സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്നു പറഞ്ഞ് നാരായണ മാഷ് സമര്‍ത്ഥിക്കാന്‍ തുടങ്ങുമ്പോഴാണ് സ്കൂള്‍ ലീഡര്‍ ഗീത ഓടിക്കിതച്ച് സ്റ്റാഫ് റൂമില്‍ എത്തിയത്.
” ഒന്നാം ക്ലാസിലെ ബി. ബി യുടെ കാലൊടിഞ്ഞു സാര്‍”
കേട്ടപാടെ ഞങ്ങളെല്ലാം ഒന്നാം ക്ലാസിലേക്കു പാഞ്ഞു. പ്രഥമാധ്യാപകന്‍ കൂടിയായ നാരായണന്‍ മാഷാണ് ആദ്യം ഓടിയെത്തിയത്.
” ബിബിതയെവിടെ ?” അദ്ദേഹം പരിഭ്രമത്തോടെ ചോദിച്ചു.
” ബി. ബി യുടെ കാലാണ് സാര്‍ ഒടിഞ്ഞത്” മറിഞ്ഞു കിടക്കുന്ന ബ്ലാക്ക് ബോര്‍ഡിനെ ചൂണ്ടി ഗീത പറഞ്ഞു.
” എന്നാലും എന്റെ ഗീതേ നീ ഞങ്ങളെ ഒത്തിരി തീ തീറ്റിച്ചു കളഞ്ഞല്ലോ ”
നാരായണന്‍ മാഷ് നെടുവീര്‍പ്പിട്ടു കൊണ്ട് ഗീതയെ ഒന്നു തറപ്പിച്ചു നോക്കി. അവളുടെ തലയില്‍ ചെറുതായൊന്നു കിഴുക്കാനും അദ്ദേഹം മറന്നില്ല.
ബിബി എന്നു വിളിപ്പേരുള്ള ബിബിതയുടെ കാലിനൊന്നും പറ്റിയില്ലന്നെതില്‍ ഞങ്ങള്‍ കുറച്ചൊന്നുമല്ല ആശ്വസിച്ചത്. ഒന്നിലെ ഡിവിഷന്‍ നില നിര്‍ത്താനായി മൂന്നു കിലോമീറ്റര്‍ ദൂരം പാടവും തോടും താണ്ടി വരുന്ന കുട്ടിയാണ്. അവളുടെ അച്ഛന്‍ നാരായണന്‍ മാഷുടെ ഉറ്റ സുഹൃത്താണെന്നെതുകൊണ്ടു മാത്രമാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നതു തന്നെ.
” അതിരിക്കട്ടെ ആരാണ് ബോര്‍ഡിന്റെ കാലൊടിച്ചത്?” ചുറ്റും നില്‍ക്കുന്ന കുട്ടികളെ നോക്കി ഹെഡ്മാസ്റ്റര്‍ ചോദിച്ചു.
” ബിബിതയാണു സാര്‍”
ക്ലാസ് മുറിയുടെ മൂലയില്‍ പരിഭ്രമിച്ചു നില്‍ക്കുന്ന ബിബിതയുടെ നേരെ കുട്ടികള്‍ കൂട്ടത്തോടെ വിരല്‍ ചൂണ്ടി.
അതോടെ അവള്‍ കരച്ചിലും തുടങ്ങി.
” കുട്ടിയെന്തിനാണ് കരയുന്നത്? ബോര്‍ഡിന്റെ കാല്‍ നമുക്ക് മുരുകനാശാരിയെകൊണ്ട് ശരിയാക്കാം കേട്ടോ” അദ്ദേഹം അവളുടെ അടുത്തു ചെന്ന് ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു.
ബോര്‍ഡിന്റെയോ ബെഞ്ചിന്റെയോ കാലൊടിച്ചാല്‍ തോലുരിച്ച് തലകീഴായി തൂക്കും എന്നു എല്ലാ ദിവസവും അസംബ്ലിയില്‍ വിളംബരം ചെയ്യാറുള്ള ഹെഡ്മാസ്റ്റര്‍ തന്നെയാണോ മുന്നില്‍ നില്‍ക്കുന്നതെന്നോര്‍ത്ത് മറ്റു കുട്ടികള്‍ കണ്ണു മിഴിച്ചു നില്‍ക്കെ അവരെ ഒന്നു കൂടി അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം ഒരു ചോക്കു കഷണം വച്ചു നീട്ടുകയും ചെയ്തു.
അവള്‍ കരച്ചില്‍ നിര്‍ത്തി തെളിഞ്ഞ മുഖത്തോടെ സീറ്റില്‍ വന്നിരുന്നു.
”അതുമിതും പറഞ്ഞ് നിങ്ങളാരും ബിബിക്കുട്ടിയെ വിഷമിപ്പിക്കരുത് കെട്ടോ”
അദ്ദേഹം മറ്റു കുട്ടികളൊടായി പറഞ്ഞു.
സ്റ്റാഫ് റൂമില്‍ തിരിച്ചെത്തിയ നാരായണന്‍ മഷ് സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന വിഷയം വിസ്മരിച്ച് മുരുകനാശാരിയെപറ്റിയാണ് പിന്നെ സംസാരിച്ചത്.
