ഒരു കോപ്പ കഞ്ഞിവെള്ളം

 

പാതയോരത്തെ പുറംപോക്ക് ഭൂമിയിൽ തകരപ്പാട്ടകൊണ്ടു മറച്ച ഒരു കുടിലിലാണ് സണ്ണിയെന്ന പത്തുവയസ്സുകാരനും, കുഞ്ഞുപെങ്ങൾ എട്ടുവയസുകാരി റീത്തയും അമ്മയും താമസം. ഡിസംബർ മാസത്തിലെ മഞ്ഞുപെയ്യുന്ന ഒരു രാത്രിയിൽ കീറപുതപ്പിന്റെ ദ്വാരത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പിനെ പ്രതിരോധിക്കാൻ തക്ക കഴിവൊന്നും തങ്ങളുടെ ശരീരത്തിനില്ലെന്ന ബോധ്യമാണ് വീണ്ടും ഒരു കോപ്പ ചൂടുകഞ്ഞിവെള്ളത്തെ പറ്റിയുള്ള ആശയുടെ വക്കോളം ആ കുഞ്ഞുങ്ങളെ കൊണ്ടുചെന്നെത്തിച്ചത്. വിശപ്പിന്റെ കത്തികാളൽ വയറ്റിനുള്ളിൽ സംഹാര താണ്ഡവം ആടാൻ തുടങ്ങിയപ്പോഴാണ് കുറേ പച്ചവെള്ളം മോന്തികുടിച്ച് ഇരുവരും പതിവിലും നേരത്തെ അന്ന് ഉറക്കത്തെ കാത്തുകിടന്നത്. വിശപ്പ് വേഗം ഉറക്കത്തെകൊണ്ടു വരുമെന്ന് റീത്തയെ പറഞ്ഞു ധരിപ്പിച്ചത് സണ്ണിയാണ്. പക്ഷേ അസ്ഥി തുളച്ചു കയറുന്ന തണുപ്പിൽ നിന്ന് ഒരു രക്ഷയുമില്ല, അത് ഉറക്കത്തെ എവിടെയോ തടഞ്ഞു വെച്ചിരിക്കുകയാണ് എന്നതാണ് റീത്തയുടെ അഭിപ്രായം. രണ്ടുദിവസമായി മുഴുപട്ടിണിയിലാണ് സണ്ണിയും റീത്തയും. ക്രിസ്തുമസ് അവധി തുടങ്ങിയിട്ട് രണ്ടുദിവസമായി, അല്ലെങ്കിൽ ഉച്ചക്കഞ്ഞിയെങ്കിലും സ്കൂളിൽ നിന്ന് കിട്ടിയേനെ . സ്കൂളിലെ കഞ്ഞിയുടെയും പയറുകറിയുടെയും കാര്യം ഓർത്തപ്പോൾ തന്നെ സണ്ണിക്കും കുഞ്ഞുപെങ്ങൾക്കും വായിൽ കപ്പലോടാൻ തുടങ്ങി. അമ്മച്ചി പണിക്ക് പോയിട്ട് ദിവസം ആറുകഴിഞ്ഞിരിക്കുന്നു. മഞ്ഞുകാലമായതിനാൽ ശ്വാസംമുട്ട് വളരെ കൂടുതലാണമ്മച്ചിക്ക്, വലിച്ചു വലിച്ചു എല്ലും തോല്ലും ആയിരിക്കുന്നു അവർ. മരുന്ന് വാങ്ങിക്കാനും കൈയ്യിൽ പണമില്ല. അമ്മച്ചി പണിക്ക് പോകാത്തതിൽ പിന്നെ കുടിലിൽ അടുപ്പും പുകഞ്ഞിട്ടില്ല. അടുത്തുള്ള കടകളിലെല്ലാം ഒരു പണി അന്വേഷിച്ചലഞ്ഞതാണ് സണ്ണി പക്ഷേ, നീ ചെറിയ ചെക്കനല്ലേ നിനക്കെങ്ങനെ പണിതരും എന്ന് പറഞ്ഞ് എല്ലാവരും അവനെ മടക്കി അയച്ചു. അപ്പനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ…….. ആ കുഞ്ഞുഹൃദയങ്ങൾ തേങ്ങി.
