പ്രസിദ്ധീകരണരംഗത്തും വിതരണ മേഖലയിലും സജീവമായും ക്രിയാത്മകമായും ഇടപെടുന്ന മലയാളത്തിലെ പ്രസാധകരെ ഏകോപിപ്പിച്ച് ” പുസ്തകം ‘ എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുന്നു. കേരളത്തിലെ സ്വകാര്യ പ്രസാധകരുടെ അവകാശങ്ങളും ചുമതലകളും സംരക്ഷിക്കുവാന്‍ കൂട്ടായ പ്രവര്‍ത്തനം, പ്രസാധകര് നേരിടുന്ന പ്രശ്നങ്ങൾ സര്‍ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തുകഎന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം ‘പുസ്തകം’ അംഗങ്ങളുടെ ക്ഷേമനിധി രൂപീകരിക്കും. നിരന്തരം പഠനങ്ങളും പരിപാടികളും സംഘടിപ്പിക്കും.
പുതിയ എഴുത്തുകാരെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ശില്പശാലകളും സെമിനാറുകളും നടത്താനും സംഘടനയുടെ നേതൃത്വത്തില്‍ പത്രങ്ങളും പുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കാനും കൂട്ടായ്മ ഉദ്ദേശിക്കുന്നു. ഒലീവ്, ഗ്രീന്‍ബുക്സ്, പൂര്‍ണ, കൈരളി, മാതൃഭൂമി, ലിപി തുടങ്ങി കേരളത്തിലെ വിവിധ പ്രസാധകർ കൂട്ടായ്മയില്‍ അംഗങ്ങളാണ്. അസോസിയേഷന്റെ ആദ്യ പ്രവര്‍ത്തനമെന്ന നിലയില്‍ പ്രളയത്തില്‍ പുസ്തകങ്ങൾ നശിച്ച ലൈബ്രറികളിലേക്കും സ്കൂളുകളിലേക്കും സൗജന്യമായി നാല് ലക്ഷത്തോളം പുസ്തകങ്ങള്‍ അച്ചടിച്ചു നല്‍കിയതായി ഭാരവാഹികളായ ഭാരവാഹികളായ വി. കൃഷ്ണദാസ്, എന്‍ .ഇ.മനോഹര്‍, ഒ.അശോക് കുമാര്‍, സിദ്ധാര്ത്ഥന്, എം.വി. അക്ബര്‍ എന്നിവര്‍ പറഞ്ഞു.