ഒരു രാത്രിക്ക്‌ ഒരു പകൽ

30739692_1623626334379617_6590156096805352262_n

രാജ്യം പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകങ്ങളിൽ നടുങ്ങിയിരിക്കുകയാണ്. എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയാതെ സ്വന്തം കുഞ്ഞുങ്ങളെ മാറോടു ചേർത്തു അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെയുള്ള മാതപിതാക്കൾ തേങ്ങുകയാണ്. വാക്കുകളുടെ പ്രസക്തി നഷ്ടപ്പെടുമോ എന്ന് തോന്നിക്കുന്ന സന്ദർഭമാണ്. ഭയത്തിന്റെയും നിരാശയുടെയും ഈ പകലുകളിൽ വാക്കുകളിൽ തന്നെയാണ് അഭയം മൂർച്ചയുള്ള വാക്കുകളിൽ…

‘നരാധമന്മാർ കൊന്നു തിന്നുന്ന പെൺപ്രാണനുകളുടെ ഓർമ്മയിലൂടെയാണ് ഇന്നലെ നാട്ടിൽ നിന്നു തിരികെ കാറോടിച്ചത്‌. തിരൂർ- താനൂർ- പരപ്പനങ്ങാടി വഴി കോഴിക്കോട്ടെത്താൻ കുറച്ചൊന്നുമല്ല ക്ലേശിച്ചത്‌. പൊട്ടിയൊഴുകുന്ന നെറ്റിയുമായി നിന്ന പോലീസുകാർ‌ ഉപദേശിച്ചു:”യാത്ര മാറ്റിവച്ച്‌ മടങ്ങൂ. ആൾക്കൂട്ടം അക്രമാസക്തമാണ്.”
മൂന്നു തലമുറയിൽപ്പെട്ട നാലു സ്ത്രീകളും ഞാനും വണ്ടിയിൽ ഞെരുങ്ങിയിരിക്കുന്നതു കണ്ട്‌ പക്ഷേ ചില യുവാക്കൾ കല്ലും കട്ടയും മാറ്റിത്തന്നു. ‘മെഡിക്കൽ കോളേജ്‌ അർജ്ജന്റ്‌’ എന്ന് എഴുതി ഒട്ടിച്ചു തന്നു. ഇന്ത്യയുടെ അങ്ങേയറ്റത്ത്‌ ഒരു കുഞ്ഞനുജത്തിക്ക്‌ ഉണ്ടായ അത്യാഹിതത്തിൽ എന്റെ മക്കളും വിഷമിച്ചിരിക്കുകയായിരുന്നു. ഓരോ അമ്പതു മീറ്ററിലും വഴി മുടക്കിക്കൊണ്ട്‌ യുവാക്കൾ നിറഞ്ഞിരുന്നു. അതിൽ എല്ല്ല്ലാർക്കും സദുദ്ദേശമായിരുന്നു എന്നെഴുതിയാൽ അതെന്നെത്തന്നെ വഞ്ചിക്കലാകും. പത്തു വയസ് കഷ്ടിച്ചു തികഞ്ഞ ഒരാൺകുട്ടി എന്റെ ചില്ലിൽ ഇടിച്ചുകൊണ്ട്‌ ഇങ്ങനേയും പറഞ്ഞു:”സഹകരിക്കൂ. ഇല്ലെങ്കിൽ തന്റെ കാറിന്റെ പൊടി പോലും ബാക്കി കിട്ടില്ല!”
മകനേ! എന്നു ഞാൻ വിളിച്ചപ്പോൾ അവൻ തല താഴ്ത്തി പിൻ വലിഞ്ഞു.
നാലുദിവസമായി അടച്ചിട്ടിരിക്കുകയായിരുന്ന വീട്ടിൽവന്നു കയറിയപ്പോൾ ഉമ്മറത്ത്‌ ഒരു വെളുത്ത മുയലിന്റെ ജഡം! ദേഹത്ത്‌ ഒരു പോറൽ പോലുമില്ല. പഞ്ഞികണക്കുള്ള വെളുത്ത രോമത്തിൽ ചളി പറ്റിയിട്ടുണ്ട്‌. ആരുടേയോ വളർത്തുമുയലാകാം. ഇന്നലെ രാത്രി വിഷുപ്പടക്കങ്ങൾ ഇവളെ ഞെട്ടിച്ച്‌ പായിച്ചതാകാം. വഴിയിൽ നായ്ക്കളോ മറ്റോ ആക്രമിച്ചിരിക്കാം. അഭയം തേടി എന്റെ വീട്ടിൽ ഓടിക്കയറിയിരിക്കാം.
