വേരു പൊട്ടിയ
വാക്കിൻ കയങ്ങളിൽ
കണ്ഠമിടറി
കരം വിറയ്ക്കുമ്പോൾ
പാദമൂന്നാൻ
ഒരു കാലൻ കുട പോലെ
നഗ്നപാദനായ്
നഷ്ടബോധഭാണ്ഡം തുറക്കെ
കരച്ചൂടിനും കടൽത്തണുപ്പിനും
പൊരിയും നെറുകയ്ക്ക്
ഒരു ഓലക്കുട പോലെ
കിനാവിന്നിടവഴികളിൽ
ഓടിത്തേഞ്ഞ പ്രണയപ്പരിഭവം
മുഖം മറച്ചൊന്നെത്തിനോക്കുവാൻ
ഒരു മറക്കുട പോലെ
പിന്നിട്ട നാട്ടുവഴികളിലെ
നടവരമ്പിലിട്ടുപോന്ന കൗമാര
കറുകക്കുളിരു കൊയ്യാൻ
ഒരു പീലിക്കുട പോലെ
വാടിയ ബാല്യം ചൂടിയ
മയിൽപ്പീലിച്ചിരി വീണ്ടും
ചുണ്ടിൽ തിരുകാൻ
ഒരു മഴവിൽക്കുട പോലെ
വിരൽത്തുമ്പിൽ തൂങ്ങി
പിച്ചവച്ചോടിയ
അക്ഷരപ്പച്ചകൾക്ക്
ഒരു വർണ്ണക്കുട പോലെ
കുറിക്കും വാക്കിന്
വരികൾ തേടുമ്പോൾ
വന്നിടുമോർമ്മകൾ
ഒരു അക്ഷരക്കുട പോലെ