അന്നും ഇന്നും ഇല്ലിക്കല്‍ ഗ്രാമത്തിലെ ഏറ്റവും പേരുകേട്ട തറവാടാണ് മാളികപുരയ്ക്കല്‍. നാലേക്കര്‍ പുരയിടത്തിന്‍റെ ഒത്ത നടുക്ക് ആജാനുബാഹുവായി അങ്ങനെ നില്‍ക്കയാണ് മാളികപുരയ്ക്കല്‍ വീട്. മുറ്റത്തൊരു മൂലയ്ക്ക് നാളികേരങ്ങള്‍ കൂമ്പാരം പോലെ കൂട്ടിയിട്ടിരിക്കയാണ്. പ്രഭാതവെയിലിന്‍റെ ഇളംകൊഞ്ചലില്‍ മാളികപുരയ്ക്കല്‍ വീടിന്‍റെ കാന്തി ഒന്നുകൂടി വര്‍ദ്ധിച്ചു. ഉമ്മറത്തിട്ടിരിക്കുന്ന ചാരുകസേരയില്‍ ആരെയോ കാത്ത് അക്ഷമനായി ഇരിക്കുകയാണ് തറവാട്ടുകാരണവര്‍ മൂസാഹാജി. അപ്പോഴതാ ആ കൂറ്റന്‍ ഗേറ്റു കടന്നുവരുന്നു ബ്രോക്കര്‍ കുഞ്ഞാലി.
“അസ്സലാമുഅലൈക്കും ഹാജിക്കാ, ഇങ്ങള്ന്തിനാ അന്നോട് ബെരാന്‍ പറഞ്ഞെ”.
“വ അലൈക്കുംഉസ്സലാം യ്യീ ആദ്യം കുത്തിരിക്കെന്‍റെ കുഞ്ഞാലി ന്നിട്ട് പറയ്യാ”.
ഞമ്മളെ അസീനാന്‍റെ പഠിപ്പ് അഞ്ചാറുമാസോം കൂടിയേയുള്ളൂ. ഓക്ക് പറ്റ്യേനല്ല പുയ്യാപ്ലമാര് ആരെങ്കിലുണ്ടോ ഇന്‍റെ കൈയ്യില്.
ചൂണ്ടയില്‍ മീന്‍ കൊത്തിയതുപോലത്തെ സന്തോഷം തോന്നി കുഞ്ഞാലിക്ക്. “ഇങ്ങള് ഇപ്പം ചോയിച്ചത് നന്നായി. നല്ലോരു കാര്യം വന്ന്‍പ്പെട്ടിട്ട്ണ്ട്. ഇങ്ങള് ചെലപ്പോ കേട്ടിട്ട്ണ്ടാകും ചന്ദനക്കണ്ടീന്ന്‍ നല്ല ഉക്കന്‍ തറവാട്ടുകാരാ. ഇട്ടുമൂടാനാ സ്വത്തും മൊതലും. ആട്ത്തെ മൂത്തമോനാ ചെക്കന്‍. ഓനാദ്യം രണ്ട് കെട്ടീട്ട് ഒയിവാക്കിയതാ. ആദ്യത്തെ ഓക്ക് മാറാരോഗം വന്നപ്പോ ഒയിവാക്കി. അയിലൊരു കുട്ടീണ്ട്. രണ്ടാമത്തോക്ക് മക്കളുണ്ടായ്യൂല. പെറാത്ത പെണ്ണിനെ ബെച്ചോണ്ടിരിക്ക്‌ന്നതെന്തിനാ. അത് ഞമ്മള് കാര്യാക്കണ്ടപ്പാ. ഞമ്മളക്കൂട്ടര്‍ക്ക് നാലുവരെ ആവാന്നാണല്ലോ. അവര് സ്ത്രീധനായിട്ട് ഒന്നും ചോയിക്കൂല. ഞമ്മളകുട്ടിക്ക് ഞമ്മക്കിഷ്ടള്ളത് കൊട്ക്കാ അത്രതന്നെ. പക്കേങ്കി ഒരെടങ്ങാറ് ള്ളത് ഓന് കുട്ടി നല്ല മൊഞ്ചത്തിയായിരിക്കണം. ഞമ്മള അസീനാനെ കാണാന്‍ അത്ര പോരല്ലോ. രണ്ട് കെട്ടീഞ്ഞ്ന്ന്‍െവച്ച് ഓനിക്ക് അധികം പ്രായ്യോന്നുമില്ല. പത്ത് മുപ്പത്രണ്ട് വയസ്സേ ആയിട്ട്ണ്ടായൂ.
“ന്തായാലും ഞമ്മക്കൊന്ന്‍ പോയി അന്നേഷിക്കാം. ഞാനോള മാമാമാര്ടെയഭിപ്രായം കൂടി ഒന്ന്‍ ചോയിക്കട്ടെ”.
