കമ്മ്യൂണിസ്റ്റ് പച്ചകൊണ്ടൊപ്പാൻ കഴിയാത്ത ഒരു മുറിവും വെടിയുണ്ടക്ക് പാകമാകാത്ത ഒരു വിപ്ലവവും എന്നിലില്ലെന്ന് ഓർമിപ്പിച്ചു കൊണ്ട് ഒപ്പം നടക്കുന്നുണ്ടൊരാൾ.
വിശപ്പിനെപ്പറ്റിപ്പറയുമ്പോൾ ലെബാനോനിലെ ദേവദാരുക്കളെപ്പറ്റി വാചാലനാകരുതെന്ന് മറ്റുചിലപ്പോൾ
മഴകഴിയുംവരെ മരച്ചുവട്ടിൽ നിൽക്കാൻ ചെഗുവേരയും,കാസ്ട്രോയും മാറിമാറിപ്പറഞ്ഞിട്ടും ,നക്ഷത്രങ്ങൾ വിപ്ലവത്തിന് കൂട്ടിരുന്നൊരു സന്ധ്യയിൽ കൈപിടിച്ചവളാണ്.
വിറ്റുപോകുമെന്നറിഞ്ഞിട്ടും വിശന്നു മരിക്കാനുറച്ചവൻ വരക്കാതെ പോയ ചില ചിത്രങ്ങളുണ്ടെന്റെ വീട്ടിൽ.
ഒറ്റമുറി വീടായിരുന്നിട്ടും വിട്ടൊഴിയാതെ ,പടിക്കലോളമെത്തി മടങ്ങി നമുക്കിടയിൽ വാശി പിടിച്ചുറങ്ങുന്ന മനക്കോട്ടകളാണെന്റെയും നിന്റെയും മക്കളും വിപ്ലവും.