ഓൺലൈൻ ക്ലാസ്സ്

 

 

 

 

 

 

ഇന്നു മലയാളം ക്ലാസ്സാണ് . ശാലിനി ഓൺലൈൻ ക്ലാസ്സിൽ പങ്കു കൊള്ളാൻ തയ്യാറായി. അവൾ വാട്ട്സ് ആപ്പ് തുറന്നു. ലിങ്ക് വന്നിട്ടില്ല. ഗൂഗിൾ മീറ്റിലാണു ക്ലാസ്സ് പത്തുമണിക്കാണ്. ഒൻപതു നാൽപ്പത്തഞ്ചായി . അഞ്ചു മിനിറ്റു മുമ്പേ ലിങ്ക് അയക്കൂ.

അവൾ ടെക്സ്റ്റും നോട്ടും എടുത്തു. കുമാരനാശാന്റെ കരുണയാണു പഠിപ്പിക്കുവാനുള്ളത്. നേരിയ പനി. അനുജത്തിയേയും കൊണ്ട് അമ്മ ക്ലിനിക്കിൽ പോയി .ആർ ടി പി സി ആർ എടുക്കാൻ പറയും നെഗറ്റീവ് ആയിരിക്കണേ. അച്ഛൻ മടിച്ചാണ് ജോലിക്കു പോയത്. മേലാപ്പീസറുടെ ശകാരം കുറേ കടുത്തതാണെന്ന് അച്ഛൻ പലവട്ടമായി പറയുന്നുണ്ട്. ഇന്നും പോകാതിരുന്നാൽ നടപടിയുണ്ടാകുമെന്ന് തോന്നിയതു കൊണ്ട് അമ്മ അച്ഛനെ പറഞ്ഞ് ആശ്വസിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു.

അവൾ വാതിലടച്ചു. ജനൽ തുറന്നു കിടക്കുന്നുണ്ട് ലിങ്കു‍ വന്നു. അവൾ ഓഡിയോയും വീഡിയോയും മ്യൂട്ട് ചെയ്തു. ജോയിൻ ചെയ്യാൻ അനുവാദം ചോദിച്ചു.

” സുപ്രഭാതം” സാർ പറഞ്ഞു.

“ഗുഡ് മോർണിംഗ് സാർ” കുട്ടികൾ ഓരോരുത്തരായി ഓഡിയോ അൺ മ്യൂട്ട് ചെയ്തു പറഞ്ഞു.

” എല്ലാവരും ഭക്ഷണമൊക്കെ കഴിച്ചെന്നു വിശ്വസിക്കുന്നു ആരെയും നേരിൽ കാണാൻ കഴിയുന്നില്ല എന്ന വിഷമം ചെറുതല്ല , സഹിക്കുക അത്ര തന്നെ. എന്നാൽ നമുക്കു തുടങ്ങാം?”

” തുടങ്ങാം സാർ”

” എന്നാ എല്ലാവരും മൈക്ക് അൺ മ്യൂട്ട് ചെയ്തോ”

കരുണയിലെ വാസവദത്തയിലൂടെ ഉപഗുപ്തനിലൂടെ തെക്കു വടക്കൊഴുകുന്ന യമുനയിലൂടെ നതോന്നതയുടെ താളത്തിൽ സാർ കടന്നുപോയി. ഇടക്കു സാറിന് സംശയം.

” എല്ലാവരും കേൾക്കുന്നുണ്ടോ?”

” അച്ഛൻ വരാന്തയിലൂടെ കടന്നുപോയി. അവളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. എന്താ അച്ഛൻ തിരികെ പോന്നത്. ഇന്നും ഓഫീസിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായോ? ചോദ്യങ്ങൾ അവളിൽ അലയടിച്ചെങ്കിലും സാറിന്റെ ചോദ്യത്തിൽ അതെല്ലാം മങ്ങിപ്പോയി.

” ശാലിനി ഇല്ലേ അവിടെ ? എല്ലാവരും കേൾക്കുന്നുവെന്നു പറഞ്ഞല്ലോ … ശാലിനി പോയോ?'”

അവൾ ഓഡിയോ അൺ മ്യൂട്ട് ചെയ്തു.

” ഞാൻ കേൾക്കുന്നുണ്ട്‌ സാർ”

” എന്നാൽ ശാലിനി പറയൂ … വാസവദത്ത എന്തിനാണ് അക്ഷമയായത് ?”

“അത്…” അവൾ ആലോചനയിലായി.

” ശാലിനി ഓഡിയോ മ്യൂട്ട് ചെയ്ത് പോയിരിക്കുകയായിരുന്നു അല്ലേ?”

“അല്ല ഞാൻ പറയാം സാർ”

” എന്നാൽ പറയൂ”

” ക്ഷണിച്ചതുപ്രകാരം ഉപഗുപ്തൻ വരാഞ്ഞതു കൊണ്ട്”

“ശരി തന്നെ. ഉപഗുപ്തൻ എന്തുകൊണ്ടാവരാഞ്ഞതെന്നു ചോദിച്ചാൽ അതിനുത്തരം കവിതയുടെ അവസാനം കിട്ടും”

വാസവദത്തയുടെ അടുത്തെത്താൻ സമയമായില്ലെന്നു പറഞ്ഞ ഉപഗുപ്തന്റെ വാക്കുകളെ നിരാശയോടും വേദനയോടും ആവർത്തിക്കുന്ന വാസവദത്തയുടെ കരിഞ്ഞ സ്വപ്നങ്ങളിലൂടെ സാർ ലയിച്ചു നീങ്ങവേ …

കതകിൽ ശക്തിയായ മുട്ട് … തുടരെ തുടരെയുള്ള മുട്ട്‌.

അവൾ ഹെഡ് സെറ്റ് വലിച്ചൂരി ചെന്ന് വാതിൽ തുറന്നപ്പോൾ സ്തബ്ധിച്ചു പോയി. മുറ്റം നിറയെ ആളുകൾ .

“എന്താ……എന്താ …..?” അവൾ ഭയത്തോടെ ചോദിച്ചു.

” മോളേ അച്ഛൻ”

കിഴക്കേ വീട്ടിലെ പീതാംബരൻ ചേട്ടൻ അതു പറഞ്ഞു കൊണ്ട് കിഴക്കേ മുറിയിലേക്കു വിരൽ ചൂണ്ടി.

” അച്ഛനെന്താ” എന്നു ചോദിച്ചു കൊണ്ട് അവൾ കിഴക്കേ മുറിയിലേക്കോടി .

ആ കാഴ്ച കണ്ട് നിന്ന നിൽപ്പിൽ അവൾ വട്ടം കറങ്ങി …
.
അച്ഛൻ …. ഒരു മുഴം കയറിൽ …

അവളുടെ അലർച്ചയുടെ ആഴം അളക്കുവാനാകുമായിരുന്നില്ല … അവളുടെ ഹൃദയവും കരളും പറിച്ചെറിഞ്ഞു കൊണ്ട് അകലങ്ങളിലേക്ക് ആ ശബ്ദം പാഞ്ഞു.

അപ്പോഴും ഓൺലൈൻ ക്ലാസ്സിൽ നിന്നും അദ്ധ്യാപകന്റെ ശബ്ദം ഉയരുന്നുണ്ടായിരുന്നു.

” ശാലിനിയെന്ത്യേ … ശാലിനി പോയോ?”

അപ്പോൾ കൂട്ടുകാരുടെ ചെറുചിരിയും ഉയർന്നു കേട്ടു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here