ഹസീന മുടി എങ്ങനെയെല്ലോ വാരികെട്ടി സ്ക്കൂളിലേക്ക്പോകാന്‍ പുസ്തകം അടുക്കി വെക്കുകയാണ്. ഹസീന പത്താം ക്ലാസ്സില്‍ പഠിക്കുന്നു. കാണാന്‍ വലിയ സുന്ദരിയൊന്നുമല്ല. അതില്‍ അവള്‍ക്കൊരു സങ്കടവുമില്ല. സാധാരണകുമാരികളെപ്പോലെ അണിഞ്ഞൊരുങ്ങാന്‍ അവള്‍ക്ക് ഇഷ്ടവുമല്ല. നന്നായി പഠിക്കും മാത്രമല്ല പ്രസംഗം, കഥ, കവിത, ഉപന്യാസം, ചിത്രരചന എന്നിവയെല്ലാം അവള്‍ക്കു വഴങ്ങുമെന്ന്‍ തെളിയിച്ചിട്ടുമുണ്ട്. അവള്‍ക്ക് ആകെ ഒരേയൊരു കൂട്ടുകാരിയേയുള്ളൂ. കിഴക്കേതിലെ അശ്വതി. ഹസീനയുടെ അതേ ക്ലാസ്സില്‍ ഒരേ ബഞ്ചിലിരുന്നു പഠിക്കുന്നു. ഹസീനയ്ക്ക് വായിക്കാന്‍ കഥാപുസ്തകങ്ങളും കവിതാപുസ്തകങ്ങളും കൊണ്ടുവന്നു കൊടുക്കുന്നത് അശ്വതിയാണ്. വേറെ ആരുമായിട്ടും ഹസീന കൂടാറില്ല.
ഹസീന ആകെ വെപ്രാളത്തിലാണ്. നാളെയാണ് പത്താംക്ലാസ് പൊതുപരീക്ഷാഫലം വരുന്നത് “യ്യീ,യെന്തിനാപെണ്ണേ, ഇങ്ങ്നെ വേവലാതിപ്പെടുന്നെ. നിനക്ക് ഫസ്റ്റ്ക്ലാസുണ്ടാകും എന്നുറപ്പല്ലേ. അശ്വതി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.”ഫസ്റ്റ്ക്ലാസ് കിട്ടിയാപോരാ, വളരെ നല്ല മാര്‍ക്ക് കിട്ടിയേ തീരൂ അനക്ക്. എന്നാലേ ബാപ്പ എന്നെ കോളേജില്‍ വിട്ടു പഠിപ്പിക്കൂ”
“അതെന്താ” അശ്വതിക്ക് ഒന്നും മനസ്സിലായില്ല.
“എനി പഠിക്കണ്ടാന്നാ ബാപ്പ പറേന്നേ, അനക്കൊരു കല്യാണക്കാര്യം ബന്നിട്ട്ണ്ട്. ബാപ്പ അത് നടത്താന്‍ തീരുമാനിച്ചിരിക്ക്യാ. അതൊയിഞ്ഞ് പൊയ്യാന്‍ ഈയ്യും പടച്ചോനോട് പ്രാര്‍ത്ഥിക്ക്”.
റിസള്‍ട്ട് വന്നപ്പോള്‍ ഹസീനയ്ക്ക് 95 ശതമാനം മാര്‍ക്കുണ്ട്. ആ സ്ക്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് അവള്‍ക്കാണ്. അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
അന്നുരാത്രി അത്താഴമൊക്കെ കഴിഞ്ഞ് ഉമ്മറത്തെ ചാരുകസേരയില്‍ ഇരിക്കുകയാണ് മൂസാഹാജി. മൂസാഹാജിയുടെ ഭാര്യ സുഹറാബീവി ഉമ്മറത്തേക്കുള്ള വാതില്‍പാളിക്ക് പിറകില്‍ പതുങ്ങിനിന്നുകൊണ്ട് പറഞ്ഞു.
“ഇങ്ങളറിഞ്ഞാ”.
മൂസാഹാജി ചോദ്യഭാവത്തില്‍ തലയുയര്‍ത്തി.
ഞമ്മട അസീനാക്ക് പരീശയില് തോന മാര്‍ക്ക് കിട്ടീന്. ഉസ്ക്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഓക്കാ. ഉസ്ക്കൂളിലെ മാഷമ്മാര് വൈന്നേരം ഈട ബന്നിന്. ഓളെ പട്ടണത്തിലെ കോളജില്‍ വിട്ട് പഠിപ്പിക്കണംന്നാ ഓല് പറേന്നെ. ഓക്കും അതായിഷ്ടം. ഓക്കിപ്പം നിക്കാഹ് ബേണ്ട പോലും. പേടിച്ചുവിറച്ചാണ് സുഹറാബീവി അത്രയും പറഞ്ഞൊപ്പിച്ചത്.
