ഇരയിൽനിന്നൊരു കാതം

 

 

 

കാട്…
കരിമ്പടം പുതച്ച്‌, കൈയ്യിൽ ആയുധമേന്തിയ വേടൻ പുളയ്ക്കുന്ന കാട്.

പേടിച്ചരണ്ട രണ്ടുകണ്ണുകൾ
കറുത്ത രാവിൽ ദിശതേടിയലഞ്ഞു…

ഇലയനക്കം കേട്ട ദിക്കിൽ കണ്ടു നിഴലൊന്ന്…

ചുള്ളിക്കമ്പുകൾ ഒടിയുന്നോരോച്ചയിൽ നടുങ്ങി,
നീണ്ട തോക്കിൻകുഴലിനറ്റം തീപടർന്നു.

പുലരി ചെഞ്ചോര പടർത്തി, പുൽനാമ്പുകൾ ചോരനുണഞ്ഞു.
ഇരപിറന്നു…, നഗ്നയായ്…, തണുത്തമണ്ണിൽ പുളഞ്ഞു.

മാളോർ കൂകി,
കറുത്ത രാവിൽ കാമം തേടിപോയവൾ….

കോമരങ്ങൾ തുള്ളി,
ഇവളെന്നെ കാമംകാട്ടി വിളിച്ചു
ഇവൾ പാപി.., ഇവളെ കല്ലെറിയുക.

ആൾക്കൂട്ടത്തിൽ നിന്നു വേടൻ മുരണ്ടു…

കൂർത്ത കല്ലുകൾ മെയ്യിലേറ്റവൾ പുളയുമ്പോൾ,
കൂർത്ത നോട്ടങ്ങൾ തന്റെ മാറിടത്തെ ചുഴിയുമ്പോൾ,
ഇര നുടുങ്ങി…. അലറിക്കരഞ്ഞു.

കണ്ണീർ ഒരു നദിയായ്, അവളതിൽ ചാടി നീർപളുങ്കുകൾ കൊഴിഞ്ഞു, സമാധിയായ്.

അവൾക്കായ്
സ്മാരകങ്ങൾ, മെഴുതിരിവെട്ടങ്ങൾ…..
വിരൽത്തുമ്പുകളിൽ വേദനനിറയും നാമിടങ്ങൾ…

വേടൻ ചിരിച്ചു,
അവളുടെ സമാധിയിൽ അവനും മൗനിയായി, ഉള്ളിൽപൊട്ടിച്ചിരിയോടെ,
ചൂണ്ടക്കൊളുത്തിൽ പുതുഇരകൾ കിടന്നാടി.

 

2

കാലം കടന്നു,
ഇരുളും വെളിച്ചവും മാറിമാറി വിരിഞ്ഞു….
നടിയൊഴുക്കിൽ സമാധിക്കല്ല്‌
അടിത്തട്ടുപുൽകി….

ഓളം പിറന്നു, വീണ്ടും ചൂണ്ടക്കൊളുത്തിലൊരിര
പിടഞ്ഞു, ചോര കിനിഞ്ഞു,

സമാധിക്കല്ലിനുള്ളിൽ ഹൃദയം പിടഞ്ഞു….
ആ പിടിച്ചിലിൽ ഭൂവിൻ അന്തരംഗം മിടിച്ചു.

ആ മിടിപ്പിലൊരു തിരമാലപൊങ്ങി,
ഇരയിൽ ഒരാഗ്നിത്തിര വന്നലച്ചു,
ശ്വാസം വലിച്ചു, ഹൃദയതാളം മുറുകി,
ഉയർന്നു പൊങ്ങിയവൾ…
കണ്ണുകളിൽ പകയുടെ ചോപ്പ്,
കാലുകളിൽ വേഗം,
വേടൻ ഭയന്നു, ലോകം നടുങ്ങി,
അതിജീവനം….. അതിജീവനം…..

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. വളരെ നന്നായിട്ടുണ്ട്. പുതിയ ശബ്ദങ്ങൾ ഇനിയും ഉയരട്ടെ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English