ഓർമ്മ മാത്രമായ് ഓണം

 

 

 

 

 

 

 

 

പതിവുപോലെ തന്നെ പ്രഭാതം പുഞ്ചിരിച്ചു. ഇളവെയിലിന്റെ ഇളം സ്പർശനമേറ്റയാൾ ഉണർന്നു. സാവധാനം തന്നെ നോക്കിയിരിക്കുന്ന ചായക്കപ്പ് കയ്യിലെടുത്തു. ദൂരത്തേക്ക് കണ്ണെറിഞ്ഞ് ഉറക്കാലസ്യത്തോടെ തന്റെ കയ്യിലിരിക്കുന്ന ചായ മുത്തമിട്ട് നുകർന്നു. വീണ്ടും വിദൂരതയിലേക്ക് കൺകൾ പായിച്ച് അലസമായ് ഇരിക്കുകയായിരുന്ന അയാളിലേക്ക് റേഡിയോയിൽ നിന്ന് വരുന്ന ലളിതഗാനത്തിന്റെ മൃദുഭാവം പകർന്നു.

” അകലെ കാർ വർണ്ണ മേഘസരസ്സിലെ
ഒരു തുള്ളി എന്നിലായി കുളിരു കോരി
കവിത ഗന്ധം പടർത്തുന്ന മാനസ
മലർ നികുഞ്ചം തളിർത്തുനിന്നു.
പലരും ഓമനിച്ച ഏകാന്ത പ്രണയമാം
കവിത നെഞ്ചിലായ് കൂടുകൂട്ടീടുന്നു.
പുടവ നെയ്യുന്നു ഓണ നിലാവത്ത്
നിളയിൽ ഓളങ്ങൾ ഏകാന്തമായ്
പുലരി മെല്ലെ ഒരുങ്ങുന്നു
ഓണമലരുകൾ മിഴി തുറക്കുന്നു സവിനയം.
പഴയകാല ഓർമ്മതൻ ശീലുകൾ
പുതുമ തട്ടി പുറത്തെടുത്താടുന്നു.
അകലെ കാർവർണ മേഘസരസ്സിലെ
ഒരു തുള്ളി എന്നിൽ കുളിരു കോരി
കവിത ഗന്ധം പടർത്തുന്ന മാനസ മലർ
നികുഞ്ചം തളിർത്തു നിന്നു…”

ആ ഗാനത്തിലെ ഓണനിലാവും മറ്റും അയാളിലെ ഗതകാല സ്മരണകൾക്ക് ഉണർവ് നൽകി. വേഗത്തിൽ ദിനചര്യകൾ കഴിച്ച് എന്തോ മനസ്സിൽ കുറിച്ച് അടുത്തുള്ള പട്ടണത്തിലേക്ക് യാത്രയായി അയാൾ.

ബസ്സിൽ ഇരിക്കുമ്പോൾ കയ്യിൽ എടുത്തിരുന്ന മാഗസിനിലെ കവിതയിലെ വരികൾക്ക് അയാളുടെ മനസ്സിലെ നഗരത്തിന്റെ മുഖഭാവം തന്നെയായിരുന്നു.

” നഗരമേ സ്നേഹ ദാരിദ്ര്യമേ പിന്നെ
പ്രണയ ശോഷിത മാംസ നിബന്ധമേ
വരികയാണ് ഞാൻ വാഴ് വിൻ ചുമടുമായ്
തരിക നിൻ സ്നേഹ ദരിദ്രമാം നെഞ്ചകം. ”

 

ബസ്സിറങ്ങി അയാൾ നഗരത്തിന്റെ തിരക്കുള്ള നിരത്തിലേക്ക് പ്രവേശിച്ചു.
ഇന്നലത്തെ മഴയിൽ കുതിർന്ന ഭൂമി അയാൾ ശ്രദ്ധിച്ചു, റോഡുകൾക്കെല്ലാം പണ്ടത്തേക്കാൾ വീതിയും നീളവും ഉള്ളവയായിരുന്നു എങ്കിലും കാൽനടയാത്രക്കാർക്ക് പണ്ടത്തേക്കാൾ യാത്രകൾ ദുസഹം.
കൈകാലുകൾക്ക് ബലക്കുറവ് ആയതിനാൽ കനംകുറഞ്ഞ ആ ശരീരവും അയാൾക്ക് ഒരു ഭാരവും ബാധ്യതയുമായി തോന്നി.

വേഗത യുവത്വത്തിന്റെ ഭാഗമാണ് എന്ന ആധുനികതയുടെ വക്താക്കളായ യുവാക്കൾ. യുവാക്കളാണ് നാടിന്റെ ഭൂരിഭാഗവും അതിനാൽ നാടിനും പണ്ടത്തേക്കാൾ വേഗതയുള്ളതുപോലെ തോന്നി.