മൂസാഹാജിയുടെ മുഖത്ത് ദേഷ്യം ഉരുണ്ടുകൂടി. അയാള്‍ ആക്രോശിച്ചു.
“നിക്കാഹ് ബേണ്ടാന്ന്‍ ഓളും ഓള്ടെ മാഷമ്മാരും അങ്ങ് തീരുമാനിച്ചാ മതിയാ. പിന്നെ ഓള്‍ടെ ബാപ്പാന്ന്‍ പറഞ്ഞ് ഞാന് ഈട ഇരിക്ക്‌ന്നെന്തിനാ. ഓള്‍ടെ ഫോട്ടോം കൊണ്ട് കുഞ്ഞാലി ചന്ദനക്കണ്ടീല് പോയിട്ട്ണ്ട്. ഓലിക്ക് പിടിച്ചാല് നാളെയോ മറ്റന്നാളെയോ ഓല് പെണ്ണ്‍ കാണാന്‍ വരും. രണ്ട് മാസം കൊണ്ട് ഞാനീ നിക്കാഹ് നടത്തും. ഞാന്‍ പറേന്നെ അന്സരിക്ക്ന്നതാ എല്ലാര്‍ക്കും നല്ലെ. അയാളുടെ കണ്ണുകളിലെ ദേഷ്യം കണ്ടിട്ട് കൂടുതലൊന്നും പറയാന്‍ സുഹറാ ബീവിക്കായില്ല.
പിറ്റേന്ന് അതിരാവിലെതന്നെ ബ്രോക്കര്‍ കുഞ്ഞാലി മാളികപുരയ്ക്കലെത്തി. അയാളുടെ മുഖം വളരെ മ്ലാനമായിരുന്നു.
“ന്ത് പറയ്യാനാ ന്‍റെ ഹാജിക്കാ, അത് നടക്കൂല. ഓലിക്ക് ഫോട്ടം കണ്ടിട്ട് ഇഷ്ടായില്ല. ഓള്‍ക്ക് മൊഞ്ച് പോരാന്ന്‍.
ജനാലയ്ക്ക് പിറകില്‍ നിന്ന്‍ ഹസീന അത് കേള്‍ക്കുന്നുണ്ടായിരുന്നു. സൗന്ദര്യം ചിലപ്പോഴെങ്കിലും പെണ്‍കുട്ടികള്‍ക്ക് ശാപമായി തീരുമെന്നുപറയുന്നത് വെറുതെയല്ലെന്നവള്‍ക്കു തോന്നി. കുഞ്ഞാലി പറഞ്ഞത് കേട്ടപ്പോള്‍ കുഞ്ഞാലിയുടെ മ്ലാനത മൂസാഹാജിയിലേക്കും പകര്‍ന്നു. താന്‍ നിശ്ചയിക്കുന്ന എന്ത് കാര്യവും താന്‍ നടത്താറുണ്ട് ഇതങ്ങനെ നടത്താന്‍ പറ്റുന്ന കാര്യല്ലല്ലോ.
അന്ന്‍ മൂസാഹാജി മില്ലിലേക്കും തോട്ടത്തിലേക്കും ഒന്നും പോയില്ല. വൈകുന്നേരം വരെ ചിന്താധീനനായി ആ ചാരുകസേരയില്‍ ഒരേയിരുപ്പാണ്. വൈകുന്നേരമായപ്പോള്‍ അയാള്‍ ഭാര്യയെ വിളിച്ച് പറഞ്ഞു.
“സുഹറാ, ന്തായാലും മാഷമ്മാര്ക്കെ വന്ന്‍ പറഞ്ഞേല്ലെ. ഓള്എന്നാ കോളജില്‍ ചേര്‍ന്ന്‍ പഠിച്ചോട്ടെ. പക്കേങ്കി ഒര് കാര്യണ്ട്. പട്ടണത്തിലൊന്നും പോയാന്‍ പറ്റൂല്ല. ഇന്നാട്ടിലും ഉണ്ടല്ലോ ഒരെണ്ണം ആട ചേര്‍ന്നോളാന്‍ പറ”.
ഹസീനയ്ക്ക് അതിയായ സന്തോഷം തോന്നി. ഇന്നാട്ടിലാണെങ്കിലത്. കോളേജില്‍ ചേര്‍ന്ന്‍ പഠിക്കാന്‍ പറ്റൂന്ന്‍ പോലും വിചാരിച്ചതല്ല. ആകെയുള്ള ഒരു സങ്കടം അശ്വതിയെ പിരിയേണ്ടി വരുമെന്നതാ. ഓള് ടൗണിലെ കോളേജിലാ ചേരുന്നെ. പുതിയ ക്ലാസ്സില് വേറെയും കുട്ടിയള് ഉണ്ടാവുയെങ്കിലും അവരാരും അശ്വതി ആവൂല്ലല്ലോ.
