ഒന്നാം നമ്പര്‍ ഓണ്‍ ദി സ്റ്റേജ്..

narmakatha-9സാധാരണ യുവജനോല്‍സവ സീസണാകുമ്പോള്‍ മുങ്ങി നടക്കുകയാണ് പതിവ്. കലാവിരോധിയായതു കൊണ്ടല്ല സ്വന്തം ശരീരത്തോട് അല്‍പം സ്നേഹമുള്ളതു കൊണ്ട് മാത്രം. അല്ലെങ്കില്‍ ആരെങ്കിലും വന്ന് വിധികര്‍ത്താവായി വിളിക്കും. വിളിച്ചാല്‍ കടപ്പാടുകൊണ്ടാണെങ്കിലും പോകാതെ പറ്റില്ല. പോയാല്‍ പിന്നെ കഥ തീര്‍ന്നു. പോയപോലെ തന്നെ തിരിച്ചു വന്നാല്‍ ഭാഗ്യം. ഏതായാലും അത്ര വലിയ മുങ്ങല്‍ വിദഗ്ദനൊന്നുമല്ല എന്ന് തെളിയിച്ചു കൊണ്ട് തിരക്കി നടന്ന ഒരു സുഹൃത്തിന്റെ മുന്നില്‍ തന്നെ പോയി വീണു. പലതും പറഞ്ഞ് ഒഴിയാന്‍ നോക്കി,നടന്നില്ല. അങ്ങനെ വീണ്ടും വിധിയുടെ കെണിയില്‍ പെട്ട് വിധി കര്‍ത്താവിന്റെ വേഷം കെട്ടേണ്ടി വന്നു.

പതിവു പോലെ ഒരു മണിക്കൂര്‍ വൈകിയാണ് പരിപാടി തുടങ്ങിയത്. ഒന്നാം ജഡ്ജി വന്നപ്പോള്‍ രണ്ടാം ജഡ്ജി എത്തിയില്ല. രണ്ടു പേരും വന്ന് അര മണിക്കൂര്‍ കഴിഞ്ഞാണ് മൂന്നാം ജഡ്ജി എത്തിയത്. ഇതിനിടയില്‍ ജഡ്ജിമാരെ എത്തിക്കുന്നതിന്റെ ചുമതലയുള്ള അധ്യാപകന്‍ അങ്ങുമിങ്ങും ഓട്ടമാണ്. ചെണ്ടയുടെ ജഡ്ജി വന്നപ്പോള്‍ മദ്ദളത്തിന്റെ ജഡ്ജിമാരെ കാണാനില്ല. കോല്‍ക്കളിയുടെ രണ്ടുപേര്‍ വന്നപ്പോള്‍ മാര്‍ഗ്ഗം കളിയുടെ രണ്ടു പേര്‍ ഇനിയും വന്നിട്ടില്ല. മൂന്നു ജഡ്ജിമാര്‍ ഒത്തു വന്നാലേ ഒരു പരിപാടിയെങ്കിലും തുടങ്ങാന്‍ പറ്റൂ. എല്ലാ ജഡ്ജിമാരും ഒത്തു വരുമ്പോള്‍ കുട്ടികള്‍ റെഡിയായിട്ടുണ്ടാവില്ല.

ഏതായാലും മണിക്കൂറൊന്ന് വൈകിയാണെങ്കിലും എല്ലാവരും റെഡിയായി. ആദ്യം തുടങ്ങാന്‍ ഭാഗ്യമുണ്ടായത് ഞങ്ങള്‍ക്കായിരുന്നു.

’’ജഡ്ജസ് പ്ളീസ് നോട്ട്,നമ്പര്‍ വണ്‍……’’ ഇത്രയും പറഞ്ഞ് അനൗണ്‍സ്മെന്റ് നിന്നു പോയി. ഓണ്‍ ദി സ്റ്റേജ് ‘’ എന്നു കൂടി പറഞ്ഞാലല്ലേ സംഗതി പൂര്‍ത്തിയാകൂ..അതു കേട്ടു കഴിഞ്ഞാലല്ലേ കര്‍ട്ടന്റെ ചരടു പിടിച്ചിരിക്കുന്ന കുട്ടി കര്‍ട്ടന്‍ പൊക്കൂ.

എന്താണ് സംഭവിച്ചതെന്നറിയാതെ കുറേ നേരമിരുന്നു. ജഡ്ജിയുടെ കസേരയില്‍ ആസനസ്ഥനായതു കൊണ്ട് എഴുന്നേറ്റു പോയി തിരക്കാനും പറ്റില്ല. ഒടുവില്‍ ഒരു സംഘാടകനെ വിളിച്ചു കാര്യം തിരക്കി. അയാള്‍ അടുത്തു വന്നു സ്വകാര്യമായി പറഞ്ഞു.

’’സാറേ ഒന്നാം നമ്പരായിട്ടു മല്‍സരിക്കേണ്ട കുട്ടിയെ കാണാനില്ലായിരുന്നു. ഒടുവില്‍ ഓടിച്ചിട്ട് പിടിച്ചു..’’

‘’അതെന്താ ഓടിച്ചിട്ട് പിടിക്കേണ്ട കാര്യം?’’

‘’അത് സാറേ,ഒന്നാം നമ്പരായിട്ട് സ്റ്റേജില്‍ കയറിയാല്‍ സമ്മാനം കിട്ടില്ല എന്നൊരു വിശ്വാസം ആരോ പറഞ്ഞു പരത്തിയിട്ടുണ്ട്. അതു കൊണ്ട് ഒന്നാം നമ്പരുകാരെ ഒരു സ്റ്റേജിലും കാണാനില്ല.സംഘാടകരുടെ പെടാപാടാണ് ഒന്നാം നമ്പരുകാരെ പിടിച്ച് സ്റ്റേജിലെത്തിക്കല്‍.’’

പ്രബുദ്ധകേരളത്തിലെ വിശ്വാസം പോകുന്ന പോക്ക്..ഒന്നാമനായെത്തിയാല്‍ സമ്മാനിതനാകില്ല പോലും..എത്രാമനാകട്ടെ സമ്മാനം കിട്ടിയില്ലെങ്കില്‍ വിധികര്‍ത്താവിന്റെ കുഴപ്പം. ജഡ്ജിമാര്‍ക്കിട്ട് രണ്ട് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടു പറയാന്‍ കഴിഞ്ഞാല്‍ തന്നെ ഒരു ആത്മ സംതൃപ്തി. ഏതായാലും ഒന്നാം നമ്പറുകാരനെ കണ്ടു കിട്ടിയ സ്ഥിതിയ്ക്ക് മല്‍സരങ്ങള്‍ തുടങ്ങുകയായി. മല്‍സരങ്ങള്‍ തീരും വരെ സമാധാനം. അതിനു ശേഷം എവിടുന്നാണ് തല്ലു കിട്ടുന്നതെന്ന് കിട്ടിക്കഴിഞ്ഞേ പറയാന്‍ കഴിയൂ. സ്റ്റേജില്‍ അനൗണ്‍സ്മെന്റ് മുഴങ്ങി..

’’ഒന്നാം നമ്പര്‍ ഓണ്‍ ദി സ്റ്റേജ്..’’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനോവൽ സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
Next articleകോഴിയെ ആരു കൊല്ലും
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English