ദേശസാല്‍ക്കൃത ബാങ്കിലെ തിരക്കിനിടയിലാണ് നോട്ട് മാറാനായി ക്യൂവില്‍ നില്‍ക്കുന്ന ആ വൃദ്ധയെ അയാള്‍ ശ്രദ്ധിച്ചത്.
എവിടെയോ കണ്ടു മറന്ന മുഖം. നല്ല ഐശ്വര്യമുണ്ട്. എണ്‍പതിന് മുകളില്‍ പ്രായം കാണും. ക്യൂ പതുക്കെയാണ് നീങ്ങുന്നതെങ്കിലും അതിന്‍റെ അസ്വസ്ഥതയൊന്നും ആ മുഖത്ത് കാണാനില്ല. പകരം എന്തോ വലിയ കാര്യം ചെയ്യുന്ന സംതൃപ്തിയാണ്.
അവര്‍ തന്നേ കണ്ടിട്ടില്ല. ഇനി അഥവാ കണ്ടാലും തിരിച്ചറിയണമെന്നുമില്ല. പെട്ടെന്നാണ് അടുത്ത് മെഡിക്കല്‍ ഷോപ്പ് നടത്തുന്ന സുഹൃത്ത് പ്രകാശന്‍ അയാളെ തട്ടി വിളിച്ചത്.
ദാസാ, നീ നല്ലയാളാ. അമ്മയെ തിരിച്ചു കൊണ്ടുവന്നെന്ന് രാവിലെ ജംക്ഷനില്‍ വച്ച് കണ്ടപ്പോഴും നീ പറഞ്ഞില്ലല്ലോ. ക്യൂവില്‍ നില്‍ക്കുന്നത് കണ്ടപ്പോഴാ ഞാനറിഞ്ഞത്. മുരിങ്ങൂരിലെ ഏതോ വൃദ്ധ സദനത്തിലല്ലായിരുന്നോ അവര് ? ഇനി സ്ഥിരമായിട്ട് ഇവിടെ കാണുമോ? : വൃദ്ധയെ നോക്കി പ്രകാശന്‍ ചോദിച്ചു. അപ്പോഴാണ് ദാസന്‍ ആ മുഖം തിരിച്ചറിഞ്ഞത്. അമ്മ.
ചാനല്‍ റിപ്പോര്‍ട്ടറായ തന്‍റെ പെങ്ങള്‍ വാസുകിയായിരിക്കും ആരോരുമറിയാതെ അമ്മയെ കടത്തിക്കൊണ്ടു വന്നതെന്ന് അയാള്‍ക്ക് തോന്നി. ബാങ്കില്‍ നേരിട്ട് വന്ന് മെനക്കെടുകയും വേണ്ട, മുതിര്‍ന്ന പൗരയായത് കൊണ്ട് കാര്യങ്ങള്‍ പെട്ടെന്ന് നടക്കുകയും ചെയ്യും.
രംഗം കൂടുതല്‍ വഷളാകുന്നതിനു മുമ്പ് ദാസന്‍ പതുക്കെ വലിഞ്ഞു. അപ്പോള്‍ പുതിയ പരിഷ്ക്കാരത്തിന്‍റെ പേരില്‍ മുതിര്‍ന്ന പൗരന്മാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന ടിവിയിലൂടെ വാസുകിയുടെ ശബ്ദത്തില്‍ അയാള്‍ക്ക് പിന്നില്‍ മുഴങ്ങി.
Click this button or press Ctrl+G to toggle between Malayalam and English