വേഗതയേറിയ ഈ ലോകത്തിലൂടെ ഓടുന്ന ഒരു പഴഞ്ചൻ വണ്ടിയാണ് താനെന്ന് അയാൾക്ക് തോന്നി. ഒന്നുമൂളികൊണ്ട് പിന്നെയും യാത്ര ഒടുങ്ങാത്ത വിശപ്പിന്റെ വിളിയാൽ ഓർമ്മകളെ ഓമനിച്ചു രസിക്കാൻ പഴമയുടെ പരിശുദ്ധിയിൽ നഷ്ടപ്പെട്ടതൊക്കെയും ഓർത്തെടുത്ത് ആസ്വദിക്കാൻ എത്തിച്ചേർന്ന ദിവസമാണ് നാളെ. ഓണ കടകളുടെ മുന്നിൽ ഒറ്റക്കാലിൽ തപസ്സ് ചെയ്യുന്ന ജനങ്ങൾ. അന്നേരം അകലെ നിന്നു വരുന്ന കാറ്റിലൂടെ അവ്യക്തമായി അയാളുടെ കാതുകളിൽ പതിച്ച കവിതയിലെ ചില ഭാഗങ്ങൾ അയാളുടെ ആത്മാവിന്റെ ദുഃഖം വർദ്ധിപ്പിച്ചു.

” പ്രണയ രഹിത നിശ്ചലം എങ്കിലും
പിരിയുവാൻ ഞാൻ അശക്തൻ പ്രിയതമേ…
പറയുവാൻ ബാക്കിനിൽക്കുന്നു ജീവിതം
പൊലിയുവാൻ വെമ്പും ദീപം ആയെങ്കിലും…
തിരകളില്ലാത്ത ഹൃദയമാണെങ്കിലും
അരികിലെത്തുവാൻ മാനസം വെമ്പുന്നു… ”

നഗരത്തിൽ മാവേലിയെ അലങ്കരിച്ച് വിൽക്കുന്ന ശാലകൾ, യുവാക്കൾ കേട്ടറിവുള്ള എല്ലാ സാധനസാമഗ്രികളും ഓണത്തിനായി ഒരുക്കുന്നു.

തനിക്കറിയുന്ന ഓണം അല്ല ഇത് എങ്കിലും ഇതാവട്ടെ ഓർമ്മകളിലെ അവസാനത്തെ ഓണം. എങ്കിലും തന്റെ അവശേഷിക്കുന്ന ചില നല്ല സ്മരണകളാണ് ഈ ദിവസങ്ങൾ

. ഓണച്ചന്ത നടക്കും സ്റ്റാളുകളുടെ മുന്നിലെത്തിയപ്പോഴേക്കും അയാളുടെ കൈകാലുകൾ കുഴഞ്ഞു തുടങ്ങിയിരുന്നു. തിക്കും തിരക്കിലും അയാൾ ചാഞ്ചാടുന്നുണ്ടായിരുന്നു.

” ചാവാൻ കാലത്താണ് കിളവന്റെ ഓണാഘോഷം മനുഷ്യനിവിടെ എത്ര നേരമായി നിൽക്കുന്നു”

പെട്ടെന്നായിരുന്നു ഒരു ചോരത്തിളപ്പിന്റെ സ്വരം അയാളുടെ കാതുകളിൽ വന്നു പതിച്ചത്. അതുവരെ അവശേഷിച്ചിരുന്ന മനസ്സിന്റെ ബലം ആ വാക്കുകളിൽ പതറിപ്പോയത് പോലെ അയാൾക്ക് തോന്നി. മനസ്സിന്റെ ബലത്തിൽ ആയിരുന്നു ഈ വാർദ്ധക്യകാലത്ത് തന്റെ യാത്രകൾ.

നിലക്കണ്ണാടികളെല്ലാം തന്നെ ഇപ്പോൾ തനിക്ക് അപരിചിതവും അരോചകവുമായി അനുഭവപ്പെടുന്നു. പണ്ടൊക്കെ കണ്ണാടിയുടെ മുന്നിൽ എത്ര നേരമാണ് താൻ തന്നെ തന്റെ സൗന്ദര്യം പരിപോഷിപ്പിച്ച് ആസ്വദിക്കാറ്.