കോളേജിലെ ആദ്യദിവസങ്ങള്‍ ഹസീനയ്ക്ക് വളരെ അരോചകമായിരുന്നു. അശ്വതിയുടെ അഭാവം അവളെ തീര്‍ത്തും അസ്വസ്ഥയാക്കി. വല്ലാതെ ഒറ്റപ്പെട്ടപോലെ. ഒഴിവു കിട്ടുമ്പോള്‍ അവള്‍ ഒന്നെങ്കില്‍ ലൈബ്രറിയില്‍ പോയിരുന്ന്‍ എന്തെങ്കിലും വായിക്കും. അല്ലെങ്കില്‍ കോളെജങ്കണത്തിലെ സിമന്‍റ്ബഞ്ചില്‍ ഒറ്റയ്ക്ക് പോയിരിക്കും. അങ്ങനെയൊരു സമരദിവസം കാറ്റാടിമരത്തിന്‍റെ ചോട്ടിലുള്ള സിമന്‍റ്ബഞ്ചില്‍ അവളൊറ്റയ്ക്ക് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരാണ്‍കുട്ടി അവളുടെയടുത്ത് വന്നിരുന്നു. അവള്‍ക്കെന്തോ വല്ലായ്മ തോന്നി. ഇവനെന്തായ്യീ കാണിക്ക്ന്നെ. ഇവനേതാ. ഇവനെന്തിനാ അന്‍റടുത്ത് വന്നിര്ക്ക്‌ന്നെ. ഇന്നേവരെ ഒരാണ്‍കുട്ടിയുടെ മുഖത്ത്പോലും ഞാന്‍ നോക്കീട്ട്ല്ല. ഒരാണ്‍കുട്ടിയും അന്നേം നോക്കീട്ട്ല്ല. ഇതിപ്പോ ആദ്യായിട്ടാ. മൗനം മുറിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
“എന്‍റെ പേര് ദീപക്. ദീപുന്നാ എല്ലാരും വിളിക്കുന്നെ. ഞാന്‍ ഡിഗ്രി ഫസ്റ്റ്ഇയറിനാ പഠിക്ക്ന്നെ. അവന്‍ പാന്‍റ്സിന്‍റെ പോക്കറ്റില്‍ ചുരുട്ടിവെച്ചിരുന്ന പുതിയ കോളേജ് മാഗസിന്‍ പുറത്തെടുത്തു. അതിലവളെഴുതിയ കവിത കാണിച്ചുകൊണ്ട് ചോദിച്ചു. ” “ഇത് കുട്ടി എഴുതിയതാണോ, വളരെ നന്നായിട്ടുണ്ട്. കുട്ടിക്ക് നല്ല ഭാവനയുണ്ട്. ഇനിയും ഒരുപാട് എഴുതണം. ഞാന്‍ കുറെ ദിവസായി ഇത് എഴുതിയ ആളെ തപ്പി നടക്കണ്. കുറച്ച് തെരക്ക്ണ്ട്. പിന്നെ കാണാം”. അവന്‍ ധൃതിയില്‍ നടന്നകന്നു. രണ്ട്മൂന്ന്‍ ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ പിന്നെയും അവളുടെയടുത്ത് വന്നു. അവന്‍റെ കയ്യില്‍ കുറെ പുസ്തകങ്ങളുമുണ്ടായിരുന്നു. അവനാപുസ്തകങ്ങള്‍ അവളുടെ നേരെ നീട്ടികൊണ്ട് പറഞ്ഞു “എന്‍റച്ഛന്‍ ഒരു പുസ്തകപ്രേമിയാ വീട്ടില് നല്ലൊരു ലൈബ്രറിയുണ്ട്. കുട്ടി വായിച്ചിട്ട് സൗകര്യം പോലെ തിരിച്ച് തന്നാ മതി. അവള്‍ക്ക് അശ്വതി തന്‍റെ മുമ്പില്‍ വന്നു നില്‍ക്കുന്നതായി തോന്നി. അവള്‍ അവനെ നോക്കി. അവന്‍ ചിരിച്ചു. ആ ചിരി തനിക്ക് കൂട്ടായി ഞാനുണ്ട് എന്നു പറയുന്ന പോലെ. പിറ്റേന്ന് അവനെ കണ്ടപ്പോള്‍ അവളാണ് ആദ്യം ചിരിച്ചത്. അവരങ്ങനെ നല്ല സുഹൃത്തുക്കളായി തീര്‍ന്നു. ഒഴിവുവേളകളിലെല്ലാം അവരൊത്തിരിനേരം സംസാരിച്ചിരുന്നു. പുഴയിലെ ഓളങ്ങളുടെ സംഗീതത്തെ പറ്റി, ആഴകടലിന്‍റെ നീലിമയെക്കുറിച്ച്, പൂക്കളുടെ നൈര്‍മ്മല്യത്തെക്കുറിച്ച് ഒക്കെ അവര്‍ സംസാരിച്ചു. പുഴയുടെ ഭംഗി ആസ്വദിക്കാന്‍ അവര്‍ പുഴക്കരയില്‍ ഒരുമിച്ചു പോയിരുന്നു. ഒരേ തൂവല്‍ പക്ഷികളായി, ഒരേ തരംഗദൈര്‍ഘ്യമുള്ള രണ്ടു വികിരണങ്ങളായി അവരങ്ങനെ കറങ്ങിനടന്നു.
