ഒരമ്മയുടെ വിലാപം.

 

 

 

 

 

കൊഞ്ചുന്ന പൈതങ്ങൾക്ക്
ചോരയും സ്നേഹവും ചാലിച്ച
മാതൃസഞ്ജീവനി ഊട്ടുന്നവളെ
നിന്നെ എന്തു വിളിക്കണം!

പെറ്റമ്മ തൻ വസ്ത്രാക്ഷേപം
നടത്തുന്ന വേദിയില്‍,
ഓരോ ഹരിത ഉടയാടയും പിച്ചിച്ചീന്തവെ,

കണ്ണീരൊഴുകും
അവളുടെ പുഴകളിൽ കടലുകളിൽ
അവർ ക്രോധത്തിൻറെ അഹന്തയുടെ
മാലിന്യം കലർത്തുന്നു….

ആർത്തട്ടഹസിക്കും സന്തതികൾ തൻ മുന്നില്‍
നാണം മറയ്ക്കാൻ അവൾ വെമ്പൽ കൊള്ളവെ;
അവരണിയിക്കുന്നു, വിഷപ്പുക ചീറ്റുന്ന
ചാരത്തിൻ കരിമ്പടം അവളുടെ മേലാകവെ….
രക്തം കിനിയുന്ന ഹൃദയം കൊണ്ടവൾ
അന്തിക്കു ചുവപ്പു നിറം നൽകവെ,
ഒറ്റയ്ക്കിരിക്കാൻ;ഒറ്റയ്ക്കു വിതുമ്പാൻ
(അവൾ) നിർമിച്ച മരുപ്രദേശങ്ങളിൽ
സ്നേഹാവകാശങ്ങൾ ഉന്നയിക്കുന്നു മറ്റു മക്കൾ….

പരസ്പരം പോരടിക്കും സന്താനങ്ങൾ
ഇനിയൊരു ഭൂഗര്‍ഭമുണ്ടാകരുത്,
എന്നാക്രോശിച്ചു കൊണ്ടവളുടെ
നാഭിക്ക് തൊഴിക്കവെ,
ഒരു കൊടുങ്കാറ്റായ് ആർത്തനാദം
പുറത്തു വന്നു….

അസംഖ്യം സന്തതികൾ തൻ പാപത്തിൻ
വിഴുപ്പു ഭാണ്ഡം ചുമന്ന്;  ഒരു ഭ്രാന്തിയെപ്പോലെ
പിറുപിറുത്തവൾ തൻ വ്രണങ്ങള്‍ കുത്തിപ്പൊട്ടിക്കവെ,
എന്താണതിനെ വിളിക്കേണ്ടത്?
പേമാരിയെന്നോ? മഹാപ്രളയമെന്നോ?
വസുധേ, സർവംസഹയാകും അമ്മേ
നിൻ വിലാപത്തിനർപ്പിക്കുന്നു ഈ കവിതാഞ്ജലി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here