ദ്രുതഗതിയിലോടികൊണ്ടിരിക്കുമൊരു
ശകടമാണിന്നീ ലോകം, ഓടുന്നു സര്‍വ്വതും
ഓടിയെത്താന്‍ പാടാണെങ്കിലും
പണിപ്പെട്ടോടട്ടെ ഞാനും
ദീനദീനമായി പാടുന്നു
മുറിവേറ്റൊരു കിളിപൈതല്‍
കേട്ടിരിക്കാന്‍ നേരമില്ല
പണിപ്പെട്ടോടട്ടെ ഞാനും
ആരോ ഞെരിച്ചമര്‍ത്തിയമാതിരി
നിലത്തുകിടപ്പുണ്ടൊരു പെണ്‍പൂവിനിതളുകള്‍
കണ്ടു നില്ക്കാന്‍ സമയമില്ല
എങ്ങനേലുമോടിയെത്തട്ടെ ഞാനും
ഓടും വഴിയില്‍ ദൈന്യമെഴും
രണ്ടു പിഞ്ചുകരങ്ങള്‍ നീളുന്നെന്‍ നേരെ
ആ കൈകള്‍ തട്ടിമാറ്റികൊണ്ട-
തിവേഗമോടട്ടെ ഞാനും
സര്‍വ്വാശയും പ്രതീക്ഷയും വറ്റി
അന്ത്യയാത്രയ്ക്ക് തയ്യാറെടുക്കും
അച്ഛനമ്മമാരുടെ കൂട്ടപ്രാര്‍ത്ഥനകള്‍
ഉയരുന്നു സേവാസദനങ്ങളില്‍
ഒന്നുമറിയാന്‍ നില്‍ക്കുന്നില്ല ഞാന്‍
തിരിഞ്ഞുനോക്കുന്നുമില്ല
കാലത്തിനൊത്തോടിയെത്തേണ്ടതുണ്ടില്ലേല്‍
ഒരു കീറപഴന്തുണി പിന്നെയെന്‍ ജീവിതവും.