അവര്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ആ സൗഹൃദത്തിനിടയിലേക്ക് ഒരിക്കല്‍പ്പോലും പ്രണയം എത്തിനോക്കിയിട്ടില്ല. പക്ഷേ കണ്ടുനിന്നവര്‍ക്ക് അത് വെറും സൗഹൃദമായിരുന്നില്ല. സഹപാഠികളും പരിസരവാസികളുമെല്ലാം അവരെ ഒരുമിച്ചു കാണുമ്പോള്‍കളിയാക്കാനും മുനവെച്ച് പറയാനും തുടങ്ങി. ഒടുവിലൊരു വാര്‍ത്ത കാട്ടുതീ പോലെ ആ നാട്ടിലാകെ പടര്‍ന്നു. മാളികപുരയ്ക്കല്‍ മൂസാഹാജിയുടെ മോള്‍ക്ക് കൂടെ പഠിക്കുന്ന തീയ്യചെക്കനുമായി പ്രേമം. അധികം താമസിയാതെയത് മൂസാഹാജിയുടെ ചെവിയിലുമെത്തി. പിന്നെ പോരേ പുകില്.
അന്ന്‍ ഹസീനയുടെ പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞദിവസമാണ്. ഭൂകമ്പത്തിലെന്നപോലെ മാളികപുരയ്ക്കല്‍ വീട് കുലുങ്ങിവിറച്ചു. മൂസാഹാജി കലികൊണ്ട് നിന്നു തുളളി. ആ ചുവന്ന കണ്ണുകള്‍ രണ്ടു വലിയ തീഗോളങ്ങളായി മാറി. ആ വീട്ടിലെ സകലസാധനങ്ങളും അയാള്‍ എറിഞ്ഞുടച്ചു. ഹസീനയെ പൊതിരെ തല്ലി മുറിയിലിട്ടു പൂട്ടി. തടയാന്‍ ചെന്ന സുഹറാബീവിക്കും കണക്കിന് കിട്ടി.
“ഞമ്മളന്നേ പറഞ്ഞതാ പഠിക്കാനൊന്നും പോണ്ടാന്ന്‍, ഇപ്പന്തായി ഒരുമ്പെട്ടോള് കാരണം കുടുംബത്തിന്‍റെ മാനം മൊത്തം പോയില്ലേ. ഓക്ക് പ്രേമിക്കാന് തീയ്യനേ കിട്ടിയുള്ളൂ. തലയ്ക്ക് നൊസ്സുള്ളോനാണേലും സാര്യല്ല. ഇസ്ലാമാണേല്‍ അയിനൊരന്തസ്സ്ണ്ട്.
പിറ്റേന്നു തന്നെ മൂസാഹാജി ആളെവിട്ടു കുഞ്ഞാലിയെ വിളിപ്പിച്ചു.
“ഞമ്മള് അന്നേഷിക്കാണ്ടാണോ ഹാജിക്കാ, ഇപ്പത്തെ ആണിനൊക്കെ മൊഞ്ചുള്ള പെണ്ണ്‍ വേണം. ഇബ്ടത്തെ കുട്ടിക്ക് മൊഞ്ച് പോരാന്ന്‍ മാത്രമല്ല കൂട്ടത്തില് പേരുദോഷോം. ഞമ്മള് ആലോചനയായിട്ട് ചെല്ലുമ്പോ കണ്ണീകണ്ട തീയ്യചെക്കന്‍റെ കൂടെ ഊര് ചുറ്റിയോളെ ബേണ്ടാന്നാ ആളോള് പറയുന്നെ. അതിബ്ടെ ബന്നിട്ട് പറയ്യാന്ള്ള ബെഷമം കൊണ്ടാ ഞമ്മളിങ്ങോട്ട് ബെരാഞ്ഞെ.
