എന്റെയും നിന്റെയും മൊബൈൽ ഫോണുകൾ തമ്മിൽ പ്രണയത്തിലായിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു.
സന്ദേശങ്ങളുമായി ഉയരെ
പറക്കുന്ന മെസഞ്ചർ,
വഴിമുടക്കുന്ന റേയ്ഞ്ചിനെ പഴിചാരിയവർ പരസ്പരം പങ്കിടുന്നു…
മനസ്സ്, ചിന്തകൾ, അനുഭവങ്ങൾ…
വാക്കുകൾ വെമ്പിനിൽക്കുന്ന കീപാഡിലെ വെന്തുനീറുന്ന വികാരങ്ങൾ,
ഘടികാരസൂചിയെ തട്ടിത്തെറിപ്പിക്കുന്നു.
ഓൺലൈനിന്റെ ആറക്ഷരങ്ങൾ വെറുപ്പിന്റെ പര്യായമായി പരിണമിക്കുന്നു.
പ്രകാശവികിരണങ്ങളായി സഞ്ചരിക്കുന്ന സല്ലാപങ്ങൾ കാർമേഘങ്ങളുടെ ഗുഹകളിൽ നഗ്നരാകുന്നു,
പിന്നെ ഹൃദയചിഹ്നങ്ങളുടെ നീലിച്ച
താഴ് വരയിൽ പ്രണയം ഓഫ് ലൈനിൽ തൂങ്ങിമരിക്കുന്നു.