കഴിഞ്ഞ വേനലവധിയുടെ തുടക്കത്തിലാണ് മരംവെട്ടുകാരനായിരുന്ന അവരുടെ അപ്പൻ മരത്തിൽനിന്ന് വീണ് മരണമടയുന്നത്. അത്രയും കാലം പ്രശാന്തമായി ഒഴുക്കികൊണ്ടിരുന്ന ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചത് അപ്പന്റെ മരണമാണ്. സ്നേഹനിധിയായ അപ്പന്റെ അകാലവിയോഗത്തിന്റെ ദുഃഖ ഭാരം പേറി അവരുടെ അമ്മച്ചി ഒരു നിത്യ രോഗിയുമായിമാറി. സ്കൂളിലെ ഉറ്റചങ്ങാതിമാരായ ജോണിയും തോമസും തങ്ങളുടെ അപ്പന്മാരെകുറിച്ച് പറയുമ്പോഴേല്ലാം, വൈകിട്ടു പണി കഴിഞ്ഞു വരുന്ന വഴി ഉമ്മറിക്കാന്റെ ചായപീടികയിൽ നിന്ന് അപ്പൻ വാങ്ങികൊണ്ടു വരുന്ന പരിപ്പുവടക്കും ഉണ്ടംപൊരിക്കും അപ്പന്റെ കക്ഷത്തിലെ വിയർപ്പുമായി ചേർന്ന് ഉണ്ടാവുന്ന പ്രത്യേകതരം സ്വാദ് സണ്ണിയുടെയും റീത്തയുടെയും വായിൽ നിറയും. രാത്രി ഏറെ വൈകിയും ഉറങ്ങാതെ വാശിപിടിച്ചും ചിണുങ്ങി കരയുന്ന റീത്തയെ ചുമലിലേറ്റി ആനകളിക്കുന്ന അപ്പന്റെ രൂപം മനസ്സിൽ തെളിയുമ്പോൾ, രംഗബോധം ഇല്ലാതെ കടന്നു വരുന്ന കോമാളിയാണ് മരണം എന്ന് മലയാളം ടീച്ചർ എപ്പോഴോ ക്ലാസ്സിൽ പറഞ്ഞത് തങ്ങളുടെ കാര്യത്തിൽ എത്ര ശെരിയാണെന്ന് സണ്ണി ഓർക്കാറുണ്ട്.
“ഇച്ചായാ വിശന്നിട്ടു മേലാ ഞാനിപ്പം ചത്തുപോവും” തണുപ്പിന്റെ കാഠിന്യത്താൽ താടി കൂടിയിട്ടിച്ചു കൊണ്ടുള്ള റീത്തയുടെ കരച്ചിൽ കേട്ടിട്ടാണ് സണ്ണി അടുത്തുള്ള ഹോട്ടലിനെ ലക്ഷ്യമാക്കി പെങ്ങളെ വാരിയെടുത്ത് ഓടിയത്.
