ഓപ്പറേഷന് ഗ്രാന്മാ

ammoomma-2ഹര്‍ഷവര്‍ദ്ധന്‍ നഗറിലെ ഇരുപത്തിനാലു കുടുംബക്കാരുടെ പ്രതിമാസ കൂട്ടായ്മയിലാണ് അങ്ങനെയൊരു അഭിപ്രായം ഉയര്‍ന്നു വന്നത്. എപ്പോഴും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആര്‍ട്ടിസ്റ്റ് ഗോകുല്‍ രാജ് പോലും അതുകേട്ട് അല്പ്പനേരത്തേക്ക് അന്ധാളിച്ചു പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.

” ശ്രീധരന്‍ പറഞ്ഞു വരുന്നത്?”

മൗനത്തിനു വിരാമമിട്ടുകൊണ്ട് യോഗാദ്ധ്യക്ഷന്‍ ചോദിച്ചു.

എല്ലാവരുടേയും മുഖഭാവങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന ശ്രീധരന്‍ തുടര്‍ന്നു .

”ഞാന്‍ പറഞ്ഞു കൊണ്ടുവരുന്നത് നമ്മുടെ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ഒരു പദ്ധതിയെക്കുറിച്ചാണ്. കമ്പ്യൂട്ടറിനു മുന്നില്‍ നിന്നും അവരെ തിരിച്ചു പിടിക്കാനും ഇന്നലെ നടന്നതു പോലുള്ള മോശം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാനും ഇതിലും നല്ലൊരു മാര്‍ഗമില്ല”

” മിസ്റ്റര്‍ ശ്രീധരന്‍ പറഞ്ഞതിനോടു ഞാന്‍ യോജിക്കുന്നു. നമുക്കിതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്”

ഗോകുല്‍ രാജ് എഴുന്നേറ്റുകൊണ്ടു പറഞ്ഞു.

ശ്രീധരനെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ടാണ് അന്നത്തെ യോഗം അവസാനിച്ചത്.

ഹര്‍ഷവര്‍ദ്ധന്‍ നഗറിലെ  മിക്ക വീടുകളിലും അന്നത്തെ ചിന്താവിഷയം ശ്രീധരന്റെ ആശയമായിരുന്നു.

” ഓപ്പറേഷന്‍ ഗ്രാന്മ”

എല്ലാ ഞായറാഴ്ചകളിലും അടുത്തുള്ള ഗ്രാമത്തിലെ അമ്മാളു മുത്തശ്ശി ഹര്‍ഷവര്‍ദ്ധന്‍ നഗറിലെത്തി അവിടുത്തെ കുട്ടികള്‍ക്കായി കഥ പറയുന്നു. പ്രതിഫലമായി ഒരു തുക മുത്തശ്ശിക്കു നല്‍കുന്നു.

” നന്നായി , ഇനിയിപ്പോള്‍ കഥ പറയാന്‍ മുത്തശ്ശിമാരില്ലാത്തതുകൊണ്ടാണ് കുട്ടികള്‍ തല തിരിഞ്ഞു പോകുന്നതെന്ന പഴി കേള്‍ക്കണ്ടല്ലോ !”

പ്രസിഡന്റിന്റെ ഭാര്യ അഭിപ്രായപ്പെട്ടു. മറ്റുള്ള വീടുകളിലും സമാനമായ അഭിപ്രായം തന്നെയായിരുന്നു.

പക്ഷെ അക്ഷര നിവാസിലെ ശ്രീധരന്‍ അര്‍ദ്ധരാത്രി പിന്നിട്ടിട്ടും ഉറങ്ങാതെ കിടന്നു.

അമ്മാളു മുത്തശി സ്കൂളുകളില്‍ ചെന്ന് കഥ പറയാറുണ്ടെന്നതു ശരി തന്നെ. പക്ഷെ ഇങ്ങനെയൊരു ദൗത്യം അവര്‍ ഏറ്റെടുക്കുമോ ?

അയാളുടെ ചിന്ത അങ്ങനെ പോയി.

പിറ്റേന്നു തന്നെ അയാള്‍ ഗ്രാമത്തിലെത്തി അമ്മാളു മുത്തശിയെ അന്വേഷിച്ചു. ” സ്ക്കൂളിലെക്കെ ചെന്ന് കഥ പറയുന്ന മുത്തശിയല്ലേ ദാ ആ കാണുന്ന വീടു തന്നെ”

ശ്രീധരന്റെ അന്വേഷണത്തിനു മറുപടീയായി ഗ്രാമത്തിലെ ചായക്കടക്കാരന്‍ അടുത്തുള്ള മഞ്ഞ ചായമടിച്ച വീട്ടിലേക്കു വിരല്‍ ചൂണ്ടി.

പഴയ ഓലപ്പുര നിന്നിടത്ത് പുതിയൊരു വീട്. കഥ പറഞ്ഞ് അമ്മാളു മുത്തശ്ശി കാശുകാരിയായെന്നു തോന്നുന്നു.

അയാള്‍ മനസില്‍ പറഞ്ഞു.

” ആരാ?” ഗേറ്റു കടന്ന അയാളെ കണ്ട് മുറ്റത്തു നിന്നിരുന്ന വൃദ്ധ ചോദിച്ചു.

” അമ്മാളു മുത്തശ്ശി?”

” വരൂ” ആ വൃദ്ധ അയാളെ അകത്തേക്കു ക്ഷണിച്ചു.

അകത്തളത്തില്‍ കട്ടിലില്‍ കിടക്കുന്ന വൃദ്ധയുടെ അടുത്തേക്കാണ് അവര്‍ ചെന്നത്.

വൃദ്ധ മുഖമുയര്‍ത്തി അയാളെ ആഴത്തില്‍ ഒന്നു നോക്കി.