രണ്ടുദിവസം കഴിഞ്ഞ് മൂസാഹാജിയും സുഹറാബീവിയും ഒരു കല്യാണത്തിന് പോയ തക്കം നോക്കി അശ്വതി ഹസീനയെ കാണാന്‍ വന്നു. കാര്യങ്ങളൊക്കെ അവളും അറിഞ്ഞിരുന്നു. അറിയാണ്ടിരിക്കോ നാട്ടിലാകെ പാട്ടായ കാര്യമല്ലേ.
“എടീ പെണ്ണേ എന്തൊക്കെയ്യാ ഈ കേക്ക്ന്നെ, ഇതൊക്കെ സത്യാണോ” ഹസീനയുടെ മുഖഭാവം ശ്രദ്ധിച്ച്കൊണ്ട് അശ്വതി ചോദിച്ചു.
“ഞാന്‍ ഓനുയായിട്ട് ഒരു ബന്ധോയില്ല. ഇന്നെ പോലെയാ അനക്ക് ഓനും നല്ല ചങ്ങായി. അത്രേയുള്ളൂ അയിനാ ആളോള് ഓരോന്ന്‍ പറേന്നെ”
“നാളെയാ പ്രീഡിഗ്രിപരീക്ഷയുടെ റിസല്‍ട്ട്. ഇനിക്ക് പൊറത്തെറങ്ങാന്‍ പറ്റൂല്ലല്ലോ. ഇന്‍റെ നമ്പറിങ്ങ് കൊണ്ടാ ഞാന്‍ നോക്കാ”.
പിറ്റേന്നു അശ്വതി പിന്നെയും ഹസീനയെ കാണാനെത്തി. അശ്വതി അകത്തേക്ക് നടക്കുമ്പോള്‍ ഉമ്മറത്തിരുന്ന്‍ മൂസാഹാജി പിറുപിറുക്കുന്നുണ്ടായിരുന്നു.
“ഓക്ക് പണ്ടേ കാഫിരീങ്ങളുമായിട്ടാ കൂട്ട്”.
എല്ലാമതങ്ങളും മനുഷ്യര് തമ്മില് ഐക്യത്തില് നിക്കാനാ പഠിപ്പിക്ക്ന്നെ. മതങ്ങളെ തമ്മില് മതില് കെട്ടി വേര്‍തിരിക്കണ ഇങ്ങളെ പോലത്തെ മന്ഷ്യരാ അശ്വതിക്ക് തൊണ്ടയിലോളം വന്ന വാക്കുകള്‍ അവള്‍ വിഴുങ്ങികളഞ്ഞു.
“നീയെന്തായ്യീ പറേന്നെ, പ്രീഡിഗ്രിക്ക് 80 ശതമാനം മാര്‍ക്ക് കിട്ടീട്ട് തുടര്‍ന്ന്‍ പഠിക്ക്ന്നില്ലാന്നാ” അശ്വതിയുടെ സ്വരം കനത്തിരുന്നു.
“എനി ഡിഗ്രിക്ക് ചേരണ്ട കാര്യം ബാപ്പാനോട് പറയ്യാന്‍ തന്നെ പറ്റൂല്ല. ബാപ്പ സമ്മതിക്കൂല. പഠിക്കാന്ള്ള പൂതിയൊക്കെ ഞാന്‍ മനസ്സ്ന്ന്‍ അങ്ങ് എട്ത്ത് കളഞ്ഞിന്” അവളുടെ മുഖത്ത് കടുത്ത നിരാശയുണ്ടായിരുന്നു.
” ഞാനൊരു വഴി പറഞ്ഞ്തരാം. ഇനിക്ക് ഡിഗ്രി കരസ്പോണ്ടന്‍റായി പഠിച്ചൂടെ. അതാവുമ്പോ കോളേജിലൊന്നും പോണ്ടല്ലോ. പഠിക്കാന്ള്ള പുസ്തകോം കാര്യങ്ങളോക്കെ അവര് അയച്ചു തരും. പരീക്ഷ എഴ്താന്‍ മാത്രം പുറത്ത് പോയാ മതി. നീയൊന്നും അറിയണ്ട അപേക്ഷയൊക്കെ ഞാന്‍ അയച്ചോളും”.
“അതൊന്നും നടക്കില്ല, ബാപ്പ സമ്മതിക്കൂല ബാപ്പ അറിയാണ്ട് അനക്ക് പരീക്ഷയ്ക്ക് പോയ്യാനൊക്കൂല്ലല്ലോ”.
