ഒന്നിച്ച് നിൽക്കുവാൻ നൂറു നിമിത്തങ്ങ –
ളെങ്കിലും ഭിന്നിച്ചു വഴി മാറിടുന്നു നാം
ഒരു രൂപമൊരുനിറമാണു സിരകളിൽ
ഒഴുകും നിണത്തിനും ഗന്ധമൊന്ന്
ഒരു ഭാഷ മാത്രം മൊഴിഞ്ഞു ജനിച്ചു നാം
ഒരു വേഷം മാത്രം അണിഞ്ഞവർ നാം
ഒരു സൂര്യനൊരു ചന്ദ്രനൊരു ഭൂമി കണ്ടു നാം
ഒരു ഗഗന തണലിൽ മയങ്ങിടുന്നു
ഒരു വാതകത്തിന്റെ ഉഛ്വാസനിശ്വാസ
മൊരുദ്രാവകത്തിന്റെ പാനവും ചെയ്തു നാം.
മണ്ണിൽ മലർന്നു കിടന്നുറങ്ങിയതും
ഒരു രൂപഭാവത്തിലായിരുന്നു.
യാത്ര കഴിഞ്ഞു തിരിച്ചു നടന്നതും
ഒരു വാഹനത്തിൻ പുറത്തായിരുന്നു
സന്തോഷ സന്താപ ശൃംഗാര ഭീഭൽസ
ഹാസ്യരസങ്ങളിലുമൊന്നിച്ചു നാം.
ഒരു തറവാടിന്റെയുള്ളിൽ ജനിച്ചവർ
ഒന്നിച്ചൊരുമയിൽ കഴിയുക നാം.