പ്രതിപക്ഷം

 

രണ്ടു കാരണങ്ങളാണു പറയപ്പെടുന്നത്. ഒന്ന്, ദശാബ്ദങ്ങൾക്കു ശേഷം അങ്ങേർ ഒരു പുസ്തകം വായിച്ചത്. പുസ്തകം ഗാന്ധിയുടെ ആത്മകഥ ആയിരുന്നു. രണ്ട് ,ദില്ലി സന്ദർശിച്ച സമയത്തു പല തവണ രാജ്ഘട്ടിൽ പോയത്.അവിടെവച്ച് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. ഒരുപക്ഷേ ഗാന്ധിയുടെ ആത്മാവ് അയാളിൽ ആവേശിച്ചിട്ടുണ്ടാകാം. ഏതായാലും നാട്ടിൽ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് പുതിയ ആൾ ആയിരുന്നു.

അയാൾ ഗവണ്മെന്റിനെ കടന്നാക്രമിക്കാതായി. ഗവൺമെന്റാകട്ടെ ഒരബദ്ധത്തിനു പുറകെ മറ്റൊന്നെന്ന നിലയിൽ പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു . പ്രതിപക്ഷത്തെ മറ്റു നേതാക്കളും പത്രങ്ങളും സർക്കാരിനെ കടിച്ചു കീറിയപ്പോൾ അയാൾ ഏവരെയും അമ്പരപ്പിച്ചു ഭരണക്കാർക്കു കാരുണ്യപൂർവ്വം പിന്തുണ നൽകി:
“പ്രധാനമന്ത്രി പുതിയ ആളല്ലേ? പരിചയക്കുറവിൻറെ പ്രശ്‍നം കാണും. ഉദ്ദേശശുദ്ധിയുള്ള ആളാണെന്നാണ് എൻറെ പക്ഷം.”
” ഒരുപാടു കാര്യങ്ങൾ ചെയ്യുമ്പോൾ കുറച്ചു തെറ്റുകൾ പറ്റാം. നാം അതു മനസ്സിലാക്കണം.”

വിമർശനങ്ങൾ അയാൾ മന്ത്രിമാരെ വിളിച്ചു സ്വകാര്യമായി പറഞ്ഞു. പ്രതിപക്ഷ നേതാവിൻറെ പുതിയ രീതി ജനങ്ങൾക്ക് ഇഷ്ടമായി. അയാളുടെ വാക്കുകളിൽ നിന്ന് ഗവണ്മെന്റിനോടും അവർക്കുമതിപ്പായി. നല്ല ഗവണ്മെന്റും നല്ല പ്രതിപക്ഷവും. ഓരോ തിരഞ്ഞെടുപ്പിലും ഭരണം മാറുന്ന രീതിയായിരുന്നു . അത്തവണ അതു തെറ്റി. പ്രതിപക്ഷത്തുനിന്ന് നേതാവു മാത്രം വിജയിച്ചു കയറി. അതും എക്കാലത്തെയും വലിയ ഭൂരിപക്ഷത്തിൽ.

അന്നു മുതൽ പ്രതിപക്ഷ നേതാവിനെ ഭരണകക്ഷി കൂടുതൽ സ്നേഹിച്ചു തുടങ്ങി. മന്ത്രിമാർ അയാളെ വിശ്വസിച്ചു. പര്സപരം പറയാൻ മടിക്കുന്ന കാര്യങ്ങൾ അവർ അയാളുമായി പങ്കുവെച്ചു . തങ്ങൾക്കു പറ്റിയ തെറ്റുകളും അബദ്ധങ്ങളും സുരക്ഷിതമായി ആരോടെങ്കിലും പറയാമെങ്കിൽ അതു പ്രതിപക്ഷനേതാവിനോടാണെന്ന് അവർ വിശ്വസിച്ചു. അക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് അയാളോട് കലശലായ അസൂയയും തോന്നി.

പ്രതിപക്ഷ നേതാവ് മുന്നോട്ടു വെച്ച സകല നിർദ്ദേശങ്ങളും ഗവൺമെൻറ് അംഗീകരിച്ചു നടപ്പിലാക്കി. അതൊലൊന്നായിരുന്നു പത്രങ്ങൾക്കു പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുക എന്നത്. അതോടെ വൈകാരികോന്മത്തത ഉണ്ടാക്കുന്ന രീതിയിൽ വാർത്ത കൊടുക്കുന്നത് കുറ്റകരമായി മാറി.വാർത്ത വായിക്കുന്നതും കാണുന്നതും ഉമിക്കരി ചവക്കുന്നതുപോലെയായതോടെ ആളുകൾ പത്രം വായിക്കാതെയായി, ചാനലുകൾ കാണാതെയായി. അവയിൽ ചിലതു ഗവൺമെൻറ് ഏറ്റെടുത്തു. കുറെയെണ്ണം സിനിമാക്കാർ കൊണ്ടുപോയി.ബാക്കിയുള്ളവ അടച്ചുപൂട്ടി.