“നീ തഞ്ചത്തിലൊന്ന്‍ പറഞ്ഞ് നോക്ക്” അവളുടെയുള്ളില്‍ പ്രതീക്ഷയുടെ നേരിയതിരി തെളിയിച്ചുകൊണ്ട് അശ്വതി മടങ്ങിപ്പോയി.
അന്നു രാത്രി ഉമ്മ വഴി അവള്‍ തഞ്ചത്തില്‍ ബാപ്പാന്‍റെയടുത്ത് കാര്യം അവതരിപ്പിച്ചു. ആദ്യം കുറെ ഒച്ചയും പുകിലുമെല്ലാം ഉണ്ടാക്കിയെങ്കിലും ഒടുവില്‍ പരീക്ഷയ്ക്ക് പോകുന്നതും വരുന്നതും ബാപ്പാന്‍റെ കൂടെ മാത്രം എന്ന വ്യവസ്ഥയില്‍ അര്‍ദ്ധസമ്മതം മൂളി. അവളങ്ങനെ കരസ്പോണ്ടന്‍റായി ഡിഗ്രിക്ക് ചേര്‍ന്നു.
ബ്രോക്കര്‍ കുഞ്ഞാലി ആവഴിക്കൊന്നും ഇപ്പോള്‍ വരാറേയില്ല. വന്നിട്ട് കാര്യവുമില്ല. കാരണം ഹസീനയ്ക്ക് 20 വയസ്സ് കഴിഞ്ഞു അവള്‍ വിവാഹകമ്പോളത്തില്‍ എടുക്കാച്ചരക്കായി കഴിഞ്ഞിരിക്കുന്നു.
കാലം കുറെ കടന്നുപോയി. ഹസീന കരസ്പോണ്ടന്‍റായിട്ടു ബിരുദവും ബിരുദാനന്തരബിരുദവും പാസായി. അവള്‍ പ്രീഡിഗ്രിക്ക് പഠിച്ച കോളേജില്‍ തന്നെ ലക്ച്ചറായി ജോലിയും കിട്ടി. ഈ കാലയളവിലെല്ലാം അവള്‍ക്ക് ധൈര്യമായിട്ടും താങ്ങായിട്ടും അശ്വതി കൂടെതന്നെ ഉണ്ടായിരുന്നു.
അടുത്താഴ്ച്ച അശ്വതിയുടെ കല്യാണമാണ്. അവളും കൂടിപോയാല്‍ താന്‍ പിന്നെയും ഒറ്റയ്ക്ക്. അതോര്‍ക്കുമ്പോള്‍ തന്നെ ഹസീനയ്ക്ക് ഉള്ളിലൊരു നടുക്കം.
ആയിടെയാണ് കോളേജിലെ സീനിയര്‍ ലക്ച്ചര്‍ കമരുന്നിസ ടീച്ചര്‍ സ്ഥലംമാറ്റം കിട്ടി പോവുകയാണെന്നറിഞ്ഞത്. ടീച്ചര്‍ അവള്‍ക്ക് മൂത്ത സഹോദരിയെപ്പോലെയായിരുന്നു.
കമരുന്നിസ ടീച്ചര്‍ക്ക് പകരം വന്ന ലക്ച്ചറെ കണ്ട് അവളൊന്ന്‍ ഞെട്ടി. അവള്‍ക്ക് കുറച്ചുനേരത്തേക്ക് താന്‍കാണുന്നത് സ്വപ്നമോ, സത്യമോ എന്ന്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പുതിയ ലക്ച്ചര്‍ ദീപക് പ്രീഡിഗ്രികാലത്തിലെ തന്‍റെ ഒരേയൊരു കൂട്ടുകാരന്‍. കളഞ്ഞുപോയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടേത് പോലെയായി അവളുടെ മനസ്സ്. അവളെ കണ്ട് അവനും പകച്ച് നില്ക്കയാണ്. നിമിഷങ്ങള്‍ കഴിഞ്ഞ് സമനില കൈവരിച്ച് അവന്‍ ചോദിച്ചു.
“എന്തായിവിടെ”
“ഈടയിപ്പോ ലക്ച്ച്റായിട്ട് ഒന്നരകൊല്ലമായി”.
“പ്രീഡിഗ്രി കഴിഞ്ഞേപിന്നെ എവ്ടയാ പഠിച്ചെ”.
അവള്‍ പ്രീഡിഗ്രിപരീക്ഷയുടെ അവസാനദിവസം തൊട്ട് സംഭവിച്ചതെല്ലാം അവനോട് ചുരുക്കിപറഞ്ഞു.
“ഇങ്ങനെയൊക്കെ ചിന്തിച്ച്കൂട്ടുന്ന ആളോള് ഇപ്പഴും ഉണ്ടോ”അവന്‍ അത്ഭുതം പൂണ്ട് പറഞ്ഞു.