ചോരത്തിളപ്പിനാൽ തന്നോട് നീരസം കാണിച്ച ആ യുവാവ് ഒരിക്കൽ താനും ഒരു വയസ്സൻ ആവുമെന്ന് ഓർത്തു കാണില്ല. കിനാവുകളില്ലാത്ത കിനാവുകൾ ഉണ്ടെങ്കിൽ തന്നെ അവക്ക് നിറവും മണവും ഇല്ലാത്ത വാർദ്ധക്യം, എല്ലാം അറിഞ്ഞു കഴിഞ്ഞ് ആകാംക്ഷയും ആവേശവും ഇല്ലാത്ത കാലം.
തലമുറകളുടെ അന്തരം മനസ്സിൽ ഉൾക്കൊള്ളുവാൻ കഴിയാത്തത്ര വളർന്നു കഴിഞ്ഞിരിക്കുന്നു.

” അവിടെ അമ്മാവന് എന്തുവേണം? ”

പെട്ടെന്ന് തന്നിലേക്ക് എറിഞ്ഞ കടക്കാരന്റെ ശ്രദ്ധയും ചോദ്യവും അയാളിലെ ചിന്തയിലെ തീ കെടുത്തി. ഒരാശ്വാസ നിശ്വാസമിട്ട് അയാൾ തന്റെ ചെറിയ ആവശ്യങ്ങളുടെ പട്ടിക നിരത്തി.

പക്ഷേ ഇന്ന് ഇവയെല്ലാം അയാൾക്ക് വളരെ വിശേഷപ്പെട്ടതും അത്യാവശ്യവും ആയിരുന്നു. കാരണം അടുത്തകാലത്തായ് തന്റെ പ്രിയതമ വാർദ്ധക്യത്തിനോട് പടപൊരുതി ഏകദേശം തോറ്റിരിക്കുന്നു. അവരുടെ സംഭാഷണങ്ങളിലെല്ലാം സായന്തനത്തിന്റെ നിറവും അസ്തമയത്തിന്റെ നഷ്ടപ്പെടലും നിഴലിച്ചു തുടങ്ങിയിരിക്കുന്നു. അത് തന്നിലേക്കും അരിച്ചരിച്ചിറങ്ങുന്ന പോലെ ഏതോ ഒരു ദുർദിനം തന്നിലേക്ക് അടുക്കുന്നത് പോലെ തോന്നുന്നു. അതിനാൽ ഈ ഓണം അയാൾക്ക് വിട്ടുകളയുവാൻ മടി.

പണ്ടെങ്ങുമില്ലാത്ത ആവേശവും ആഗ്രഹവും ഒരിക്കൽ കൂടി ഒന്നിച്ച് ഒരു ഓണാഘോഷം, ജീവിതത്തിൽ സമയത്തിന്റെ വിലയെക്കുറിച്ച് ആർത്തിയോടെ ഓർക്കുന്ന നിമിഷങ്ങൾ ഇങ്ങനെയായിരിക്കാം. അങ്ങനെയാണ് നഷ്ടപ്പെടലിന്റെ ഭാഗമാണ് ഓർമ്മകളെ താലോലിക്കൽ അവിരാമമായി തുടരുന്ന ആലോചനകൾക്ക് ഒരു വിരാമം എന്നോണം കടക്കാരന്റെ ശബ്ദം കാതുകളിൽ വന്നു പതിച്ചു.

തന്റെ നേരെ നീട്ടിയ സാധനങ്ങളുടെ എണ്ണം പിടിച്ചു വിലകൊടുത്ത് മടങ്ങി വേഗേന വീട്ടിൽ എത്തുവാനുള്ള തത്രപ്പാടിൽ ആയിരുന്നു പിന്നീട്. വീടിനടുത്ത് എത്താറായപ്പോൾ റോഡരികിൽ ഒരാൾക്കൂട്ടം.
പ്രയാസമെങ്കിലും അയാൾ തന്റെ നടത്തത്തിന് വേഗം കൂട്ടി വീടിന്റെ പൂമുഖത്ത് എത്തിയപ്പോൾ കൂടി നിന്ന് ആളുകൾ അടക്കം പറഞ്ഞ് തന്നിലേക്ക് നോട്ടം നട്ട് വഴിമാറിത്തന്നു അപ്പോൾ തന്നെ അയാളുടെ മനസ്സിൽ ആപത്ത് മണി മുഴങ്ങിയിരുന്നു കാലുകൾ കുഴഞ്ഞ് ശരീരം തളരുന്ന പോലെ തോന്നി ആകാശംമുട്ടെ വളർന്ന ആശകൾ കൊയ്തിരുന്ന അയാളിൽ ആശകളുടെ ഒരു അവശേഷിച്ച പൂവും കൊഴിഞ്ഞു.
അവിരാമമായി തുടരുന്ന ആഗ്രഹങ്ങൾക്ക് ഒരു വിരാമം എന്നോണം അയാളുടെ കൈയിലെ ഓണ സഞ്ചി കൈവിട്ട് ആ പൂമുഖപ്പടിയിൽ ചിന്നിച്ചിതറിപ്പോയി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English