പ്രതിപക്ഷത്തിന് ഭാവി ഇല്ലെന്നു തിരിച്ചറിഞ്ഞ മറ്റു നേതാക്കന്മാരൊക്കെ ഭരണപക്ഷത്തേക്കു മാറി. അയാൾ അനുയായികളില്ലാത്ത നേതാവായി.
അടുത്ത തിരഞ്ഞെടുപ്പിലും അയാൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അത്തവണ ആരു പ്രധാനമന്ത്രി ആകണം എന്നതിനെ ചൊല്ലി വലിയ തർക്കം നടന്നു.അക്കാര്യത്തിൽ തീരുമാനമാകാതെ മാസങ്ങൾ കടന്നുപോയി. ഒടുവിൽ എല്ലാവർക്കും സ്വീകാര്യനായ ആൾ എന്ന നിലയിൽ അയാൾ പ്രധാനമന്ത്രി ആകട്ടെ എന്ന ഒരഭിപ്രായം ഉയർന്നുവന്നു. എങ്കിലും അയാൾ അതു നിരസിച്ചു. ” ഞാൻ എക്കാലവും പ്രതിപക്ഷത്തു തന്നെ ആകും.അത് ഇനി ആരു ഭരിച്ചാലും.”

പ്രതിപക്ഷമില്ലാത്ത നാട്ടിൽ ചില വിപ്ലവ സംഘടനകൾ പ്രവർത്തിക്കാൻ രഹസ്യമായി തുടങ്ങിയിരുന്നു.അവരാകണം അയാളെ വധിക്കാൻ പല ശ്രമങ്ങൾ നടത്തിയത്. ഓരോ തവണയും അയാൾ കഷ്ടിച്ചു രക്ഷപ്പെട്ടു. പ്രധാനമന്ത്രിയെ ഒഴിവാക്കി എന്തുകൊണ്ടു പ്രതിപക്ഷനേതാവിനെ വിപ്ലവകാരികൾ ലക്ഷ്യമിടുന്നു എന്നു ജനങ്ങൾ വിസ്മയിച്ചു. ഗവൺമെൻറിനു മാത്രം അതിൽ അതിശയകരമായൊന്നും ഇല്ലായിരുന്നു. അവർ അയാൾക്കു ചുറ്റും സംരക്ഷണവലയം തീർത്തു . പ്രധാനമന്ത്രിക്കുള്ളതിനേക്കാൾ വളരെ ശക്തമായ സംരക്ഷണമാണ് അയാൾക്കു നൽകിയത്.

എല്ലാ പ്രതിരോധത്തെയും കബളിപ്പിച്ചു വിപ്ലവ സംഘടനയുടെ ഒരു പ്രവർത്തകൻ അയാൾക്കരികിലെത്തി. വെടിയുതിർക്കാൻ ശ്രമിക്കുന്നത് അവിവേകമാണെന്ന് അവനു മനസ്സിലായി. തോക്കുകളേന്തിയ സംരക്ഷകർ ചുറ്റിനും നിന്നിരുന്നു. അവൻ സഞ്ചി തുറന്നു രണ്ടു പുസ്തകങ്ങൾ അയാളുടെ പാദത്തിൽ വച്ചു വണങ്ങിയശേഷം തിരികെപ്പോയി.
ആദ്യമായിട്ടായിരുന്നു അയാൾക്ക് ആരെങ്കിലും പുസ്തകം സമ്മാനിക്കുന്നത്. അയാൾ കൗതുകത്തോടെ അവ നോക്കി. ചാണക്യൻറെ അർത്ഥ ശാസ്ത്രം , ഹിറ്റ്ലറുടെ മെയിൻ കാംഫ് എന്നിവ ആയിരുന്നു അവ. ആഴ്ചകളോളം അയാൾ അവയുമായി കഴിഞ്ഞു.

അയാളിൽ നിന്നു ഗാന്ധി ഒഴിഞ്ഞു എന്നു ചിലർ പറഞ്ഞു. അയാൾ പൊടുന്നനെ ഗവണ്മെൻറിനെ കടന്നാക്രമിക്കാൻ തുടങ്ങി. മന്ത്രിമാർ അയാളോടു പറഞ്ഞിട്ടുള്ള ഓരോ രഹസ്യവും അയാൾ പൊടിപ്പും തൊങ്ങലും ചേർത്തു പുറത്തു പറയാൻ തുടങ്ങി. ഗവൺമെന്റിന് അയാളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. അത്രക്കു വലുതായിരുന്നു അയാളുടെ വിശ്വാസ്യത. അതുണ്ടാക്കിയെടുക്കുന്നതിൽ ഗവൺമെൻറിൻറെ പങ്ക് അതിലും വലുതായിരുന്നു. അയാളുടെ വാഗ്ദ്ധോരണി രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചു. ഭരണക്കാരെ വേട്ടയാടാൻ ജനം തെരുവിലിറങ്ങി. അവർ അയാൾക്കു ഭരണം സമ്മാനിച്ചു. ജനങ്ങളും അയാളും പരസ്പരം ഓരോ ഉപാധി വീതം വെച്ചു .
ജനങ്ങളുടെ ഉപാധി – പഴയ ഭരണക്കാരെ ഒന്നൊഴിയാതെ തൂക്കിലേറ്റണം.
അയാളുടെ ഉപാധി – അയാളുടെ കാലയളവിൽ പ്രതിപക്ഷം പാടില്ല.

ഉപാധികൾ രണ്ടും അംഗീകരിക്കപ്പെട്ടു. അയാൾ പ്രധാനമന്ത്രിയായി .എതിരാളികൾ ഇല്ലാതെ ദീർഘകാലം ഭരിച്ചു. പുസ്തകങ്ങളെ മാത്രമായിരുന്നു അയാൾക്കു ഭയം. അതുകൊണ്ടു തന്നെ മരണം വരെ ഒരു പുസ്തകം പോലും കൈകൊണ്ടു തൊടാതെ അയാൾ സൂക്ഷിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. ആക്ഷേപഹാസ്യത്തിലൂന്നിയ വളരെ നല്ല കഥ’ ആശംസകൾ സർ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here