പിറ്റേന്ന് ഒന്നിലെ ബിബിത രണ്ടിലെ ബി. ബി യുടെ കാലൊടിച്ചുവെന്ന പരാതിയുമായാണ് ഗീത സ്റ്റാഫ് റൂമിലെത്തിയത്.
ബിബിക്കുട്ടിക്ക് ഒന്നും പറ്റിയില്ലല്ലോ എന്നായിരുന്നു ഹെഡ്മാസ്റ്ററുടെ പ്രതികരണം.
മൂന്നാം നാള്‍ മൂന്നിലെ ബി. ബി യുടെയും കാലൊടിഞ്ഞു. ഇത്തവണ ലീഡര്‍ ഗീത സ്റ്റാഫ് റൂമില്‍ വിവരമെത്തിക്കാന്‍ ചെന്നില്ല. ടീച്ചര്‍ ക്ലാസിലെത്തിയ ശേഷമാണ് കാലൊടിഞ്ഞ ബി.
ബിയെ കുട്ടികള്‍ തൂക്കിയെടുത്ത് സ്റ്റാഫ് റൂമില്‍ എത്തിച്ചത്.
ഗീതയുടെ പ്രതിരോധത്തെയും മറി കടന്ന് നാലാം നാള്‍ നാലിലെ ബ്ലാക്ബോര്‍ഡും കാലൊടിഞ്ഞു വീണു.
അന്നുച്ചക്ക് ഒന്നിലെ ബിബിത ഓഫീസ് മുറിയുടെ വാതിക്കല്‍ ചെന്ന് പെരുവിരലും കടിച്ചു നിന്നു.
ഹെഡ്മാസ്റ്റര്‍ അവളെ അകത്തേക്കു വിളീച്ചു ” ബിബിക്കുട്ടിക്ക് എന്തു വേണം ?”
” എച്ച് ചോക്കു വേനം ” അവള്‍ വായില്‍ നിന്നും പെരുവിരല്‍ പുറത്തെടുത്തു കൊണ്ട് പറഞ്ഞു.
ഒരു നിമിഷം എന്തോ ഓര്‍ത്ത് തല ചൊറിഞ്ഞ അദ്ദേഹം ഒരു ചോക്കു കഷ്ണമെടുത്ത് അവളുടെ കൈയില്‍ കൊടുത്തു.
”’ ഇനീം വേണം” അവള്‍ അടുത്തേക്കു നീങ്ങി നിന്നുകൊണ്ടു ആവശ്യപ്പെട്ടു.
കാലൊടിച്ചിട്ട ഒരു ബോര്‍ഡിനു ഒരു ചോക്കെന്ന കണക്കു പ്രകാരം രണ്ടു ചോക്കിനു കൂടി അര്‍ഹതയുണ്ടെന്നാണ് അവളുടെ മനസിലിരിപ്പെന്ന് അദ്ദേഹത്തിനു ബോധ്യമായി.
രണ്ടാമതും ചോക്കു പെട്ടിയിലേക്കു നീണ്ട അദ്ദേഹത്തിന്റെ കൈ പൊടുന്നനെ ദിശ മാറി മേശപ്പുറത്തു കിടന്നിരുന്ന ചൂരലിനടുത്തേക്കു ചെന്നു.
ചൂരലുമായി ചാടിയെഴുന്നേറ്റ അദ്ദേഹം ബിബിതയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് ഇരു തുടകളിലും ഈരെണ്ടണ്ണം പൊട്ടിച്ചു.
” മേലില്‍ ബോര്‍ഡിലെങ്ങാനും തൊട്ടു പോയാല്‍ തോലുരിക്കും” കണ്ണൂരുട്ടിക്കൊണ്ട് അദ്ദേഹം അലറി.
ഓഫീസിസ് മുറിയില്‍ നിന്നും ഇറങ്ങിയോടിയ ബിബിത ക്ലാസില്‍ ചെന്ന ശേഷമാണ് നിന്നത്. അവളുടെ നിലവിളിയില്‍ സ്കൂള്‍ മൊത്തത്തില്‍ സ്തംഭിച്ചു പോയി.
ബിബിതയുടെ നിലവിളി ഉച്ചസ്ഥായിലായിരിക്കുയാണ് അവളെ ആശ്വസിപ്പിക്കാനായി ഓമന ടീച്ചറും മറ്റും ഒന്നാം ക്ലാസിലേക്കു പോയിരിക്കുകയാണ്. സ്റ്റാഫ് റൂമില്‍ അവശേഷിച്ചവര്‍ നാരായണന്‍ മാഷും ബിബിതയുടെ അച്ചനും തമ്മിലുള്ള സുഹൃത് ബന്ധത്തത്തിന്റെ ആഴമളക്കുന്നതിന്റെ തിരക്കിലാണ് നാളെ മുതല്‍ ബിബിത സ്കൂളില്‍ വന്നിലെങ്കില്‍ ….?
സഹപ്രവര്‍ത്തകരുടെ മനസ് വായിച്ച നാരായണന്‍ മാഷ് സംഭവിക്കുന്നതെല്ലാം നല്ലതിനായി തീരട്ടെയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു പെട്ടി ചോക്കുമായി ധൃതിയില്‍ ഒന്നാം ക്ലസിലേക്കു നടന്നു.
Click this button or press Ctrl+G to toggle between Malayalam and English