1
പേനയും മഷിയും വെള്ളക്കടലാസ്സുമെന്തിന്
ഓൺലൈൻ കവിക്ക് കുത്തിക്കുറിക്കുവാനീരടി
2
ലോകാസമസ്തം ഓൺലൈനിൽ
ഉടയതമ്പുരാൻ ഓഫ്‌ലൈനിലും
3
കോപ്പിയടിക്കും പാപത്തിനു
പശ്ചാത്താപമാകുമോ പേസ്റ്റ്
4
വാട്സാപ്പിലുദിക്കും ലോകം
പാതിരക്കസ്തമിപ്പൂ ഫേസ്ബുക്കിൽ
5
ലൈനടിക്കാം ഓൺലൈനിൽ
ലൈഫ് ഫ്യൂസാക്കാം ഇലക്ട്രിക്ക് ലൈനിൽ
6
കുടുങ്ങും മുമ്പ് ആഗോളവലയിൽ നിന്നും
പഠിക്ക സഖാക്കളെ സ്വന്തം തലയൂരാൻ
7
ട്രോളന്മാർ ട്രോളുമ്പോൾ
പെട്രോൾ വില കുതിക്കുന്നു
8
മോർഫൻമാർ മോർഫ് ചെയ്യുന്നു
കരളുന്നു ശവ,മെലി മോർച്ചറിയിൽ
9
സോഫ്റ്റ് വെയറിൽ തുടങ്ങും പ്രണയം
മുടങ്ങും ഹാർഡ് വെയർ തേയുമ്പോൾ
10
സെൽഫിൽ കടുകോളം ജീവൻ
അതുമില്ല സെൽഫിയിൽ
11
ദിനരാത്രം ഷെയർ ചെയ്തും
മനസ്സ് ലൈക് ചെയ്തും
ചാറ്റിൽ കലഹിച്ചും
ഇമോജികൾ കാട്ടിയും
ബ്രൗസ് ചെയ്യാം പ്രിയേ
ശിഷ്ടമായുസ്സും ലോഗൗ-
ട്ടായീടും നാൾവരെ.