പ്രിയ സഹയാത്രികന്റെ പേരിലെ അവാർഡ് സ്വീകരിച്ചു വികാരാധീനനായി എം ടി വാസുദേവൻ നായർ. അവാർഡ‌് ഏറ്റുവാങ്ങി സംസാരിക്കുമ്പോൾ അദ്ദേഹം തന്റെ മാനസികാവസ്ഥ മറയില്ലാതെ തുറന്നുപറഞ്ഞു. സുഹൃത്തുക്കളെ നിങ്ങൾക്കെല്ലാവർക്കും നന്ദി. വൈകാരികമായി ഒരനുഗ്രഹം കൂടിയാണിത‌്. ആ വലിയ ജീവിതത്തിന്റെ ഭാഗമായി നിൽക്കാൻ കഴിഞ്ഞ ഒരാളായത‌് ഏറെ ഭാഗ്യമായി കരുതുന്നു‐ എം ടി പറഞ്ഞു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ കവിതാരചനാ മത്സരത്തിൽ പങ്കെടുക്കാൻ സ‌്കൂൾവിദ്യാർഥിയായിരുന്ന ഞാൻ മോഹിച്ചതും സങ്കോചംമൂലം കവിത അയക്കാതിരുന്നതും മത്സരത്തിൽ കോളേജ‌് വിദ്യാർഥിയായ ഒ എൻ വി കുറുപ്പിന്റെ ‘അരിവാളും രാക്കുയിലും’ സമ്മാനം നേടിയതുമെല്ലാം അനുസ‌്മരിച്ചായിരുന്നു അദ്ദേഹം പ്രസംഗം തുടങ്ങിയത‌്.
ഈ പുരസ‌്കാരം ഏറ്റുവാങ്ങുമ്പോൾ ഒ എൻ വിയുമായുള്ള സൗഹൃദത്തിന്റെ നല്ല സ‌്മരണകളല്ല എന്റെ മനസ്സിലുണരുന്നത‌്. ഇപ്പോൾ എന്നെ മഥിക്കുന്നത‌് നഷ്ടബോധമാണ‌്. എനിക്ക‌് നഷ‌്ടപ്പെട്ട സൗഹൃദം, എനിക്ക‌് എഴുതുമ്പോൾ സംഭവിക്കാറു വാക്കുകളുടെയും വാചകങ്ങളുടെയും തെറ്റ‌് തിരുത്തിത്തരുന്ന ജ്യേഷ‌്ഠ സഹോദരന്റെ നഷ്ടം അതാണ‌് എന്റെ മനസ്സിലിപ്പോൾ. നിയതിയുടെ അസാമാന്യമായ ശക്തിക്കെതിരെ സംഘർഷത്തിലേർപ്പെട്ട മനുഷ്യശക്തിയെയാണ‌് ഒ എൻ വി എന്നും വാഴ‌്ത്തിപ്പാടിയത‌്. ജയിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത സംഘർഷത്തിൽ മനുഷ്യശക്തിക്കൊപ്പം നിൽക്കാൻ കവിക്ക‌് ഒരിക്കലും രണ്ടാമതൊന്ന‌് ആലോചിേക്കേണ്ടിവന്നില്ല. പലകാലത്ത‌്, പല മേഖലകളിൽ, പലദേശങ്ങളിൽ അദ്ദേഹത്തിനൊപ്പം നിന്ന‌് പ്രവർത്തിക്കാനായി എന്നും എം ടി കൂട്ടിച്ചേർത്തു