമ നീക്കങ്ങളെ അതിര്‍ത്തിയിലുട നീളം വിന്യസിച്ച , ഒന്നിനു 5 കോടിയോളം വിലമതിക്കുന്ന 90,000 ടാങ്കുകളുടേയും അവയ്ക്ക് പിന്നില്‍ അണി നിരന്ന 800,000 ധീര ജവാന്മാരുടേയും , ആകാശത്തിലൂടെയും ഭൂമിയിലൂടെയുമുള്ള ഏതു തരത്തിലുള്ള നുഴഞ്ഞുകയറ്റത്തെയും തിരിച്ചറിയാനാവുന്ന , ഒന്നിനു 70 കോടിയോളം വിലമതിക്കപ്പെടുന്ന , K8 വിഭാഗത്തില്‍ പെട്ട 1000 റഡാറുകളുടെയും , അവയെക്കാപ്പം അണിനിരന്ന ഒന്നിനു 30 കോടിയോളം വിലമതിക്കുന്ന 5000 ഫൈറ്റര്‍ വിമാനങ്ങളുടെയും , ജലാതിര്‍ത്തിയില്‍ ഒന്നിനു 80,000 കോടി വിലമതിക്കുന്ന എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള 95 ഓളം യുദ്ധക്കപ്പലുകളും , ഒന്നിനു 15 കോടിയോളം മതിക്കുന്ന 3000 യുദ്ധ ബോട്ടുകളും ചേര്‍ന്നുള്ള രാജ്യത്തെ സൈന്യത്തിന്റെ ശക്തമായ പ്രതിരോധം കണ്ടു അമ്പരന്ന ശത്രു വിമാനങ്ങളും സൈനികരും പിന്‍വലിഞ്ഞതും അറിഞ്ഞു ഭരണ , പ്രതിപക്ഷ നേതാക്കളൊക്കെയും നമ്മുടെ വീര സൈന്യത്തിനു അഭിവാദനം അര്‍പ്പിക്കുകയും , രാജ്യത്തിന്റെ അഖണ്ഡതക്കും. സുരക്ഷയ്ക്കും ഒത്തൊരുമയോടെ നില്‍ക്കുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്കെ , തത്സമയം

ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുന്നതിനായി യൂറോപ്പിലായിരുന്ന രാജ മുഖ്യന്‍ സൈനിക മേധാവികളെ നേരിട്ടു വിളിച്ചു അനുമോദനം അറിയിക്കുകയും , തുടര്‍ന്നു പ്രസ്തുത സമ്മേളനത്തില്‍ ലോകത്ത് വര്‍ദ്ധിച്ചു വരുന്ന ഭീകരത , തീവ്രവാദം , അസഹിഷ്ണുതകള്‍ , രാജ്യങ്ങള്‍ തമ്മിലുള്ള വൈരങ്ങള്‍ എന്നിവ ഇല്ലാതാക്കുന്നതിനെക്കുറിച്ചും ലോകത്ത് സമാധാനം പുലരേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിനു എല്ലാ രാജ്യങ്ങളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടുന്നതിനെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു പ്രസംഗിച്ച കൂട്ടത്തില്‍  തന്റെ രാജ്യം ആരുടെ മുമ്പിലും തല കുനിക്കുകയില്ലെന്നും , തന്റെ രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താന്‍ , സമാധാനപൂര്‍ണ്ണമായ ജീവിതം ജനങ്ങള്‍ക്കു ഉറപ്പുവരുത്താന്‍ ഇനിയും വലിയ തോതില്‍ ആയുധവത്ക്കരണം നടത്തേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചു ഓര്‍മ്മപ്പെടുത്തുകയും , അവിടെ സന്നിഹിതരായിരുന്ന ഇസ്രായേല്‍ ഫ്രഞ്ചു രാഷ്ട്രത്തലവന്‍മാരുമായി 99, 000 ലക്ഷം കോടി രൂപയുടെ പുതിയ ആയുധക്കരാര്‍ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയും , കൂട്ടത്തില്‍ സ്വാതന്ത്ര്യം കിട്ടിയിട്ടു 70 വര്‍ഷമായിട്ടും ഇന്നും ആരാന്റെ പറമ്പിലും പൊതു ഇടങ്ങളിലും തൂറാനിരിക്കുന്ന തന്റെ നാട്ടിലെ 9 കോടിയോളം പേരേക്കുറിച്ചു അദ്ദേഹം അത്യധികം ഉത്ക്കണ്ഠപ്പെടുകയും ദാരിദ്യ നിര്‍മ്മാര്‍ജ്ജനം മാലിന്യ നിര്‍മ്മാര്‍ജ്ജനം ശുചിത്വം , ആരോഗ്യം എന്നിവയാണു സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നു പറയുകയും അതിലേക്കായി പുതുതായി തുടങ്ങുന്ന ‘ നവീന്‍ രാജ് ‘ പദ്ധതിയിലൂടെ രാജ്യമെമ്പാടും പതിനായിരം പൊതു കക്കൂസുകള്‍ വയക്കുന്നതിലേക്കായി 30 ലക്ഷം രൂപ വകയിരുത്തന്നതായി പ്രഖ്യാപിക്കുകയും ചെയ്തു..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English