എഴുത്തിന്റെ വഴിയെപ്പറ്റി എഴുത്തുകാർക്കെല്ലാം ഒരേ അഭിപ്രായമാകണമെന്നില്ല ചിലർ കുറുക്കുവഴികൾ തേടുമ്പോൾ മറ്റുചിലർ അനായാസമല്ലാത്ത വഴികളിൽ ചെന്നുപെടുന്നു.എഴുത്തിന്റെ സത്യം മാത്രമാണ് ഇതിലൊക്കെയും ബാക്കി നിൽക്കുക . എഴുത്തിനെ ഒപ്പം കൊണ്ട് നടക്കുന്നവരുടെ ഏകാന്തത അവർക്ക് മാത്രം മനസിലാവുന്ന ഒരു പ്രഹേളികയാണ്. എഴുത്തിന്റെഉറവകളെപ്പറ്റി സുസ്മേഷ് ചന്ദ്രോത്തിന്റെ കുറിപ്പ് വായിക്കാം
‘മാധവിക്കുട്ടി എഴുത്തിനെക്കുറിച്ചും എഴുത്തുകാരന്റെ പ്രകൃതത്തെക്കുറിച്ചും ഒരു സത്യപ്രസ്താവം നടത്തിയിട്ടുണ്ട്. അത് 1990 ല്‍ ആണ്.
‘ഒരാള്‍ എഴുത്തുകാരനാവാന്‍ തീരുമാനിച്ചാല്‍, ഒന്നാമതായി അത് നിങ്ങളെ കുടുംബത്തില്‍ നിന്നകറ്റുന്നു. എല്ലാവരില്‍നിന്നുമകന്ന് അവരെ കഥാപാത്രങ്ങളായി മാത്രം കാണാന്‍ നിങ്ങള്‍ പഠിക്കുന്നു. നിങ്ങളുടെ കണ്ണുകള്‍ നിര്‍വ്വികാരങ്ങളായി തീരും. നിങ്ങള്‍ക്ക് പരിചയമുള്ളവരില്‍ ഓരോരുത്തരേയും നിങ്ങള്‍ നടുവില്‍ കീറി, അവരുടെ ചോരയും ഞരമ്പുകളും നീരുകളും ലോകത്തിന് കാഴ്ചവയ്ക്കും. അവര്‍ രഹസ്യങ്ങളല്ലാതായിത്തീരും. അവരുമായി യാതൊരു വൈകാരിക ബന്ധവും നിങ്ങള്‍ക്കുണ്ടായിരിക്കുകയില്ല. നിങ്ങള്‍ക്ക് കാലം ചെല്ലുന്തോറും സത്യം പറയാനുള്ള ആര്‍ത്തി കൂടിക്കൂടി വരും. കഥയുടെ അര്‍ത്ഥമെന്താണ്, ലക്ഷ്യമെന്താണ്, സന്ദേശമെന്താണ് എന്ന ചോദ്യങ്ങള്‍ ഇടയ്ക്ക് ചിലര്‍ നിങ്ങളുടെ നേര്‍ക്ക് തൊടുത്തുവിടും. ഒരിക്കലും ഉത്തരം പറയാന്‍ ഒരുമ്പെട്ടുപോകരുത്. കഥ പറയല്‍ മാത്രമാണ് നിങ്ങളുടെ തൊഴില്‍. നിങ്ങളുടെ കഥയുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിവുള്ള ഒരൊറ്റ വായനക്കാരനും ജീവിച്ചിരിക്കുന്നില്ല എന്നു നിങ്ങള്‍ക്ക് ചിലപ്പോള്‍ തോന്നും. ഒരൊറ്റ ആരാധകനും നിങ്ങള്‍ക്ക് കത്തെഴുതുകയില്ല.
നിങ്ങളുടെ വീട്ടില്‍ എല്ലായ്‌പ്പോഴും ബഹളമായിരിക്കും. നിങ്ങളുടെ ഭാര്യ തല നിലത്തടിച്ച് ഉറക്കെ നിലവിളിക്കും. നിങ്ങളുടെ ബന്ധുക്കള്‍ നിങ്ങളെ കണ്ടില്ലെന്ന് നടിച്ച് നടന്നുകളയും. നാട്ടുകാര്‍ നിങ്ങളെ തെമ്മാടിയെന്നും വ്യഭിചാരിയെന്നും വഞ്ചകനെന്നും വിളിക്കും. എന്നിട്ടും നിങ്ങള്‍ എഴുതും. ‘
അതെ. സത്യമാണ്. മാധവിക്കുട്ടി പറഞ്ഞതത്രയും സത്യമാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ അതേപടി അനുഭവിക്കുന്ന എഴുത്തുകാര്‍ മലയാളത്തില്‍ കുറവായിരിക്കും. കാരണം, നമ്മുടെ ചുറ്റിനുമുള്ള എഴുത്തുകാരില്‍ പലരും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരും യാഥാര്‍ത്ഥ്യങ്ങളെ പകര്‍ത്താന്‍ ഭയപ്പെടുന്നവരുമാ്ണ്. അവരില്‍നിന്നും ആരും അകന്നുപോകുകയില്ല. അവരെ എല്ലാവരും ലോകാവസാനം വരെ വാഴ്ത്തുകയും ചെയ്യും. മറിച്ച് ധീരമായി എഴുതാന്‍ തീരുമാനിച്ചൊരാള്‍ ലോകാവസാനം വരേയ്ക്കും ഒറ്റപ്പെട്ടവനായിരിക്കും.
ഇക്കാരണത്താലാണ് താമസിക്കുന്ന വീട്ടില്‍ മാധവിക്കുട്ടിയുടെ ഒരു ചിരിക്കുന്ന ഫോട്ടോ ഞാനെപ്പോഴും സൂക്ഷിക്കുന്നത്. അതെനിക്കെപ്പോഴും വലിയ സമാധാനം തരും.”