പലവാതിൽകൽ മുട്ടിയെങ്കിലും അവിടെ നിന്ന് ഒന്നും തന്നെ കാരുണ്യപൂർവ്വമുള്ള ഒരു നോട്ടം പോലും ആ കുഞ്ഞുങ്ങൾക്ക് ലഭിച്ചില്ല. നാടെങ്ങും ഡിസംബറിന്റെ ആഘോഷലഹരിയിൽ ആറാടുമ്പോൾ, ഒരു കോപ്പ കഞ്ഞിവെള്ളം മോഹിച്ചു കൊണ്ടുള്ള തങ്ങളുടെ അലച്ചിലിനെ സണ്ണി ഉപമിക്കുന്നത് പോയ കൊല്ലം ക്രിസ്തുമസിന് അപ്പനൊപ്പം കണ്ട ബൈബിൾ നാടകത്തിൽ ഉണ്ണിയേശുവിന് പിറക്കാൻ ഒരു സ്‌ഥലവും അന്വേഷിച്ചു സത്രങ്ങൾ തോറും കയറിയിറങ്ങി അപമാനിതരായ പൂർണ്ണഗർഭിണി മറിയത്തോടും ഭർത്താവ് ജോസഫിനോടുമാണ്. ഒരു വ്യത്യാസം മാത്രം നൂറ്റാണ്ടുകൾക്കിപ്പുറം സണ്ണിയും റീത്തയും ഒരു കോപ്പ കഞ്ഞിവെള്ളത്തിന് വേണ്ടിയാണ് അപമാനിക്കപ്പെടുന്നത് എന്ന് മാത്രം. ഞായറാഴ്ച പ്രസംഗങ്ങളിലൂടെ വിശ്വപ്രസിദ്ധിയാർജിച്ച ‘മുട്ടുവിൻ നിങ്ങൾക്ക് തുറക്കപ്പെടും ‘ എന്ന വാക്കുകളുടെ പൊരുൾ ഒന്നും അറിഞ്ഞിട്ടല്ലെങ്കിൽ കൂടി സണ്ണിയും റീത്തയും ഒരുപാടു വാതിലുകൾക്ക് മുന്നിൽ പിന്നെയും കൈനീട്ടി. ഒത്തിരി വാതിലുകൾക്കപ്പുറം ഒടുവിലവർക്ക് മുന്നിലും ഒരുകോപ്പ കഞ്ഞിവെള്ളത്തിന്റെ വാതിൽ തുറക്കപ്പെട്ടു. അതിൽ തണുത്ത് മരവിച്ച അഞ്ചാറു ചോറുവറ്റുകളും ഓടികളിക്കുന്നുണ്ടായിരുന്നു. ഒറ്റ വലിക്ക് അതിൽ പാതി ആർത്തിയോടെ വലിച്ചു കുടിച്ച് മറുപാതി, റീത്ത സണ്ണിക്ക് നേരെ നീട്ടി കൊണ്ടു പറഞ്ഞു. “എന്ത് രുചിയാ ഇച്ചായാ ഇതിന്…. ഇച്ചായനും കുടിച്ചോ ഇച്ചിരി”. വിശപ്പിനെക്കാൾ വലിയ രുചിയൊന്നും ലോകത്ത് മറ്റൊരു വിഭവത്തിനും ഇല്ലെന്ന തിരിച്ചറിവ് ചെറുപ്രായത്തിലെ ജീവിതം ആ ബാലികയെ പഠിപ്പിച്ചിട്ടുണ്ട് എന്നത് ഉറപ്പാണ്.
സണ്ണിക്കും റീത്തക്കും മുൻപേ പപ്പയുടെയും മമ്മിയുടെയും ഒപ്പം കാറിൽ പള പള മിന്നുന്ന വസ്ത്രങ്ങളും അണിഞ്ഞ് ആ ഹോട്ടലിന് മുൻപിൽ വന്നിറങ്ങിയ പരിഷ്ക്കാരി പെൺകുട്ടി കടിച്ചു വലിച്ച് കൊണ്ടിരുന്ന ചിക്കൻ കാലുകൾ റീത്തയെയും സണ്ണിയെയും നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു അപ്പോഴും…..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. ദാരിദ്ര്യം ആണ് ഈ ലോകത്തെ ഏറ്റവും വലിയ വേദന… ആ ദാരിദ്ര്യത്തെ വരച്ചു കാണിച്ച എഴുത്ത്… ആ കുഞ്ഞുങ്ങളോടൊപ്പം വായനക്കാരുടെയും ഉള്ളിലേക്ക് നോവ് പകർന്നു തരാൻ ഈ എഴുത്തിനു കഴിഞ്ഞു…. ഇനിയും എഴുതണം… എഴുത്തുകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ ??

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here