ജീവനുള്ളപ്പോൾ ഒരു കണിവെള്ളരിക്കയേക്കാൾ ഓമനത്തമുണ്ടായിരുന്ന അവൾ അങ്ങനെയിതാ വിഷുപ്പിറ്റേന്ന് എനിക്ക്‌ കണ്ണീരണിഞ്ഞ കണിയായി കിടന്നു. കുഴിവെട്ടി മൂടും മുൻപ്‌ അവളെ ആസിഫയെന്നു വിളിക്കാൻ ഓങ്ങിയ നാവിനെ ഞാൻ പിൻ വലിച്ചു. വേണ്ട. ആ ഓർമ്മയെ എനിക്ക്‌ കുഴിവെട്ടി മൂടാനുള്ളതല്ല.
കുഴിയിൽ അന്ത്യനിദ്രയിലാണ്ട ഒരു കുഞ്ഞുദേഹം എന്റെ ഉറക്കം കെടുത്തി. ഞാനല്ല നിന്നെ കൊന്നത്‌, എന്റെ പ്രാണൻ അതിനോട്‌ മാപ്പിരന്നു: ദൈവമേ! എന്നിട്ടും ഞാൻ കൊന്നതുപോലൊരു കുറ്റബോധം ഹൃദയത്തിൽ!
ഇന്നു പുലർച്ചേ ചെടിനനയ്ക്കുമ്പോൾ കാർപ്പോർച്ചിന്റെ പാർശ്വത്തിൽ നിന്നൊരു കുഞ്ഞു ഞരക്കം! എവിടെനിന്നോ വന്നു കയറിയ ഒരു പൂച്ച തുറുകണ്ണുകളോടെ എന്നെ നോക്കുന്നു. ദൂരെപ്പോകൂ എന്ന് ആജ്ഞാപിക്കുന്നതുപോലെ അതിന്റെ കണ്ണുകൾ തിളങ്ങുന്നു. ഇന്നലെ കണ്ട മുയൽജഡത്തിന്റെ ഓർമ്മ എന്നെ ആശങ്കകളിലേക്കു പിടിച്ചു വലിച്ചു. ഒരിക്കൽക്കൂടി സൂക്ഷിച്ചുനോക്കിയപ്പോളാണതു കണ്ടത്‌: അവൾ പ്രസവിക്കുകയാണ്! ഞാൻ മര്യാദാപുരുഷോത്തമനായി മാറിനിന്നു. അൽപ്പം കഴിഞ്ഞ്‌ ഭാര്യയേയും മക്കളേയും കൂട്ടി വീണ്ടുമെത്തി ചുഴിഞ്ഞുനോക്കി. രണ്ട്‌ നവജാതരെ അമ്മപ്പൂച്ച എനിക്കുകിട്ടിയ ഏതോ മിനുത്ത ബാഡ്ജിൽ പെറ്റിട്ടിരിക്കുന്നു! അതിലെ എന്റെ പേരു മറച്ചുകൊണ്ട്‌!
ഞാൻ ദൈവത്തിനു നന്ദി പറയുന്നു. ഇന്നലെ മരിച്ച ആ മുയലെന്നപോലെ ഇന്നു ജനിച്ച ഈ പൂച്ചക്കുഞ്ഞുങ്ങളും എന്രേതല്ല. എങ്കിലും ഇവരെല്ലാം എന്റെ ‘ഭൂമി’യിൽ വിരുന്നുവരുന്നു, പിറക്കുന്നു, മരിക്കുന്നു. പ്രാണൻ വെടിഞ്ഞ ഒന്ന് എന്നെ കരയിക്കുമ്പോൾ പിറ്റേ പുലർച്ചയിൽ രണ്ടു പ്രാണനായി ഇരട്ടിച്ചു പിറന്നുകൊണ്ട്‌ എന്നെ വിസ്മയിപ്പിക്കുന്നു.
ഇവർക്ക്‌ എന്തു പേരിടും?
സേതുപാർവ്വതിയെന്നും സേതുലക്ഷ്മിയെന്നും? അതോ ആസിഫയെന്നും ആന്മേരിയെന്നും?’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here