ദീപുവിനെ കണ്ടപ്പോള്‍ അശ്വതിയെ വിട്ടുപിരിഞ്ഞതിലുള്ള സങ്കടം തെല്ലൊന്നകന്നെങ്കിലും അവള്‍ക്ക് പഴയപോലെ അവനോട് സംസാരിക്കാനോ ഇടപഴകാനോ ആയില്ല. ഇനിയും ആരെങ്കിലും അപവാദം പറഞ്ഞ് പരത്തിയാലോ എന്നവള്‍ ഭയന്നു. ഇന്ന്‍ താന്‍ പഴയ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയല്ല. ഒരു കോളേജ് അദ്ധ്യാപികയാണ്. പഠിപ്പിക്കുന്ന കുട്ടികളുടെ മുമ്പില്‍ ഒരു കോമാളിയാകാന്‍ തനിക്കാവില്ല. എന്നാല്‍ ദീപു എന്ന നല്ല സുഹൃത്തിന്‍റെ സാമിപ്യം നഷ്ടപ്പെടുത്താനും വയ്യ.
കുറെനേരത്തെ ആലോചനയ്ക്ക് ശേഷം അവള്‍ തന്നോടു തന്നെ ചോദിച്ചു. എന്തുകൊണ്ട് തനിക്ക് ദീപുവിനെ കല്യാണം കഴിച്ചുകൂടാ? ഒരുപ്രണയവും ഇല്ലാതിരുന്ന ഞങ്ങളുടെ സൗഹൃദത്തിന് ഒരുക്കാലത്ത് എല്ലാരും ചേര്‍ന്ന്‍ പ്രണയത്തിന്‍റെ നിറം ചാര്‍ത്തിതന്നു. ഇനി എന്തുകൊണ്ട് ഞങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രണയിച്ചുകൂടാ? തന്‍റെ ജീവിത ദര്‍ശനവും കാഴ്ചപ്പാടുകളുമായി ഒരിക്കലും പൊരുത്തപ്പെടാത്ത ഒരാളെ കല്യാണം കഴിച്ച് ജീവിതം മുഴുവന്‍ അഭിനയിച്ചു തീര്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ തന്നെ അറിയാവുന്ന തന്നെ മനസ്സിലാക്കുന്ന ദീപുവിന്‍റെ കൂടെ ജീവിക്കുന്നത്. അതുതന്നെയാണ് ശരി അവളുടെ മനസ്സ് മന്ത്രിച്ചു.
പിറ്റേന്ന് പതിവിലും നേരത്തെ അവള്‍ കോളേജിലെത്തി. ക്ലാസ് തുടങ്ങുന്നതിന് മുന്‍പ്തന്നെ അവള്‍ തന്‍റെ തീരുമാനം അവനെയറിയിച്ചു. അതൊരുചിതമായ തീരുമാനമാണെന്ന്‍ അവനും തോന്നി. കാരണം തന്‍റെ മനസ്സ് കണ്ണാടിയില്‍ കാണുന്ന പോലെയാണ് അവളുടെ മനസ്സ്. തനിക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഇണയായിരിക്കുംഅവള്‍. കുറച്ചുനേരത്തേക്ക് അവരുടെയിടയില്‍ മൗനം നിറഞ്ഞുനിന്നു.
ഒടുവില്‍ അവളാണ് ശബ്ദിച്ചത്.
“അങ്ങനെയാണേല്‍ അടുത്ത ബുധനാഴ്ച റജിസ്ട്രോഫീസില്‍വെച്ച് നമ്മുക്കതങ്ങു നടത്താം. അന്ന്‍ ആകാശം പൊട്ടി താഴെ വീഴുമോ, സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമോ എന്നൊക്കെ നമ്മുക്ക് നോക്കെയും ചെയ്യാലോ”.
അത് കേട്ടപ്പോള്‍ അവന്‍ അവളെ നോക്കി. ആ കണ്ണുകളില്‍ അപ്പോള്‍ തിളങ്ങിനിന്നിരുന്നത് പ്രണയസാഫല്യമോ, അതോ ജാതിമതങ്ങളുടെയും ലിംഗഭേദത്തിന്‍റെയും പേരില്‍ ഒരേ തൂവല്‍പക്ഷികളായ രണ്ടാത്മാര്‍ത്ഥസുഹൃത്തുക്കളെ തമ്മില്‍ അകറ്റിയ സാമൂഹ്യവ്യവസ്ഥിതിക്ക് മധുരമായ ഒരു തിരിച്ചടി കൊടുത്തതിന്‍റെ സംതൃപ്തിയോ.
note- ഇത് പത്ത്മുപ്പത് വര്‍ഷം മുമ്പുള്ള വടക്കേമലബാറിലെ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിന്‍റെ കഥയാണ്.