” മനസിലായില്ല”

” ഞാന്‍ ശ്രീധരനാണ് ഗോപാലന്‍ മാഷ്ടെ മൂത്തമകന്‍”

അയാള്‍ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു. പിന്നെ വന്നകാര്യത്തിലേക്കു കടന്നു.

” അത്രയും ദൂരം യാത്ര ചെയ്യാനൊന്നും വയ്യ കുട്യേ”

അല്പ്പനേരത്തെ മൗനത്തൊനൊടുവില്‍ വൃദ്ധ പറഞ്ഞു.

” കാറയക്കാം” അയാള്‍ ആവേശത്തേടെ അറിയിച്ചു.

” ഒരു കാര്യം ചെയ്യാം ഞങ്ങളിവിടെ മൂന്നാലുപേരുണ്ട് അവര്‍ക്കാണെങ്കില്‍ പറയാന്‍ ഒരു പാടു കഥകളുമുണ്ട്. എനിക്കു പകരം അവരെ ആരെയെങ്കിലും വിടാം ”

” അങ്ങനെയായാലും മതി” അയാള്‍ ആശ്വാസത്തോടേ അറിയിച്ചു.

” മാധവീ നീ പൊയ്ക്കോ”

അയാളെ അകത്തേക്കു ക്ഷണിച്ച സ്ത്രീയോടു അമ്മാളു മുത്തശ്ശി പറഞ്ഞു.

” കഴിഞ്ഞ മാസം തൊഴാന്‍ ചെന്നപ്പോള്‍ ഗുരുവായൂരപ്പന്‍ തന്നതാ. മക്കള്‍ നട തള്ളീ വിട്ടതാണേ പത്രത്തിലൊക്കെ പടവും വാര്‍ത്തയും വന്നിരുന്നു”

ഭിത്തിയിലെ ഗുരുവായൂരപ്പന്റെ ഫോട്ടോവിലേക്കു ദൃഷ്ടിയൂന്നിക്കൊണ്ട് വൃദ്ധ ഒരു നെടുവീര്‍പ്പിട്ടു.

‘ ആകെ പതിമൂന്നു കുട്ടികളുണ്ട് ദക്ഷിണയായി ആയിരൊത്തൊന്നു രൂപയാണ് തീരുമാനിച്ചിട്ടുള്ളത് ” അയാള്‍ അറിയിച്ചു.

” ദക്ഷിണയിലൊന്നും കാര്യമില്ല കുട്യേ പറയുന്ന കഥകള്‍കൊണ്ട് പ്രയോജനമുണ്ടാകണമെന്നു മാത്രം”

വൃദ്ധ ആത്മഗതമെന്നോണം അഭിപ്രായപ്പെട്ടു.

” എങ്കില്‍ വരുന്ന ഞായറാഴ്ച നാലുമണിക്ക്” അഞ്ഞൂറു രൂപ മുന്‍കൂറായി നല്‍കിയശേഷം അയാള്‍ പുറത്തേക്കിറങ്ങി.

അമ്മാളു മുത്തശിയുടെ മനസില്‍ അപ്പോള്‍ അപ്പു മാഷാണ് കടന്നു വന്നത്.  അദ്ദേഹമാണല്ലോ ഇങ്ങനെയൊരു മാര്‍ഗം തുറന്നു തന്നത്. ഗ്രാമത്തിലെ സ്കൂളില്‍ ആദ്യമായി കഥ പറയാന്‍ ചെന്നതും കുട്ടികള്‍ ചെറിയൊരു സംഖ്യ ദക്ഷിണയായി നല്‍കിയതുമായിരുന്നല്ലോ തുടക്കം. പിന്നീട് കേട്ടറിഞ്ഞ് പലരും കൂട്ടിക്കൊണ്ടു പോയി. പത്തിരുനൂറോളം സ്കൂളുകളില്‍‍ ചെന്ന് കഥ പറഞ്ഞു.  ആരും  വെറും കയ്യോടേ പറഞ്ഞു വിട്ടില്ല ഇപ്പോഴിതാ….

നഗരത്തിലെ കുട്ടികള്‍ക്കു പറ്റിയ കഥയെക്കുറിച്ചായി പിന്നെ അവരുടെ ആലോചന

” പഞ്ചതന്ത്രവും പറയിപെറ്റ പന്തിരുകുലവും മാത്രവും മതിയാകില്ല ”

അമ്മാളു മുത്തശി അഭിപ്രായപ്പെട്ടു. മാധവിയും അതിനോടു യോജിച്ചു .

മാധവീ നമുക്ക് പുതിയ പഞ്ചതന്ത്രമാണ് വേണ്ടത് . പെറ്റ തള്ളയെ പെരുവഴിയില്‍ തള്ളുന്ന മക്കളുടെ കണ്ണൂ തുറപ്പിക്കാന്‍ പോരുന്ന കഥകള്‍”

അമ്മാളു മുത്തശ്ശി ആവേശത്തോടെ ഒന്നു നിവര്‍ന്നിരുന്നു.

” ശരിയാണ് , പക്ഷെ നമ്മുക്കതിനു കഴിയുമോ?”

” കഴിയണം ഇതു നമ്മുടെ നിയോഗമായി കരുതുക. വിഷ്ണു ശര്‍മ്മയുടെ പിന്തുടര്‍ച്ചക്കാരാവാന്‍ നമുക്കു ശ്രമിക്കാം”

അതു പറയുമ്പോള്‍ ആ കണ്ണുകളില്‍‍ അതുവരെയില്ലാത്ത ഒരു തെളിച്ചം വന്നു നിറഞ്ഞു . മാധവിയുടെ കണ്ണുകളിലും ആ തെളിച്ചം പ്രതിഫലിച്ചു.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here